തിരയുക

Vatican News
from the lectern of Pope Francis in Santa Marta house from the lectern of Pope Francis in Santa Marta house  (Vatican Media)

ക്രിസ്തുസ്നേഹത്തിലുള്ള ആത്മവിശ്വാസവും അഹന്തയും

ഒക്ടോബര്‍ 31-Ɔο തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ചിന്തകള്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. ക്രിസ്തുവിന്‍റെ സ്നേഹപാരമ്യം
ക്രിസ്തുവിന്‍റെ സ്നേഹം  ജീവിതത്തില്‍ മനസ്സിലാക്കാന്‍ ദൈവാരൂപി നമ്മെ പ്രചോദിപ്പിക്കുമെന്ന് പൗലോസ് അപ്പസ്തോലന്‍ റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തെ ആധാരമാക്കി പാപ്പാ  ഉദ്ബോധപ്പിച്ചു (റോമ. 8, 31-39). പീഡനങ്ങളോ, പരീക്ഷണങ്ങളോ, വിശപ്പോ, നഗ്നതയോ, അപകടമോ, വാളോ...  ക്രിസ്തുവിന്‍റെ സ്നേഹത്തിനു മുന്നില്‍ ഒന്നും തന്നെ ഏശുകയില്ലെന്നു പറയുന്ന പൗലോശ്ലീഹായുടെ വാക്കുകളില്‍ അല്പം ആത്മവിശ്വാസവും കുറെ അഹന്തയുമുണ്ടെന്ന് പാപ്പാ വ്യാഖ്യാനിച്ചു. ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നും ആര്‍ക്കു തന്നെ വേര്‍പ്പെടുത്താനാകും? (റോമ. 8, 39). ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരെനില്ക്കും, അപ്പസ്തോലന്‍ ചോദിക്കുന്നു (റോമ. 8, 31).

2. അമ്മയുടെ സ്നേഹം
ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ ജീവിക്കുന്നവര്‍ വിജയശ്രീലാളിതരും,  അതിനേക്കാളും ശ്രേഷ്ഠരുമാണെന്ന് വീണ്ടും പൗലോശ്ലീഹായുടെ ജീവിതാനുഭവങ്ങളില്‍നിന്നും പാപ്പാ വ്യാഖ്യാനിച്ചു. ഡമാസ്ക്കസിലേയ്ക്കുള്ള മാര്‍ഗ്ഗമദ്ധ്യേ താന്‍ ക്രിസ്തു രഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങി. പിന്നെ ക്രിസ്തുവുമായി സ്നേഹത്തിലായി,  ഗാഢമായ സ്നേഹത്തിലായി. അതൊരു പ്രഹസനമോ നാട്യമോ ആയിരുന്നില്ലെന്ന് പാപ്പാ ഫ്രാന്‍സിസ് കൂട്ടിച്ചേര്‍ത്തു.  സന്തോഷത്തിലെന്നപോലെ, സന്താപത്തിലും പീഡനങ്ങളിലും പരീക്ഷണങ്ങളിലും  ഒരുപോലെ ക്രിസ്തു തന്നെ  പിന്‍തുണച്ചു. തന്നെ അനുധാവനംചെയ്തുവെന്ന അപ്പസ്തോലന്‍റെ ധ്യാനം പാപ്പാ  വചനചിന്തയില്‍ ആവര്‍ത്തിച്ചു.

3. നമ്മെ കൈവെടിയാത്ത ദൈവസ്നേഹം
ക്രിസ്തുവിന്‍റെ സ്നേഹം സമൃദ്ധമായി അനുഭവിക്കുന്നെങ്കില്‍ നിങ്ങളും ഞാനും ചോദിക്കേണ്ട ചോദ്യം - നാം അതുപോലെ അല്ലെങ്കിലും, വേണ്ടുവോളം ക്രിസ്തുവിനെ സ്നേഹിക്കുന്നുണ്ടോ? ജീവിതത്തില്‍ ക്ലേശങ്ങള്‍ ഉണ്ടാകുമ്പോള്‍ ദൈവം എന്നെ കൈവെടിഞ്ഞുവെന്നും,  ക്രിസ്തു എന്നെ ഉപേക്ഷിച്ചുവെന്നും  ചിലപ്പോള്‍ നാം പറയാറുണ്ട്. അതിനാല്‍ എനിക്ക് എല്ലാം മതിയായി. നാം ദൈവത്തെ തള്ളിപ്പറയാന്‍ തുടങ്ങുന്നു. എന്നാല്‍ പൗലോശ്ലീഹാ നമ്മോട് ഇന്നു പറയുന്നത്, ദൈവം നമ്മെ ഒരിക്കലും കൈവെടിയുകയില്ലെന്നാണ്. തന്‍റെ ജീവിതത്തില്‍ ക്രിസ്തുവിന്‍റെ സ്നേഹം തിരിച്ചറിയുകയും, അത് അനുഭവിക്കുകയും പങ്കുവയ്ക്കുകയുംചെയ്ത മനുഷ്യനാണ് പൗലോസ്. അതിനുശേഷം പൗലോശ്ലീഹായും ദൈവസ്നേഹത്തിന്‍റെ വഴി  മറ്റുള്ളവര്‍ക്കായി  തെളിയിക്കുകയായിരുന്നു. ദൈവം നമ്മെ ഒരിക്കലും കൈവെടിയുന്നില്ല. ദൈവം എന്നെ സ്നേഹിക്കുന്നെങ്കില്‍ പിന്നെ ആര്‍ക്ക് എന്നെ എതിരിടാനാകും? ഇത് ശ്ലീഹായുടെ നിലപാടായിരുന്നു.

