തിരയുക

യേശുവും ശിഷ്യരും യേശുവും ശിഷ്യരും 

ക്രിസ്തുവിനായി സാക്ഷ്യം നൽകാൻ വിളിക്കപ്പെട്ടവർ

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ഉയിർപ്പ് കാലം അഞ്ചാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം (ലൂക്ക 10, 1-12).
സുവിശേഷപരിചിന്തനം - ലൂക്ക 10, 1-12 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

താൻ പോകാനിരുന്ന ഇടങ്ങളിലേക്ക് കർത്താവ് എഴുപത്തിരണ്ട് പേരെ തിരഞ്ഞെടുത്ത് അയക്കുന്ന സംഭവമാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം പത്താം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് നാം കാണുന്നത്. മറ്റ് സുവിശേഷകന്മാർ ആരും രേഖപ്പെടുത്താത്ത ഒരു സംഭവമാണിത്. എന്നാൽ ഏതാണ്ട് സമാനമായ രീതിയിൽ ക്രിസ്തു തന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരെ അയക്കുന്ന സംഭവം മത്തായി (10, 5-15) മർക്കോസ് (6, 7-13), ലൂക്ക 9, 1-6) എന്നീ മൂന്ന് സമാന്തരസുവിശേഷകന്മാരും എഴുതിവച്ചിരിക്കുന്നത് നാം വായിക്കുന്നുണ്ട്. തന്റെയും, പിതാവായ ദൈവം തന്നിൽ ഏൽപ്പിച്ചിരിക്കുന്ന നിയോഗത്തിന്റെയും സാക്ഷികളാകാനും, തനിക്ക് മുൻപിൽ ജനതകളെ ഒരുക്കാനുമായി അയക്കപ്പെട്ട മനുഷ്യരാണ് ഈ എഴുപത്തിരണ്ട് പേർ. ചില കയ്യെഴുത്തുപ്രതികളിൽ എഴുപത് പേരെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. പന്ത്രണ്ട് പേരെ അയക്കുന്ന സംഭവമാകട്ടെ, എഴുപത്തിരണ്ട് പേരെ അയക്കുന്ന സംഭവമാകട്ടെ, ക്രിസ്തു അവർക്ക് നൽകുന്ന നിർദ്ദേശങ്ങൾ ഏതാണ്ട് സമാനമായവയാണ്.

വർദ്ധിച്ച വിളകളും ചുരുക്കം കൊയ്ത്തുകാരും

തന്റെ ശിഷ്യന്മാരെ തനിക്ക് മുൻപേ അയക്കുന്ന യേശു പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം കൊയ്ത്തുകാരുടെ കുറവാണ്. ലോകം മുഴുവൻ അറിയിക്കപ്പെടേണ്ട രക്ഷയുടെ സന്ദേശം സ്വീകരിച്ച്, ക്രിസ്തുവിലേക്കും, അതുവഴി രക്ഷയിലേക്കും നടന്നടുക്കാനായി ഓരോ മനുഷ്യർക്കുമുള്ള വിളിയും സാധ്യതയും അവകാശവും ക്രിസ്‌തു തിരിച്ചറിയുന്നുണ്ട്. എന്നാൽ ക്രിസ്‌തുവിനെ, തങ്ങളുടെ വാക്കുകളിലൂടെയും, പ്രവൃത്തികളിലൂടെയും സാക്ഷ്യപ്പെടുത്തുകയും, അതുവഴി ദൈവപുത്രനെ ഹൃദയങ്ങൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്ന ക്രൈസ്‌തവരുടെ, സാക്ഷികളുടെ കുറവാണ് യേശുവെന്ന രക്ഷ ഇനിയും ലോകമെമ്പാടും അറിയപ്പെടാനും സ്വീകരിക്കപ്പെടാനും തടസ്സമായി നിൽക്കുന്നതെന്ന് നമുക്കറിയാം. ക്രിസ്‌തുവിലുള്ള വിശ്വാസത്തിലും അവനിൽനിന്ന് അനുഭവിച്ചറിഞ്ഞവയെക്കുറിച്ചുള്ള സാക്ഷ്യത്തിലും ഐക്യം ഇല്ലാത്ത, വൈരുധ്യങ്ങളും, ശത്രുതയും ജീവിക്കുന്ന ക്രൈസ്തവർക്കെങ്ങനെയാണ് ലോകത്തിന് മുൻപിൽ ക്രിസ്തുസാക്ഷികളാകാൻ സാധിക്കുക? ഇന്നത്തെ സാഹചര്യത്തിൽ, "കൊയ്ത്തിനു വേലക്കാരെ അയക്കുവാൻ കൊയ്ത്തിന്റെ നാഥനോട് നിങ്ങൾ പ്രാർത്ഥിക്കുവിൻ" എന്നതിനേക്കാൾ, "വിശ്വസനീയമായ ക്രൈസ്തവസാക്ഷ്യം ജീവിക്കുന്ന യഥാർത്ഥ കൊയ്ത്തുകാരായി ജീവിക്കുവാൻ വേണ്ട അനുഗ്രഹത്തിനായി പ്രാർത്ഥിക്കുവിൻ" എന്നാകാം യേശു നിർദ്ദേശിക്കുക.

