തിരയുക

പാപ്പാ സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു. പാപ്പാ സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു.  (Vatican Media)

പാപ്പാ: കർത്താവ് നമ്മെ ശിക്ഷിക്കുന്നതു പോലും കരുണയോടെയാണ്

കർത്താവ് നമ്മെ സാന്ത്വനിപ്പിക്കുന്നു. ശിക്ഷിക്കുന്നതു പോലും കരുണയോടെയാണ് നമുക്ക് വിലപിക്കാതിരിക്കാമെന്ന് ഫ്രാൻസിസ് പാപ്പായുടെ വചന സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പ്രത്യാശയുടെ സന്ദേശം

ഡിസംബർ പത്താം തിയതി പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന പ്രഘോഷണത്തിൽ എങ്ങനെയാണ് കർത്താവ് നമ്മെ ആശ്വസിപ്പിക്കുകയും തിരുത്തുകയും ചെയ്യുന്നതെന്ന് വിശദീകരിക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ. ദൈവം ഒരു നല്ല ഇടയനാണെന്നും ക്ഷമ ചോദിക്കാനെത്തുന്നവരെ തലോടി അനുരഞ്ജനവും കൃപയും തുറന്ന് നല്‍കുന്നവനാണെന്ന് പാപ്പാ വിശദീകരിച്ചു. ആദ്യ വായനയിലെ ഏശയ്യാ പ്രവാചകന്‍റെ വാക്കുകൾ ഉദ്ധരിച്ച് അതിലെ പ്രത്യാശയുടെ സന്ദേശം ചൂണ്ടിക്കാണിച്ച പാപ്പാ, കർത്താവ് എന്നും സമാശ്വസിപ്പിക്കുന്നവനാണെന്നും തിരുത്തലുകളില്‍ പോലും ഏശയ്യാ പ്രവാചകൻ പറയുന്നത് പോലെ തന്‍റെ ആട്ടിൻകൂട്ടത്തെ നെഞ്ചിൽ ചേർത്ത് പിടിച്ച് സ്നേഹ മധുരിമയോടെ നയിക്കുന്നു എന്ന് പറഞ്ഞ പാപ്പാ പല പ്രാവശ്യം "ഹൃദയത്തിൽ" എന്ന പദം ആവർത്തിച്ചു.

ആര്‍ദ്രമായ ശിക്ഷ

കർത്താവിന്‍റെ ഈ നീക്കം ഒരു ആര്‍ദ്രതയുടെതാണ്. അവന്‍റെ ആശ്വസിപ്പിക്കലുകളും, തിരുത്തലുകളും, ശിക്ഷകൾ പോലും മാർദ്ദവമാണെന്ന് പറഞ്ഞ പാപ്പാ പാപം ചെയ്ത ശേഷവും കർത്താവിന്‍റെ മാറിൽ ചേർന്നു കിടക്കുന്നത് നമുക്ക് ചിന്തിക്കാനാവുമോ എന്ന് ചോദിച്ചു. ഇത് ദൈവത്തിന്‍റെ അദ്ധ്യാപനരീതിയോ നയതന്ത്രമോ അല്ല. അവന്‍റെ ഉള്ളിൽ നിന്ന് വരുന്നതാണ്. ഒരു പാപി തന്നെ തിരഞ്ഞു തിരിഞ്ഞു വരുമ്പോൾ ദൈവത്തിന്‍റെ ഉള്ളിൽ നിറയുന്ന സന്തോഷത്തിന്‍റെ ബഹിഷ്പുരണമാണ് ദൈവത്തെ മൃദുലനാക്കുന്നതെന്നും പാപ്പാ വിശദീകരിച്ചു.

