തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 06-11-18 ഫ്രാന്‍സീസ് പാപ്പാ ദിവ്യപൂജാര്‍പ്പണവേളയില്‍, വത്തിക്കാനില്‍, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ 06-11-18  (Vatican Media)

യേശുവിന്‍റെ ക്ഷണം നാം എത്രതവണ നിരസിക്കുന്നു ?

യേശുവിനെ തിരസ്ക്കരിക്കാത്തവനും യേശുവിനാല്‍ തിരസ്ക്കരിക്കപ്പെടാത്തവനും മാത്രമെ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളു, പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യേശുവിന്‍റെ വിളി നാം തിരസ്ക്കരിക്കുന്നുവെങ്കിലും കാരുണ്യവാനും നല്ലവനും, ഒപ്പം, നീതിമാനുമായ അവിടന്ന് പൊറുക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍, തന്‍റെ വാസയിടമായ വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള, “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ചൊവ്വാഴ്ച(06/11/18) രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

യേശു പറയുന്ന ഒരു ഉപമ, അതായത്, വിരുന്നിനു ക്ഷണിക്കപ്പെട്ടവര്‍ പലപല കാരണങ്ങള്‍ പറഞ്ഞ് അതില്‍ പങ്കെടുക്കാതിരിക്കുന്ന ഒരു പശ്ചാത്തലത്തില്‍ കോപാകുലനായ ഗൃഹനാഥന്‍ ഭൃത്യനെ അയച്ച് ദരിദ്രരേയും അംഗവൈകല്യമുള്ളവരെയും മറ്റും സദ്യയ്ക്ക് വിളിപ്പിക്കുന്ന ഉപമ,  ലൂക്കായുടെ സുവിശേഷം 14,15-24 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് അവലംബം.

യേശു നമ്മെ വിളിക്കുമ്പോള്‍ നാം എത്രതവണ അവിടത്തെ ക്ഷണം നിരസിച്ചിട്ടുണ്ട് എന്നു ചോദിച്ച പാപ്പാ നാം അകത്തു നിന്ന് ഹൃദയത്തിന്‍റെ വാതില്‍ അടച്ചാല്‍ അവിടത്തേക്കു അതു തുറക്കാനകില്ലെന്നും കാരണം നമ്മുടെ ഹൃദയത്തോട് ഏറെ ആദരവുള്ളവനാണ് അവിടന്ന് എന്നും പാപ്പാ വിശദീകരിച്ചു.

നാം നിരസിച്ചാലും യേശു കാത്തിരിക്കും, അവിടന്ന് നമുക്കു വീണ്ടും അവസരം നല്കും, അത് രണ്ടാകാം, മൂന്നാകാം നാലാകാം, എന്നാല്‍ അവസാനം അവിടന്ന് തിരസ്ക്കരിക്കും എന്നും പാപ്പാ പറഞ്ഞു.

യേശുവിനെ തിരസ്ക്കരിക്കാത്തവനും യേശുവിനാല്‍ തിരസ്ക്കരിക്കപ്പെടാത്തവനും മാത്രമെ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

06 November 2018, 13:19
വായിച്ചു മനസ്സിലാക്കാന്‍ >