തിരയുക

Vatican News
പാപ്പാ ഫാന്‍സിസ്  സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു പാപ്പാ ഫാന്‍സിസ് സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു  (© Vatican Media)

ദാനമായി ലഭിച്ച ജീവിതം സേവനത്തിനാണ്: ഫ്രാൻസിസ് പാപ്പാ

ജൂൺ 11ആം തിയതി, പേപ്പൽ വസതിയായ സാന്താ മാർത്തായിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ പാപ്പാ നല്‍കിയ വചന സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ദൈവവുമായുള്ള ബന്ധത്തിൽ ദാനത്തിലധിഷ്ഠിതമല്ലാത്ത ഒന്നുമില്ലെന്നും ദൈവത്തിന്‍റെ കൃപയ്ക്കായി ഹൃദയം തുറക്കാനും, ആത്മീയതയ്ക്കു പണം വാങ്ങുന്ന അപകടത്തിലേക്ക് വഴുതി വീഴാതിരിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.  ദൈവത്തിൽ നിന്ന് ദാനമായി ലഭിച്ചത് ദാനമായി തന്നെ നൽകണമെന്ന് ഇന്നത്തെ വചന പ്രഘോഷണത്തിൽ മത്തായിയുടെ സുവിശേഷം (10,7-13) വിശദീകരിച്ച് കൊണ്ട് പാപ്പാ  വ്യക്തമാക്കി. അപോസ്തോലന്മാരുടെയും, ഓരോ ക്രിസ്ത്യാനിയുടെയും വിളിയെ കുറിച്ചാണ് വചനത്തിൽ പ്രതിപാദിക്കുന്നതെന്ന് പറഞ്ഞ പാപ്പാ "ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിക്കാനും, രോഗികളെ സൗഖ്യമാക്കാനും, മരിച്ചവരെ ഉയർപ്പിക്കാനും, കുഷ്ഠരോഗികളെ സൗഖ്യമാക്കാനും, പിശാചുക്കളെ ബഹിഷ്കരിക്കാനുമാണ്" ക്രിസ്ത്യാനികൾ വിളിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ അത് ഒരു സേവനത്തിന്‍റെ വിളിയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. 

ക്രിസ്തീയജീവിതം സേവനത്തിന്‍റതാണ്. എന്നാൽ മാനസാന്തരത്തിന്‍റെ ആരംഭത്തിൽ സേവനം ചെയ്തും, ദൈവജനത്തിനു സേവനം നൽകാൻ സന്നദ്ധരായിരുന്നും ക്രിസ്ത്യാനികളായി ജീവിച്ച പലരും പിന്നീട് ദൈവജനത്താൽ സേവിക്കപ്പെടുന്നവരായി മാറുന്ന കാഴ്ച വേദനാജനകമാണെന്ന് പാപ്പാ ചൂണ്ടികാണിച്ചു. ഇത് ദൈവജനത്തിനും വേദന നൽകുന്നതാണ്. സേവിക്കാനാണ് വിളി നല്‍കപ്പെട്ടിരിക്കുന്നത്. അല്ലാതെ സേവിക്കപ്പെടാനല്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.  ക്രിസ്തീയ ജീവിതം ദാനമായി നൽകപ്പെട്ട ഒരു ജീവിതമാണ്. ഇന്നത്തെ സുവിശേഷത്തിൽ ക്രിസ്തു പറയുന്നത് പോലെ ദാനമായി നൽകപ്പെട്ടത് ദാനമായി തന്നെ നൽകണമെന്നും, പണം കൊടുത്തു വാങ്ങാനാവുന്നതല്ലാ രക്ഷയെന്നും, ദൈവം നമ്മോടു പ്രവര്‍ത്തിക്കുന്നത് പോലെ നമ്മളും പ്രവര്‍ത്തിക്കണമെന്നും ദൈവം നമുക്കു നൽകാൻ ദാനങ്ങളുമായി നിൽക്കുകയാണെന്നും ഹൃദയം തുറന്നു കൊടുക്കുക മാത്രമാണ് ഇതിനാവശ്യമെന്നും ഫ്രാൻസിസ് പാപ്പാ വെളിപ്പെടുത്തി. ദൈവത്തിൽ നിന്ന് എന്തെങ്കിലും നേടാൻ ഞാൻ ഉപവസിക്കും, പ്രായശ്ചിത്തം ചെയ്യും എന്ന് കരുതുമ്പോൾ ശ്രദ്ധിക്കണമെന്നും പാപ്പാ നിര്‍ദേശിച്ചു.

എല്ലാ ദൈവദാനങ്ങളും സൗജന്യമാണ്. സൗജന്യമായി ലഭിച്ചത് സൗജന്യമായി നൽകാനുള്ള ക്ഷണം കൂടി നമുക്ക് കാണാം. ദൈവകൃപയെ വിൽപ്പനയ്ക്ക് വയ്ക്കരുതെന്ന് സഭയിലെ ഇടയന്മാരോടു  പാപ്പാ നിര്‍ദേശിച്ചു. ഇടയന്മാർ ദൈവവുമായി വ്യവഹാരം  ചെയ്യുന്നതു കാണുമ്പോൾ വിഷമം തോന്നാറുണ്ടെന്നും പാപ്പാ അറിയിച്ചു.  ദൈവം നൽകുന്ന അനുഗ്രഹങ്ങൾക്ക് ദൈവത്തിനു പ്രതിഫലം നൽകുന്ന തരത്തിലുള്ള അപകടത്തിലേക്കു നമ്മുടെ ആത്മീയജീവിതം വഴുതിവീഴാമെന്നും ദൈവത്തിനു കൈക്കൂലി കൊടുക്കും പോലെയാകുമതെന്നും പാപ്പാ മുന്നറിയിപ്പ് നല്‍കി.  ദൈവം സൗജന്യമായി നൽകുന്ന കൃപയ്ക്കായി നമ്മുടെ ഹൃദയം തുറക്കണമെന്നും ദൈവത്തിന്‍റെ  സൗജന്യ ദാനങ്ങളുമായുള്ള ബന്ധമാണ് മറ്റുള്ളവരുമായുള്ള ബന്ധത്തിൽ നമ്മെ അതെ സൗജന്യതയുടെ സാക്ഷ്യം നൽകാൻ സഹായിക്കുന്നതെന്നും, അതിനാൽ ക്രിസ്തീയജീവിതം പ്രഘോഷിച്ച്, സേവനംചെയ്ത്, മുന്നോട്ടു നീങ്ങാനുള്ളതാണെന്നും ദൈവം നമുക്കുനൽകാൻ കരുതുന്ന സൗജന്യ കൃപകളെ സ്വീകരിക്കാൻ ഒരുങ്ങണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.  

 

11 June 2019, 16:07
വായിച്ചു മനസ്സിലാക്കാന്‍ >