തിരയുക

2023 ൽ റോമിലെ കൊളോസിയത്തിൽ നടന്ന കുരിശിന്റെ വഴി പ്രാർത്ഥന 2023 ൽ റോമിലെ കൊളോസിയത്തിൽ നടന്ന കുരിശിന്റെ വഴി പ്രാർത്ഥന   (VATICAN MEDIA Divisione Foto)

കുരിശിന്റെ വഴി ക്രൈസ്തവന്റെ ജീവിതയാത്ര

കുരിശിന്റെ വഴി പ്രാർത്ഥനയിലെ 5,6,7 സ്ഥലങ്ങളെപ്പറ്റിയുള്ള ധ്യാനാത്മകമായ വിചിന്തനം

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

"എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു." (യോഹ 3, 16)പിതാവിന്റെ സ്നേഹത്തിന്റെ ആഴം അതിന്റെ ശ്രേഷ്ഠതയിൽ  വെളിപ്പെടുത്തുന്നതാണ് യോഹന്നാന്റെ സുവിശേഷത്തിലെ ഈ തിരുവചനം. വിശ്വസിക്കുന്ന ആരും നിരാശരാവുകയില്ലയെന്നും, അവർ നിത്യജീവൻ പ്രാപിക്കുമെന്നുള്ള ഉറപ്പുമാണ് പിതാവായ ദൈവം തന്റെ പ്രിയപുത്രന്റെ മനുഷ്യാവതാരം വഴി വാഗ്ദാനം ചെയ്യുന്നത്.

തന്റെ ഏകജാതനെ തനിക്കുവേണ്ടി മാത്രം ഒതുക്കിനിർത്താതെ മറ്റുള്ളവർക്കുവേണ്ടി കൈയ്യാളിക്കുന്ന പിതാവായ ദൈവത്തിന്റെ ഹൃദയ വിശാലതയും നാം ധ്യാനിക്കേണ്ടതാണ്. ഈ സ്നേഹത്തിന്റെ വാഗ്ദാനം വെറും വാക്കുകളിൽ മാത്രം പിതാവായ ദൈവം ഒതുക്കിനിർത്തിയില്ല. മറിച്ച് തന്റെ മക്കളുടെ പാപങ്ങൾക്കുവേണ്ടി യേശുവിനെ മരണത്തിനു പോലും വിട്ടുകൊടുക്കുന്ന പിതാവിന്റെ സ്നേഹത്തിന്റെ മൂർത്തീമത്ഭാവമാണ് കുരിശെന്ന അടയാളത്തിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്. ക്രിസ്തുവിന്റെ കുരിശിൽ ത്രിത്വയ്ക ദൈവത്തിന്റെ എല്ലാ സ്നേഹവും അടങ്ങിയിരിക്കുന്നു.  ദൈവത്തിന്റെ കരുണയുടെ എല്ലാ ഭാവങ്ങളും കുരിശിൽ നമുക്ക് കാണാം.

കുരിശിന്റെ വഴി പ്രാർത്ഥന ചൊല്ലുന്ന അവസരത്തിൽ, ആദ്യം നമുക്ക് ലഭിക്കുന്ന കൃപ  വിശ്വാസത്തിന്റേതാണ്. ജീവിതത്തിൽ ഏതു വിഷമസന്ധികളിലും, നമുക്ക് ഓടി ചെല്ലുവാനും, നമുക്ക് ആശ്രയം വയ്ക്കുവാനും നമുക്കായി കുരിശിലേറിയ ഒരു ദൈവം ഉണ്ടെന്നും, അവനിൽ വിശ്വാസമർപ്പിച്ചാൽ നിരാശപ്പെടേണ്ടിവരികയില്ലെന്നുമുള്ള ഉറപ്പുമാണ് ഈ പ്രാർത്ഥന നമുക്ക് നൽകുന്നത്. അതിനാൽ കുരിശിന്റെ വഴിപ്രാര്ഥന ചൊല്ലുന്ന അവസരത്തിൽ നമ്മെത്തന്നെ യേശുവിനു ഭരമേൽപ്പിക്കാം.ക്രൂശിക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൽ മാത്രമേ നമുക്ക് രക്ഷയും വീണ്ടെടുപ്പും കണ്ടെത്താൻ കഴിയൂ.