4. ജീവിതം അപരനായി സമര്‍പ്പിക്കാം
ക്രിസ്തുസ്നേഹം അവര്‍ണ്ണനീയമാണ്. അത് അത്രയേറെ മഹത്തരമാണ്. പിതാവിനാല്‍ ലോകരക്ഷയ്ക്കായി അയയ്ക്കപ്പെട്ട പുത്രന്‍റെ സ്നേഹം അപാരമാണ്.  അവിടുന്ന് മനുഷ്യ രക്ഷയ്ക്കായ് സ്വജീവന്‍ സമര്‍പ്പിച്ചു. സ്നേഹിക്കുന്നവര്‍ക്കായ് ജീവന്‍ സമര്‍പ്പിക്കന്നതിലും വലിയ സ്നേഹമുണ്ടോ? ഒരു അമ്മയുടെ സ്നേഹത്തെക്കുറിച്ചു  ചിന്തിച്ചാല്‍ മതിയാകും നമുക്ക് അത് മനസ്സിലാകാന്‍. മക്കള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്നവരാണ് അമ്മമാര്‍. അവര്‍  മക്കളെ സ്നേഹത്തോടെ അനുധാവനം ചെയ്യുന്നു. അമ്മ മകനെയും മകളെയും തന്‍റെ മരണത്തോളം പിന്‍ചെല്ലുന്നു. സന്തോഷമുള്ളപ്പോഴും, സങ്കടമുള്ളപ്പോഴും അമ്മ മക്കളെ ഒരുപോലെ സ്നേഹിക്കുന്നു, പിന്‍തുണയ്ക്കുന്നു. അതുപോലെ സമ്പന്നവും വ്യക്തിഗതവുമാണ് ക്രിസ്തുസ്നേഹം. അത് നീയും ഞാനുംപോലെ..., ക്രിസ്തുവും ഞാനുംപോലെ...  നമ്മുടെ ഓരോരുത്തരുടെയും പേരിനോടു ചേര്‍ത്തു പറയാവുന്ന വ്യക്തിഗത സ്നേഹമാണെന്ന് പാപ്പാ വിശേഷിപ്പിച്ചു.

5. നമുക്ക് ഓരോരുത്തര്‍ക്കുമായുള്ള കരച്ചില്‍
ക്രിസ്തുസ്നേഹത്തിന്‍റെ പച്ചയായ യാഥാര്‍ത്ഥ്യം ക്രിസ്തു ചെറിയ ഉപമയിലൂടെ  വരച്ചുകാട്ടുന്നു. തള്ളക്കോഴി കുഞ്ഞങ്ങളെ തന്‍റെ ചിറകിന്‍ കീഴില്‍ ചേര്‍ത്തുപിടിക്കുന്നതുപോലെ ജരൂസലത്തെയും, ജരൂസലേം ജനതയെയും താന്‍ സ്നേഹിച്ചുവെന്നാണ് അവിടുന്ന് ഈ ഉപമയിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ ജനം ഈ സ്നേഹം തിരിച്ചറിയാതെ അവിടുത്തെ തടയുകയും, തള്ളിപ്പറയുകയുമാണ് ചെയ്തത്. അപ്പോള്‍ അവിടുന്നു വിലപിച്ചു. അവിടുന്നു കണ്ണുനീര്‍ വാര്‍ത്തുവെന്ന് സുവിശേഷകന്‍ രേഖപ്പെടുത്തുന്നു. ഈ വചനം ക്രിസ്തുസ്നേഹത്തിന്‍റെ ആധിക്യം പ്രകടമാക്കുന്നതാണ് (ലൂക്കാ 13, 31-39). ജരൂസലേമിനെ ഓര്‍ത്താണ് ക്രിസ്തു വിലപിച്ചതെങ്കിലും, ഇന്ന് എന്നെയും നിങ്ങളെയുമോര്‍ത്ത് ക്രിസ്തു വിലപിക്കുന്നുണ്ടാകാം. അവിടുത്തെ വേദനയിലും കണ്ണീരിലും നാം കാണേണ്ടത് സ്നേഹത്തിന്‍റെ ആര്‍ദ്രതയും ആധിക്യവുമാണ്.

