തിരയുക

യേശുവും പത്രോസും യേശുവും പത്രോസും 

ക്രിസ്‌തുവിലുള്ള സ്നേഹവും വിശ്വാസവും ധൈര്യപൂർവ്വം പ്രഘോഷിക്കുക

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ ഉയിർപ്പ് കാലം മൂന്നാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം (യോഹന്നാൻ 21, 15-19).
സുവിശേഷപരിചിന്തനം - യോഹന്നാൻ 21, 15-19 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രിസ്തുവിനെ മൂന്ന് വട്ടം തള്ളിപ്പറഞ്ഞ പത്രോസ്, താൻ അവനെ സ്നേഹിക്കുന്നുവെന്ന് മൂന്ന് വട്ടം ഏറ്റുപറയുന്ന, അതുവഴി ദൈവത്തിന്റെ അജഗണത്തെ നയിക്കാൻ യോഗ്യനായി മാറുന്ന മനോഹരമായ ഒരു സുവിശേഷഭാഗമാണ് വിശുദ്ധ യോഹന്നാന്റെ ഇരുപത്തിയൊന്നാം അദ്ധ്യായം പതിനഞ്ച് മുതൽ പത്തൊൻപത് വരെയുള്ള തിരുവചനങ്ങൾ. ഒരിക്കൽ തള്ളിപ്പറഞ്ഞവനെ വീണ്ടും ഏറ്റുപറയുന്ന, ഒരിക്കൽ ഉപേക്ഷിച്ചവനെ തിരികെ ആശ്ലേഷിക്കുന്ന, അനുതാപത്തിന്റെയും, തിരികെ വരവിന്റെയും ചിന്തകൾ ഉയർത്തുന്ന തിരുവചനങ്ങളാണിവ.

പത്രോസ് താൻ യേശുവിനെ സ്നേഹിക്കുന്നുവെന്ന പരസ്യകുമ്പസാരം നടത്തുന്ന ഈ സംഭവത്തിന്റെ ഒരു പ്രത്യേകത, യേശുവാണ് ഇവിടെ പത്രോസിന് തന്റെ സ്നേഹം ഏറ്റുപറയാൻ അവസരമൊരുക്കുന്നത് എന്നതാണ്. "യോഹന്നാന്റെ പുത്രനായ ശിമെയോനെ, നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ? ഉവ്വ് കർത്താവേ ഞാൻ നിന്നെ സ്നേഹിക്കുന്നു". സ്നേഹത്തെയും, മേയ്ക്കുന്നതിനെ സൂചിപ്പിക്കാനും, അറിയുന്നുവെന്ന് പറയാനും രണ്ട് വ്യത്യസ്തങ്ങളായ ഗ്രീക്ക് വാക്കുകളാണ് ഉപയോഗിക്കപ്പെടുക. ഉത്ഥിതനായ ക്രിസ്തു, തന്റെ ജനത്തെ നയിക്കാനുള്ള പ്രധാന ഇടയനായി, പത്രോസിനെ തിരഞ്ഞെടുക്കുന്ന സംഭവം എന്നാണ് ഒന്നാം വത്തിക്കാൻ കൗൺസിൽ ഈ തിരുവചനങ്ങളെക്കുറിച്ച് വിശേഷിപ്പിക്കുന്നത്.

