നിങ്ങള്‍ അളക്കുന്ന തോതില്‍ നിങ്ങള്‍ക്കും അളന്നുകിട്ടും!
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. രണ്ടു ചോദ്യങ്ങളുമായി ഒരു വചനചിന്ത
എപ്രകാരമാണ് നാം അന്യരെ അളക്കുന്നത്? എപ്രാകാരമാണ് ഞാന്‍ എന്നത്തന്നെ അളക്കുന്നത്? ഈ രണ്ടു ചോദ്യങ്ങള്‍ ആമുഖമാക്കിക്കൊണ്ടാണ് ജനുവരി 30-Ɔο തിയതി വ്യാഴാഴ്ച പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ രാവിലെ ദിവ്യബലി അര്‍പ്പിക്കവെ പാപ്പാ ഫ്രാന്‍സിസ് വചനചിന്തകള്‍ പങ്കുവച്ചത്. വിശുദ്ധ മാര്‍ക്കോസിന്‍റെ സുവിശേഷം 4-Ɔο അദ്ധ്യായം 21-മുതല്‍ 25-വരെയുള്ള വചനഭാഗത്തെ ആധാരമാക്കിയായിരുന്നു പാപ്പായുടെ വചനവിചിന്തനം.
2. കൊടുക്കല്‍ വാങ്ങലിന്‍റെ അളവ്
അളക്കുന്ന അളവിലാണ് നമുക്കും അളന്നു കിട്ടുന്നതെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, ജീവിതത്തില്‍ നാം സഹോദരങ്ങളുമായുള്ള പങ്കുവയ്ക്കലില്‍ ഉദാരമായ ഒരു അളവാണോ ഉപയോഗിക്കുന്നതെന്ന ചോദ്യം ഉന്നയിച്ചു. നമ്മുടെ അളവ് അനുസരിച്ച് ആയിരിക്കും നമുക്കും അളന്നു കിട്ടുക. നാം ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അനുസൃതമായിട്ടായിരിക്കും നമുക്കും തിരിച്ചുകിട്ടുന്നതെന്ന് ദിവ്യബലയില്‍ പങ്കെടുക്കാന്‍ എത്തിയവരെ പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
ജീവിതത്തില്‍ മൊത്തമായി നാം മനസ്സിലാക്കിയിരിക്കുയും വിലയിരുത്തുകയും ചെയ്യേണ്ടൊരു സത്യമിതാണ് - ഓരോരുത്തരും ചെയ്യുന്ന നന്മയുടെയും, ചെയ്യുന്ന തിന്മയുടെയും അളവുകള്‍ക്ക് അനുസൃതമായി നമ്മിലേയ്ക്ക് നന്മയും തിന്മയും തിരികെ വരുമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. ജീവിതയാത്രയില്‍ സഹോദരങ്ങള്‍ക്കായ് ചെയ്യുന്ന നന്മയുടെ അളവ് ഉയര്‍ന്നതാണെങ്കില്‍, അതിനനുസരിച്ച് കൂടുതല്‍ നന്മകള്‍ ദൈവം നമുക്കും അളന്നുതരും. മറിച്ച് തിന്മയാണ് നാം ചെയ്തുകൂട്ടുന്നതും സഹോദരങ്ങളുമായി പങ്കുവയ്ക്കുന്നതുമെങ്കില്‍, അതേ തോതില്‍ നമ്മുടെ ജീവിതത്തിലേയ്ക്കും തിന്മ ആനുപാതികമായി വന്നുഭവിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
3. ക്രിസ്തു പഠിപ്പിക്കുന്ന ഔദാര്യത്തിന്‍റെ അളവ്
വിളക്ക് പറയുടെ കീഴില്‍ വയ്ക്കുവാനുള്ളതല്ല. ക്രൈസ്തജീവിതത്തിന്‍റെ വിളക്ക് ക്രിസ്തുവാണ്. അത് പ്രശോഭിക്കേണ്ടതാണ്. ക്രൈസ്തവ ജീവതത്തിന്‍റെ മാറ്റു തെളിയിക്കുന്ന ഉരകല്ല് ക്രിസ്തുവാണ്. ഒരു വ്യക്തി എത്രത്തോളം ക്രിസ്തുവിനെപ്പോലെ ആയിത്തീരുന്നുവെന്നതാണ് ക്രൈസ്തവജീവിതത്തിന്‍റെ വിജയം. ക്രിസ്തുവിന്‍റെ വിനയഭാവവും, അവിടുത്തെ സഹനവും, സ്നേഹവും ക്രൈസ്തവരായ നാം ജീവിതത്തില്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നവെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
ജീവിതത്തില്‍ സഹനവും ത്യാഗവും ക്രിസ്ത്വാനുകരണത്തിന്‍റെ വഴികളില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ക്രൈസ്തവന്‍ ജീവിതത്തില്‍ മുല്യമില്ലാത്തവനും ആത്മീയനഷ്ടം അനുഭവിക്കുന്നവനുമായിരിക്കുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. പൊള്ളയായ ക്രൈസ്തവ ജീവിതങ്ങള്‍ നിറപ്പകിട്ടോടെ അണിഞ്ഞു നടക്കുന്ന ധാരാളം പേരുണ്ട്. അവര്‍ “പേരിനു മാത്രം ക്രൈസ്തവരാ”ണെന്ന് പാപ്പാ പ്രസ്താവിച്ചു. താന്‍ ഇങ്ങനെ പച്ചയായും കഠിനമായും പ്രസ്താവിക്കുന്നതിനു കാരണം ക്രിസ്തുവാണ് ക്രൈസ്തവനു മാതൃക. ക്രിസ്തീയ ജീവിതം ക്രിസ്ത്വാനുകരണമാണ്. ക്രിസ്തുവിനെപ്പോലെ ആയിരത്തീരുന്നതും, അവിടുത്തെ സ്നേഹത്തിന്‍റെയും നന്മയുടെയും പ്രകാശം പരത്തുന്നതും ഈ ജീവിതത്തിന്‍റെ സാക്ഷ്യമാണ് പാപ്പാ ഉദ്ബോധിപ്പിച്ചു.
