തിരയുക

from the lectern of pope Francis 191219 from the lectern of pope Francis 191219  (Vatican Media)

ദൈവത്തിന് അസാദ്ധ്യമായി ഒന്നുമില്ല!

“ദൈവം അത്ഭുതകരമായി പ്രപഞ്ചത്തെ പരിപാലിക്കുന്നു. എല്ലാം ദാനമായി നല്കുന്നു. ഇത് രക്ഷയുടെ അടയാളമാണ്.” - പാപ്പാ ഫ്രാന്‍സിസ്

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഡിസംബര്‍ 19-Ɔο തിയതി വ്യാഴാഴ്ച പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ വചനചിന്തയിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

1. ജീവന്‍ ദൈവിക ദാനം 
രണ്ടു വ്യക്തികളുടെ ജീവിതത്തിലെ മരുഭൂമിയുടെ അനുഭവം ഇന്നത്തെ വചനം ചൂണ്ടിക്കാണിക്കുന്നു. അവര്‍ വന്ധ്യകളായ രണ്ടു സ്ത്രീകളാണ്. സാംസന്‍റെ അമ്മ, സെല്‍പ്പൂണിത്തും (ന്യായാ. 13, 2-7... 24-25), സ്നാപക യോഹന്നാന്‍റെ അമ്മ, എലിസബത്തും വന്ധ്യകളായിരുന്നെങ്കിലും, അക്ഷരാര്‍ത്ഥത്തില്‍ വരണ്ട നിലത്തെ ഫലപുഷ്ടമാക്കുന്നതുപോലെ ദൈവം അവരെ പുത്രദാനംകൊണ്ട് അനുഗ്രഹിച്ചു (ലൂക്കാ 1, 5-25). അവരുടെ ജീവിതത്തിന്‍റെ മരുഭൂവില്‍ ദൈവം കൃപാവരത്തിന്‍റെ ജലാശയം ഒഴുക്കി. അബ്രഹാമിന്‍റെയും സാറയുടെയും ജീവിതത്തില്‍ ദൈവം ഒരു പുത്രനെ നല്കുന്നതും രക്ഷയുടെ ചരിത്രത്തില്‍ സമാന്തര സംഭവമാണ്. അതിനാല്‍ ഏതൊരു സ്ത്രീയിലൂടെയും ലഭിക്കുന്ന ജീവന്‍റെ ദാനം ദൈവത്തിന്‍റെ അപരിമേയമായ സ്നേഹത്തിന്‍റെയും രക്ഷണീയ ദാനത്തിന്‍റെയും പ്രതീകമാണെന്ന് പാപ്പാ സമര്‍ത്ഥിച്ചു.

2. ദൈവത്തിന് എല്ലാം മാറ്റിമറിക്കാന്‍ കരുത്തുണ്ട്
മരുഭൂമിയിലൂടെ ദൈവം നീര്‍ച്ചാല്‍ ഒഴുക്കിയപോലെ രക്ഷയുടെ ചരിത്രത്തില്‍ വന്ധ്യയായിരുന്നവര്‍ ദൈവിക പദ്ധതിയില്‍ ജീവന്‍റെ സ്രോതസ്സുകളായി ഭവിച്ചു. ഇത് അത്ഭുതമാണ്! അല്ല, അത്ഭുതത്തിനും അപ്പുറമാണ്. ഇത് വിശ്വാസത്തിന് അടിസ്ഥാനവുമാണ്. ദൈവത്തിന് അസാദ്ധ്യമായി യാതൊന്നുമില്ല. അവിടുത്തേയ്ക്ക് എല്ലാം മാറ്റിമറിക്കാന്‍ കരുത്തുണ്ട്. പ്രകൃതി നിയമംപോലും അവിടുന്ന് മാറ്റത്തിന് വിധേയമാക്കുന്നു. ചരിത്രത്തില്‍ വചനം മാംസംധരിക്കാന്‍ അവിടുന്നു വഴിയൊരുക്കുകയായിരുന്നു. ദൈവംതന്നെ നമ്മിലേയ്ക്ക് ഇറങ്ങിവന്ന രക്ഷണീയ സംഭവം അങ്ങനെയാണ് യാഥാര്‍ത്ഥ്യമായത്! ദൈവിക നന്മകള്‍ ദാനമായിട്ടാണ് നാം സ്വീകരിക്കുന്നത്. ഇന്നത്തെ വചനത്തില്‍ രണ്ടു സ്ത്രീകളെയാണു നാം കണ്ടത് - എലിസബത്തും സാംസന്‍റെ അമ്മ സെല്‍പ്പൂണിത്തും.

3. സാംസണും സ്നാപകനും
രക്ഷണീയ ദാനത്തിന് അടയാളം

രണ്ടു വന്ധ്യയായ സ്ത്രീകളുടെ ജീവിതത്തിലൂടെ ദൈവം തന്‍റെ ജനത്തിന് ദാനമായി നല്കുന്ന നന്മകളാണ് അവരുടെ മക്കളിലൂടെ ചരിത്രത്തില്‍ നാം കണ്ടതും അനുഭവിച്ചതും. അവരുടെ ചലനങ്ങള്‍ ഇന്നും ചരിത്രത്തെ സ്വാധീനിക്കുന്നു. സ്നാപക യോഹന്നാനും സാംസണും രക്ഷയുടെ ചരിത്രത്തിലെ ദൈവത്തിന്‍റെ മഹദ്ചെയ്തികള്‍ക്കും തന്‍റെ ജനത്തിനു ദൈവം നല്കിയ മഹത്തായ ദാനത്തിന്‍റെ അടയാളവുമാണ്. ആര്‍ക്കും സ്വയം രക്ഷിക്കാനാവില്ല! അതിനാല്‍, ഞാന്‍ എന്‍റെ രക്ഷകനാണെന്നോ, എല്ലാം എന്‍റെ കഴിവാണെന്നുമുള്ള അഹംഭാവം അസ്ഥാനത്താണെന്ന് പാപ്പാ ഫ്രാന്‍സിസ് വചനചിന്തയില്‍ അനുസ്മരിപ്പിച്ചു. ദൈവത്തിനു മാത്രമേ നമ്മെ രക്ഷിക്കാനാകൂ! നാം ദൈവത്തിന്‍റെ കൃപയില്‍ ആശ്രയിക്കുന്നില്ലെങ്കില്‍ ഒരിക്കലും മനുഷ്യന് രക്ഷനേടാനാവില്ല. കൃപയ്ക്ക് ആധാരം നമ്മുടെ വിശ്വാസമാണ്. അതും ദൈവത്തിന്‍റെ ദാനമാണ് എന്നോര്‍ക്കണം.

