തിരയുക

Vatican News
പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലി മദ്ധ്യേ വചന പ്രഘോഷണം നല്‍കുന്നു.  പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലി മദ്ധ്യേ വചന പ്രഘോഷണം നല്‍കുന്നു.  

പാപ്പാ: അസൂയാലുവായ പിശാച് നാശം വിതയ്ക്കുന്നു.

നവംബർ 12 ആം തിയതി പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ നൽകിയ വചന സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മനുഷ്യനായി അവതരിച്ച ദൈവപുത്രനോടുള്ള അസൂയ നിമിത്തം പിശാച് ലോകത്തിൽ വിദ്വേഷം വിതയ്ക്കുന്നു. അത് മരണത്തിന് കാരണമാകുന്നു. ഇന്നത്തെ ആരാധന ക്രമത്തിലെ ജ്ഞാനത്തിന്‍റെ പുസ്തകത്തില്‍ (2:23-3:9) നിന്നുള്ള വായനയെ അടിസ്ഥാനമാക്കി നൽകിയ വചന സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രബോധിപ്പിച്ചത്.ദൈവം തന്‍റെ ഛായയിൽ നമ്മെ സൃഷ്ടിച്ചു. നാം ദൈവപുത്രരാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ "പിശാചിന്‍റെ അസൂയനിമിത്തം മരണം ലോകത്തില്‍ പ്രവേശിച്ചു."(ജ്ഞാനം. 2: 24) എന്ന വചനവും കുട്ടി ചേർത്തു.

ദൈവത്തിന്‍റെ മനുഷ്യവതാരത്തെ സമ്മതിക്കാൻ ആഗ്രഹിക്കാത്ത അധ:പതിച്ച മാലാഖയുടെ അസൂയയാണ് മനുഷ്യ കുലത്തെ നശിപ്പിക്കാൻ അവനെ നയിച്ചത്. അസൂയ, സ്പർദ്ധ, മാത്സര്യം എന്ന തിന്മയുടെ പട്ടിക നിരത്തിയ പാപ്പാ നമുക്ക് സഹോദരങ്ങളെന്ന നിലയിൽ സമാധാനത്തിൽ ജീവിക്കാൻ കഴിയുമെന്നും വ്യക്തമാക്കി.  പോരാട്ടവും, നശിപ്പിക്കാനുള്ള ആഗ്രഹവും നമ്മില്‍ രൂപപ്പെടുന്നതിനെ ചൂണ്ടി കാണിച്ച പാപ്പാ, നാവ് ക്രൂരമായ ആയുധമാണെന്ന യാക്കോബ്ശ്ലീഹായുടെ പ്രബോധനത്തെ അനുസ്മരിക്കുകയും നാവിലൂടെ നാം മറ്റുള്ളവരെ നശിപ്പിക്കുന്നുവെന്നും വ്യക്തമാക്കി. മാമ്മോദീസാ സ്വീകരിച്ചവനും, ക്രൈസ്തവനുമായ എനിക്കെങ്ങനെ കൊലപാതകിയാകാൻ സാധിക്കുമെന്ന് ചോദിക്കുന്നതിനെ ഓർമ്മിപ്പിച്ച പാപ്പാ അലസഭാഷണവും, അപവാദവും മറ്റുള്ളവരെ കൊല്ലുന്നതാണെന്നും ഉദ്ബോധിപ്പിച്ചു.

