തിരയുക

Vatican News
കാരുണ്യത്തിന്‍റെ സുവിശേഷം കാരുണ്യത്തിന്‍റെ സുവിശേഷം  (Vatican Media)

കാരുണ്യം ജീവിത ശൈലിയാക്കാം!

സെപ്തംബര്‍ 13 വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ചിന്തകള്‍ (ലൂക്ക 6, 27-38):

- ഫാദര്‍ വില്യം നെല്ലിക്കല്‍

പിതൃദൗത്യത്തില്‍ പങ്കുചേരുന്നവര്‍
ക്രൈസ്തവന്‍റെ ജീവിതവഴികള്‍ എളുപ്പമല്ല, പക്ഷേ ആനന്ദദായകമാണ്. സ്വര്‍ഗ്ഗീയ പിതാവു തന്‍റെ മക്കള്‍ക്കായ് തെളിയിച്ചിരിക്കുന്ന പാത കാരുണ്യത്തിന്‍റേയും ആന്തരിക സമാധാനത്തിന്‍റേതുമാണ്. ജീവിതങ്ങള്‍ സുവിശേഷത്തിലെ അഷ്ടഭാഗ്യങ്ങളെയോ, കാരുണ്യപ്രവൃത്തികളെയോ ആശ്രയിച്ചായിരിക്കണമെന്നു നമ്മെ പഠിപ്പിച്ചത് ക്രിസ്തുവാണ്.

ലോകത്തിന്‍റെ  യുക്തിക്കെതിരെ  നീങ്ങുന്നവര്‍
ഇന്നത്തെ വചനഭാഗം ക്രൈസ്തവ ജീവിതത്തിനുള്ള നാലുവഴികള്‍  കൃത്യമായി തുറന്നുകാട്ടുകയാണ്. ശത്രുക്കളെ സ്നേഹിക്കുക, വെറുക്കുന്നവര്‍ക്ക് നന്മചെയ്യുക, ശപിക്കുന്നവരെ ആശീര്‍വ്വദിക്കുക, നിങ്ങളെ അവഹേളിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക! (ലൂക്ക 6, 28). ക്രൈസ്തവര്‍ അതിനാല്‍ പരദൂഷണം പറയുകയോ, പിറുക്കുകയോ, സഹോദരങ്ങളെ ആധിക്ഷേപിക്കുകയോ ചെയ്യുന്ന രീതികള്‍ കൈക്കൊള്ളരുത്.

ജ്ഞാനസ്നാനം സ്വീകരിച്ചവരെല്ലാം ക്രൈസ്തവരാണ്. എന്നാല്‍ സുവിശേഷസൂക്തങ്ങള്‍ ജീവിക്കാതെയും സുവിശേഷമൂല്യങ്ങള്‍ക്ക് വിലകല്പിക്കാതെയും ജീവിക്കുകയാണെങ്കില്‍ ക്രൈസ്തവന്‍, ക്രൈസ്തവന്‍ അല്ലാതായിത്തീരുന്നു. അയാള്‍ ക്രൈസ്തവനായി ജീവിക്കാത്ത അവസ്ഥയില്‍ എത്തിച്ചേരുന്നു. അതായത് വ്യക്തി ക്രൈസ്തവനാണ്, എന്നാല്‍ ജീവിക്കുന്നത് വിജാതിയനെപ്പോലെയാണ്, ലോകത്തിന്‍റെ ശൈലിയിലാണ് ജീവിതം നയിക്കുന്നത്.

കുരിശിന്‍റെ മൗഢ്യം  ക്രൈസ്തവന്‍റെ  ഭാഗധേയം
ശത്രുക്കളെക്കുറിച്ചും നമ്മുടെ എതിര്‍പക്ഷത്തുള്ളവരെക്കുറുച്ചുമെല്ലാം നമുക്ക് ആവേശത്തോടെ വേണമെങ്കില്‍ സംസാരിക്കാം. എന്നാല്‍ ഓര്‍ക്കണം ക്രൈസ്തവന്‍റെ യുക്തി കുരിശിന്‍റേതും ത്യാഗത്തിന്‍റേതുമാണ്. അപരനു നന്മചെയ്യാനും കരുണകാട്ടാനും നാം സഹനം ഏറ്റെടുക്കും. അതായത് ക്രൈസ്തവന്‍റെ പരമമായ ലക്ഷ്യം സ്വര്‍ഗ്ഗീയ പിതാവിന്‍റെ സ്നേഹത്തില്‍ ജീവിക്കുകയാണ്. ദൈവപുത്രരാവുകയാണ്.

