തിരയുക

നല്ലിടയനായ ക്രിസ്തു നല്ലിടയനായ ക്രിസ്തു 

ആടുകൾക്കുവേണ്ടി ജീവനേകുന്ന നല്ലിടയൻ

ലത്തീൻ ആരാധനാക്രമപ്രകാരം ഉയിർപ്പ്കാലം നാലാം ഞായറാഴ്ചയിലെ തിരുവചനവായനകളെ ആധാരമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - യോഹന്നാൻ 10, 11-18
ആടുകൾക്കുവേണ്ടി ജീവനേകുന്ന നല്ലിടയൻ - ശബ്ദരേഖ

ഫാ. പീറ്റർ ടാജീഷ് O de M.

നന്മയുള്ള ഇടയന്റെ സുഗന്ധം നിറയുകയാണ് വചനം. ഇടയസങ്കല്പത്തിൽ രൂപപ്പെട്ട ഇസ്രായേൽ ജനതയ്ക്ക് ആരാണ് ഇടയൻ എന്ന വിചാരത്തിന് സംശയമില്ല എന്നതാണ് വാസ്തവം. അവർ അവരുടെ യഹോവയെ കണ്ടതുപോലും ഇടയനയാണ്. അങ്ങനെയൊരു വിചാരസംസ്കാരകേന്ദ്രത്തിൽ ക്രിസ്തു സ്വയം ഇടയനായി പരിണമിക്കുകയാണ്.

മനോഹരമായ ഒരു ദൈവസങ്കൽപ്പത്തിന്റെ പിറവിയാണ് ഈ സുവിശേഷം. ദൈവം അപരിമേയൻ, വിധിയാളൻ, രാജാവ് എന്ന പദങ്ങൾക്കപ്പുറം ഇടയൻ എന്ന പദത്തിന് ഒത്തിരി സൗന്ദര്യമുണ്ട്. കാരണം അതൊരു കരുതലിന്റെയും, സമർപ്പണത്തിന്റെയും ഒപ്പം കൂടെയായിരിക്കുന്നതിന്റെയും മറുപദങ്ങളാണ്.

ക്രിസ്തുവാണ്  ഇടയൻ എന്ന പദത്തിന് ആടുകൾക്കുവേണ്ടി ജീവൻ കൊടുക്കുന്ന ഒരാളെന്ന വിശേഷണം നൽകിയതും. സ്വജീവന്റെ ബലിയുമായി ബന്ധപ്പെട്ടതാണത്. അവിടെ ഇടയൻ ഒപ്പമുള്ള ഒരാൾ മാത്രമല്ല മറിച്ചു ആവശ്യമെങ്കിൽ സ്വന്തം ജീവൻ ബലിയായി നൽകാൻ മനക്കരുത്തുള്ള ഒരാളാണ്.

ചെന്നായ വരുന്നത് കാണുമ്പോൾ ഓടിയോളിക്കുന്ന ഇടയനും, ഒപ്പം ആടുകളെ രക്ഷിക്കാൻ ജീവൻ ബലിയായി നൽകുന്ന ഇടയനും തമ്മിൽ നല്ല വ്യത്യാസമുണ്ട്. ഒരാൾ കൂലിക്കാരനും മറ്റെയാൾ ഇടയനും.

ഇവിടെ ദൈവസങ്കൽപ്പം ഭൂമിയിലേക്ക് ഇറങ്ങി വരുകയാണ്. കാരണം ഭൂമിയിലെ ഇടയന്മാർ കൂലിക്കാരായി മാറി. നിലവിലെ യഹൂദമത പശ്ചാത്തലത്തിലാണ് ക്രിസ്തു ഇടയന്റെ ധർമം പറയുന്നത്. അതിനർത്ഥം ആ മതപശ്ചാത്തലാത്തിനുള്ളിൽ ഇടയൻമാർ കുറഞ്ഞുപോയി ഇല്ലെങ്കിൽ അവസാനിച്ചു എന്നും കൂടി വായിക്കണം.

