തിരയുക

from the lectern of Pope Francis in Santa Marta from the lectern of Pope Francis in Santa Marta  (Vatican Media)

ആത്മീയ മന്ദതയുടെ സ്മശാനമൂകത

സാന്താ മാര്‍ത്തയിലെ വചനവേദിയില്‍നിന്നും – ആദ്യവായന ഹഗ്ഗായ് 1, 1-8.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

സെപ്തംബര്‍ 26-Ɔο തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താമാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെയാണ് ആദ്യവായന, ഹാഗായ് പ്രവാചകന്‍റെ വചനങ്ങളെ ആധാരമാക്കി പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

1. മാനസാന്തരം മാറ്റിവയ്ക്കരുത്
ദൈവം നമ്മില്‍നിന്നും പ്രതീക്ഷിക്കുന്ന മാനസാന്തരം  മാറ്റിവയ്ക്കേണ്ടതല്ല. അത് ഇന്നു യാഥാര്‍ത്ഥ്യമാക്കേണ്ടതാണെന്ന് ആദ്യവായനയില്‍, പ്രവാചകന്‍ ഹഗ്ഗായ് അനുസ്മരിപ്പിക്കുന്നുണ്ട്. അദ്ദേഹം ജനത്തോട് ആവശ്യപ്പെടുന്നത് വളരെ കഠിനമായ കാര്യമാണ്. ജീവിതചെയ്തികളെക്കുറിച്ചു ചിന്തിച്ച് പ്രവര്‍ത്തിക്കാനും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താനും ദൈവം ജനത്തോട് ആവശ്യപ്പെടുന്നതായി അറിയിക്കുന്നു. എന്നാല്‍ അതു വൈകരുതെന്നു പ്രാവചകന്‍ താക്കീതു നല്കുന്നു. കാരണം കര്‍ത്താവിന്‍റെ ആലയം തകര്‍ന്നു തരിപ്പണമായി കിടക്കുമ്പോള്‍ ജനം മച്ചിട്ടമേടയില്‍ സുഖലോലുപതയില്‍ വസിക്കുന്ന മന്ദോഷ്ണമായ മനസ്ഥിതിയെ പ്രവാചകന്‍ കുറ്റപ്പെടുത്തുന്നത് പാപ്പാ ചൂണ്ടിക്കാട്ടി.

2. വിശ്വാസമാന്ദ്യമാണ് അലസത

വിശ്വസിക്കാനും പരിശ്രമിക്കാനും അലസത കാട്ടുന്ന ജനം
തങ്ങള്‍ക്കുണ്ടായ വിനാശത്തില്‍ നിരാശരായും നഷ്ടധൈര്യരായും കഴിയുന്നു. അത്തരക്കാരുടെ ഹൃദയപരിവര്‍ത്തനത്തിനായിട്ടാണ് പ്രവാചകന്‍ ശബ്ദമുയര്‍ത്തുന്നത്. കാരണം ദേവാലയം ശത്രുക്കള്‍ നശിപ്പിച്ചു കളഞ്ഞു. എല്ലാം നിലംപരിശായി കിടക്കുകയാണ്. വര്‍ഷങ്ങളായി ഈ അവസ്ഥ തുടരുന്നത്. ജനം അലസമാണ്. എന്നാല്‍ അതു പുനര്‍നിര്‍മ്മിക്കാന്‍ ഇതാ, ദൈവം തന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരെ അയച്ചിരിക്കുന്നു. എന്നിട്ടും ജനം നിസംഗത കാട്ടുന്നു. അവര്‍ ജീവിതത്തിന്‍റെ കൈപ്പേറിയ അനുഭവങ്ങളെയോര്‍ത്ത് നഷ്ടബോധത്തോടെ നിരാശയില്‍ കഴിയുകയാണ്. അവര്‍ വിചാരിക്കുന്നത് ഇതെല്ലാം വൃഥാവിലാണ്, മിഥ്യയാണെന്നാണ്. അതിനാല്‍ സാഹസം കാണിക്കേണ്ട ആവശ്യമില്ല. അവര്‍ ദൈവികാഹ്വാനത്തില്‍നിന്നും പിന്മാറാന്‍ ശ്രമിക്കുന്നു.

3. ഹൃദയകാഠിന്യത്തിന്‍റെ നാടകീയത
ദൈവം അവരിലേയ്ക്ക് പ്രവാചകനെ അയച്ച് അവരെ ഉണര്‍ത്താന്‍ ശ്രമിച്ചിട്ടും, ജനം അനങ്ങുന്നില്ല. അവര്‍ ഹൃദയം കഠിനമാക്കി. പഴയതുപോലെ അലസതയില്‍ മുഴുകുന്നു. അവരെ സംബന്ധിച്ച് ഇനിയും സമയം ആയിട്ടില്ലെന്നും, നാളെ നാളെയെന്നു പറഞ്ഞ് നാളുകള്‍ തള്ളി നീക്കുകയാണ്. ഇത് നിങ്ങളുടെയും എന്‍റെയും ജീവിതത്തിലെ നാടകീയതാണ്. ദൈവാത്മാവിന്‍റെ തീക്ഷ്ണത നമ്മെ ഉത്തേജിപ്പിക്കുമ്പോഴും, ഇല്ല, സാവധാനം മതി. ഇത്രയും മതി. നാളെ ചെയ്യാം. നാളെ എല്ലാം ശരിയായിക്കൊള്ളും. എന്നിങ്ങനെ ദൈവാരൂപിയുടെ പ്രേരണകള്‍ക്ക് എതിരെ മന്ദതയിലും നിസംഗതയിലും ബലപ്പെട്ടുനില്ക്കുന്നു. നാളെ നാളെ..., നീളെ നീളെ എന്നൊരു നീട്ടിവയ്ക്കലിന്‍റെ മനോഭാവത്തില്‍ ജനം ഉറച്ചിരിക്കുകയാണ്. ദൈവം വച്ചുനീട്ടുന്ന മാനസാന്തരത്തിനുള്ള അവസരം തട്ടിക്കളയുകയും നീട്ടിവയ്ക്കുകയും ചെയ്യുന്ന രീതി നമ്മുടേതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