ലക്ഷ്യബോധമുള്ള സാക്ഷികൾ

ഈശോ തനിക്ക് മുൻപേ അയക്കുന്ന എഴുപത്തിരണ്ട് പേർക്ക് നൽകുന്ന ഉപദേശങ്ങൾ ഓരോ ക്രൈസ്തവർക്കും വേണ്ട ചില ഗുണങ്ങളെക്കുറിച്ചാണ് പറയുന്നത്. ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ എന്ന പോലെയാണ് ക്രിസ്തു അവരെ അയക്കുന്നത്. സൗമ്യതയും, ദയാവായ്‌പും ഇല്ലാത്ത, കൂട്ടം കൂടി ഇരയെ ആക്രമിക്കുകയും കടിച്ചുകീറിത്തിന്നുകയും ചെയ്യുന്ന ചെന്നായ്ക്കളുടെ ഇടയിൽ, ആട്ടിൻകുട്ടിയെപ്പോലെ ജീവിക്കാൻ കഴിയുക എന്നത് അത്ര എളുപ്പമല്ല എന്ന് നമുക്കറിയാം. സ്വാഭാവികമായി എല്ലാ മനുഷ്യർക്കും ഉണ്ടായേക്കാവുന്ന പ്രലോഭനം ചെന്നായ്ക്കൾക്കിടയിൽ ചെന്നായ്ക്കളെപ്പോലെ ജീവിക്കാനാണ്. എന്നാൽ ലോകത്തിന്റെ മനോഭാവത്തോട് ചേർന്ന്, വിശ്വാസവും സ്നേഹവും ഇല്ലാത്ത മനുഷ്യരെപ്പോലെ ജീവിക്കാൻ ഒരു ക്രൈസ്തവനും തയ്യാറാകരുതെന്ന് സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നു. പരസ്പരസ്നേഹത്തിന്റെയും, സമാധാനത്തിന്റെയും, ക്ഷമയുടെയും, നീതിയുടെയും, തുല്യതയുടെയും മൂല്യങ്ങൾ പഠിപ്പിക്കാനും, വളർത്താനുമാണ് ക്രൈസ്തവർ തയ്യാറാകേണ്ടത്.

മടിശ്ശീലയോ സഞ്ചിയോ ചെരുപ്പോ കരുതാതെയും, വഴിയിൽ വച്ച് ആരെയും അഭിവാദനം ചെയ്യാതെയും പോകണം എന്ന് ക്രിസ്തു താൻ അയക്കുന്ന ശിഷ്യന്മാരോട് പറയുന്നു. സ്വന്തം കഴിവുകളിലോ സമ്പത്തിലോ ആരോഗ്യത്തിലോ അല്ല, ദൈവത്തിൽ ശരണമർപ്പിച്ചാണ് ക്രൈസ്തവർ ജീവിക്കേണ്ടത്. സുവിശേഷത്തിനുവേണ്ടി, ദൈവത്തിനുവേണ്ടി ജീവിതം സമർപ്പിക്കുന്നവർക്ക് ദൈവമാണ് വിശപ്പകറ്റാനുള്ള അപ്പം നൽകുന്നത്. കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം ഒൻപതാം അദ്ധ്യായത്തിലും (1 കൊറി- 9, 14), തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനം അഞ്ചാം അദ്ധ്യായത്തിലും (1 തിമോ. 5, 18), സുവിശേഷപ്രവർത്തകൻ സുവിശേഷം കൊണ്ട് ഉപജീവനം കഴിക്കുന്നതിനെപ്പറ്റി വിശുദ്ധ പൗലോസ് പ്രതിപാദിക്കുന്നത് നാം കാണുന്നുണ്ട്. മടിശ്ശീലയോ ഭാണ്ഡമോ, ചെരുപ്പോ ഇല്ലാതെ അയച്ചപ്പോൾ നിങ്ങൾക്ക് എന്തെങ്കിലും കുറവുണ്ടായോ എന്ന് യേശു തന്നെ തന്റെ ശിഷ്യന്മാരോട് ചോദിക്കുന്നതും, തങ്ങൾക്ക് കുറവൊന്നും ഉണ്ടായിട്ടില്ലെന്ന് ശിഷ്യന്മാർ പറയുന്നതും വിശുദ്ധ ലൂക്കയുടെ തന്നെ സുവിശേഷം ഇരുപത്തിരണ്ടാം അദ്ധ്യായത്തിൽ നാം കാണുന്നുണ്ട് (ലൂക്ക 22, 35).