സന്തോഷവും ആദ്രതയും സാന്ത്വനവും

ധൂർത്തപുത്രന്‍റെ ഉപമ ഓർമ്മിപ്പിച്ച പാപ്പാ, മകനെ കാത്തു നിന്നിരുന്നതുകൊണ്ടാണ് വിദൂരത്തു നിന്നേ മകന്‍റെ തിരിച്ചു വരവു കണ്ടതെന്നും, പുത്രൻ വന്ന് തന്‍റെ പശ്ചാത്താപം വിവരിക്കാൻ തുടങ്ങുമ്പോൾ വായ പൊത്തിപ്പിടിച്ച് ആഘോഷം ആരംഭിക്കുന്നതും കർത്താവിന്‍റെ  സ്നേഹാര്‍ദ്രമായ മൃദുല സാന്നിധ്യമാണെന്നും വിവരിച്ചു.സുവിശേഷത്തിൽ നൂറ് ആടുകളിൽ ഒന്ന് നഷ്ടപ്പെട്ട ഇടയന്‍ നഷ്ടപ്പെട്ട ഒന്നിനെ തേടി 99 നെയും വിട്ടു പോകുന്ന ഭാഗം ഉദ്ധരിച്ച ഫ്രാൻസിസ് പാപ്പാ, അതിനെ കണ്ടെത്തുമ്പോൾ നഷ്ടപ്പെടാത്ത 99 നേക്കാൾ വീണ്ടു കിട്ടിയ ഒന്നിനെ കുറിച്ച് ആനന്ദിക്കുന്നതാണ് പാപപ്പൊറുതിക്കായി അവനെ തേടിയെത്തുന്നവരോടുള്ള കർത്താവിന്‍റെ സന്തോഷമെന്ന് ചൂണ്ടികാണിച്ചു. സന്തോഷം ആദ്രതയും, ആദ്രത സാന്ത്വനവും ഏകുന്നു. അതിനാൽ നമുക്ക് വിലപിക്കാതിരിക്കാം - കർത്താവ് നമ്മുടെ പാപങ്ങൾ പൊറുക്കുന്നു. നമ്മുടെ ബുദ്ധിമുട്ടുകളിൽ, നമ്മുടെ പാപങ്ങളെക്കുറിച്ച് വിലപിച്ച്, ക്ഷമിക്കപ്പെടുമോ എന്നോർത്ത് വിഷാദത്തിൽ വീഴാൻ സാത്താനാണ് ആഗ്രഹിക്കുക.

കരയരുതെന്ന കര്‍ത്താവിന്‍റെ സ്വരം

കർത്താവിന്‍റെ സ്വരം "ഞാൻ നിന്നെ സമാശ്വസിപ്പിക്കുന്നു. നിന്നോടുകൂടെ ഞാനുണ്ട്" എന്നാണെന്നും അവൻ നമ്മെ ആദ്രമായി പിടിച്ചുയർത്തുന്നു എന്നും, ആകാശവും ഭൂമിയും സൃഷ്ടിച്ച ശക്തനായ, ധീരനായ ദൈവം, നമ്മുടെ സഹോദരനായി  സ്വയം കുരിശെടുത്ത് മരിച്ചവന്‍, നമ്മെ തലോടി നമ്മോട് " കരയരുത് " എന്ന് പറയാൻ കഴിവുള്ളവനാണെന്നും പാപ്പാ വിശദീകരിച്ചു. "കരയരുത്" എന്ന് പറഞ്ഞ് പിതാവിനാൽ തലോടപ്പെടാൻ നായിമിലെ വിധവയെ പോലെ നമ്മെത്തന്നെ അനുവദിക്കാമെന്ന് പറഞ്ഞ്, ശവമഞ്ചത്തിനു ചാരെ "കരയാതെ" എന്നു പറയുന്നതിനു മുന്നേ അവൻ അവളെ ചേർത്ത് പിടിച്ചിട്ടുണ്ടാവുമെന്നും നമ്മളും അതുപോലെ നമുക്കുണ്ടായ പാപ "ദുരന്ത"ത്തിനു ശേഷം ക്ഷമയുടെ "കൃപ" യുണ്ടാകുമെന്ന ദൈവത്തിന്‍റെ സാന്ത്വനത്തിൽ വിശ്വസിക്കുന്നവരാവണം എന്നുമുള്ള ആഹ്വാനത്തോടെയാണ് പാപ്പാ തന്‍റെ പ്രഘോഷണം അവസാനിപ്പിച്ചത്.

10 December 2019, 14:47
വായിച്ചു മനസ്സിലാക്കാന്‍ >