തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  സാന്താ മാര്‍ത്തയില്‍ ദിവ്യബലി മദ്ധ്യേ വചനസന്ദേശം നല്‍കുന്നു. ഫ്രാന്‍സിസ് പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലി മദ്ധ്യേ വചനസന്ദേശം നല്‍കുന്നു.  (Vatican Media)

പാപ്പാ: കർത്താവിന്‍റെ സൗജന്യവിളിയെ നിരസിക്കുന്നതാണ് പാപം

നവംബര്‍ അഞ്ചാം തിയതി പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ കർത്താവിന്‍റെ സൗജന്യവിളിയെ നിരസിക്കുന്നത് പാപമാണെന്ന് പ്രബോധിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള വായനയെ അടിസ്ഥാനമാക്കി നടത്തിയ വചന പ്രലോഷണത്തിൽ "എനിക്കെന്താണിഷ്ടം? കര്‍ത്താവിന്‍റെ ക്ഷണം സ്വീകരിക്കണോ? അതോ എന്‍റെ നിസ്സാരതയില്‍ നിന്ന് എന്‍റെ കാര്യങ്ങളിൽ അടച്ചിരിക്കണോ? എന്ന് പാപ്പാ ചോദ്യമുന്നയിച്ചു. ഇന്നത്തെ ആരാധനക്രമത്തിൽ വലിയ ഒരു ആഘോഷ വിരുന്നൊരുക്കുന്ന ഒരു വ്യക്തി ക്ഷണിക്കപ്പെട്ടവർ വിവിധ ഒഴിവുകൾ പറഞ്ഞ് ക്ഷണം നിരസിച്ചപ്പോള്‍ തന്‍റെ ഭൃത്യരെ അയച്ച് പാവപ്പെട്ടവരെയും, മുടന്തരേയും വിളിച്ച് വീടു നിറച്ച് സദ്യയ്ക്കിരുത്തുന്ന ഭാഗമായിരുന്നു. ഈ ഭാഗം രക്ഷയുടെയും പല ക്രിസ്ത്യാനികളുടെ സ്വഭാവത്തിന്‍റെയും വിവരണമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ആഘോഷം, വിരുന്ന് എന്നിവ സ്വർഗ്ഗത്തിന്‍റെയും  നിത്യതയുടേയും വിവരണമാണെന്ന് സൂചിപ്പിച്ച പാപ്പാ  അവിടെ ആരെയൊക്കെ കണ്ടെത്തുമെന്നറിയില്ലെന്നും പുതിയവരേയും, കാണാൻ ഇഷ്ടമില്ലാത്തവരേയും കണ്ടെത്താമെന്നും വ്യക്തമാക്കി. ഈ ആഘോഷത്തിന്‍റെ അന്തരീക്ഷം സന്തോഷവും സൗജന്യതയുമാണ്. ദൈവമൊരുക്കുന്ന വിരുന്നില്‍ നാം സൗജന്യമായി അകത്തു പ്രവേശിക്കാൻ നമ്മുടെ ദൈവം ഇങ്ങനെയാണ് എപ്പോഴും നമ്മെ ക്ഷണിക്കുന്നത്. പാപ്പാ ഉദ്ബോധിപ്പിച്ചു.  

ശരിയായ ആഘോഷങ്ങളിൽ ആതിഥേയനാണ് പണം കൊടുക്കുക. എന്നാൽ ഈ സൗജന്യക്ഷണത്തിലും സ്വകാര്യ ആവശ്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നവരുണ്ട്. ഹൃദയം അടച്ച് "ഒറ്റയ്ക്ക്, എനിക്കിഷ്ടപ്പെട്ടവരുമായി കഴിയാം" എന്നും പറഞ്ഞ് ആ വിരുന്നിനെ നിരസിക്കുന്നവരുണ്ട്. ഇതാണ് പാപമെന്നും ഇസ്രായേലിന്‍റെയും,  നമ്മുടെ ഓരോരുത്തരുടേയും പാപമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. എനിക്ക് സൗജന്യമായി നല്‍കപ്പെടുന്നതിനേക്കാൾ പ്രധാനപ്പെട്ടത് "എന്‍റെത് മാത്രം" എന്ന ഈ അടച്ചുപൂട്ടലും പാപമാണ്. പാപ്പാ വിശദീകരിച്ചു.  