യഹൂദമതം അതിന്റെ തകർച്ച നേരിട്ട സമയത്താണ് ക്രിസ്തു ഇടയധർമം അറിയിക്കുന്നത്. ഒരാൾ ഇടയനാകാത്തപക്ഷം അയാൾ കൂലിക്കാരനായി പരിണമിക്കും എന്നും കൂടി കർത്താവ് പറയാതെ പറയുന്നുണ്ട്.

ഇടയനിലേക്ക് തിരിച്ചു വരുമ്പോൾ, അതൊരാൾ മാത്രമാണ്. ആടുകളെ നേരിട്ടു അറിയുന്ന, ആത്മബന്ധം സൂക്ഷിക്കുന്ന, അവയെ സ്നേഹിക്കുന്ന, ജീവൻ ബലിയായി നൽകുന്ന, അവർക്ക് വാതിലാകുന്ന ഒരാൾ. അതു ക്രിസ്തുവാണ്.

ചിതറിപോകേണ്ട ഒരു അജഗണം, ഒരുമിച്ചു കൂട്ടപെടുന്ന ഒരു സവിശേഷതയാണ് ഇടയധർമം. ഇടയധർമം മറക്കപെടുന്നിത്ത് പലരും പലയിടങ്ങളിലും ചിതറിപോയി എന്നുകൂടിയുണ്ട് അർത്ഥം.

ഇടയസവിശേഷത വചനം ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്.

1. നിയമനുസൃതമായി അധികാരമുള്ള ഒരാൾ. ക്രിസ്തുവാണ് അയാൾ കാരണം ദൈവപരിപാലനയിൽ, ആ ഹിതമനുസരിച്ചു ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവപുത്രൻ. അയാൾ അധികാരമുള്ള ഇടയനാണ്. ആ അധികാരമാകട്ടെ തന്റെ പിതാവിനോടുള്ള അനുസരണയിൽ നിറഞ്ഞതും.

2. അയാൾ വാതിലിലൂടെ പ്രേവേശിക്കും. അയാൾ പരസ്യമായി എല്ലാവർക്കും മുന്നിലൂടെ ആടുകളുടെ ആലയിൽ പ്രേവേശിക്കും. അയാൾക്ക്‌ ഒന്നും മറച്ചുവയ്ക്കാനില്ല, ഒന്നും ഒളിച്ചു പറയാനുമില്ല. അയാൾ എല്ലാവർക്കും മുന്നിൽ ഇടയാനായി നിൽക്കും.

3. ആടുകളെ അയാൾ പേര് ചൊല്ലി വിളിക്കും. അയാളുടെ ബന്ധം ആഴത്തിലുള്ളയാണ്, അവയെ അയാൾക്കറിയാം. ആഴമുള്ള ബന്ധം അതാണ് ഒരാളെ ഇടയധർമത്തിൽ ഉറപ്പിച്ചു നിർത്തുന്നത്. ആ അഴമുള്ള ബന്ധത്തിൽ അയാൾ അവയെ പേരുചൊല്ലി വിളിക്കുന്നു. പേരുചൊല്ലി വിളിക്കുക എന്നുപറയുമ്പോൾ, ഓർക്കണം, ആടുകളുടെ ജീവിതം മുഴുവൻ അയാൾക്കറിയാം.

4.  അയാൾ ആടുകൾക്കു മുൻപേ നടക്കുന്നു. ജീവിതമാണ് അയാളുടെ പാഠം, അത് നന്നായി ജീവിച്ചു അയാൾ കാണിക്കുന്നു. മുൻപേ നടക്കുക എന്ന് പറയുമ്പോൾ, അറിയണം, അത് അധികാരം മാത്രമല്ല മറിച്ചു ജീവിതം സാക്ഷ്യമാക്കിയവന്റെ ഗുണം കൂടിയാണ്. മുൻപേ നടന്നു പഠിപ്പിക്കുന്നവന്റെ സവിശേഷത.