4. സ്വയാര്‍പ്പണത്തിന്‍റെ അളവുകോല്‍
മനുഷ്യരക്ഷയ്ക്കായ് അവിടുന്നു സ്വയം ശൂന്യവത്ക്കരണത്തിന്‍റെ പാതയാണ് കൈക്കൊണ്ടത്. അവിടുന്ന് സ്വയം ഇല്ലാതായിക്കൊണ്ട് ലോകത്തിന് ആത്മീയ ജീവനേകി, സ്നേഹത്തിന്‍റെ പാഠം പകര്‍ന്നുതന്നു. സ്വയാര്‍പ്പണത്തിന്‍റെ പാതയില്‍ അവിടുന്ന് കുരിശില്‍ ജീവന്‍ സമര്‍പ്പിച്ചു. അവിടുന്ന് ദൈവമായിരുന്നിട്ടും, അതില്‍ അഭിരമിച്ചില്ല. അവിടുന്ന് സ്വയം ശൂന്യനായി ദാസന്‍റെ രൂപമെടുത്തു. ലോകത്തിന് ജീവന്‍ നല്കുവാന്‍വേണ്ടി അവിടുന്ന് സ്വജീവന്‍ കുരിശില്‍ ത്യജിച്ചു. ഈ സ്വയാര്‍പ്പണത്തിന്‍റെ മാതൃകയാണ് നാം അനുകരിക്കേണ്ടത്.
“നിങ്ങള്‍ അളക്കുന്ന അളവില്‍ത്തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും.” കൊടുത്ത അളവിലായിരിക്കും നമുക്കും തിരികെ കിട്ടുകയെന്ന് പാപ്പാ ആവര്‍ത്തിച്ചു. ഒരു ക്രിസ്ത്യാനിയുടെ അളവ് ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നും പാപ്പാ ഓര്‍പ്പിച്ചു. തന്‍റെ ജീവിതത്തില്‍നിന്നും ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും അളന്നുകൊടുക്കുന്നവന്, അതേ അളവില്‍ സ്നേഹവും, കാരുണ്യവും തിരിച്ചും അളന്നുകിട്ടും. ചിലപ്പോള്‍ അതില്‍ കൂടുതലും ലഭിക്കുമെന്ന ഈശോയുടെ വാക്കുകള്‍ പാപ്പാ ഉദ്ധരിച്ചു. മറിച്ച് തന്‍റെ അളവ് ക്രിസ്തുവിന്‍റെ ശൈലിയല്ലെങ്കിലോ, ലോകത്തിന്‍റെ രീതിയില്‍ പിശുക്കും, ലുബ്ധും, തട്ടിപ്പും, വഞ്ചനയും കലര്‍ന്നതാണെങ്കിലോ? ഇതേ അളവില്‍ത്തന്നെയായിരിക്കും തിരിച്ചുകിട്ടുന്നതെന്ന് ഓര്‍ക്കണമെന്ന പാപ്പാ താക്കീതു നല്കി.
5. കുരിശിനെ ഭയപ്പെടാത്ത ജീവിതം
ജീവിതത്തില്‍ ക്രൈസ്തവര്‍ പ്രത്യാശിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും പരിശ്രമിക്കേണ്ടതും ക്രിസ്തുവിന്‍റെ ജീവിതശൈലിയില്‍ മുന്നേറുവാനുള്ള കൃപയ്ക്കായിട്ടാണ്. അങ്ങനെയെങ്കില്‍ കുരിശുകളെ നാം ഒരിക്കലും ഭയപ്പെടുകയില്ല. തരംതാഴ്ത്തലുകളെയും, അപമാനങ്ങളെയും ഒരിക്കലും മ്ലേച്ഛമായി കരുതുകയില്ല. കാരണം കുരിശും, സഹനവും, വിനയവുമാണ് മനുഷ്യരക്ഷയ്ക്ക് ക്രിസ്തു ഉപാധികളാക്കിയത്. അതിനാല്‍ കുരിശുകളും സഹനവും ത്യാഗവും, വിനയവുമാണ് ക്രൈസ്തവ ജീവിതത്തിന്‍റെ മാറ്റളക്കുവാനുള്ള അളവുകോലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പാപ്പാ വചനസമീക്ഷ ഉപസംഹരിച്ചത്.