തിരയുക

പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു. പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു.  (Vatican Media)

ലൗകീകത നമ്മെ മന്ദം മന്ദം പാപത്തില്‍ വീഴ്ത്തുന്നു

ജനുവരി മുപ്പത്തൊന്നാം തിയതി പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ഇങ്ങനെ പ്രബോധിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പാപബോധം നഷ്ടപ്പെട്ട  അവസ്ഥ

പാപബോധം നഷ്ടപ്പെട്ട ഒരു അവസ്ഥയിലേക്ക് വഴുതിവീഴുക എന്നത് നമ്മുടെ കാലഘട്ടത്തിലെ ഒരു തിന്മയാണ്. ദാവീദിനെപ്പോലെ വിശുദ്ധനായ ഒരു വ്യക്തിപോലും പ്രലോഭനത്തില്‍ ഉള്‍പ്പെട്ടുവെങ്കില്‍ നമ്മളും വീഴാൻ സാധ്യതയുള്ള ഒരു അപകടമാണിതെന്നും  അതിനാല്‍ ലോകാരൂപിക്ക് വഴങ്ങണമോയെന്ന് സ്വയം ചോദിക്കേണ്ടത് അത്യാവശ്യമാണെന്നും പാപ്പാ അനുസ്മരിപ്പിച്ചു.

സാമൂവേലിന്‍റെ  രണ്ടാം പുസ്തകത്തിൽ നിന്നുള്ള വായനയെ കേന്ദ്രമാക്കി വിശുദ്ധനായ ദാവീദ് രാജാവിന്‍റെ പാപത്തിലേക്കുള്ള പതനത്തെ ചൂണ്ടി കാണിച്ച പാപ്പാ,  ലൗകീകമായതും, സുഖപ്രദമായതുമായ ജീവിതത്തിലേക്ക് ദാവീദ് വഴുതി വീഴുകയും, താൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണെന്ന് മറന്നു പോകുകയും ചെയ്തുവെന്ന് ഓർമ്മിപ്പിച്ചു. ഇന്ന് പലരും ദാവിദിനെപ്പോലെയാണ്. നല്ലവരെന്ന് കാണുന്നവരും, എല്ലാ ഞായറാഴ്ച്ചകളിലും ദിവ്യബലിക്കായി ചെല്ലുന്നവരും, കൈസ്തവർ എന്ന് പറയുകയും എന്നാൽ പാപത്തെകുറിച്ച് അവബോധം നഷ്ടപ്പെട്ടവരുമായ മനുഷ്യർ ഇന്നത്തെ കാലഘട്ടത്തിലെ തിന്മകളിൽ ഒന്നാണെന്ന് പീയൂസ് പന്ത്രണ്ടാമൻ പാപ്പാ സൂചിപ്പിച്ചിട്ടുണ്ട്.

ഉറിയായുടെ ഭാര്യയായ ബെത്ഷെബായെ ഗർഭിണിയാക്കിയതിന് ശേഷം ഉറിയായെ ദാവീദ് വധിക്കുന്നു. വ്യഭിചാരത്തിന് ശേഷം കാര്യങ്ങൾ സുഖമമാക്കാനുള്ള ഭാവീദിന്‍റെ പദ്ധതി ദയനീയമായി പരാജയപ്പെട്ടപ്പോൾ ദാവീദ് കൊലപാതകത്തെ തിരഞ്ഞെടുക്കുകയും അത് നിര്‍വ്വഹിച്ചതിന് ശേഷം  സാധാരണ ജീവിതം തുടരുകയും ചെയ്യുന്നു. വിശുദ്ധനും, നല്ലകാര്യങ്ങള്‍ പലതും നിർവഹിച്ചവനും, ദൈവത്തോടു ഐക്യപ്പെട്ടിരുന്നവനുമായ ദാവീദിന് എങ്ങനെ പാപം ചെയ്യാൻ കഴിഞ്ഞു? ഇത് ഒരു രാത്രി കൊണ്ട് ചെയ്തതല്ല. മഹാനായ ദാവീദ് മെല്ലെ മെല്ലെ പാപത്തില്‍ വഴുതി വീണു. ലോകത്തിന്‍റെ ആത്മാവാണ് ഈ കാര്യങ്ങൾ (കൊലപാതകം) സാധാരണമായ കാര്യം ചെയ്യുന്നത് പോലെ ചെയ്യുവാൻ പ്രേരിപ്പിക്കുന്നത്.

ജീവിതത്തിന്‍റെ പ്രഹരം

ലോകത്തിന്‍റെ ആത്മാവ് പ്രേരിപ്പിക്കുന്നവ പുരാതന കാര്യങ്ങളല്ലെന്ന് മാർപ്പാപ്പാ ചൂണ്ടിക്കാണിച്ചു. അർജന്‍റീനയിൽ അടുത്തിടെ നടന്ന റഗ്ബി കളിക്കാര്‍ ഒരു രാത്രിയില്‍ തങ്ങളുടെ സുഹൃതിത്തിനെ കൊന്ന സംഭവത്തെ പാപ്പാ ഓർമ്മിച്ചു. അന്ന് ആൺകുട്ടികൾ "ചെന്നായ്ക്കളുടെ ഒരു ഗണമായി" മാറി.  ഇത് അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ചും, സമൂഹത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. നാഥാൻ പ്രവാചകനെപ്പോലെയുള്ള ഒരാളെ ദൈവം ദാവീദിന്‍റെടുത്ത് അയച്ച് തെറ്റ് ചൂണ്ടികാണിച്ച് കൊടുത്തത് പോലെ പാപത്തിലേക്കുള്ള ഈ മന്ദഗതി തടയാൻ നമുക്ക് പലപ്പോഴും ഒരു “ജീവിത പ്രഹരം” ആവശ്യമാണെന്ന് മാർപ്പാപ്പാ പറഞ്ഞു. ഒരാളുടെ ജീവിതത്തിലെ ആത്മീയ അന്തരീക്ഷത്തെക്കുറിച്ച് അൽപ്പം ചിന്തിക്കാൻ ഫ്രാൻസിസ് പാപ്പാ ക്രിസ്ത്യാനികളോടു അഭ്യർത്ഥിച്ചു. നമ്മോടു സത്യം പറയാൻ ആരെങ്കിലും ആവശ്യമുണ്ടോയെന്നും, ഒരു കുമ്പസാരക്കാരനോ,  ഭർത്താവോ, ഭാര്യയോ അല്ലെങ്കിൽ മക്കളോ, ആരെങ്കിലും ആവശ്യമുണ്ടോയെന്ന് ചിന്തിക്കാൻ പാപ്പാ ഓര്‍മ്മിപ്പിച്ചു.

ദാവീദിനെപ്പോലുള്ള ഒരു വിശുദ്ധ രാജാവിന്‍റെ പതനം പോലെ, നമുക്കും ഇത് സംഭവിക്കാമെന്ന് മനസ്സിലാക്കണമെന്നും, ശ്രദ്ധിക്കണമെന്നും,   നാം ജീവിക്കുന്ന അന്തരീക്ഷത്തെക്കുറിച്ചും ബോധവാന്മാരായിരിക്കണമെന്നും പാപ്പാ പ്ര‌ബോധിപ്പിച്ചു.  

 

31 January 2020, 15:52
വായിച്ചു മനസ്സിലാക്കാന്‍ >