4. ആത്മീയമന്ദതയുടെ സ്മശാനമൂകത
അനിശ്ചിതത്ത്വങ്ങള്‍ക്കു മറവില്‍ ഒളിച്ചിരുന്നും, ഒഴിവുകഴിവുകള്‍ പറഞ്ഞ് കര്‍ത്തവ്യങ്ങള്‍ നീട്ടിവച്ചും ജനം ജീവിതം ഫലശൂന്യമാക്കുന്നു. അവരില്‍ ചിലപ്പോള്‍ ഒരു ശാന്തതയുണ്ടായിരിക്കാം, എന്നാല്‍ അത് ശ്മശാനത്തിന്‍റെ മൂകതയും ശാന്തതയുമാണ്. അത് ഭീതിദവുമാണ്. കാരണം ഉള്ളില്‍ കെട്ടിക്കിടക്കുന്നത് മാലിന്യവും മരണത്തിന്‍റെ മണവുമാണ്.
ആത്മീയ മന്ദോഷ്ണതയുടെ നിര്‍ഷ്കൃതയിലും സുഖത്തിലും ജീവിതം തള്ളിനീക്കുന്നവര്‍ തങ്ങളുടെ ജീവിതത്തെ സ്മശാനമൂകതയില്‍ ആഴ്ത്തുകയാണ്. അവിടെ ജീവനില്ല, ജീവിതവുമില്ല, പ്രതിസന്ധികളെ നേരിടാതെ അവയെ അവഗണിച്ചും മാറ്റിവച്ചും അവര്‍ ആത്മീയ ജീര്‍ണ്ണതയുടെയും തകര്‍ച്ചയുടെയും മൂകതയെയും മൗനത്തെയും ശാന്തിയും സമാധാനവുമെന്നു തെറ്റിധരിച്ച് മുന്നോട്ടു നീങ്ങാന്‍ ശ്രമിക്കുകയാണ്. മാറ്റത്തിനായും മാനസാന്തരത്തിനായും ഒരു വിരല്‍ത്തുമ്പുപോലും അനക്കാതെ, ഇതാണു ശരിയെന്നും, ഇതാണു നല്ലതെന്നും, എളുപ്പമെന്നും സ്ഥാപിച്ചു മുന്നോട്ടുപോകുന്നു. അങ്ങനെയുള്ളൊരു ജീവിതം ഇത്തരക്കാര്‍ക്ക് തഴക്കമായി മാറുമെന്നും പാപ്പാ എടുത്തുപറഞ്ഞു.

5. ഇന്നത്തെ മാനസാന്തരമാണ് ദൈവേഷ്ടം
ചുറ്റും നടമാടുന്ന അത്ര നല്ലതല്ലാത്ത ചെറുതും വലുതുമായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ദൈവം നമ്മുടെ മാനസാന്തരം ആഗ്രഹിക്കുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ദൈവം മാനസാന്തരത്തിലേയ്ക്ക് ഇന്നും നമ്മെ ക്ഷണിക്കുമ്പോള്‍, പ്രതികരണം, ഇന്നല്ല, നാളെ, നാളെ എന്നാണ്. മന്ദതയിലും അലസതയിലും ജീവിക്കുന്ന ജനം സ്മശാനമൂകതയുടെ അനുഭവത്തില്‍ മുഴുകുന്നു. അതിനാല്‍ മാനസാന്തരത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ ആഹ്വാനംചെയ്തു.

6. പ്രാര്‍ത്ഥനയോടെ ഉപസംഹാരം
ദൈവമേ, ആത്മീയമായ ഉദാസീനതയില്‍ ഞങ്ങള്‍ അര്‍ദ്ധക്രിസ്ത്യാനികളായി ജീവിക്കാന്‍ ഇടയാക്കരുതേ! ഉള്‍ക്കാമ്പില്ലാതെ പുറംമോടിയില്‍ ഞങ്ങള്‍ ക്രിസ്ത്യാനി ചമഞ്ഞു നടക്കാനോ, സുവിശേഷജീവിതത്തിന്‍റെ മൗലികതയും മൂല്യങ്ങളും മൂടിവച്ചു ജീവിക്കാനോ ഇടയാക്കരുതേ! അങ്ങു ഞങ്ങളില്‍ വര്‍ഷിച്ച നന്മകള്‍ നിരവധിയാണ്, എണ്ണമറ്റതാണ്. ഞങ്ങളുടെ വാഗ്ദാനങ്ങള്‍ പൊള്ളയാണ്. അവ നിറവേറ്റപ്പെടുന്നില്ല! ഈ മന്ദോഷ്ണതയുടെ അവസ്ഥയില്‍നിന്നും ദൈവമേ, ഞങ്ങളെ അങ്ങു ഉയര്‍ത്തേണമേ! ജീവിതത്തിന്‍റെ ഏറെ മധുരതരമെന്നു തോന്നിക്കുന്ന മയക്കത്തില്‍നിന്നും ഞങ്ങള്‍ ഉണരട്ടെ, ദൈവമേ, ഞങ്ങളെ ഉണര്‍ത്തണമേ! ഇങ്ങനെ പ്രാര്‍ത്ഥനയോടെയാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ വചനചിന്തകള്‍ ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 September 2019, 18:50
വായിച്ചു മനസ്സിലാക്കാന്‍ >