തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 11-12-18 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 11-12-18  (Vatican Media)

ദൈവിക സാന്ത്വനത്തിനായി നാം നമ്മെത്തന്നെ തുറന്നിടുക-പാപ്പാ

വാത്സല്യത്തോടുകൂടിയാണ് കര്‍ത്താവ് നമ്മെ ആശ്വസിപ്പിക്കുന്നത്. ദുര്യോഗങ്ങളുടെ പ്രവാചകന്മാര്‍ക്ക് അപരിചിതമായ ഒരു പദമാണ് ഈ വാത്സല്യം., നമ്മെ കര്‍ത്താവില്‍ നിന്നകറ്റുന്ന സകല ദുര്‍വൃത്തികളാലും, പുരോഹിത ഗണത്തിന്‍റെയും സകലക്രൈസ്തവരുടെയും തിന്മകളാല്‍, മായിച്ചുകളയപ്പെടുന്ന ഒരു പദമാണിത്- ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

കര്‍ത്താവേകുന്ന സാന്ത്വനത്തിനെതിരെ നാം പ്രതിരോധം തീര്‍ക്കരുതെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ചൊവ്വാഴ്ച(11/12/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഒന്നാംവായനയായ ഏശയ്യാ പ്രവാചകന്‍റെ പുസ്തകം അദ്ധ്യായം 40,1-11 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

സമാശ്വാസം ക്രൈസ്തവന്‍റെ അനുദിനാവസ്ഥ, ശീലം, ആയിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ ക്ലേശകരങ്ങളായ വേളകളിലും അങ്ങനെ ആയിരിക്കണമെന്ന് റോമിലെ കൊളോസിയത്തില്‍ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കപ്പെട്ട ക്രൈസ്തവര്‍ കര്‍ത്താവിനെ സ്തുതിച്ചുകൊണ്ട് രക്തസാക്ഷികളായി തീര്‍ന്നതും, ലിബിയയില്‍ കടല്‍ത്തീരത്തു വച്ച് ഗളച്ഛേദം ചെയ്യപ്പെട്ട ക്രൈസ്തവര്‍ യേശു യേശു എന്നുച്ചരിച്ചുകൊണ്ട് ജീവന്‍ വെടിഞ്ഞതും അനുസ്മരിച്ചുകൊണ്ട് വിശദീകരിച്ചു.

ഈ സാന്ത്വനം ആന്തരികമാണെന്നും, രക്തസാക്ഷത്വം വരിക്കുമ്പോഴും ആനന്ദം പ്രകടമാണെന്നും പറഞ്ഞ പാപ്പാ ഈ സാന്ത്വനം കര്‍ത്താവ് നമുക്കേകുന്നത് അവിടത്തെ ആര്‍ദ്രതയാല്‍ ആണെന്ന് ഉദ്ബോധിപ്പിച്ചു.

ഉത്ഥിതനായ ക്രിസ്തു 40 ദിനങ്ങള്‍ ശിഷ്യരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് അനുസ്മരിച്ച പാപ്പാ നാം  സാന്ത്വനത്തിനെതിരെ കോട്ട തീര്‍ക്കാന്‍ ശ്രമിക്കയാണെന്നും അതിനുദാഹരണമാണ് ഉത്ഥാനദിനത്തില്‍, പ്രഭാതത്തില്‍, യേശുവിന്‍റെ ശിഷ്യര്‍ക്കിടയില്‍ ഉണ്ടായ സംഭവം, അതായത് ഉത്ഥിതനെ തൊട്ടറിഞ്ഞ് ഉറപ്പുവരുത്താന്‍ ശ്രമിച്ച സംഭവമെന്നും ഇതിനു കാരണം ഇനിയുമൊരു പരാജയം ഉണ്ടാകുമെന്ന ഭീതിയാണെന്നും വിശദീകരിച്ചു.

പൊതുകൂടിക്കാഴ്ചാ വേളകളില്‍ മാതാപിതാക്കള്‍ തന്‍റെ ആശീര്‍വ്വാദത്തിനായി കുഞ്ഞുങ്ങളെ തന്‍റെ അടുത്തേക്കു നീട്ടുമ്പോള്‍ ആ കുഞ്ഞുങ്ങള്‍ തന്‍റെ വെള്ള വസ്ത്രം കണ്ട് കുത്തിവയ്പുനടത്തുന്ന ഭിഷഗ്വരനോ മറ്റോ ആണെന്ന് ധരിച്ച് ഭയന്ന് നിലവിളിക്കുന്നതു പോലെയാണ് നമ്മള്‍ നമ്മെ ആശ്വസിപ്പിക്കാനെത്തുന്ന കര്‍ത്താവിന്‍റെ  നേരെ പ്രതിരോധം തീര്‍ക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

അലിവോടെയാണ് കര്‍ത്താവ് നമ്മെ ആശ്വസിപ്പിക്കുന്നതെന്നു പ്രസ്താവിച്ച പാപ്പാ ദുര്യോഗങ്ങളുടെ പ്രവാചകന്മാര്‍ക്ക് അപരിചിതമായ ഒരു പദമാണ് ഈ വാത്സല്യമെന്നും, നമ്മെ കര്‍ത്താവില്‍ നിന്നകറ്റുന്ന ദുര്‍വൃത്തികളാല്‍, പുരോഹിത ഗണത്തിന്‍റെയും ക്രൈസ്തവരുടെയും തിന്മകളാല്‍ മായിച്ചുകളയപ്പെടുന്ന ഒന്നാണ് അതെന്നും വിശദീകരിച്ചു.

യാതനകളുടെ വേളകളില്‍ ഒരുവന് സമാശ്വാസം അനുഭവപ്പെടാതിരിക്കുന്നു എന്നാല്‍ ക്രൈസ്തവന്‍ കര്‍ത്താവിന്‍റെ ദാനമായ സമാധാനം നഷ്ടപ്പെടുത്തരുത് എന്ന് പാപ്പാ പറഞ്ഞു.

തിരുപ്പിറവിക്കായി ഒരുങ്ങുന്ന ഈ വേളയില്‍ ഭീതിയരുതെന്നും കര്‍ത്താവിനാല്‍ സമാശ്വസിപ്പിക്കപ്പെടാന്‍ നാം നമ്മെത്തന്നെ അനുവദിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

   

11 December 2018, 12:35
വായിച്ചു മനസ്സിലാക്കാന്‍ >