തിരയുക

Vatican News
from the Lectern of Santa Marta സാന്താ മാര്‍ത്തയിലെ വചനവേദി  (Vatican Media)

പ്രേഷിതന്‍റെ അധികാരം ലാളിത്യമാര്‍ന്ന ശുശ്രൂഷയായിരിക്കട്ടെ!

സാന്താ മാര്‍ത്തിയലെ വചനവേദിയില്‍നിന്നുള്ള ചിന്താശകലങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഫെബ്രുവരി 7-Ɔο തിയതി വ്യാഴാഴ്ച രാവിലെ, പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെയാണ് പാപ്പാ ഫ്രാന്‍സിസ് സുവിശേഷഭാഗം ഇങ്ങനെ വ്യാഖ്യാനിച്ചത് (മര്‍ക്കോസ് 6, 7-13).

ദൈവത്തിങ്കലേയ്ക്കു ഹൃദയം തുറക്കുന്നത് മാനസാന്തരം
ദൈവവചനത്തോടു ഹൃദയം തുറക്കുന്നവര്‍ക്കു ലഭിക്കുന്ന ആദ്യത്തെ സൗഖ്യദാനമാണ് മാനസാന്തരം. മനുഷ്യജീവിതത്തിന്‍റെ നവമായ വീക്ഷണവും കാഴ്ചപ്പാടുമാണത്. പഴയതില്‍നിന്നും ദൃഷ്ടിതിരിച്ച്, പുതിയതിലേയ്ക്കുള്ള സമ്പൂര്‍ണ്ണമായ തിരിയലും, തിരിച്ചുപോക്കുമാണത്. ഈ വീക്ഷണം വ്യക്തിയുടെ ഹൃദയം തുറക്കുകയും എല്ലാം നന്മയായി കാണുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള വെളിച്ചവും വെളിവും അയാള്‍ക്കു നല്കുകയുംചെയ്യുന്നു.

അടഞ്ഞ മനസ്സിന്‍റെ രോഗാവസ്ഥ
വ്യക്തിയുടെ ഹൃദയം അടഞ്ഞതാണെങ്കില്‍, അയാള്‍ സൗഖ്യപ്പെടാനുള്ള സാദ്ധ്യതയാണ് നഷ്ടപ്പെടുത്തുന്നത്. അവരുടെ കാഴ്ചപ്പാട് അടഞ്ഞതായിരിക്കും. ഒരാള്‍ രോഗിയായിരിക്കുകയും, എന്നാല്‍ ഡോക്ടറുടെ പക്കല്‍ പോകില്ലെന്നു ശഠിക്കുകയും ചെയ്യുകയാണെങ്കിലോ, അയാള്‍ ഒരിക്കലും സൗഖ്യപ്പെടാന്‍ പോകുന്നില്ല. ഇങ്ങനെയുള്ളവരോടാണ് ക്രിസ്തു പറയുന്നത്, ഹൃദയം തുറക്കുക, മാനസാന്തരപ്പെടുക! ജീവിതത്തില്‍ നാം ഒത്തിരി കാര്യങ്ങള്‍ ചെയ്യുമെങ്കിലും, ഹൃദയം അടഞ്ഞതാണെങ്കിലോ? അത് കഠിനമാണെങ്കിലോ? പുറം പൊലിമയില്‍, ഒരു കാപട്യത്തിന്‍റെ ജീവിതം നയിക്കുന്നതിനു തുല്യമാണത്.

പ്രേഷിതര്‍ “അയക്കപ്പെട്ടവര്‍”
ക്രൈസ്തവ ജീവിതത്തിന് ഒരു പ്രേഷിതമാനമുണ്ട് അല്ലെങ്കില്‍ ഒരു പ്രേഷിതദൗത്യമുണ്ട്. പ്രേഷിതര്‍ അയക്കപ്പെട്ടവരാണ്. എല്ലാ ക്രൈസ്തവരും പ്രേഷിതരാണ് സുവിശേഷത്തിന്‍റെ നന്മ ജീവിക്കാനും പങ്കുവയ്ക്കാനും അയക്കപ്പെട്ടവരാണവര്‍. നാം ക്രിസ്തുവിന്‍റെ അപ്പസ്തോലന്മാരും സുവിശേഷസാക്ഷികളുമാണ്!

പ്രേഷിതഭാവം വെടിയുന്നവര്‍
വിളിക്കപ്പെട്ടവര്‍ തലമറന്ന് എണ്ണതേയ്ക്കുകയും, തലക്കനം കാണിക്കുകയും ചെയ്യുന്നെങ്കിലോ? മറ്റുള്ളവരെക്കാള്‍ വലിയവരാണെന്നും, അവരുടെ മേലാളന്മാരാണെന്നും ചിന്തിക്കാനും പെരുമാറാനും തു‌ടങ്ങിയാലോ! പിന്നെ നാം ഉത്തരവാദിത്ത്വങ്ങള്‍ മറന്ന്, മാനുഷിക താല്പര്യങ്ങളിലേയ്ക്കും, സ്വാര്‍ത്ഥതാല്പര്യങ്ങളിലേയ്ക്കും തിരിയും. അത് സമൂഹത്തിലും സഭയിലും സ്ഥാനമാനങ്ങള്‍ക്കുള്ള അന്വേഷണത്തിലേയ്ക്കായിരിക്കും വ്യക്തിയെ നയിക്കുന്നത്. അത്തരക്കാര്‍ അടഞ്ഞ മനഃസ്ഥിതിക്കാരായി മാറും. അവരുടെ വാക്കുകള്‍ക്ക് അര്‍ത്ഥമില്ലാതെയുമാകും.

