തിരയുക

Vatican News
 ഫ്രാന്‍സിസ് പാപ്പാ  സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു. ഫ്രാന്‍സിസ് പാപ്പാ സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു.  (Vatican Media)

പാപ്പാ: അനുകമ്പ ദൈവത്തിന്‍റെ ഭാഷ യാണ്.

സെപ്റ്റംബർ 17ആം തിയതി പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ഇങ്ങനെ പ്രബോധിപ്പിച്ചത്.വേനൽക്കാല ഇടവേളയ്ക്ക് ശേഷം സെപ്റ്റംബർ 16ആം തിയതിയാണ് ഇവിടെ ദിവ്യബലിയര്‍പ്പണം പുനരാരംഭിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അനുകമ്പ എന്നത് "ഹൃദയത്തിന്‍റെ ലെൻസ്" പോലെയാണ്, അത് യാഥാർത്ഥ്യത്തിന്‍റെ  മാനങ്ങളെ മനസ്സിലാക്കാൻ സഹായിക്കുന്നു.   നിസ്സംഗതയോടു അടുക്കാതെ, അനുകമ്പയിലേക്ക് ഹൃദയം തുറക്കുക. അനുകമ്പ, വാസ്തവത്തിൽ, "യഥാർത്ഥ നീതിയുടെ" പാതയിലേക്ക് നമ്മെ നയിക്കുന്നു. അങ്ങനെ നാം നമ്മിൽത്തന്നെ അടഞ്ഞുപോകുന്നതിൽ നിന്നും നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. ഇന്നത്തെ ആരാധനാക്രമത്തിന്‍റെ  സുവിശേഷഭാഗത്തിൽ (ലൂക്കാ7: 11-17), തന്‍റെ ഏകപുത്രന്‍റെ മരണത്തിൽ വിലപിച്ച് കൊണ്ട്, മകന്‍റെ മൃതശരീരത്തെ  ശവകുടീരത്തിലേക്ക് കൊണ്ടുപോകുന്ന നായിമിലെ വിധവയെ യേശു കണ്ടുമുട്ടുന്നു.  ആ സ്ത്രീയോടൊപ്പം ധാരാളം വ്യക്തികളുണ്ടായിരുന്നു. എന്നാൽ യേശു,  അവൾ ഒരു വിധവയാണെന്നും, അവൾക്ക് ഏകമകനെ നഷ്ടപ്പെട്ടുവെന്നും ജീവിതാവസാനം വരെ അവള്‍ തനിച്ചാക്കപ്പെട്ടുവെന്ന യാഥാർത്ഥ്യത്തെ കാണുന്നു. 

കരുണ ദൈവത്തിന്‍റെ ബലഹീനതയാണെന്ന് പറയാം പക്ഷേ അത് ദൈവത്തിന്‍റെ ശക്തി കൂടിയാണെന്ന് പറഞ്ഞ പാപ്പാ  കരുണ ഒരു വേദനയുടെ വികാരമല്ലെന്നും വ്യക്തമാക്കി. റോഡിൽ ചത്തു കിടക്കുന്ന നായയെ നോക്കി പാവം എന്ന പറഞ്ഞ് വേദനിക്കുന്നതു പോലെയല്ല മറ്റുള്ളവരുടെ ജീവിത പ്രശ്നങ്ങളിലുള്ള നമ്മുടെ പങ്കാളിത്തം. കാരണം അവിടെ അവരുടെ ജീവനിലാണ് നാം പങ്കാരാകുന്നത്. വീണ്ടും ഒരു ഉദാഹരണമായി യേശു അഞ്ചപ്പം വർദ്ധിപ്പിച്ച സംഭവത്തെ ഓർമ്മിപ്പിച്ച പാപ്പാ ജനങ്ങളെ ഭക്ഷണത്തിനായി പറഞ്ഞുവിടാൻ യേശുവിനോടു ശിഷ്യന്മാർ ആവശ്യപ്പെട്ടപ്പോൾ, യേശു നിങ്ങൾ തന്നെ ജനങ്ങൾക്ക് ഭക്ഷണം നൽകാൻ ശിഷ്യരോടു ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ ക്രിസ്തുവിന്‍റെ അനുകമ്പാ മനോഭാവത്തേയും സ്വന്തം കൈ മലിനമാക്കാതെ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാതെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്ന ശിഷ്യരുടെ സ്വാർത്ഥത നിറഞ്ഞ മനോഭാവത്തേയും വ്യക്തമാക്കുന്നു എന്ന് പാപ്പാ വിശദീകരിച്ചു.

ദൈവത്തിന്‍റെ ഭാഷ കരുണയാണെങ്കിൽ പലപ്പോഴും മനുഷ്യന്‍റെ  ഭാഷ നിസ്സംഗതയാണ്. ഒസ്സർവത്തോരെ റൊമാനോയിലെ ഫോട്ടോഗ്രാഫർ എടുത്ത ചിത്രത്തെ കുറിച്ച് സൂചിപ്പിച്ച പാപ്പാ ആ ചിത്രത്തിൽ തണുത്തു വിറച്ച് ആഡംബര ഹോട്ടലിന് മുന്നിലിരിക്കുന്ന സ്ത്രീ നീട്ടുന്ന കരം തട്ടി മാറ്റുന്ന ധനികയായ ഒരു സ്ത്രിയുടെ മനോഭാവമാണ് നിസ്സംഗതയെന്ന് മനുഷ്യന്‍റെ നിസ്സംഗതയ്ക്ക് ഉദാഹരണമായി പങ്കുവച്ചു. ഇന്നത്തെ സുവിശേഷത്തിൽ തന്നെ സ്പർശിച്ച വചനം നായിമിലെ വിധവയെ നോക്കി ക്രിസ്തു പറയുന്ന ''കരയരുത് " എന്ന വചനമാണ്. കരുണയുടെ ഒരു സ്പർശമാണത് എന്ന് പറഞ്ഞ പാപ്പാ, യേശു ശവമഞ്ചത്തെ സ്പർശിക്കുകയും മൃതനായവനോടു എഴുന്നേൽക്കാൻ ആജ്ഞാപിക്കുകയും ചെയ്യുന്നു. അങ്ങനെ മൃതനായവനെ തന്‍റെ അമ്മയ്ക്ക് ജീവനോടെ തിരിച്ചേൽപ്പിക്കുന്ന പ്രവർത്തിയെ ഊന്നി പറഞ്ഞ പാപ്പാ അത് നീതിയുടെ പ്രവർത്തിയായി വ്യാഖ്യാനിച്ചു. അനുകമ്പ നമ്മെ സത്യമായ നീതിയുടെ മാർഗ്ഗത്തിലേക്ക് നയിക്കുന്നു. നമ്മൾ നീതി അവകാശപ്പെട്ടവർക്ക് നല്‍കുമ്പോൾ അത് നമ്മെ അഹംഭാവത്തിൽ നിന്നും നിസ്സംഗതയിൽ നിന്നും നമ്മിലേക്ക് തന്നെ ഒതുങ്ങുന്നതിൽ നിന്നും മോചിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു

 

17 September 2019, 16:18
വായിച്ചു മനസ്സിലാക്കാന്‍ >