തിരയുക

Vatican News
പാപ്പാ സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു. പാപ്പാ സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു.  (Vatican Media)

പ്രാര്‍ത്ഥനാപൂര്‍വ്വം മരണത്തിനായി ഒരുങ്ങിയിരിക്കാം

നവംബർ ഇരുപത്തൊമ്പതാം തിയതി വെള്ളിയാഴ്ച പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേപാപ്പാ നൽകിയ വചന സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വിശുദ്ധ ലൂക്കാ 21:29 -33 വരെയുള്ള സുവിശേഷ ഭാഗത്തെ അടിസ്ഥാനമാക്കി നല്‍കിയ വചന പ്രഘോഷണത്തിൽ ദൈവത്തെ ആശ്ലേഷിക്കുവാനും പ്രത്യാശയോടെ ജീവിക്കാനും മരണത്തിലൂടെ മനുഷ്യന് സാധ്യമാകുന്നുവെന്ന് പാപ്പാ പ്രബോധിപ്പിച്ചു. ആകാശവും ഭൂമിയും കടന്ന് പോയാലും തന്‍റെ വചനങ്ങൾ കടന്നു പോകുകയില്ല എന്ന ക്രിസ്തുവിന്‍റെ  വാക്കുകളെ ഓർമ്മപ്പെടുത്തിയ പാപ്പാ എല്ലാറ്റിനും അന്ത്യമുണ്ടെന്നും എന്നാൽ ദൈവം മാത്രം നിലനില്‍ക്കുമെന്നും ഉദ്ബോധിപ്പിച്ചു.‌

നമ്മുടെ മരണം എപ്പോൾ സംഭവിക്കുമെന്ന് ആർക്കും അറിഞ്ഞുകൂടാ എന്ന് പറഞ്ഞ പാപ്പാ ശാശ്വതമെന്നു നാം വിശ്വസിക്കുന്നതിനെ പലപ്പോഴും മാറ്റി നിര്‍ത്താനുള്ള പ്രവണത നമ്മിലുണ്ടെന്നും ചൂണ്ടി കാണിച്ചു. നമ്മുടെ ജീവിതം ദുർബ്ബലമാണ്. ചില സമയത്തിൽ ഈ ദുർബ്ബലത നമ്മെ മരണത്തിലേക്ക് നയിക്കുന്നു. ഇക്കാരണത്താൽ ശാരീരികമായ ദുർബ്ബലത എങ്ങനെയുണ്ടെന്നറിയാൻ നാം വൈദ്യന്മാരെ സമീപിക്കുന്നു. ചിലർ മാനസീക വൈകല്യങ്ങളെ സുഖപ്പെടുത്താൻ മനശാത്രജ്ഞരെ സമീപിക്കുന്നുവെന്ന് ‘ചിവില്‍ത്താ കത്തോലിക്കാ’ എന്ന മാസികയില്‍ താന്‍ വായിച്ച ഒരു ലേഖനത്തെ കുറിച്ച് സൂചിപ്പിച്ചു. ദുർബ്ബലത നമ്മെ ഒന്നിപ്പിക്കുന്നു. എന്നാൽ  മിഥ്യാധാരണ നമുക്ക് അഭയം നൽകുകയില്ല എന്ന് പറഞ്ഞ പാപ്പാ തന്‍റെ നാട്ടില്‍ കുടുംബത്തിന് ധനം ലാഭിക്കാമെന്ന വ്യാമോഹത്തോടെ ശവസംസ്കാരത്തിന് മുൻകൂട്ടി പണം നൽകാനുള്ള രീതിയുണ്ടായിരുന്നു. ചില ശവസംസ്കാര സ്ഥാപനങ്ങൾ നടത്തിയ തട്ടിപ്പ് വെളിച്ചത്തുവന്നതോടെ  അത് കടന്നുപോയെന്നും മിഥ്യാധാരണയാല്‍  നാമെത്ര പ്രാവശ്യം ചതിക്കപ്പെട്ടിരിക്കുന്നുവെന്ന് ചോദ്യമുയർത്തുകയും ചെയ്തു.

മരണം എന്ന യാഥാർത്യത്തെ ബൈബിളിലും സുവിശേഷത്തിലും രേഖപെടുത്തിട്ടുണ്ടെങ്കിലും ദൈവം അതിനെ അവിടുന്നുമായുള്ള കണ്ടുമുട്ടലായി അവതരിപ്പിക്കുന്നു. ദൈവം നമ്മെ ഒരു സമാഗമത്തിനായി ക്ഷണിക്കുന്നു. മരണം ഒരു കൂടികാഴ്ചയാണ്. ദൈവം നമ്മെ സന്ദർശിക്കാന്‍ വരുകയും നമ്മുടെ കരങ്ങൾ പിടിച്ചു തന്‍റെ കൂടെ കൊണ്ടുപോകുകയും ചെയ്യുന്നുവെന്ന് ഓർമ്മപ്പെടുത്തിയ പാപ്പാ തന്‍റെ ഈ വചന പ്രഘോഷണം  ഒരു ചരമ സൂചനയായിരിക്കാനല്ല ആഗ്രഹിച്ചതെന്നും എന്നാൽ ഇത് സുവിശേഷമാണെന്നും വ്യക്തമാക്കി. 

ജീവിതത്തിന്‍റെ അന്ത്യമണി മുഴങ്ങുന്ന നേരത്തെ പ്രതിയും, ദൈവം നമ്മുടെ വാതിലിൽ മുട്ടുന്ന സമയത്തെ പ്രതിയും ഒരുങ്ങിയിരിക്കണമെന്നും നമ്മുടെ മരണത്തെക്കുറിച്ചു ചിന്തിക്കണമെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.  ഞാന്‍ മരിക്കുന്നത് എപ്പോഴാണ്? എന്ന് സ്വയം ചോദിക്കണമെന്നാവശ്യപ്പെട്ട പാപ്പാ കലണ്ടറിൽ അത് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ദൈവത്തിനു അറിയാം. അതുകൊണ്ടു ദൈവമേ, നല്ല മരണം പ്രാപിക്കുന്നതിനും, സമാധാനത്തിലും പ്രത്യാശയിലും മരിക്കുന്നതിനും എന്‍റെ ഹ്ര്യദയത്തെ ഒരുക്കണമേ എന്ന് പ്രാർത്ഥിക്കാന്‍ ആഹ്വാനം ചെയ്തു. 

29 November 2019, 16:19
വായിച്ചു മനസ്സിലാക്കാന്‍ >