നാടുനീളെ  നന്മചെയ്തു  കടന്നുപോയവന്‍!
ക്രിസ്തുവിനെ അനുഗമിക്കുന്ന ഒരു ശിഷ്യന്, അല്ലെങ്കില്‍ ക്രൈസ്തവന് ഒരു പ്രത്യേക അധികാരമുണ്ട്, സംശയമില്ല! അത് ദാരിദ്ര്യാരൂപിയുടെയും, ലാളിത്യത്തിന്‍റെയും എളിമയുടെയും ശക്തിയുള്ള അധികാരമാണ്. ക്രിസ്തുവില്‍ ദൈവം മനുഷ്യനായി അവതരിച്ചു. ദൈവം മനുഷ്യാവതാരംചെയ്തുവെന്നത് ക്രിസ്തുവിന്‍റെ വ്യക്തിഗത ശൂന്യവത്ക്കരണവും, സ്വയാര്‍പ്പണവുമാണ്!

മാനസാന്തരത്തിലേയ്ക്കു ക്ഷണിക്കുന്ന പ്രേഷിതന്‍
ദാരിദ്ര്യം വ്യക്തിയെ ലാളിത്യത്തിലേയ്ക്കും, എളിമയിലേയ്ക്കും നയിക്കും. വിനീതനായ ക്രിസ്തുവാണ് നാടുനീളെ നന്മചെയ്തുകൊണ്ടു കടന്നുപോയത്. അവിടുന്നു രോഗികളെ സൗഖ്യപ്പെടുത്തി. അന്ധനു കാഴ്ചയും ബധിരനു കേള്‍വിയും നല്കി. ഊമന്‍റെ അധരങ്ങള്‍ അവിടുന്നു തുറന്നു, സംസാരശേഷി നല്കി. അതിനാല്‍ ദാരിദ്ര്യാരൂപിയുടെയും, ലാളിത്യത്തിന്‍റെയും, വിനീതഭാവമുള്ള സഭാശുശ്രൂഷകനു മാത്രമേ യഥാര്‍ത്ഥത്തില്‍ പ്രേഷിതനായിരിക്കാന്‍ സാധിക്കുകയുള്ളൂ. അപ്പോള്‍ അയാള്‍ക്ക് അപരനെ മാനസാന്തരത്തിലേയ്ക്കു ക്ഷണിക്കുവാനും, ഹൃദയപരിവര്‍ത്തനം ചെയ്യുവാനുമുള്ള കരുത്തു ലഭിക്കും.

സൗഖ്യദാനത്തിനുള്ള വരം
ദൈവികമായ സൗഖ്യം നമുക്കെല്ലാവര്‍ക്കും ആവശ്യമാണ്. കാരണം എല്ലാവരും ആത്മീയമായി ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ രോഗികളാണ്. സൗഖ്യപ്പെട്ടവര്‍ക്കും, മാനസാന്തരപ്പെട്ടവര്‍ക്കുമാണ് മറ്റുള്ളവരെ മാനസാന്തരത്തിലേയ്ക്കും ആത്മീയ സൗഖ്യത്തിലേയ്ക്കും സ്വാതന്ത്ര്യത്തിലേയ്ക്കും നയിക്കാനുള്ള കരുത്തും കഴിവും ലഭിക്കുന്നത്! ക്രിസ്തു അനേകരെ സൗഖ്യപ്പെടുത്തിയതുപോലെ, അവിടുന്ന് തന്‍റെ പ്രേഷിതര്‍ക്കും സൗഖ്യദാനത്തിനുള്ള വരം നല്കും!

കൃപാസമൃദ്ധിയുടെ കൂട്ടായ്മ
ലാളിത്യത്തോടും എളിമയോടുംകൂടെ പ്രേഷിതന്‍ പാപത്തില്‍നിന്ന് അകന്നു ജീവിച്ചെങ്കില്‍ മാത്രമേ, ലോകത്തിന്‍റെ പൈശാചിക ശക്തികള്‍ക്ക് എതിരെ നീങ്ങാനും, സഹോദരങ്ങള്‍ക്ക് സൗഖ്യദാനത്തിന്‍റെയും, ആന്തരിക സൗഖ്യത്തിന്‍റെയും കുളിര്‍മ്മ പകരാനും സാധിക്കൂ! ഞാന്‍ എന്‍റെ സഹോദരനും  സഹോദരിക്കും സൗഖ്യംപകരുമ്പോള്‍, മറ്റുള്ളവരില്‍നിന്ന് എനിക്കും സൗഖ്യത്തിന്‍റെയും, മറ്റു നന്മകളുടെയും കൃപകള്‍ സമൃദ്ധമായി ലഭിക്കും. സൗഖ്യദാനത്തിന്‍റെ പ്രേഷിതപ്രവൃത്തി പാരസ്പരീകമാണ്,  അത് ക്രൈസ്തവ സമൂഹത്തിന്‍റെ പ്രകടമായ അടയാളവുമാണ്!

07 February 2019, 16:38
വായിച്ചു മനസ്സിലാക്കാന്‍ >