5. ചെന്നായ വരുമ്പോൾ ആടുകൾക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നു. സമർപ്പണത്തിന്റെ ഏറ്റവും വലിയ സാക്ഷ്യമാണ് ജീവൻ അർപ്പിക്കുക എന്നത്. സ്വന്തം ജീവനേക്കാൾ ആടുകളുടെ ജീവന് പ്രാധാന്യം നൽകുന്നതിന്റെ അടയാളമാണ്. ആ അർത്ഥത്തിലാണ് ക്രിസ്തുവിന്റെ കുരിശുമരണം ബലിയായി മാറുന്നത്.

ചെന്നായ ഒരു ലോകകാര്യമാണ്. ഒരിടയന് അതിൽനിന്നും ഒഴിഞ്ഞു നിൽക്കാനും കഴിയില്ല എന്നതാണ് വാസ്തവം. ചെന്നായകളുടെ ലോകത്ത് ഒരിടയൻ പഠിക്കേണ്ടത് ജീവൻ ബലിനൽകാൻ മാത്രമാണ്.

ഇങ്ങനെയൊരു ഇടയധർമത്തിൽ, ക്രിസ്തുവിന്റെ വാക്കുകൾ സഭയ്ക്കുള്ള ഒരു  പാഠം കൂടിയാണ്. ഇവിടെ സഭ എന്നുപറയുമ്പോൾ അത് കുടുംബം കൂടിയാണ്. ഇടയധർമ്മം ജീവിക്കുക എന്നതാണ് നമ്മുടെ കടമ. ഇടവകയും, വീടും, പരിസരങ്ങളും ഒക്കെയും ഇടയധർമത്താൽ പോഷിപ്പിക്കപ്പെടണം.

ഇടയധർമ്മം മറക്കുന്ന ഒരു ലോകമാണ് ഇന്ന് നിർമ്മിക്കപ്പെടുന്നത്. ഇടയനും ആടുകളും ഇന്ന് കൃത്യതയില്ലാത്ത ഒരു യാഥാർഥ്യമായി മാറുന്നുമുണ്ട്. ഇടയനാകാനും, ഒരിടയന്റെ കീഴിൽ ജീവിക്കാനും മടിയുള്ള ഒരു അന്തരീക്ഷം ഇന്ന് നിർമ്മിക്കപെടുകയാണ്. ഓരോരുത്തരും അവരവരുടെ കാര്യങ്ങൾ ചെയ്തും, കൂടെയുള്ളവനെ മറന്നും നമ്മൾ അങ്ങനെ ജീവിക്കും. ഓർക്കണം ആ ഒരു മനോഭാവത്തിൽ നമ്മൾ ഒപ്പമുള്ളവരെ നഷ്ടപ്പെടുത്തുകയാണ്. നമ്മുടെ കൈവെള്ളയിലൂടെ അവർ ഊർന്നുപോവുകയാണ്. ഇടയധർമം മറക്കുന്ന ഇടങ്ങൾ പലരെയും, പലയിടത്തും നമ്മളെ നഷ്ട്ടപെടുത്തുകയാണ്.

നമുക്ക് നഷ്ട്ടപെട്ട ഇടയധർമ്മം വീണ്ടെടുക്കയാണ് പ്രധാനം. നമ്മുടെ വീടുകളിൽ നിന്നും ആരംഭിക്കണം. കുഞ്ഞുങ്ങളെ കൈവെള്ളയിൽ, നെഞ്ചിൽ കരുതുന്ന മുതൽ അവരെ ജീവിതസുവിശേഷ മൂല്യങ്ങൾ പകർന്നും, നല്ല മക്കളായി വളർത്തുന്നതും ഒക്കെയും ഇടയധർമമാണ്. അതിലേക്കാണ് നമ്മൾ വളരേണ്ടതാണ്.

നല്ല ഇടയന്മാർ നമ്മളിൽ രൂപപ്പെടട്ടെ എന്നതാണ് പ്രാർത്ഥന. ആ ഇടയന്മാർക്കു കീഴിൽ നല്ല അജഗണവും രൂപപ്പെടും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 April 2024, 10:09