തിരയുക

Vatican News
from the lectern of Santa Marta from the lectern of Santa Marta 

സിദ്ധികള്‍ക്കൊപ്പം മാനുഷിക വീക്ഷണവുമുണ്ടായിരുന്ന ഡോണ്‍ബോസ്കോ

ദൈവികമായ സിദ്ധികള്‍ക്കൊപ്പം മാനുഷിക വീക്ഷണമുണ്ടായിരുന്ന പുണ്യവാനായിരുന്നു ഡോണ്‍ബോസ്കോയെന്ന്, അര്‍ജന്‍റീനയിലെ സലീഷ്യന്‍ പൂര്‍വ്വവിദ്യാര്‍ത്ഥി, പാപ്പാ ഫ്രാന്‍സിസ്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ജനുവരി 31, വ്യാഴാഴ്ച വിശുദ്ധന്‍റെ അനുസ്മരണനാളില്‍ പേപ്പല്‍ വസതി സാന്താമാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പങ്കുവച്ച വചനചിന്തയിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്.

യുവജനങ്ങളെ സമുദ്ധരിക്കാന്‍ മെനഞ്ഞെടുത്ത രീതികള്‍
എല്ലാം മാനുഷിക ദൃഷ്ടിയോടെ ഡോണ്‍ബോസ്കോ വീക്ഷിച്ചു. അദ്ദേഹം യുവജനങ്ങള്‍ക്ക് പിതാവും സുഹൃത്തും സഹോദരനുമായിരുന്നു. ഇറ്റലിക്കാരനും തന്‍റെ സമകാലികനുമായിരുന്ന വൈദികന്‍, ഡോണ്‍ കഫാസോയെപ്പോലെ പാവപ്പെട്ട യുവജനങ്ങള്‍ക്കും തടവുകാര്‍ക്കുവേണ്ടി ജീവന്‍ ഹോമിച്ചാല്‍ പോര, സാമൂഹിക തിന്മകള്‍ ദൂരീകരിക്കാനും, അവയ്ക്ക് പ്രതിവിധി കണ്ടെത്താനും വഴികള്‍ തുറക്കണമെന്നും ഡോണ്‍ബോസ്കോ തീരുമാനിച്ചു. അക്കാലഘട്ടത്തെ യുവജനങ്ങളെ സാമൂഹികമായി സമുദ്ധരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു. അവരെ വളര്‍ത്താനും പക്വതയില്‍ എത്തിക്കാനും സ്വന്തം കാലില്‍നിര്‍ത്താനുള്ള മാനുഷിക വഴികളായിരുന്നു ജോണ്‍ബോസ്കോ മെനഞ്ഞെടുത്ത ഓറട്ടറിയും, തൊഴില്‍ പരിശീലനകേന്ദ്രങ്ങളും, പ്രത്യേക വിദ്യാഭ്യാസരീതിയും.

ദൈവത്തില്‍ ആശ്രയിച്ചു മുന്നേറി
ജീവിതയാഥാര്‍ത്ഥ്യങ്ങള്‍  മാനുഷികദൃഷ്ടിയില്‍ മാത്രമല്ല, ദൈവികമായ കാഴ്ചപ്പാടില്‍ കാണാനും ഡോണ്‍ബോസ്കോ പരിശ്രമിച്ചു. “ദൈവമേ, ഇത് എനിക്ക് കാണിച്ചു തരണമേ. ഇത് അനീതിയാണല്ലോ. ഇതിന് അങ്ങ് എന്തു പ്രതിവിധിയാണ് കാട്ടിത്തരുന്നത്? അങ്ങ് ഈ പാവം യുവജനങ്ങളെ സൃഷ്ടിച്ചല്ലോ, ദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അങ്ങുതന്നെ പൂര്‍ണ്ണത നല്കണേ...” ഡോണ്‍ബോസ്കോ എന്നും പ്രാര്‍ത്ഥിക്കുമായിരുന്നു. യാഥാര്‍ത്ഥ്യങ്ങളെ ഒരു പിതാവിന്‍റെ സ്നേഹത്തോടെ കാണുന്ന രീതിയാണിത്. ഡോണ്‍ബോസ്കോ യുവജനങ്ങള്‍ക്ക് ഒരു പിതാവും അദ്ധ്യാപകനുമായിരുന്നു. കണ്ണുകളില്‍ നോക്കി ദൈവത്തിന്‍റെ കാരുണ്യം പാവങ്ങളായ യുവജനങ്ങള്‍ക്കുവേണ്ടി യാചിക്കുന്ന ഒരു യാചകനെപ്പോലെ, അദ്ദേഹം അവര്‍ക്കുവേണ്ടി ഒരു ചെറിയ സഹായം ചോദിച്ചു തുടങ്ങും, എന്നിട്ട് മെല്ലെ ദൈവത്തിന്‍റെ പക്കലേയ്ക്ക് അദ്ദേഹം വിശുദ്ധിയില്‍ നടന്നടുക്കും.