6. സാവൂള്‍ തിരിച്ചറിഞ്ഞ സ്നേഹം
ക്രിസ്തുവിലെ ദൈവസ്നേഹാധിക്യം തിരിച്ചറിഞ്ഞ വ്യക്തിയാണ് സാവൂള്‍. ആ സ്നേഹത്തിന്‍റെ ആര്‍ദ്രതയാണ് സാവൂളിനെ പോള്‍ ആക്കി മാറ്റിയത്. പൗലോസ് അത് തന്‍ അവസാന ശ്വാസംവരെ എഴുതുകയും പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്തു. ദൈവസ്നേഹത്തിന്‍റെ ആഴം നാം മനസ്സിലാക്കിയില്ലെങ്കില്‍, ക്രിസ്തുവിനു നമ്മോടുള്ള സ്നേഹവും ഒരിക്കലും നാം  ഉള്‍ക്കൊള്ളുകയില്ല. ക്രിസ്തുസ്നേഹം ക്ഷമാപൂര്‍വ്വം കാത്തിരിക്കുന്നതും, ക്ഷമിക്കുന്നതുമാണ്. തന്നെ ഒറ്റുകൊടുത്ത യൂദാസിനെപ്പോലും അവസാനം സ്നേഹിതാ...! എന്നു വിളിക്കാനും, അയാളോടു യാത്രാമൊഴി ചൊല്ലുവാനുമുള്ള ഹൃദയവിശാലത കാട്ടിയ സ്നേഹമാണത്. വലിയ പാപികളോടും കരുണയും വാത്സല്യവും കാട്ടിയ അപാരമായ സ്നേഹമാണത്.

7. സ്നേഹം കണ്ണീര്‍ക്കണമാക്കിയ മനുഷ്യസ്നേഹി
ലാസറിന്‍റെ കുഴിമാടത്തില്‍ കണ്ണീര്‍വാര്‍ത്ത അലിവാര്‍ന്ന സ്നേഹമാണ് ക്രിസ്തുവിന്‍റേത്! ജരൂസലേമിനെയും അവിടത്തെ ജനങ്ങളെയുമോര്‍ത്തു കണ്ണുനിറഞ്ഞ കനിവിന്‍റെ നിറവ്!! അതുകൊണ്ട് ക്രിസ്തു നമുക്കുവേണ്ടിയും കരയുന്നുണ്ടെന്നാണ്  തന്‍റെ വചനചിന്തകള്‍ ഉപസംഹരിച്ചുകൊണ്ടു പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ഇഷ്ടമുള്ള വഴിയെ നാം ചരിക്കുമ്പോഴും എല്ലാം  നന്മയായി നമുക്കു  തരുന്നതാണ് ക്രിസ്തുസ്നേഹം. ദൈവസ്നേഹം ഭൂമിയില്‍ സ്നേഹത്തിന്‍റെ കണ്ണീര്‍ക്കണമാക്കി പകര്‍ന്നുതന്ന ദൈവപുത്രനാണ് ക്രിസ്തു. ഇതേ അനുഭവമാണ് ഒരുനാള്‍  സാവൂളിനെ പോള്‍ ആക്കി  മാറ്റിയത്. ക്രിസ്തുവുമായി സ്നേഹത്തില്‍ ആയതില്‍പ്പിന്നെ ഒന്നിനും അയാളെ അവിടുന്നില്‍നിന്നും വേര്‍പെടുത്താന്‍ കഴിഞ്ഞില്ല. ഇങ്ങനെയാണ് തന്‍റെ വചനസമീക്ഷ പാപ്പാ ഫ്രാന്‍സിസ് ഉപസംഹരിച്ചത്.
 

31 October 2019, 18:40
വായിച്ചു മനസ്സിലാക്കാന്‍ >