തിരയുക

Vatican News
പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു. പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു.  (Vatican Media)

പാപ്പാ: ജീവിതത്തിന്‍റെ സത്ത അടങ്ങിയിരിക്കുന്നത് ദൈവവുമായുള്ള നമ്മുടെ ബന്ധത്തിലാണ്

ആത്മാവിൽ ബാധിച്ച രോഗങ്ങൾ സൗഖ്യമാക്കപ്പെടണം. ക്ഷമിക്കുവാൻ വേണ്ടി മരുന്ന് ആവശ്യപ്പെടുകയും വേണം. തളർവാതരോഗിയെ സുഖപ്പെടുത്തുന്ന സുവിശേഷ ഭാഗത്തെ ആധാരമാക്കി ജനുവരി പതിനേഴാം തിയതി പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിൽ പാപ്പാ വ്യക്തമാക്കി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ശരീരത്തിലെ രോഗങ്ങൾ ഭേദമാക്കണമെന്നത് ഉചിതമാണ് എന്നാൽ ഹൃദയത്തിന്‍റെ ആരോഗ്യത്തെക്കുറിച്ചും നാം ചിന്തിക്കാറുണ്ടോ? നാം അതിനെ കുറിച്ച് മറന്നുപോവുകയും ഹൃദയത്തിൽ ബാധിച്ചിരിക്കുന്ന രോഗത്തെ സുഖപ്പെടുത്താൻ കഴിവുള്ള വൈദ്യന്‍റെ അടുത്ത് ചെല്ലാതിരിക്കുകയും ചെയ്യുന്നു.യേശു കഫർണാം എത്തിയപ്പോൾ ജനക്കൂട്ടം നിമിത്തം തളർവാതരോഗിയെ യേശുവിന്‍റെ അടുത്തു കൊണ്ടു വരാൻ കഴിയാത്തതിനാൽ മേൽക്കൂര പൊളിച്ച് കൊണ്ടുവന്നപ്പോൾ യേശു തളർവാതരോഗിയോടു “മകനേ നിന്‍റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ടാണ് സുഖപ്പെടുത്തിയതെന്ന് ചൂണ്ടികാണിച്ച പാപ്പാ ശാരീരിക സൗഖ്യം ഒരു ദാനമാണ് എന്നാൽ ഹൃദയത്തിന്‍റെയും, ആത്മാവിന്‍റെയും സൗഖ്യത്തെ നാം പരിപോഷിപ്പിക്കുകയും, സംരക്ഷിക്കുകയും വേണമെന്നും പറഞ്ഞു.

പാപിനിയായ സ്ത്രീയോടും, തളർവാതരോഗിയോടും "നിന്‍റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു" എന്ന് അരുൾചെയ്തപ്പോള്‍ യേശു അവരുടെ അത്യാവശ്യതകളിലേക്കാണ് ചെന്നതെന്നും “ഇനി പാപം ചെയ്യരുത്” എന്നു പറഞ്ഞുകൊണ്ടാണ് ബദ്സെയ്താ കുളക്കരയിൽ കിടന്ന തളർവാതരോഗിയെ സുഖപ്പെടുത്തിയെന്നും, ദൈവശാസ്ത്രജ്ഞയുടെ മനോഭാവത്തോടെ ചോദ്യമുയർത്തിയ സമരിയാക്കാരിയോടു “നിന്‍റെ ഭർത്താവ് എവിടെ?” എന്ന ചോദ്യത്തിലൂടെ  അവളുടെ ജീവിതത്തിന്‍റെ അനിവാര്യതയിലേക്ക് കടന്നുചെന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

ദൈവവുമായുള്ള ബന്ധം അത്യാവശ്യ ഘടകമാണെന്ന് ചൂണ്ടിക്കാണിച്ച  പാപ്പാ പല സമയത്തും ദൈവവുമായുള്ള ബന്ധത്തെ മറന്നുപോവുകയും ശാരീരിക സൗഖ്യത്തെ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നുവെന്നും ഓർമ്മപ്പെടുത്തി. പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്ന ക്രിസ്തുവിനോടു ക്ഷമയെന്ന മരുന്നിന് വേണ്ടി അപേക്ഷിക്കണമെന്നും നാം എല്ലാവരും പാപികളാണെന്നും  എന്നാല്‍ ദൈവം “ഞാൻ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കാന്‍ ആഗ്രഹിക്കുന്നു” എന്ന് പറയുന്നുവെന്നും പാപ്പാ ഓർമിപ്പിച്ചു. ആത്മാവില്‍ ബാധിച്ചിരിക്കുന്ന രോഗങ്ങളെ സുഖപ്പെടുത്തുന്ന മരുന്നാണ് ക്ഷമയെന്നും, ആത്മാവിനും, ശരീരത്തിനും സൗഖ്യം ആവശ്യമാണെന്നും ശരീരത്തെ പരിപോഷിപ്പിക്കുന്നതു പോലെതന്നെ ആത്മാവിനെയും പരിപോഷിപ്പിക്ക​​ണമെന്നും പാപ്പാ വ്യക്തമാക്കി. പാപങ്ങൾ പൊറുക്കാൻ കഴിവുള്ള യേശുവിലേക്ക് പോകാമെന്നും യേശു വന്നതും ജീവൻ നൽകിയതും അതിനുവേണ്ടിയാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

17 January 2020, 15:45
വായിച്ചു മനസ്സിലാക്കാന്‍ >