തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 30-09-2019 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 30-09-2019  (© Vatican Media)

കുഞ്ഞുങ്ങളും വയോവൃദ്ധരും ദൈവിക സാന്നിധ്യത്തിന്‍റെ അടയാളം!

ജനനനിരക്ക് കുറഞ്ഞ് കുട്ടികളില്ലാതെ ജനസംഖ്യാപരമായ ശൈത്യകാലം അനുഭവപ്പെടുന്ന നാടുകളും അതുപോലെ തന്നെ പ്രായംചെന്നവരെ തഴഞ്ഞുകൊണ്ട് പാരമ്പര്യത്തെ കുരുതികൊടുക്കുന്ന നാടുകളും പരിതാപകരമായ അവസ്ഥയില്‍ നിപതിക്കും ഫ്രാന്‍സീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കുട്ടികളെയും വൃദ്ധജനത്തെയും അവഗണിക്കുന്ന സമൂഹം വന്ധ്യമായി ഭവിക്കുമെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലുള്ള കപ്പേളയില്‍ തിങ്കളാഴ്ച (30/09/2019) രാവിലെ അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ വചനസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ജറുസലേമില്‍ പ്രായാധിക്യമുള്ളവരും കുട്ടികളും വസിക്കുമെന്ന് ഓര്‍മ്മപ്പിച്ചുകൊണ്ട് ദൈവം അവരോ‍ടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന വചനഭാഗം, സഖറിയാപ്രവാചകന്‍റെ  പുസ്തകം 8:1-8 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.

വൃദ്ധജനവും യുവതയും നാടിന്‍റെയും സഭയുടെയും അതിജീവനത്തിനുള്ള ഉറപ്പാണെന്ന് പാപ്പാ വിശദീകരിച്ചു.

ജനനനിരക്ക് കുറഞ്ഞ് കുട്ടികളില്ലാതെ ജനസംഖ്യാപരമായ ശൈത്യകാലം അനുഭവപ്പെടുന്ന നാടുകളുടെയും, അതുപോലെ തന്നെ, പ്രായംചെന്നവരെ തഴഞ്ഞുകൊണ്ട് പാരമ്പര്യത്തെ കുരുതികൊടുക്കുന്ന നാടുകളുടെയും അവസ്ഥ പരിതാപകരമാകുമെന്ന് പാപ്പാ മുന്നറിയിപ്പു നല്കി.

ദൈവത്തിന്‍റെ സ്നേഹം സദാ സ്നേഹം വിതയ്ക്കുകയും ജനതകളെ വളര്‍ത്തുകയും ചെയ്യുന്നതാണെന്നും അവിടെ വലിച്ചെറിയല്‍ സംസ്കൃതിക്ക് ഇടമില്ലെന്നും പാപ്പാ പറഞ്ഞു.

കുട്ടികളോടും വൃദ്ധജനത്തോടുമുള്ള നമ്മുടെ പെരുമാറ്റം എങ്ങനെയാണെന്ന് ആത്മശോധന ചെയ്യുന്നത് ഉചിതമാണെന്ന് പാപ്പാ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

ജീവന്‍റെ അടയാളം, ജീവനോടുള്ള ആദരവിന്‍റെയും സ്നേഹത്തിന്‍റെയും അടയാളം നമ്മുടെ സമൂഹങ്ങളില്‍ ദൈവികസാന്നിധ്യന്‍റെ, ജനത്തെ പക്വതയിലെത്തിക്കുന്ന ദൈവികസാന്നിധ്യത്തിന്‍റെ അടയാളമാണെന്നും പാപ്പാ പറഞ്ഞു.

ഒരു ജനത വൃദ്ധജനത്തെയും കുട്ടികളെയും നിധിയായി കരുതി പരിചരിക്കുമ്പോള്‍ അത് ദൈവികസാന്നിധ്യത്തിന്‍റെ അടയാളവും ഭാവിയുടെ വാദഗ്ദാനവും ആണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. 

 

01 October 2019, 08:06
വായിച്ചു മനസ്സിലാക്കാന്‍ >