Cerca

Vatican News
ഫ്രാന്‍സിസ് പാപ്പാ സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു. ഫ്രാന്‍സിസ് പാപ്പാ സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു.  (Vatican Media)

വിശ്വാസത്തിനുപകരം പ്രത്യയശാസ്ത്രം തിരഞ്ഞെടുക്കാതിരിക്കാൻ ജാഗ്രത പുലര്‍ത്തണം.

ഒക്ടോബർ 8ആം തിയതി ചൊവ്വാഴ്ച പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ യോനാ പ്രവാചകന്‍റെ പുസ്തകത്തെ ആസ്പദമാക്കി നൽകിയ വചന സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ഇങ്ങനെ പ്രബോധിപ്പിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

എല്ലാവരെയും വിധിക്കുന്ന ക്രൈസ്തവർ ആദ്യം അവരുടെ ഇടുങ്ങിയ ഹൃദയത്തിൽ നിന്നാണ് മറ്റുള്ളവരെ വിധിക്കാന്‍ ആരംഭിക്കുന്നത്. എന്നാൽ എല്ലാവരുടെയും മാനുഷീക യാഥാർത്ഥ്യങ്ങളെ കരുണയോടെ സമീപിക്കുന്ന ദൈവത്തെ നാം ഓർക്കണം. കാരണം ദൈവം വിധിക്കാനല്ല രക്ഷിക്കുവാനാണ് വന്നത്. പാപ്പാ വ്യക്തമാക്കി.

ഇന്നത്തെ ആരാധന ക്രമത്തിന്‍റെ ഒന്നാം വായന യോനാ പ്രവാചകന്‍റെ പുസ്തകത്തിൽ നിന്നുള്ളതാണ്. യോനാ പ്രവാചകന്‍റെ ജീവിത കഥയുടെ ആരംഭം ഇന്നലത്തെ വായനയിൽ നാം കണ്ടു. ദൈവവും യോനായും തമ്മിലുള്ള സംഘര്‍ഷം നിറഞ്ഞ ബന്ധത്തെ വിവരിക്കുന്ന ഭാഗം നാളത്തെ വായനയിൽ നാം ശ്രവിക്കുമെന്ന് സൂചിപ്പിച്ച പാപ്പാ നിനെവേ നഗരത്തെ മാനസാന്തരത്തിലേക്കു ക്ഷണിക്കാൻ യോനാ പ്രവാചകനെ നിനെവേയിലേക്ക് അയയ്ക്കാൻ ആഗ്രഹിച്ച ദൈവത്തിന്‍റെ വിളിയെ യോനാ തിരസ്കരിക്കുകയും, അവിടുത്തെ കല്‍പന അനുസരിക്കാതെ വേറെ സ്ഥലത്തേക്ക് പോകുകയും ചെയ്ത പ്രവാചകനെ കുറിച്ച് നാം വായിച്ചുവെന്ന് ഓർമ്മിപ്പിച്ചു. യോനാ ദൈവത്തിൽ നിന്നകന്ന് പോകാൻ കാരണം യോനായ്ക്കു നിനെവെ നഗരത്തെ മാനസാന്തരത്തിലേക്കു നയിക്കണമെന്ന് ദൈവം നൽകിയ കര്‍ത്തവ്യം  ക്ലേശകരമായത് കൊണ്ടാണെന്ന് പാപ്പാ വിശദീകരിച്ചു.