അധികമായി സ്നേഹിക്കുന്നവർ

പത്രോസിനോടുള്ള യേശുവിന്റെ ഒന്നാം വട്ടമുള്ള ചോദ്യത്തിൽ ഒരു വലിയ പ്രത്യേകത നമുക്ക് കാണാം. ക്രിസ്‌തു പത്രോസിനോട് ചോദിക്കുക, നീ മറ്റുള്ള ശിഷ്യന്മാരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നാണ്. ഈയൊരു അധികസ്നേഹമാണ് അവനെ മറ്റു ശിഷ്യന്മാരുടെ മുൻപിൽ യേശുവിന് കൂടുതൽ പ്രിയങ്കരനും പ്രധാനപ്പെട്ടവനുമാക്കി മാറ്റിയത്. തള്ളിപ്പറയലിനെ കവച്ചുവയ്ക്കുന്ന ഒരു സ്നേഹം ക്രിസ്തുവിനോട് വച്ചുപുലർത്താൻ പത്രോസിന് കഴിഞ്ഞു. വീഴ്ചകളേക്കാൾ, പാപങ്ങളെക്കാൾ, ദൈവത്തോടുള്ള സ്നേഹം കൂടുതലായി ഉണ്ടെങ്കിൽ, അനുതാപത്തോടെ തിരികെ വരാനും, ലോകത്തിന് മുൻപിൽ ദൈവത്തോടുള്ള അധികസ്നേഹം വിളിച്ചുപറയാനും സാധിക്കുമെങ്കിൽ ക്രിസ്‌തു നമ്മെ ചേർത്തുപിടിക്കുമെന്ന്, നമ്മുടെ ജീവിതത്തെ കൂടുതൽ മൂല്യമുള്ളതായി കാണുമെന്ന് സുവിശേഷം നമ്മോട് സാക്ഷ്യപ്പെടുത്തുന്നു.

തള്ളിപ്പറഞ്ഞ സ്നേഹം

പത്രോസ് ക്രിസ്തുവിന്റെ മുൻപിൽ വലിയ സ്നേഹപ്രഖ്യാപനം ഇതിന് മുൻപും നടത്തിയിട്ടുണ്ട് എന്ന് യോഹന്നാന്റെ തന്നെ സുവിശേഷത്തിൽ നാം വായിക്കുന്നുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ അവസാനഭാഗത്താണ് നാമിത് കാണുന്നത്. കർത്താവിനെ അനുഗമിക്കാനും, അവനുവേണ്ടി ജീവൻ ത്യജിക്കാൻ പോലും താൻ ആഗ്രഹിക്കുന്നുവെന്ന് പത്രോസ് പറയുമ്പോൾ, യേശു അവനോട് പറയുന്നുണ്ട്, നീയെന്നെ മൂന്നുവട്ടം തള്ളിപ്പറയും (യോഹ. 13, 17-38). യേശുവിനെ പടയാളികൾ പിടിച്ചുകൊണ്ടുപോയി പ്രധാനപുരോഹിതന്റെ മുൻപിൽ കൊണ്ടുചെല്ലുമ്പോൾ, അവനു പിന്നാലെ പോയ പത്രോസ്, ഒരു പരിചാരികയുടെ ഉൾപ്പെടെ നിരവധി ആളുകളുടെ സാന്നിദ്ധ്യത്തിൽ വച്ച് യേശുവിനെ തള്ളിപ്പറയുന്നത് യോഹന്നാന്റെ സുവിശേഷം പതിനെട്ടാം അധ്യായത്തിൽ നാം കാണുന്നുണ്ട് (യോഹ. 18, 15-27). മർക്കോസ് (14, 66-72), ലൂക്കാ (22, 56-62), മത്തായി (26, 69-75) എന്നീ സമാന്തരസുവിശേഷകർ മൂന്ന് പേരും ഇതേ സംഭവം തങ്ങളുടെ സുവിശേഷങ്ങളിൽ എഴുതിവയ്ക്കുന്നുണ്ട്. ഇങ്ങനെ ലോകത്തിന് മുൻപിൽ ഭയപ്പെട്ട് യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസാണ്, ഉത്ഥിതനായ ക്രിസ്തുവിന് മുൻപിൽ, തന്റെ സ്നേഹം ഉറപ്പിച്ചു പറയുന്നതും, പിന്നീട് കർത്താവിനു വേണ്ടി ജീവിതം പോലും നൽകാൻ തയ്യാറാകുന്നതും. വാക്കുകളിലൂടെയുള്ള വിശ്വാസപ്രഖ്യാപനം പ്രധാനപ്പെട്ടതാണ്, എന്നാൽ പ്രവൃത്തികളിലൂടെയും ജീവിതത്തിലൂടെയുമുള്ള യഥാർത്ഥ സാക്ഷ്യമാണ് അതിനേക്കാൾ പ്രധാനപ്പെട്ടതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. സഭയിൽ ക്രിസ്‌തു പത്രോസിൽ ഉൾപ്പെടെ, പ്രത്യേകമായി വിളിച്ച്, അഭിഷേകം ചെയ്യപ്പെട്ട മനുഷ്യരിൽ ഏൽപ്പിച്ച അധികാരത്തെയും, അന്തസ്സിനേയും തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യാം.