കുരിശിന്റെ വഴിയിൽ  നാം കണ്ടുമുട്ടുന്ന വിവിധ വ്യക്തിത്വങ്ങളോട് നമ്മെ തന്നെ താരതമ്യപ്പെടുത്തിക്കൊണ്ട്  മാനസാന്തരത്തിനുള്ള ഒരു വഴി നമ്മുടെ ജീവിതത്തിൽ തുറക്കുവാനുള്ള ഒരു അവസരവും നമുക്ക് ലഭിക്കുന്നുണ്ട്. കുരിശിന്റെ വഴി പ്രാർത്ഥന ചൊല്ലുന്ന അവസരത്തിൽ നമ്മുടെ ഉള്ളിൽമുഴങ്ങുന്ന ഒരു ചോദ്യവും ഇത് തന്നെയാണ്: നിങ്ങൾ ആരാകാനാണ് ആഗ്രഹിക്കുന്നത്? പീലാത്തോസിനെപ്പോലെയോ? മറിയത്തെ പോലെയോ? ആക്രോശിക്കുന്നു ജനക്കൂട്ടത്തെ പോലെയോ? നിശ്ശബ്ദരായിരിക്കുന്ന സാധുക്കളെപ്പോലെയോ? ഓടിയൊളിക്കുന്ന ശിഷ്യരെപോലെയോ? കുരിശു ചുമക്കുവാൻ അടുത്തേക്ക് വരുന്ന ശിമയോനെ  പോലെയോ? സധൈര്യം പട്ടാളക്കാരുടെ നടുവിലൂടെ നടന്നു യേശുവിന്റെ രക്തമണിഞ്ഞ മുഖം തന്റെ തൂവാല കൊണ്ട് തുടയ്ക്കുന്ന വെറോനിക്കയെ പോലെയോ? ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ മാറി മാറി നാം ധരിക്കുന്ന വ്യക്തിത്വങ്ങളാവാം ഇവരൊക്കെ. യേശുവിന്റെ കാൽവരിയാത്രയിൽ നാം എപ്രകാരമാണ് അവനോടൊപ്പം ആയിരിക്കുവാൻ ആഗ്രഹിക്കുന്നതെന്ന് വിചിന്തനം ചെയ്യാനുള്ള ഒരു അവസരം കൂടിയാണ് കുരിശിന്റെ വഴി പ്രാർത്ഥനയിലെ ഓരോ സ്ഥലങ്ങളും.

നമ്മുടെ ജീവിതത്തിന്റെ കഷ്ടപ്പാടുകളിൽ, നമ്മോടൊപ്പം സഹതപിക്കുന്ന ഒരു ദൈവത്തെ കണ്ടുമുട്ടുവാനുള്ള  അവസരം കൂടിയാണ് കുരിശിന്റെ വഴി പ്രാർത്ഥനയുടെ അവസരം. "രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടില്ല."(ഏശ 59 ,1) എന്ന ഏശയ്യാ പ്രവാചകന്റെ വചനങ്ങൾ കുരിശിന്റെ വഴി പ്രാർത്ഥനയുടെ യഥാർത്ഥ അർത്ഥം ഉൾക്കൊള്ളുവാൻ നമ്മെ സഹായിക്കുന്നു. മനുഷ്യന്റെ വിലാപങ്ങൾക്കുമുൻപിൽ ദൈവത്തിന്റെ കരം കുറുകിപോയിട്ടില്ലെന്നതിന്റെ തെളിവാണ് കാൽവരിയിലേക്കുള്ള  യേശുവിന്റെ യാത്ര. തന്റെ യാത്രയിലുടനീളം അവന്റെ കാതുകളിൽ അലയടിച്ചത് മനുഷ്യരുടെ വിലാപങ്ങളും, നിലവിളികളും അപേക്ഷകളുമായിരുന്നു. അവിടുന്ന് എന്റെ അലച്ചിലുകള്‍ എണ്ണിയിട്ടുണ്ട്; എന്റെ കണ്ണീര്‍ക്കണങ്ങള്‍ അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്; അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ.(സങ്കീ 56 ,8).