വഴിയേ സഞ്ചരിക്കുമ്പോൾ ആരെയും അഭിവാദനം ചെയ്യാൻ പോലും ഒരു സുവിശേഷപ്രഘോഷകൻ സമയം കളയരുതെന്ന് യേശു പറയുമ്പോൾ, ഓരോ ശിഷ്യരിലും ഏൽപ്പിക്കപ്പെട്ട ദൗത്യത്തിന്റെ പ്രാധാന്യവും, ആ ദൗത്യം ആവശ്യപ്പെടുന്ന ചടുലതയും നമുക്ക് വ്യക്തമാകുന്നുണ്ട്. ഒരു യഥാർത്ഥ മിഷനറി, ഒരു യഥാർത്ഥ ക്രൈസ്തവൻ, തന്റെ ജീവിതത്തിൽ ഭൗതികതയെക്കാൾ ദൈവികതയെ സ്നേഹിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവനാകണം. മറ്റുള്ളവരെ ലൗകികമായി സന്തോഷിപ്പിക്കാൻ വേണ്ടി വെറുതെ കളയാൻ തനിക്ക് സമയമില്ലെന്ന്, ക്രിസ്തുവെന്ന സന്തോഷം പകരാൻ വേണ്ടിയാണ് തന്റെ സമയം ചിലവഴിക്കേണ്ടതെന്ന് അവൻ മനസ്സിലാക്കേണ്ടതുണ്ട്.

ദൈവരാജ്യം അറിയിക്കുക സമാധാനം പകരുക

പാപത്തിന്റെയും തെറ്റുകളുടെയും അന്ധകാരത്തിൽനിന്ന് ദൈവികമായ പ്രകാശത്തിലേക്ക്, രക്ഷയിലേക്ക് മനുഷ്യവർഗ്ഗത്തെ നയിക്കുവാനായി, പരിഹാരബലിയാകാനും, സ്വജീവൻ നൽകാനും വന്ന യേശുക്രിസ്തുവിനെ അറിയിക്കുന്നവർക്ക് ക്രിസ്‌തുവിന്റെ സ്വഭാവഗുണങ്ങൾ സ്വന്തമാക്കാൻ സാധിക്കണമെന്ന് സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. അളവുകളോ പരിധികളോ ഇല്ലാത്ത സ്നേഹത്തിന്റെ, സമാധാനത്തിന്റെ, ഭാരങ്ങൾ ഏറ്റെടുക്കലിന്റെ, ജീവൻ സമർപ്പിക്കലിന്റെ, വീണുപോയവനെ കൈപിടിച്ചുയർത്തലിന്റെ മാതൃകയാണ് ക്രിസ്തുവിൽനിന്ന് നമുക്ക് പഠിക്കാനുള്ളത്. ക്രിസ്‌തു, താൻ അയക്കുന്നവർക്കു നൽകുന്ന ഉപദേശവും ഇതിൽനിന്ന് വ്യത്യസ്തമല്ല. "നിങ്ങൾ ഏതു വീട്ടിൽ പ്രവേശിച്ചാലും, ഈ വീടിന് സമാധാനം എന്ന് ആദ്യമേ ആശംസിക്കണം. സമാധാനത്തിന്റെ പുത്രൻ അവിടെയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവനിൽ കുടികൊള്ളും. ഇല്ലെങ്കിൽ അത് നിങ്ങളിലേക്ക് തിരിച്ചുപോരും" (ലൂക്ക 10, 5-6). മറ്റുള്ളവരാൽ തിരസ്‌കരിക്കപ്പെടുമ്പോഴും, അപഹസിക്കപ്പെടുമ്പോഴും, ഇകഴ്ത്തപ്പെടുമ്പോഴും, നന്മ മാത്രം പകർന്ന്, സ്നേഹം മാത്രം പ്രതിഫലമായി നൽകി, ക്രിസ്‌തുവിനുവേണ്ടി സഹിക്കുകയും ജീവിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ക്രൈസ്തവർ ഇന്ന് പകരുന്ന മാതൃകയും ഈയൊരു ഉദ്ബോധനത്തിൽനിന്ന് പ്രേരിതമായതാണ്.

