തിരയുക

പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു. പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു. 

പാപ്പാ: ദൈവത്തിൽ നിന്ന് നാം അകലുമ്പോൾ നമ്മെ ഓർത്തു ദൈവം കരയുന്നു

തനിക്കെതിരെ തിരിഞ്ഞ തന്‍റെ പുത്രൻ അബ്സലോമിന്‍റെ ദാരുണമായ മരണത്തിൽ മനംനൊന്ത് കരയുന്ന ദാവീദിന്‍റെ ചിത്രം ദൈവപിതാവിന്‍റെ നമ്മോടുള്ള സ്നേഹത്തിന്‍റെ പ്രവചനമാണെന്ന് ഫ്രാൻസിസ് പാപ്പാ ഫെബ്രുവരി നാലാം തിയതി സാന്താ മാർത്തയിലെ കപ്പേളയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നല്‍കിയ വചന പ്രഘോഷണത്തിൽ ഉദ്ബോധിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പിതൃത്വത്തെ ഒരിക്കലും നിഷേധിക്കാത്ത ദൈവപിതാവ്

തന്‍റെ പുത്രനായ അബ്സലോമിന്‍റെ സ്ഥാനത്ത് താൻ മരിച്ചിരുന്നെങ്കിലെന്ന് മുറവിളിയിട്ട് കരയുന്ന ദാവീദിനെ അവതരിപ്പിക്കുന്ന സാമുവലിന്‍റെ രണ്ടാം പുസ്തകത്തിൽ തനിക്കെതിരെ തന്‍റെ പുത്രൻ നടത്തിയ നീണ്ട യുദ്ധത്തിൽ  ദാവീദ് എത്രമാത്രം വേദനിച്ചിരുന്നു എന്ന് കാണാം. സ്വന്തം ജീവൻ രക്ഷിക്കാൻ, നിഷ്പാദുകനായി, മുഖം മറച്ച് , മറ്റുള്ളവരാൽ ആക്ഷേപിക്കപ്പെട്ട് ജറുസലേമിൽ നിന്ന് ഒളിച്ചോടേണ്ടിവന്ന ദാവീദ്. എന്നിട്ടും മകന്‍റെ മരണത്തിൽ ദാവീദ് കാണിച്ച പ്രതികരണം കൂടെ നിന്നവരെ അൽഭുതപ്പെടുത്തിയെന്ന് പാപ്പാ വിശദീകരിച്ചു.

ചരിത്രപരമായ ഈ കരച്ചിൽ ഒരു പ്രവചനം കൂടിയാണെന്ന് അനുസ്മരിച്ച പാപ്പാ ദൈവത്തിന്‍റെ ഹൃദയത്തെ  നമുക്കിവിടെ കാണിച്ചുതരുന്നുവെന്നും പാപം മൂലം നമ്മൾ നമ്മെത്തന്നെ നശിപ്പിക്കുമ്പോൾ,  ദൈവത്തിൽ നിന്ന് അകലുമ്പോൾ ദൈവം എന്താണ് ചെയ്യുന്നതെന്ന് നമുക്ക് കാണാൻ കഴിയുന്നുവെന്നും, തന്‍റെ പിതൃത്വം ഒരിക്കലും നിഷേധിക്കാത്ത പിതാവാണ് ദൈവമെന്നും പാപ്പാ വിശദീകരിച്ചു. ദൈവത്തിന്‍റെ  ഈ വിലാപത്തെയാണ് കുമ്പസാരത്തില്‍ നമ്മുടെ പാപങ്ങൾ ഏറ്റുപറയാൻ നാം ചെല്ലുമ്പോൾ നമുക്ക് കാണുവാന്‍ കഴിയുന്നത്. കറകളയാൻ അലക്കുകാരന്‍റെയടുത്ത് പോകുന്നത് പോലെയല്ല. നമുക്ക് വേണ്ടി കേഴുന്ന പിതാവിന്‍റെ അടുത്താണ് ചെല്ലുന്നതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

അബ്സലോമിന്‍റെ സ്ഥാനത്ത് മരിച്ചിരുന്നെങ്കിലെന്ന് വിലപിക്കുന്ന ദാവീദിന്‍റെ നിലവിളിയിൽ പരിശുദ്ധ പിതാവ് സത്യത്തിൽ നമുക്കായി നമ്മുടെ സ്ഥാനത്ത് മരിച്ച ദൈവത്തിന്‍റെ അപാര സ്നേഹത്തിന്‍റെ പ്രവചനത്തെയാണ് ചൂണ്ടികാണിച്ചത്. ദൈവത്തിന്‍റെ സ്നേഹം അതിന്‍റെ ഏറ്റം തീവ്രതയില്‍ എത്തുന്നത് നമുക്കായി മനുഷ്യനായി പിറക്കുകയും മരിക്കുകയും ചെയ്ത യേശുവിലാണ്. യേശുവിൽ ദൈവം നമ്മുടെ സ്ഥാനത്ത് മരിക്കുന്നു. ആ കുരിശിൽ ദൈവമാണ്, ദൈവത്തിന്‍റെ മകനാണ്, നമുക്ക് വേണ്ടി ജീവൻ നൽകാൻ അയക്കപ്പെട്ടവൻ പാപ്പാ ഉറപ്പിച്ചു പറഞ്ഞു. ആ കുരിശിലേക്ക് നോക്കി നമുക്ക് ഓർക്കാം "നിനക്കായി എനിക്ക് മരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്..." "എന്‍റെ മകനേ, എന്‍റെ മകനേ'' എന്നു വിളിക്കുന്ന ദൈവത്തിന്‍റെ സ്വരം ശ്രവിക്കാം. നമുക്കെല്ലാവർക്കുമുള്ള നമ്മുടെ ഇരുണ്ട നിമിഷങ്ങളിൽ, പാപത്തിന്‍റെ നേരത്തില്‍, ദൈവത്തിൽ നിന്നകലുന്ന നേരത്തില്‍" എന്‍റെ മകനേ, മകളേ നീ എന്താണ് ചെയ്യുന്നത്, നീ ആത്മഹത്യ ചെയ്യരുത്, ഞാൻ നിനക്കായി മരിച്ചവനാണ്" എന്നിങ്ങനെ ശ്രവിക്കുന്നത് എത്ര നല്ലതാണെന്ന് പാപ്പാ വ്യക്തമാക്കി.

ജെറുസലേമിനെ നോക്കി കരഞ്ഞ യേശുവിനേയും ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പാ പ്രലോഭനങ്ങളുടെയും പാപത്തിന്‍റെയും നേരത്തും, ദൈവത്തിൽ നിന്ന് അകന്ന് പോകുന്ന നേരത്തും എന്‍റെ മകനേ, എന്‍റെ മകളേ എന്ന ദൈവത്തിന്‍റെ സ്വരം ശ്രവിക്കാൻ പരിശ്രമിക്കാമെന്ന് പറഞ്ഞാണ് പാപ്പാ തന്‍റെ വചന പ്രഘോഷണം അവസാനിപ്പിച്ചത്.

 

 

04 February 2020, 16:14
വായിച്ചു മനസ്സിലാക്കാന്‍ >