4. എല്ലാം ദാനമായി നല്കുന്ന
ദൈവത്തെ സ്തുതിക്കാം!

രക്ഷയുടെ ദാനങ്ങള്‍ക്കു നാം യോഗ്യരല്ല. എന്നാല്‍ നമുക്ക് അതിനായി ഒരുങ്ങാം. പ്രാര്‍ത്ഥിക്കാം, ഉപവസിക്കാം! നമ്മെ ദൈവികദാനങ്ങള്‍ക്ക് ആത്മീയമായി യോഗ്യരാക്കാം. ഒരു കത്തോലിക്കന്‍ ആയതുകൊണ്ടോ, ഞായറാഴ്ച പള്ളയില്‍ പോയതുകൊണ്ടോ, ഭക്തസംഘടനയില്‍ അംഗമായതുകൊണ്ടോ മാത്രം നാം ദൈവികരക്ഷയ്ക്കും, രക്ഷയുടെ ദാനത്തിനും യോഗ്യരാകുന്നില്ല. അവ സഹായകമായേക്കാം. പ്രതിനന്ദി പ്രതീക്ഷിക്കാത്ത ദൈവിക നന്മയിലുള്ള വിശ്വാസമാണ് നമുക്ക് ആവശ്യം. നമുക്കുള്ള സര്‍വ്വതും അവിടുത്തെ ദാനമാണ്. എല്ലാം നന്മയായും ദാനമായും നല്കുന്ന ദൈവത്തെ നമുക്കു സ്തുതിക്കാം! ആ ദൈവത്തോടു നന്ദിയുള്ളവരായി ജീവിക്കാം.

5. കരുത്തരും വീണുപോകുന്നു! എന്നാല്‍
വീഴ്ചയില്‍നിന്നു നമുക്ക് എഴുന്നേല്ക്കാം!

എലിസബത്തും, സെല്‍പ്പൂണിത്തും കടിഞ്ഞൂല്‍ പുത്രന്മാരെ പ്രസവിച്ചു. അവര്‍ രണ്ടും കരുത്തന്മാരായിരുന്നു. സാംസണ്‍ തന്‍റെ ജനത്തെ ഫിലിസ്ത്യരുടെ കൈകളില്‍നിന്നു തന്‍റെ കരബലംകൊണ്ടു കാത്തുരക്ഷിച്ചു. യോഹന്നാന്‍ ക്രിസ്തുവിന്‍റെ വരവിനായി വഴിയൊരുക്കി. എന്നാല്‍ സാംസണ്‍ ഒരു ഘട്ടത്തില്‍ ദൈവികദാനം മറന്നു പെരുമാറി. ഒരു സ്ത്രീയുടെ വശ്യതയില്‍പ്പെട്ടതിനാല്‍ അയാള്‍ ഫിലിസ്ത്യര്‍ക്ക് അധീനനായി. തന്‍റെ തെറ്റു തിരിച്ചറിഞ്ഞ സാംസണ്‍ തിരിച്ചുവന്നു. നാം കരുത്തരാണെന്നു കരുതുമെങ്കിലും ബലഹീനരാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

6. ദൈവികനന്മകള്‍ക്ക്
നന്ദിയുള്ളവരായി ജീവിക്കാം

ദൈവിക നന്മകള്‍ മറന്ന് ജീവിക്കുന്നത് നന്ദിയില്ലായ്മയും പാപവുമാണ്. ദൈവിക നന്മയെ നിഷേധിച്ച അനുതാപത്തോടെയാണ് നാം പാപസങ്കീര്‍ത്തനം ചെയ്യേണ്ടത്. സാംസനെ ഓര്‍ക്കാം. തിരഞ്ഞെടുക്കപ്പെട്ടവനും, അനുഗൃഹീതനും, ശക്തനുമായിരുന്നു. അയാള്‍ക്കു തെറ്റുപറ്റി. ശക്തിക്ഷയിച്ചു. എന്നാല്‍ തിരിച്ചുവന്നു. പാപം നമ്മുടെ കരുത്തില്‍ അമിതമായി ആശ്രയിക്കുന്ന അഹങ്കാരമാണ്. എനിക്ക്, എന്നെത്തന്നെ രക്ഷിക്കാനാവുമെന്ന ചിന്തയുമാണിത്. ഇല്ല! ദൈവകൃപ നമുക്ക് ആവശ്യമാണ്. രക്ഷയുടെ ദാനത്തിന് നമുക്കു നന്ദിപറയാം. നമ്മുടെ ജീവനും എല്ലാം ദൈവത്തിന്‍റെ ദാനമാണെന്ന ഓര്‍മ്മയില്‍ എപ്പോഴും ജീവിക്കാം. എല്ലാം അവിടുത്തെ കൃപയാണ്!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 December 2019, 10:26
വായിച്ചു മനസ്സിലാക്കാന്‍ >