യുദ്ധം വിതയ്ക്കുന്ന വിനാശത്തെ കുറിച്ച് സൂചിപ്പിച്ച പാപ്പാ  ജർമ്മനിയെയും ബർളിൻ മതിലിന്‍റെ വീഴ്ച്ചയുടെ വാർഷികത്തെയും ശുദ്ധ വംശജീയരല്ലാത്തവരെ പീഡിപ്പിച്ച നാസികളെയും, മറ്റു യുദ്ധഭീകരതകളെയും സ്മരിച്ചു. വിനാശം വിതയ്ക്കുന്ന വെറുപ്പിന്‍റെ  കഥപറയുന്ന വാർത്തകളാണ് അക്രമങ്ങളും, യുദ്ധവും എന്ന് വിശേഷിപിച്ച പാപ്പാ അനേകം കുട്ടികൾ പട്ടിണിയാൽ മരിച്ചു വീഴുന്നുവെന്നും യുദ്ധത്തിന്‍റെ  ഭീകരത മൂലം ജലം, വിദ്യാഭ്യാസം, ആരോഗ്യം ഒന്നുമില്ലാതെ അനേകം കുഞ്ഞുങ്ങൾ ഈ ലോകത്തിൽ ജീവിക്കുന്നുവെന്നും വ്യക്തമാക്കി.

രാഷ്ട്രീയത്തിൽ പോലും വിദ്വേഷം വിതയ്ക്കുകയും, നശിപ്പിക്കുകയും ചെയ്യുന്നത് ഒരു മാനദണ്ഡമല്ല. എന്നാൽ ചില വ്യക്തികൾ  അത് ചെയ്യുന്നു. നുണകളും സത്യവും പറഞ്ഞ് ഒരു രാഷ്ട്രീയക്കാരൻ മറ്റൊരാളുടെ മേല്‍ ചെളിവാരിയിടാൻ പ്രേരിപ്പിക്കുന്നു.  ഇത് രാജ്യത്തിന്‍റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന ആരോഗ്യകരവും ശുദ്ധവുമായ രാഷ്ട്രീയ വൈരാഗ്യമല്ല. അത്തരം രാഷ്ട്രീയക്കാർ എതിരാളികളെ  നിർമ്മൂലനം ചെയ്യുന്നതിന് അവരെ അപകീര്‍ത്തിപെടുത്തുകയും അവർ തങ്ങളെക്കാള്‍ കൂടുതൽ കഴിവുള്ളവരായി കാണപ്പെടുമെന്ന് ഭയപ്പെടുകയും ചെയ്യുന്നു. നാമെല്ലാവരും ഇതിനെക്കുറിച്ച് ചിന്തിക്കണമെന്ന്  ആഗ്രഹിക്കുന്നുവെന്നാവശ്യപ്പെട്ട പാപ്പാ  ഇന്ന് ലോകത്തിൽ  ഇത്രയധികം വിദ്വേഷം നിലനിൽക്കുന്നത് എന്തുകൊണ്ടാണെന്നും അനുരഞ്ജനത്തിലേക്കു കടന്നു വരാതെ കുടുംബങ്ങളിലും, നമ്മുടെ സമീപസ്ഥലത്തും, ജോലിസ്ഥലത്തും, രാഷ്ട്രീയത്തിലും വിദ്വേഷം വിതയ്ക്കുന്നത് പിശാചാണെന്നും  ഉദ്ബോധിപ്പിച്ചു.

മരണം ലോകത്തിലേക്ക് പ്രവേശിച്ചത് പിശാചിന്‍റെ അസൂയയിലൂടെയാണന്ന് സൂചിപ്പിച്ച പാപ്പാ മനുഷ്യരൂപം സ്വീകരിച്ച ദൈവപുത്രനിലുള്ള വിശ്വാസത്തെ നമ്മുടെ ഹൃദയത്തില്‍ വളര്‍ത്താനും പിശാചിനെ അതിജീവിക്കാനും വിശ്വാസത്തിലൂടെ അസൂയയുള്ളവനും, നുണയനും, വിദ്വേഷം വിതയ്ക്കുന്നവനുമായ പിശാചിന്‍റെ വിനോദങ്ങളിൽ ഉൾപ്പെടാതിരിക്കാൻ ശക്തി തരണമേ എന്ന പ്രാർത്ഥനയോടെ പാപ്പാ തന്‍റെ വചന സന്ദേശം ഉപസംഹരിച്ചു.

12 November 2019, 16:14
വായിച്ചു മനസ്സിലാക്കാന്‍ >