തിരയുക

Vatican News
from the lectern of santa marta, 16-01-20 സാന്താ മാര്‍ത്തയിലെ വചനവേദി   (Vatican Media)

ഹൃദയത്തില്‍ ഉതിരുന്ന കാരുണ്യം നന്മചെയ്യുവാനുള്ള പ്രേരകശക്തി

സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച വചനചിന്തകള്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ജനുവരി 16-Ɔο വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ,  ഈശോ കുഷ്ഠരോഗിയെ സുഖപ്പെടുത്തിയ വിശുദ്ധ മര്‍ക്കോസിന്‍റെ  സുവിശേഷഭാഗത്തെ ആധാരമാക്കിയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്  (മര്‍ക്കോസ് 1, 40-45).

1.  മറ്റുള്ളവരുടെ വേദന ഏറ്റെടുക്കുന്നതാണ് കാരുണ്യം
ഹൃദയത്തില്‍നിന്നും ഉതിരുന്നതാണ് കാരുണ്യം. അത് നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പുണ്യമാണ്. മൂലാര്‍ത്ഥത്തില്‍ സഹിക്കുന്നവരോടു ചേര്‍ന്നു സഹിക്കുന്നതാണ് കാരുണ്യം (Compassion. Cum-patire = to suffer with). മറ്റുള്ളവരുടെ വേദന സ്വയം ഏറ്റെടുത്ത് അത് ഇല്ലാതാക്കുവാനും, അപരന് സൗഖ്യം പകരാനും ശ്രമിക്കുന്നതാണ് കാരുണ്യം, ദീനാനുകമ്പ അല്ലെങ്കില്‍ സഹാനുഭൂതി. യേശുവിന്‍റെ ജീവിതദൗത്യം അതായിരുന്നു. അവിടുന്ന് നിയമം പഠിപ്പിക്കുവാനോ അതിനെക്കുറിച്ചു പ്രബോധിപ്പിക്കുവാനോ അല്ല വന്നത്. മറിച്ച് അവിടുന്നു ദൈവിക കാരുണ്യവുമായിട്ടാണ് മനുഷ്യരുടെമദ്ധ്യേ അവതരിച്ചത്. മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി സഹിക്കുവാനും അവര്‍ക്കുവേണ്ടി തന്‍റെ ജീവന്‍ സമര്‍പ്പിക്കുവാനുമായിരുന്നു അവിടുന്നു ലോകത്ത് അവതരിച്ചത്. അവസാനം മനുഷ്യകുലത്തിനുവേണ്ടി കുരിശ്ശെടുക്കുവാനും, തന്‍റെ ജീവന്‍ കുരിശ്ശില്‍ സമര്‍പ്പിക്കുവാനും വേണ്ടുവോളം വലുതും ആഴമുള്ളതുമായിരുന്നു അവിടുത്തേയ്ക്ക് നമ്മോടുള്ള സ്നേഹവും കാരുണ്യവും.

2.  ദൈവിക കാരുണ്യത്തിനായുള്ള പ്രാര്‍ത്ഥന
“യേശുവേ, മനസ്സാകുമെങ്കില്‍ അങ്ങേയ്ക്ക് എന്നെ സൗഖ്യപ്പെടുത്താനാകും. അങ്ങേയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍, എന്നോടു ക്ഷമിക്കാനാകും” (40). ഇതായിരുന്നു സുവിശേഷത്തില്‍ നാം കാണുന്ന പാവം ഒരു കുഷ്ഠരോഗിയുടെ പ്രാര്‍ത്ഥന. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, “ദൈവമേ, ഞാനൊരു പാപിയാണേ, എന്നില്‍ കരുണ തോന്നണമേ, എന്നോടു കാരുണ്യം കാട്ടണമേ!” എന്നായിരുന്നു ആ മനുഷ്യന്‍റെ യാചന. അനുദിനം പലവട്ടം നമുക്കും ആവര്‍ത്തിക്കാവുന്ന മനോഹരമായ പ്രാര്‍ത്ഥനയാണിത്. മൗനമായി നമ്മുടെ ഹൃദയത്തില്‍ ഉരുവിടാവുന്ന സുകൃത ജപമാണിത്, “ദൈവമേ, പാപിയായ ഞാന്‍ അങ്ങയോടു കേണപേക്ഷിക്കുന്നു. എന്നില്‍ കനിയണമേ! മനസ്സാകുമെങ്കില്‍ അങ്ങേയ്ക്ക് എന്നെ സുഖപ്പെടുത്താനാകും. അങ്ങേ കാരുണ്യം എന്നില്‍ വര്‍ഷിക്കണമേ. എന്നോടു കരുണ കാട്ടണമേ!” ആര്‍ക്കും ആവര്‍ത്തിക്കാവുന്ന പ്രാര്‍ത്ഥനയാണിതെന്ന് സാന്താ മാര്‍ത്തയിലെ വചനസമീക്ഷയില്‍ പാപ്പാ ഉദ്ബോധിപ്പിച്ചു.

3 ദൈവസന്നിധിയിലെ വിനീതഭാവവും തുറവും
“ദൈവമേ, ഞാന്‍ ഒരു രോഗിയാണേ, ഞാനൊരു പാപിയാണേ,” എന്ന് ഏറ്റുപറയാനുള്ള എളിമ ആ മനുഷ്യന് ഉണ്ടായിരുന്നു. അയാള്‍ ഒരിക്കലും ലജ്ജിതനായിരുന്നില്ല. ദൈവസന്നിധിയില്‍ നമ്മുടെ പാപങ്ങള്‍ ഏറ്റുപറയാന്‍ നാം മടിക്കേണ്ടതില്ല. കാരണം അവിടുന്നു വന്നത് പാപികളെ തേടിയാണ്. പാപികളായ നമ്മെ ഓരോരുത്തരെയും രക്ഷിക്കാനാണ് അവിടുന്നു വന്നത്. നമ്മിലെ പാപം എത്രയധികമാണോ, അത്രത്തോളം നാം ദൈവത്തിങ്കലേയ്ക്കും, ക്രിസ്തുവിങ്കലേയ്ക്കും നാം അടുത്തിരിക്കുന്നു. കാരണം അവിടുന്നു വന്നത് പാപികളായ നിങ്ങളെയും എന്നെയും തേടിയാണ്..., അവിടുന്ന് മനുഷ്യനായി അവതരിച്ചത് പാപികളായ നമ്മെ എല്ലാവരെയും തേടിയാണ്. അതിനാല്‍ മനുഷ്യരുടെ ചാരത്താണു ദൈവമെന്നും, നമ്മുടെ ബലഹീനതകളിലും കുറവുകളിലും അവിടുത്തെ കാരുണ്യം നമ്മില്‍ വര്‍ഷിക്കപ്പെടുമെന്നും, നമ്മുടെ ആന്തരിക രോഗങ്ങളെയെല്ലാം അവിടുന്നു സൗഖ്യപ്പെടുത്തുമെന്നുമുള്ള പൂര്‍ണ്ണബോധ്യത്തോടെ നമുക്കു യാചിക്കാം,
“യേശുവേ... മനസ്സാകുമെങ്കില്‍ അവിടുന്ന് എന്നെ സൗഖ്യപ്പെടുത്തണമേ!”
ഈ പ്രാര്‍ത്ഥനയോടെയാണ് പാപ്പാ തന്‍റെ വചനസമീക്ഷ ഉപസംഹരിച്ചത്.
 

16 January 2020, 16:26
വായിച്ചു മനസ്സിലാക്കാന്‍ >