തിരയുക

Vatican News
from the lectern of santa marta സാന്താ മാര്‍ത്തയിലെ വചനവേദി   (Vatican Media)

സ്നേഹമില്ലായ്മ പാപമാണെന്ന് പാപ്പാ ഫ്രാന്‍സിസ്

സാന്താ മാര്‍ത്തയിലെ വചനവേദിയില്‍നിന്നുള്ള സഹോദര്യത്തിന്‍റെ വിചിന്തനങ്ങള്‍

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. യോഹന്നാന്‍റെ ആദ്യ ലേഖനത്തില്‍നിന്ന്
ജനുവരി 9-Ɔο തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. വിശുദ്ധ യോഹന്നാന്‍റെ ആദ്യലേഖനത്തില്‍നിന്നുമുള്ള ദിവ്യബലിയുടെ ആദ്യവായനയിലെ വചനഭാഗത്തെ ആധാരമാക്കിയാണ് പാപ്പാ ചിന്തകള്‍ വിന്യസിപ്പിച്ചത് .  ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്ന് ആരെങ്കിലും പറയുകയും സ്വന്തം സഹോദരനെ ദ്വേഷിക്കുകയും ചെയ്താല്‍  അവന്‍ കള്ളം പറയുന്നു. കാരണം, കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാ്‍ന്‍ സാധിക്കുകയില്ല (1യോഹന്നാന്‍ 4, 19 - 5, 4). 

2 യുദ്ധവും സമാധാനവും
സമാധാനത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഉയരുന്നത് യുദ്ധത്തെയും കലഹത്തെയും കുറിച്ചുള്ള ഓര്‍മ്മകളാണ്. യുദ്ധമില്ലാത്തൊരു ലോകത്തേ സമാധാനം ഉറപ്പുവരുത്താന്‍ സാധിക്കൂ! സമാധാനം ദൈവത്തിന്‍റെ കരുണയാണ്. അത് ദൈവികദാനമാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. ചുറ്റും നോക്കുമ്പോള്‍ - ആ രാജ്യത്തും ഈ രാജ്യത്തും, അവിടെയും ഇവിടെയും യുദ്ധവും കലാപങ്ങളുമാണ്. ഈ ദിവസങ്ങളില്‍പ്പോലും യുദ്ധഭേരിയാണ് അങ്ങുമിങ്ങും കേള്‍ക്കുന്നത്.

3. സമാധാനത്തിനായി എന്നും പ്രാര്‍ത്ഥിക്കണം
സമാധാനത്തെക്കുറിച്ചു ചിന്തിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും മനസ്സുനിറയെ യുദ്ധത്തെക്കുറിച്ചുള്ള ഭീതിയും ചിന്തകളുമാണ്. എന്നിരുന്നാലും ഞങ്ങളുടെ ഭൂമിയെ സമാധാന പൂര്‍ണ്ണമാക്കണമേയെന്ന് എപ്പോഴും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു. തീര്‍ച്ചയായും സമാധാനത്തിനുള്ള പ്രാര്‍ത്ഥന നാം തുടരേണ്ടതാണ്. ദൈവം നമുക്കു നല്കുന്ന വരദാനമാണ് സമാധാനം. അതിനാല്‍ അനുദിനം നാം അതിനായി ദൈവത്തോടു യാചിക്കുകതന്നെ വേണം!

4. സ്നേഹവും സമാധാനവും
“എവിടെ സ്നേഹമുണ്ടോ, അവിടെ ദൈവമുണ്ട്, അവിടെ സമാധാനമുണ്ട്” (1യോഹ. 4, 7). ദൈവമാണ് സമാധാനദാതാവ്. നമ്മുടെ മദ്ധ്യേയുള്ള സമാധാനപാലകനും സമാധാന സംസ്ഥാപകനും ദൈവാത്മാവാണ്. അതിനാല്‍ നാം ദൈവത്തില്‍ വസിക്കുകയാണെങ്കില്‍ സമാധാനം നമ്മില്‍ വളരും,  അതു നമ്മില്‍ വാസംകൊള്ളും. എന്നാല്‍ ദൈവത്തില്‍ മനുഷ്യര്‍ പാപംമൂലം ദൈവത്തില്‍നിന്നും നിരന്തരമായി അകന്നുപോകുമ്പോള്‍ ഹൃദയത്തിലെ സമാധാനം മന്ദീഭവിക്കുന്നു, അത് ഇല്ലാതാകുന്നു. നമ്മിലെ പരിശുദ്ധാത്മാവ് അകന്നുപോകുന്നു. അതിനാല്‍ എന്നും ദൈവത്തില്‍ വസിക്കാന്‍ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു.

