തിരയുക

from the lectern of santa Marta from the lectern of santa Marta  

അപരനെ ഇല്ലായ്മചെയ്യുന്ന അസൂയയും ശത്രുതയും!

ജനുവരി 24-Ɔο തിയതി വെള്ളിയാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നല്കിയ വചനചിന്തകള്‍

- ഫാദര്‍  വില്യം നെല്ലിക്കല്‍ 

1. സാവൂള്‍ രാജാവും ദാസനായ ദാവീദും
 സാവൂള്‍ രാജാവ് തന്‍റെ ദാസനായ ദാവീദിനോട്   കാണിച്ച ശത്രുതയെ പ്രതിപാദിക്കുന്ന ഇന്നത്തെ ആദ്യവായന സാമുവല്‍ പ്രവാചകന്‍റെ ആദ്യഗ്രന്ഥഭാഗം  ചിന്താവിഷയമാക്കിക്കൊണ്ടാണ് പാപ്പാ വചനചിന്തകള്‍ പങ്കുവച്ചത്. ഇടയച്ചെറുക്കനായിരുന്ന ദാവീദ് ഇസ്രായേലിന് എതിരായി വന്ന ഫിലിസ്തിയരെ തന്‍റെ കവണിയും കല്ലുംകൊണ്ടു കീഴടക്കാന്‍ കര്‍ത്താവ് ഇടയാക്കി. ദാവീദ് അങ്ങനെ ഇസ്രായേല്യരുടെ ഓമനയായെങ്കിലും സാവൂള്‍ രാജാവ് അവന്‍റെ വളര്‍ച്ചയില്‍ അസൂയാലുവായിരുന്നു. അസൂയ മൂത്ത് ദാവീദിനെ രഹസ്യമായി വകവരുത്താന്‍ രാജാവ് തക്കം നോക്കുകയായിരുന്നു (1 സാമുവല്‍ 24, 3-21).

2. അപരനെ ഒഴിവാക്കുന്ന അസൂയ
അസൂയ മൂത്താല്‍ ആര്‍ക്കും ഇതു സംഭവിക്കും! അസൂയ വളര്‍ന്ന് സ്വന്തം സഹോദരനെ ഹനിക്കാന്‍ മടിക്കാത്തവരുണ്ടെന്ന് പാപ്പാ വിശദീകരിച്ചു. അപരന്‍ തന്‍റെ സ്ഥാനം തട്ടിയെടുക്കും. തന്നെ ഊറ്റിക്കൊണ്ടുപോകും. അതിനാല്‍ അവനെ ഇവിടെ വേണ്ട. അവനെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് അടുത്തത്. അങ്ങനെ ശത്രുതയും പകയും കടുത്ത് മനുഷ്യന്‍ ഭ്രമചിത്തനാകുന്നു, വിഭ്രാന്തിയില്‍ പിന്നെ എന്തു ചെയ്യുമെന്നു പറയാനാവില്ല!  ദൈവകൃപ, അങ്ങനെ അവനു നഷ്ടമാകുമെന്നു പാപ്പാ ഉദ്ബോധിപ്പിച്ചു. അവസാനം അവന്‍റെ വ്യാമോഹങ്ങളും, അപരനെ ഇല്ലായ്മചെയ്യുവാനുള്ള കുതന്ത്രങ്ങളും ഒരു നീര്‍ക്കുമിളപോലെ മാഞ്ഞുപോകുന്നു. സാവൂളിനു സംഭവിച്ചത് അതാണ്. തന്‍റെ സാമ്രാജ്യത്തിലേയ്ക്ക്... ഇസ്രായേലിലേയ്ക്ക് ദൈവം അയച്ച സമര്‍ത്ഥനായ ഇടയ യുവാവിനെ അംഗീകരിക്കാനും സ്വീകരിക്കാനും സാവൂളിനു സാധിച്ചില്ല. മറിച്ച് അയാളുടെ കഴിവിലും നന്മയിലും അയാള്‍ കൊടും അസൂയാലുവായിത്തീര്‍ന്നു. അതായിരുന്നു സാവൂളിന്‍റെ വിനാശം. അസൂയയും ശത്രുതയും ശാശ്വതമല്ല, അത് കെണിയിലാഴ്ത്തുന്ന ചപലതയാണതെന്ന് പാപ്പാ വ്യാഖ്യാനിച്ചു.