സഭയിലെ വിവിധ വിളികൾ

ശിഷ്യപ്രമുഖനായി പത്രോസിനെ തന്റെ അജഗണങ്ങളെ നയിക്കാൻ കർത്താവ് തിരഞ്ഞെടുക്കുന്നതാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നാം കണ്ടതെങ്കിൽ, സഭയിലും ശിഷ്യർക്കിടയിലും മറ്റുള്ളവർക്ക് എന്ത് കടമയാണ് ദൈവം നൽകുന്നത് എന്ന ഒരു ചോദ്യം സ്വാഭാവികമായി നമ്മിൽ ഉണർന്നേക്കാം. എഫേസൂസ്‌കാർക്കെഴുതിയ ലേഖനം നാലാം അദ്ധ്യായം ഏഴ് മുതൽ പതിനാറ് വരെയുള്ള വാക്യങ്ങളിൽ വിശുദ്ധ പൗലോസ് ഈയൊരു ചോദ്യത്തിനുള്ള ഉത്തരമാണ് നൽകുന്നതെന്ന് നമുക്ക് കാണാം. സഭയിലെ കൃപാവരങ്ങളുടെ വൈവിധ്യത്തെക്കുറിച്ചാണ് വിശുദ്ധ പൗലോസ് എഴുതുക. "നമുക്കോരോരുത്തർക്കും ക്രിസ്തുവിന്റെ ദാനത്തിനനുസൃതമായി കൃപ നൽകപ്പെട്ടിരിക്കുന്നു" (എഫേ. 4, 7) എന്നും, "അവൻ ചിലർക്ക് അപ്പസ്തോലന്മാരും പ്രവാചകന്മാരും സുവിശേഷപ്രഘോഷകന്മാരും ഇടയന്മാരും, പ്രബോധകന്മാരും മറ്റും ആകാൻ വരം നൽകി" (എഫേ. 4, 11) എന്നും പൗലോസ് ഓർമ്മിപ്പിക്കുന്നു. ഇത് നാമോരോരുത്തരും നമ്മുടേതായ വിളിക്കനുസരിച്ച് ശുശ്രൂഷ ചെയ്യുന്നതിനും, അതുവഴി ക്രിസ്തുവിന്റെ ശരീരരത്തെ പണിതുയർത്തുന്നതിനും വേണ്ടിയാണ് (എഫേ. 4, 12). ക്രിസ്തുവിലേക്ക് വളരാനും, ക്രിസ്തുവിന്റെ ശരീരമായ സഭയെ വളർത്താനും നമുക്കോരോരുത്തർക്കുമുള്ള കടമയാണ് വിശുദ്ധ പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നത്.

തന്റെ അജഗണത്തെക്കുറിച്ച് കരുതലുള്ള കർത്താവ്

താൻ സൃഷ്‌ടിച്ച മനുഷ്യവർഗ്ഗത്തിന്റെ അരികത്തുള്ള ദൈവമായാണ് പഴയനിയമത്തിൽ നാം കർത്താവിനെ കാണുന്നത്. ആ ജനത്തെ നയിക്കാനായി കാലാകാലങ്ങളിൽ അവൻ ഇടയന്മാരെയും, പ്രവാചകരെയും, രാജാക്കന്മാരെയുമൊക്കെ നിയമിക്കുന്നതും നമുക്ക് വിശുദ്ധ ഗ്രന്ഥത്തിൽ കാണാം. പുറപ്പാട് പുസ്തകം മൂന്നാം അധ്യായം ഒന്ന് മുതലുള്ള വാക്യങ്ങളിൽ, തന്റെ ജനത്തെ നയിക്കാനായി കർത്താവ് മോശയെ വിളിക്കുന്ന മനോഹരമായ സംഭവം നാം വായിക്കുന്നുണ്ട്. ഇസ്രായേൽ മക്കളുടെ നിലവിളി കേട്ട്, അവരെ അടിമത്തത്തിൽനിന്ന് മോചിപ്പിച്ച്, വാഗ്ദത്തനാട്ടിലേക്ക് നയിക്കാനായി വിളിക്കപ്പെട്ടവനാണ് മോശ പുറപ്പാട് 3, 1-12).