5.  ദൈവത്തില്‍ വസിക്കുന്നത് എങ്ങനെ?
ആരും ചോദിക്കാം. എങ്ങനെയാണ് ദൈവത്തില്‍ നാം വസിക്കുന്നത്? ഇന്നത്തെ ആദ്യവായനയില്‍ നമ്മെ വിശുദ്ധ യോഹന്നാന്‍ ഉദ്ബോധിപ്പിക്കുന്നുണ്ട്. “നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍, എന്തെന്നാല്‍ സ്നേഹം ദൈവത്തില്‍നിന്നാണ്” (1യോഹ. 4, 7). ഇത് സമാധാനത്തിനുള്ള അടിസ്ഥാന നിയമവും, സമാധാനത്തിന്‍റെ രഹസ്യവുമാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

6. സമൂഹത്തിലെ യുദ്ധമുറകള്‍
സ്നേഹത്തില്‍ ജീവിക്കേണ്ട സമൂഹങ്ങളില്‍  സംഭവിക്കുന്നത് മറിച്ചാണ്!  സമൂഹത്തിലായാലും, കുടുംബത്തിലായാലും, ജോലിസ്ഥലത്തായാലും നാം അവലംബിക്കുന്നത് യുദ്ധമുറയാണ്, പരസ്പര കലഹത്തിന്‍റെയും സ്പര്‍ദ്ദയുടെയും ശൈലിയാണ്. അപരനെക്കുറിച്ച് അപവാദം പരത്തുവാനും, അപരനെ തേജോവധംചെയ്യുവാനുമാണ് പലപ്പോഴും ഈ കലഹമുണ്ടാക്കുന്നത്. ഈ സ്നേഹമില്ലായ്മ പാപമാണ്. സ്നേഹമില്ലായ്മയാണ് അസമാധാന കാരണമാകുന്നതും, നമ്മുടെ ജീവിത പരിസരങ്ങളെ അസ്വസ്ഥമാക്കുന്നതും.

7. കലഹം ഒരു പൈശാചിക പ്രവണത
തിന്മയുടെയും കലഹത്തിന്‍റെയും ചുറ്റുപാടുകളില്‍ പരിശുദ്ധാത്മ സാന്നിദ്ധ്യം ഇല്ലാതാകുന്നു. സമാധാനത്തിനായി പ്രാര്‍ത്ഥിക്കുമെങ്കിലും സമാധാനമില്ലാത്ത മനുഷ്യരും ജീവിതചുറ്റുപാടുകളും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്കും എനിക്കും അനുദിനം സംഭവിക്കുന്ന ജീവിതത്തിന്‍റെ മിഥ്യാഭാവമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഒരു അല്‍മായനോ, വൈദികനോ, സന്ന്യസ്തനോ, മെത്രാനോ, സഭാദ്ധ്യക്ഷനായ പാപ്പായോ ആരുമാവട്ടെ! യുദ്ധവും കലഹവും സൃഷ്ടിക്കുന്നത് പിശാചിന്‍റെ പ്രലോഭനമാണ്, അത് പൈശാചികമാണെന്ന് പ്രസ്താവിച്ചുകൊണ്ട് ഇടമുറിഞ്ഞപോലെ, എന്നാല്‍ ചിന്തോദ്ദീപകമായിട്ടാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ വചനസമീക്ഷ ഉപസംഹരിച്ചത്.
 

10 January 2020, 09:52
വായിച്ചു മനസ്സിലാക്കാന്‍ >