3. ശത്രുത കാരണമാക്കുന്ന യുദ്ധങ്ങളും കലാപങ്ങളും
ആരുടെയും ഹൃദയത്തിലും മനസ്സിലും നുഴഞ്ഞു കയറാവുന്ന ഒരു കീടമാണ് അസൂയയും ശത്രുതയും. ജീവിതത്തില്‍ നാം ഏറെ ശ്രദ്ധപതിക്കേണ്ടതും ഇല്ലായ്മ ചെയ്യേണ്ടതുമായ തിന്മകളാണ്. അവയുണ്ടെങ്കില്‍ നാം മറ്റുള്ളവരെ തെറ്റിദ്ധരിക്കുകയും, തെറ്റായി വിധിക്കുകയും ചെയ്യും. അത് അകാരണമായി നമ്മില്‍ മാത്സര്യം വളര്‍ത്തും. മറ്റുള്ളവരുമായി നമ്മെ തുലനംചെയ്യുവാന്‍ ഇടയാക്കും. എനിക്കുള്ളതിലും അധികം അവനുണ്ടല്ലോ എന്നോര്‍ത്തു വ്യഗ്രതപ്പെടും, തത്രപ്പെടും. മറ്റുള്ളവരെ ഒഴിവാക്കാന്‍ ഇത് കാരണമാകും. ഇത് തമ്മില്‍ യുദ്ധവും, കലഹവും വളര്‍ത്തും. അയല്‍പക്കത്തും ജോലിസ്ഥലത്തും, എന്തിന് ചിലപ്പോള്‍ സമൂഹത്തിലും കുടുംബത്തില്‍ത്തന്നെയും കലഹ കാരണം അസൂയയും, അതു വളര്‍ത്തുന്ന ശത്രുതയുമാണ്.

4. ദുഷ്ടതയില്‍ വളരുന്ന  ദുഷ്ടത
ദാവീദിനെപ്പോലെ സുതാര്യവും സൗമ്യവുമായ ഹൃദയം തരണമേയെന്ന് ദൈവത്തോടു പ്രാര്‍ത്ഥിക്കാം. നീതിയും സമാധാനവും തേടുന്ന പ്രശാന്തവും സുതാര്യവുമായ ഹൃദയത്തിനായി പ്രാര്‍ത്ഥിക്കാം! സൗഹൃദമുള്ള ഹൃദയം ഒരിക്കലും അപരനെ കൊല്ലുവാന്‍ ആഗ്രഹിക്കുകയില്ല. താന്‍ വിശ്രമിക്കുകയായിരുന്ന ഗുഹയില്‍ വിസര്‍ജ്ജിക്കാന്‍ വന്ന സാവൂളിനെ വേണമെങ്കില്‍ ദാവീദിന് വകവരുത്താമായിരുന്നു. എന്നാല്‍ പ്രതീകാന്മകമായി തന്‍റെ യജമാനന്‍റെ മാറ്റിവച്ചിരുന്ന മേലങ്കിയുടെ വിളുമ്പ് അറുത്തെടുക്കുക മാത്രമാണു ചെയ്തത് (1സാമു. 24). സാവൂള്‍ ദാവീദിനെ കൊല്ലാന്‍ തക്കം പാര്‍ത്തുനടന്നിട്ടും  തന്‍റെ രാജാവും യജമാനനുമായവനോട് സംവാദത്തിന്‍റെയും  രമ്യതയുടെയും രീതിയില്‍ സംസാരിച്ച ദാവീദിനെ  സുതാര്യതയുടെയും ഹൃദയവിശാലതയുടെയും നന്മയുടെയും മാതൃകയായി പാപ്പാ ചൂണ്ടിക്കാണിച്ചു.   തിന്മയില്‍നിന്നും തിന്മയും,  ദുഷ്ടതയില്‍നിന്ന് ദുഷ്ടതയും മുളയെടുക്കും. നന്മ കൂടുതല്‍ നന്മ വളര്‍ത്തുമെന്നും  ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് വചനസമീക്ഷ ഉപസംഹരിച്ചത്.
 

25 January 2020, 09:52
വായിച്ചു മനസ്സിലാക്കാന്‍ >