വിധിക്കുകയും, ശിക്ഷിക്കുകയും, തെറ്റുകുറ്റങ്ങളുടെ കണക്കുകൾ സൂക്ഷിക്കുകയും മാത്രം ചെയ്യുന്ന ദൈവം എന്നതിൽനിന്ന്, കരുണയുള്ള, സൗഖ്യപ്പെടുത്തുന്ന, പാപം മോചിക്കുന്ന, വീണ്ടെടുക്കുന്ന, ഒരു ദൈവത്തിന്റെ മുഖമാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷം നമുക്ക് കാട്ടിത്തരുന്നത്. ഒരു യഥാർത്ഥ ക്രൈസ്തവന്റെ മുഖം ഇതിൽനിന്ന് വ്യത്യസ്തമാകരുത്. ആത്മശരീരങ്ങളിൽ രോഗികളായവരെയും, പീഡിതരെയും സൗഖ്യപ്പെടുത്തുവാനും, സമാധാനത്തിന്റെയും ശാന്തിയുടെയും സദ്‌വാർത്ത ലോകത്തിനേകുവാനും, ദൈവത്തിന്റെയും അവന്റെ രാജ്യത്തിന്റെയും സാമീപ്യം എല്ലാ ജനതകളോടും വിളിച്ചുപറയുവാനും, കർത്താവിനെ നാഥനായി സ്വീകരിക്കുവാനായി എല്ലാവരെയും ഒരുക്കുവാനും, എന്നാൽ അതേസമയം, ഭയം കൂടാതെ, തെറ്റിനെ തെറ്റെന്ന് ധൈര്യപൂർവ്വം വിളിക്കാനും, ദൈവരാജ്യം ആവശ്യപ്പെടുന്ന ഹൃദയത്തിന്റെ പരിവർത്തനത്തെക്കുറിച്ചും, അവിടെ ക്രിസ്തുവിന് ലഭിക്കേണ്ട സ്വീകാര്യതയെക്കുറിച്ചും മാനവികതയെ ഉദ്ബോധിപ്പിക്കാനും  നാം പരിശ്രമിക്കേണ്ടതുണ്ട്.

സഭയിൽ തുടരേണ്ട സാക്ഷ്യം

ക്രിസ്‌തു ആദ്യം പന്ത്രണ്ടു ശിഷ്യരേയും, പിന്നീട് എഴുപത്തിരണ്ട് പേരെയും തനിക്ക് മുൻപേ അയച്ചതുപോലെ ആദിമക്രൈസ്തവസഭയും ക്രിസ്‌തുവെന്ന സുവിശേഷമറിയിക്കാനായി ബാർണബാസും, സാവൂളും മർക്കോസുമുൾപ്പെടെ (അപ്പ. 12, 24 - 13, 3) നിരവധി ആളുകളെ അയക്കുന്നത് വിശുദ്ധഗ്രന്ഥത്തിൽ, പ്രത്യേകിച്ച് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം കാണുന്നുണ്ട്. ദൈവവിശ്വാസം അനാവശ്യമായ ഒന്നാണെന്ന് കരുതുന്ന, ദൈവമെന്ന സത്യത്തെ തമസ്‌കരിച്ച്, മാനവികമൂല്യങ്ങൾ പോലും അവഗണിച്ച് ജീവിക്കുന്ന, ക്രിസ്തുവിനെ ഇനിയും അറിയാത്ത അനേകായിരങ്ങൾ ജീവിക്കുന്ന ഈ ലോകത്ത്, ഐക്യത്തോടെയും, സ്നേഹത്തോടെയും, പ്രത്യാശയോടെയും വിശ്വാസത്തോടെയും ജീവിക്കുക്കാനും, വാക്കുകൾകൊണ്ടും പ്രവൃത്തികൾകൊണ്ടും ക്രിസ്‌തുവെന്ന രക്ഷകന് സാക്ഷ്യം നൽകാനും, ദൈവവചനമെന്ന വിത്ത് എല്ലാ ഹൃദയങ്ങളിലും വിതയ്ക്കാനും നമുക്ക് പരിശ്രമിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 April 2024, 22:48