‍യുവജനങ്ങള്‍ക്കു പിതാവും സുഹൃത്തും
കുരിശും കൊന്തയും മാത്രമായി ഡോണ്‍ബോസ്കോ യുവജനങ്ങളെ സമീപിച്ചില്ല. മതബോധനവും പ്രാര്‍ത്ഥനയും അദ്ദേഹം ഉപയോഗപ്പെടുത്തി. എന്നിട്ട് ഒരു ദിവസത്തിന്‍റെ അവസാനം, ശുഭരാത്രി നേര്‍ന്നും, നാളെ കാണാമെന്നു പറഞ്ഞും  ഒന്നും അവസാനിപ്പിച്ചില്ല.  മറിച്ച്, ആ നല്ല അദ്ധ്യാപകന്‍ അവരുടെ ജീവിതത്തിന്‍റെ അകത്തളങ്ങളിലേയ്ക്കു പ്രവേശിച്ചു. അവരുടെ ജീവിതത്തിന്‍റെ ഭാഗമായി. മാത്രമല്ല, അവിടുന്ന് അവരുടെ കൂടെ നടന്നു, അവരുടെ പിതാവും സുഹൃത്തുമായി. അവര്‍ക്കൊപ്പം കളിച്ചു, അവര്‍ക്കായി കളിക്കൂട്ടങ്ങളും തൊഴില്‍ സംഘങ്ങളും അദ്ദേഹം രൂപപ്പെടുത്തി. അവരെ തൊഴില്‍ പരിശീലിപ്പിച്ചു, അവര്‍ക്കൊപ്പം ജോലിചെയ്തു, കളിച്ചു, അവരെ ശ്രവിച്ചു, അവര്‍ക്കൊപ്പം ചിരിച്ചു, കരഞ്ഞു, അങ്ങനെ അദ്ദേഹം അവരെ മെല്ലെ വളര്‍ത്തി. മനുഷ്യരുടെ ദൃഷ്ടിയോടെ ജനങ്ങളു‌ടെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ കാണുകയും, അവര്‍ക്കൊപ്പം ജീവിക്കുകയും, അവരെ സമുദ്ധരിക്കുകയും ചെയ്ത വൈദികശ്രേഷ്ഠനായിരുന്നു ഡോണ്‍ബോസ്കോ!  

അജപാലകര്‍ക്കു മാതൃക
ഒരു അജപാലകന്‍റെ പ്രേഷിതവൃത്തിയെ വിലയിരുത്താന്‍, ജീവിത യാഥാര്‍ത്ഥ്യങ്ങളെ മാനുഷിക ദൃഷ്ടിയോടെയും, ഒപ്പം ദൈവികദൃഷ്ടിയോടെയും പരിശോധിച്ചാല്‍ മതിയാകും. യാഥാര്‍ത്ഥ്യങ്ങളുടെ ഈ തുറന്ന ഇരട്ടക്കാഴ്ചപ്പാടില്‍ ആത്മീയ സന്തോഷമുണ്ടാകും. ജീവിതത്തില്‍ സന്തോഷമില്ലെങ്കില്‍, ഒരു അജപാലകന്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ആത്മപരിശോധന ചെയ്യേണ്ടതും, അസന്തുഷ്ടിയുടെ കാരണം ആരായേണ്ടതുമാണ്. ഡോണ്‍ബോസ്കോയെ ആനന്ദത്തിന്‍റെ വിശുദ്ധനെന്നും വിശേഷിപ്പിക്കാറുണ്ട്. അദ്ദേഹം ആനന്ദത്തിന്‍റെ കേദാരമായിരുന്നു. അദ്ദേഹം യുവജങ്ങളെ സന്തോഷത്തിലേയ്ക്കു നയിക്കാന്‍ സ്വയംത്യാഗങ്ങള്‍ ഏറ്റെടുത്തു. യുവജനങ്ങള്‍ക്കായി അനുദിന ജീവിതത്തിന്‍റെ ത്യാഗത്തില്‍ ഉതിര്‍ക്കൊണ്ട ആനന്ദം, നല്ലിടയനായ ഡോണ്‍ബോസ്കോയുടെ ജീവിതത്തിലെ ആത്മീയ ആനന്ദവും വിശുദ്ധിയുടെ രഹസ്യവുമായിരുന്നു.

ഡോണ്‍ബോസ്കോയുടെ മാദ്ധ്യസ്ഥം തേടാം!
അജപാലകര്‍ സന്തോഷമുള്ളവരായിരിക്കുന്നതിനായി ഡോണ്‍ ബോസ്കോയുടെ മാദ്ധ്യസ്ഥം തേടാം! ജീവിതയാഥാര്‍ത്ഥ്യങ്ങളെ മാനുഷികമായ കാഴ്ചപ്പാടിലും, ഒപ്പം ദൈവികദൃഷ്ടിയിലും കാണാനുള്ള ദര്‍ശനം നല്കണേയെന്ന് ജനത്തിന്‍റെ ഇടയനും ആത്മീയപാലകനുമായിരുന്ന വിശുദ്ധ ജോണ്‍ബോസ്കോയോടു പ്രാര്‍ത്ഥിക്കാം.

31 January 2019, 18:23
വായിച്ചു മനസ്സിലാക്കാന്‍ >