കർത്താവുമായുള്ള കൂടിക്കാഴ്ചയും "എന്‍റെ കാര്യങ്ങളും" തമ്മിലുള്ള  തിരഞ്ഞെടുപ്പും

ദൈവത്തിന്‍റെ ക്ഷണത്തിനോടുള്ള നിരസിക്കൽ ക്ഷണിച്ചവനോടുള്ള അനാദരവാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ ജീവിതത്തിൽ കർത്താവിനെ കണ്ടുമുട്ടാനുള്ള അവന്‍റെ സൗജന്യക്ഷണവും - എന്‍റെ സ്വകാര്യങ്ങളിൽ,  ഇഷ്ടങ്ങളിൽ അടച്ചുപൂട്ടാനുള്ള ആഗ്രഹവും എന്ന തിരഞ്ഞെടുപ്പുകളുടെ മുന്നിൽ പലപ്പോഴും നാമെത്തിപ്പെടാറുണ്ടെന്നും വ്യക്തമാക്കി. ഇങ്ങനെ പലതരത്തിലുള്ള നമ്മിലെ അടച്ചുപൂട്ടലുകളിലൊന്നിനെ കുറിച്ച് യേശു പറയുന്നതാണ് ധനവാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുക വളരെ ബുദ്ധിമുട്ടാണെന്ന് വചനം. സമ്പത്തിനോടു ആഭിമുഖ്യം കാട്ടാത്ത പണക്കാരും, പുണ്യവാൻമാരുണ്ട്. ധനത്തോട് ഒട്ടിച്ചേർന്ന് നിന്നാൽ ആഘോഷമെന്തെന്നറിയില്ല കാരണം അവർക്ക് തൊട്ടറിയാവുന്നതിലാണ് സുരക്ഷിതത്വം. പാപ്പാ വിശദീകരിച്ചു.

കർത്താവ് സകലരേയും കാത്തിരിക്കുന്നു

ദൈവീക ക്ഷണത്തെ നിരസിക്കുന്ന നമ്മുടെ മനോഭാവത്തിന്‍റെ മുന്നിൽ കർത്താവിന്‍റെ തീരുമാനം ഉറച്ചതാണ്.  നല്ലവരേയും മോശക്കാരേയും വേർതിരിക്കാതെ അവൻ സകലരേയും ക്ഷണിക്കുന്നു. ഞാൻ മോശക്കാരനാണ്. അതിനാൽ ഞാൻ വരുന്നില്ല എന്ന് ആർക്കും പറയാൻ കഴിയാത്ത വിധം അവിടുന്ന് വിളിക്കുന്നു. ‘നീ മോശക്കാരനായതിനാൽ നിന്നെ പ്രത്യേകമായി കർത്താവ് കാത്തിരിക്കുന്നു’ എന്ന് പാപ്പാ വ്യക്തമാക്കി. പിതാവിലേക്ക് തിരിച്ചു വരുന്ന ഇളയപുത്രന്‍റെ ഏറ്റുപറച്ചിലിനെ പോലും കേൾക്കാതെ മകനെ പുണരുന്ന പിതാവിന്‍റെ മനോഭാവത്തെ ഓർമ്മിപ്പിച്ച പാപ്പാ ദൈവം അങ്ങനെയാണെന്നും അവിടുന്ന് നമുക്ക് നല്‍കുന്നത് സൗജന്യമാണെന്നും വ്യക്തമാക്കി.

ഒന്നാം വായനയിലെ കപടതയ്ക്കെതിരെ ജാഗ്രത പാലിക്കാൻ പൗലോസ് അപ്പോസ്തലന്‍റെ വാക്കുകളെ വിശദ്ധീകരിച്ച  പാപ്പാ കർത്താവിനെ നിരസിക്കുന്ന നീതിമാന്മാർ എന്ന് വിശ്വസിച്ച യഹൂദരെ നോക്കി "വേശ്യകളും ചുങ്കക്കാരും സ്വർഗ്ഗരാജ്യത്തിൽ നിങ്ങളെക്കാൾ മുമ്പേ പ്രവേശിക്കും" എന്ന് പറഞ്ഞതിനെ അനുസ്മരിച്ച് കൊണ്ട് ഏറ്റം വിലകുറഞ്ഞവരെന്ന് കരുതുന്നവരായ നമ്മെ ദൈവം വിളിക്കുന്നുവെന്നും എന്നാൽ നാം ആ വിളിയെ നിരസിക്കുമ്പോള്‍  ഇന്നത്തെ സുവിശേഷത്തില്‍ കോപാവിഷ്ടനാകുന്ന ആതിഥേയനെ പോലെ ദൈവം കോപിഷ്ഠനാകുമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

എന്‍റെ ജീവിതമെങ്ങനെ പോകുന്നുവെന്നും, ഞാൻ എന്തിഷ്ടപ്പെടുന്നുവെന്നും കർത്താവിന്‍റെ ക്ഷണം സ്വീകരിക്കാനോ അതോ എന്‍റെ സംഗതികളിൽ എന്നെ അടച്ചുപൂട്ടാനോ? എന്ന് ഇന്ന് കർത്താവു തന്ന സുവിശേഷത്തെക്കുറിച്ച് നമുക്ക് സ്വയം ചിന്തിക്കാം. ദൈവത്തിന്‍റെ ക്ഷണം സ്വീകരിച്ച്  അവിടുന്നൊരുക്കുന്ന സൗജന്യവിരുന്നിലെത്താനുള്ള വരത്തിനായി പ്രാർത്ഥിക്കാം എന്ന് പറഞ്ഞ് മാർപ്പാപ്പാ തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

05 November 2019, 16:12
വായിച്ചു മനസ്സിലാക്കാന്‍ >