കാരുണ്യപ്രവൃത്തികളാണ് സ്വര്‍ഗ്ഗീയ പിതാവിനോട് നമ്മെ സാരൂപ്യപ്പെടുത്തുന്നത്, പിതാവിങ്കലേയ്ക്ക് നമ്മെ അടുപ്പിക്കുന്നത്. “പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍!” (ലൂക്ക 6, 36). ഇതായിരിക്കണം ക്രൈസ്തവന്‍റെ ജീവിതാരൂപി. ഇതിന് എതിരായി ജീവിക്കുന്നവന്‍ ലോകത്തിന്‍റെ ശൈലികളിലേയ്ക്കാണ് വഴുതി മാറുന്നത്. അവര്‍ സഹോദരന്‍റെ മേല്‍ കുറ്റമാരോപിക്കുകയും പിറുപിറുക്കുകയും അവര്‍ക്കെതിരെ നീങ്ങുകയുംചെയ്യും. നമ്മുടെ മദ്ധ്യേ അന്യായമായി കുറ്റമാരോപിക്കുന്നവരുണ്ട്. അവരുടെ നീക്കം പൈശാചികമാണ്. ദൈവത്തെ പഴിക്കുന്നവരുടെയും ജീവിതം പൈശാചികവും തിന്മയുടേതുമാണ്. അതുകൊണ്ടാണ് അവര്‍ കുറ്റമാരോപിക്കുകയും, ശപിക്കുകയും, മറ്റുള്ളവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന തിന്മയുടെ ജീവിതയുക്തി ഉള്‍ക്കൊള്ളുന്നത്. അവര്‍ തിന്മയുടെ വിനാശം വിതയ്ക്കുകയും, തിന്മയുടെ പിതാവായ പിശാചിനെ സ്വീകരിക്കുകയും ചെയ്യുന്നു. കാരുണ്യം എന്ന വാക്കു കേള്‍ക്കാത്തവന്‍ സ്വര്‍ഗ്ഗപിതാവായ ദൈവത്തെ കൈക്കൊള്ളാത്തവനായിരിക്കും. അവന്‍റെ ജീവിതത്തില്‍ ഒരിക്കലും കരുണയുടെ കാഴ്ചപ്പാടുണ്ടാവില്ല.

നാം ജീവിക്കേണ്ട  കാരുണ്യം
ബുന്ദുവില്‍നിന്ന് ബിന്ദുവിലേയ്ക്കാണ് മനുഷ്യന്‍റെ ജീവിത ചലനം. നന്മയുടെയും തിന്മയുടെയും ബിന്ദുക്കള്‍ക്കുമദ്ധ്യേ ആടിയുലയുന്നതാണ് പലപ്പോഴും നമ്മുടെ ജീവിതം. ഒരുവശത്ത് ദൈവികവും മറ്റൊന്നു തിന്മയുടെ ശക്തിയുമാകാം! ഒന്ന് സ്നേഹവും കരുണയുമാണെങ്കില്‍, മറ്റേത് അപരനെ വെറുക്കാനും കലഹിക്കാനും കരുണകാട്ടാതിരിക്കാനും അപരന്‍റെമേല്‍ കുറ്റമാരോപിക്കാനും പ്രേരിപ്പിക്കുന്നതാകാം.

നാം കുറ്റമാരോപിക്കേണ്ടത് അപരന്‍റെ മേലല്ല, നമ്മോടു തന്നെയാണ്. നമ്മുടെ മേല്‍ കുറ്റമാരോപിച്ചാല്‍ അത് നന്മയായി ഭവിക്കും. നമ്മുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ അതു സഹായിക്കും. സ്വയം കുറ്റമാരോപിക്കുന്നതുവഴി സ്വന്തം ജീവിതവഴികള്‍ നേരെയാക്കാം. എന്നിട്ട് മറ്റുള്ളവരോടും കരുണ കാട്ടാം. ഓര്‍ക്കുക, നാം കരുണയുള്ള പിതാവിന്‍റെ മക്കളാണ്. ദൈവികകാരുണ്യത്തിലാണ് നാം ജീവിക്കുന്നത്!

13 September 2018, 19:07
വായിച്ചു മനസ്സിലാക്കാന്‍ >