ഇന്നത്തെ വായനയിൽ ദൈവം യോനായെ രണ്ടാമതും വിളിക്കുന്നു. ദൈവം രണ്ടാം പ്രാവശ്യം യോനയോടു സംസാരിച്ചപ്പോൾ യോനാ ദൈവത്തെ അനുസരിക്കുകയും നിനേവേയിലേക്കു പോകുകയും ചെയ്യുന്നു. നിനെവേ നിവാസികൾ യോനായുടെ വാക്കുകൾ കേട്ട് മാനസാന്തരത്തിലേക്കു കടന്നു വരികയും ചെയ്യുന്നു. അപ്പോൾ ദൈവം മനസ്സ് മാറ്റി തന്‍റെ ക്രോധം പിൻവലിക്കുകയും അവരുടെ മേൽ അയക്കുമെന്ന് പറഞ്ഞ തിന്മ അയക്കാതിരിക്കുകയും ചെയ്തപ്പോള്‍ യോനാ  അസംതൃപ്തനും കുപിതനതുമായതിനെ ചൂണ്ടികാണിച്ചു കൊണ്ട് ഈ വിശുദ്ധ ഗ്രന്ഥഭാഗത്തെ ശാഠ്യമുള്ള മനുഷ്യന്‍റെ കഥയെന്ന് പാപ്പാ വ്യാഖ്യാനിച്ചു. ധാർഷ്ട്യമുള്ള യോനാ തന്‍റെ കര്‍ത്തവ്യം നന്നായി ചെയ്തുവെന്നും നാളെ  ധാർഷ്ട്യമുള്ള യോനായുടെ കഥ അവസാനിക്കുന്നതെങ്ങനെയെന്ന് കാണുമെന്നും പറഞ്ഞ പാപ്പാ  യോനാ കർത്താവിനോടു കോപിക്കുവാന്‍  കാരണം പ്രവാചകന്‍റെ അധരത്തിലൂടെ ഭീഷണിപ്പെടുത്തിയതിന്‍റെ വിപരീതമായി ദൈവം പ്രവർത്തിച്ചത് കൊണ്ടാണെന്നും കാരണം ദൈവം കരുണാമയനാണെന്നും പാപ്പാ വ്യക്തമാക്കി.

“അവന്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ എന്‍റെ ദേശത്തായിരുന്നപ്പോള്‍ ഇതുതന്നെയല്ലേ അങ്ങയോടു പറഞ്ഞത്‌? ഇതുകൊണ്ടാണ്‌ ഞാന്‍ താര്‍ഷീസിലേക്കു ഓടിപ്പോകാന്‍ ശ്രമിച്ചത്‌. അവിടുന്ന്‌ ദയാലുവും കാരുണ്യവാനും ക്ഷമാശീലനും സ്‌നേഹനിധിയും ശിക്ഷിക്കുന്നതില്‍ വിമുഖനുമാണെന്നു ഞാനറിഞ്ഞിരുന്നു. കര്‍ത്താവേ, എന്‍റെ ജീവന്‍ എടുത്തുകൊള്ളുക എന്നു ഞാന്‍ അപേക്ഷിക്കുന്നു. ജീവിച്ചിരിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ്‌ എനിക്ക്‌ നല്ലത്‌.” (യോനാ.4 :2-3) യോനാ വിശ്വാസത്തിലും, ദൈവ കരുണയിലും, ധാർഷ്ട്യമുള്ളവനുമായിരുന്നു. എന്നാല്‍ ദൈവം ഒരിക്കലും നമ്മെ വിട്ടുപോകുന്നില്ല, അവസാനം വരെ ഹൃദയത്തിന്‍റെ വാതിലിൽ മുട്ടികൊണ്ടിരിക്കുന്നു.  വിശ്വാസത്തിന് വ്യവസ്ഥകൾ നൽകുന്ന ക്രിസ്ത്യാനികളുടെ മാതൃകയാണ് യോനാ. "ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യുന്നിടത്തോളം" ഞാൻ ഒരു ക്രിസ്ത്യാനിയാണ് എന്ന് പറയുന്നത്  മതവിരുദ്ധമാണ്. വിശ്വാസത്തിൽ നിന്ന് പ്രത്യയശാസ്ത്രത്തിലേക്കുള്ള മോശം പാതയാണിത്. ഇന്ന് ധാരാളം ക്രിസ്ത്യാനികൾ വിശ്വാസത്തേക്കാൾ പ്രത്യയശാസ്ത്രത്തെ തിരഞ്ഞെടുക്കുകയും, സമൂഹത്തിൽ നിന്ന് അകന്നുപോകുകയും ചെയ്യുന്നു. ജീവിതത്തെ ദൈവത്തിന്‍റെ കൈകളിൽ ഏൽപ്പിക്കാൻ ഭയപ്പെടുകയും എല്ലാറ്റിനെയും വിധിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. പാപ്പാ വ്യക്തമാക്കി. 

08 October 2019, 16:26
വായിച്ചു മനസ്സിലാക്കാന്‍ >