ദൈവത്തിന്‍റെ സൗജന്യദാനത്തെ വിശ്വസ്ഥതയോടെ കാത്തു പരിപാലിക്കുക
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇന്നത്തെ പ്രതിവചന സങ്കീർത്തനവും, ഒന്നാം വായനയും പരിചിന്തനം ചെയ്താണ് പാപ്പാ വചനപ്രഘോഷണമാരംഭിച്ചത്. ഇസ്രായേലിന്‍റെ രാജാവായി ദാവീദിനെ തിരഞ്ഞെടുത്തതിനെ വിഷയമാക്കി സാമുവലിനോടു ദൈവം കാണുന്നത് പോലെ നോക്കി അഭിഷേകം ചെയ്യാനാണ് ദൈവം ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ പാപ്പാ ദൈവത്തിന്‍റെ സ്വതന്ത്രവും സൗജന്യമായ തിരഞ്ഞെടുപ്പിനെ ഉയർത്തി കാണിച്ചു. ക്രിസ്ത്യാനികളായി തിരഞ്ഞെടുക്കപ്പെട്ടതും, വൈദീകരായതും, മെത്രാനായതും എല്ലാം ദൈവത്തിന്‍റെ സൗജന്യദാനമാണ്, എന്നാൽ സഭാ വൃത്തങ്ങളിൽ ഓദ്യോഗീക ജീവിതാവസ്ഥകൾക്കായുള്ള പരക്കം പാച്ചിലുകളും, സ്വാധീനം ചെലുത്തലും ക്രൈസ്തവമല്ല എന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
പരിശുദ്ധാത്മാവിന്‍റെ അഭിഷേകം സൗജന്യമാണ്. അതിനാല്‍ നമ്മുടെ ഗുണം കൊണ്ടോ, അവകാശം കൊണ്ടോ അല്ലെന്നറിഞ്ഞ് ആ ദാനത്തെ കാത്തുസൂക്ഷിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടതെന്നും, അതാണ് വിശുദ്ധിയെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ദാവീദ് ആട്ടിൻ കൂട്ടത്തിന്‍റെ ഇടയിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് തന്‍റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ച പാപ്പാ ക്രിസ്ത്യാനികളായ നാം ദൈവ ജനമാണെന്നതിനെ മറക്കുകയോ, അവിശ്വാസികളെ മറക്കുകയോ, വൈദീകരും, മെത്രാൻമാരും തങ്ങളുടെ അജഗണത്തെ മറക്കുകയോ മറ്റുള്ളവരേക്കാൾ പ്രധാനികളാണ് തങ്ങളെന്ന് ചിന്തിക്കുകയോ ചെയ്താൽ ദൈവദാനത്തെ നിഷേധിക്കയാണെന്നും ഇത് ക്രൈസ്തവമല്ലെന്നും, ഓർമ്മിപ്പിച്ചു കൊണ്ട്, ദൈവം തന്ന ഈ വലിയ സൗജന്യദാനത്തിന് നന്ദി പറയാൻ അനുഗ്രഹം നൽകട്ടെ എന്നാശംസിച്ചു കൊണ്ടാണ് തന്‍റെ സുവിശേഷ പ്രഭാഷണം അവസാനിപ്പിച്ചത്.