തന്റെ ജനത്തെ നയിക്കുവാനായി ദാവീദിനെ രാജാവായി തിരഞ്ഞെടുക്കുമെന്ന് എസക്കിയേൽ പ്രവാചകന്റെ പുസ്തകം മുപ്പത്തിനാലാം അദ്ധ്യായത്തിൽ കർത്താവ് അരുളിച്ചെയ്യുന്നത് നമുക്ക് കാണാം. തന്റെ ആടുകളുമായി, തിരഞ്ഞെടുക്കപ്പെട്ട ജനവുമായി ഒരു സമാധാനത്തിന്റെ ഉടമ്പടി ഉറപ്പിക്കുമെന്ന് ദൈവം അരുളിച്ചെയ്യുന്നു. അവർക്ക് സുരക്ഷിതമായി ഉണ്ണാനും ഉറങ്ങാനും സാധിക്കുമാറ് താൻ അവരെ സംരക്ഷിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു.

ദൈവജനത്തിന് ലഭിക്കുന്ന സംരക്ഷണം

പത്രോസിനെ അജപാലകനായി നിയമിക്കുന്ന ഉത്ഥിതനായ ക്രിസ്‌തുവിനെക്കുറിച്ചുള്ള സുവിശേഷവായന ഉൾപ്പെടെയുള്ള ഈ ഞായറാഴ്ചയിലെ തിരുവചനവായനകൾ, ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശമാണ് നൽകുന്നത്. വിളിച്ച് സ്വന്തമാക്കി, സംരക്ഷിക്കുകയും പരിപാലിക്കുകയും വളർത്തുകയും ചെയ്യുന്ന ദൈവസ്നേഹം തിരിച്ചറിയാനാണ് നമ്മോട് വചനം ഇന്ന് പറയുന്നത്. പഴയനിയമജനതയുടെയാകട്ടെ, പത്രോസുൾപ്പെടെയുള്ള പുതിയനിയമവിശ്വാസികളുടെയാകട്ടെ, നാമെല്ലാവരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകാവുന്ന വീഴ്‌ചകളും കുറവുകളും, എതിർസാക്ഷ്യങ്ങളും ജീവിതത്തിലെ അവസാനവാക്കല്ല എന്ന ഒരു തിരിച്ചറിവിലേക്ക് നാം വളരേണ്ടതുണ്ട്. പത്രോസിനോടെന്നപോലെ നാമെല്ലാവരോടും ഉത്ഥിതനായ ക്രിസ്‌തു ആവർത്തിച്ചു ചോദിക്കുന്നുണ്ട്, മറ്റെല്ലാവരേക്കാളും, നിനക്ക് പ്രിയപ്പെട്ടതെന്ന് നീ കരുതുന്ന എല്ലാത്തിനേക്കാളും, നിന്റെ ജീവനെക്കാളും നീ എന്നെ സ്നേഹിക്കുന്നുവോ? പാപങ്ങളെ വെറുത്തുപേക്ഷിച്ച്, നമ്മിലെ പഴയ മനുഷ്യരെ ഉരിഞ്ഞുമാറ്റി, പത്രോസിന്റെ വിശ്വാസപ്രഖ്യാപനം നമ്മുടേതാക്കി മാറ്റാൻ ദൈവം ഇന്ന് നമ്മെ വിളിക്കുന്നു. "ഉവ്വ് കർത്താവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന പത്രോസിന്റെ വാക്കുകൾ നമ്മുടേതാക്കി നമുക്ക് മാറ്റാം. വാക്കുകളിലും പ്രവൃത്തികളിലും, ജീവിതം മുഴുവനിലും ക്രിസ്‌തുവിന്റെ സാന്നിധ്യമുണ്ടാകട്ടെ, സാക്ഷ്യമുണ്ടാകട്ടെ. ക്രിസ്തുവിന് വേണ്ടി ജീവിക്കുന്ന മനുഷ്യരായി നമുക്കും മാറാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 April 2024, 11:06