 ക്രിസ്തുവിന്റെ തോളിലെ കുരിശിൽ നമ്മുടേതുൾപ്പെടെ  മനുഷ്യരാശിയുടെ മുഴുവൻ ഭാരവും നിറഞ്ഞുനിൽക്കുന്നു. അവന്റെ തുറന്ന കരങ്ങൾ മനുഷ്യൻ കുരിശിനോട് ചേർത്തു ബന്ധിച്ചുവെങ്കിലും, ഉന്നതങ്ങളിൽ തന്റെ പിതാവിന്റെ അടുക്കലേക്കാണ് അവൻ കൈകൾ ഉയർത്തി പ്രാർത്ഥിക്കുന്നത്. ജീവിതത്തിന്റെ കുരിശുകൾ ചുമന്നു നാം ക്ഷീണിക്കുന്ന അവസരത്തിൽ അവൻ നമ്മോട് മന്ത്രിക്കുന്ന വചനങ്ങൾ  ഇതാണ്, "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും." (മത്താ 11 ,28 -29). യേശുവിന്റെ കുരിശുയാത്ര നമ്മുടെ ജീവിതത്തിന്റെ ഒരു മുന്നാസ്വാദനം കൂടിയാണ്. കുരിശു കൂടാതെ ജീവിക്കുവാൻ നമുക്ക് സാധിക്കുകയില്ലെങ്കിൽ പോലും നമ്മോടൊത്തു കുരിശു ചുമക്കുവാൻ ദൈവമുണ്ടെന്ന വിശ്വാസവും, പ്രത്യാശയും കുരിശിന്റെ വഴി പ്രാർത്ഥന നമുക്ക് പ്രദാനം ചെയ്യുന്നു.

നമ്മുടെ ക്രൈസ്തവജീവിതത്തിനുള്ള പ്രചോദനം നൽകുവാനും കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് സാധിക്കുന്നു. ക്രിസ്തുവിന്റെ കുരിശെന്നത് കേവലം രണ്ടു മരക്കഷണങ്ങളുടെ സംയോജനം മാത്രമല്ല മറിച്ച് ആ മരക്കഷണങ്ങൾ പ്രതിനിധാനം ചെയ്യുന്ന സ്നേഹത്തിന്റെ ബന്ധം കൂടിയാണ്;  ദൈവത്തോടും, മനുഷ്യരോടുമുള്ള ബന്ധം. മനുഷ്യരോടുള്ള ബന്ധത്തിൽ ദൈവീകബന്ധം ആവശ്യമില്ല എന്ന് പറയുന്ന ആധുനിക ലൗകീകതത്വചിന്ത തെറ്റാണെന്ന് കുരിശിന്റെ വഴി സമർത്ഥിക്കുന്നു. ഇതിന്റെ മറുപുറവും ഏറെ പ്രധാനപ്പെട്ടതാണ്. ദൈവീക ബന്ധത്തിൽ സഹോദരങ്ങളെ മറക്കുന്ന ഒരു പ്രവണതയും ശരിയല്ലായെന്ന ഉദ്ബോധനവും കുരിശിന്റെ വഴി പ്രാർത്ഥന നമുക്ക് നൽകുന്നു. സമൂഹത്തിലെ എല്ലാ സഹോദരങ്ങളോടും, പ്രത്യേകമായി കഷ്ടപ്പെടുന്നവരോടും, സഹായം ആവശ്യമുള്ളവരോടും കരുണയോടും, ആർദ്രതയോടും കൂടി പരിപാലിക്കുവാനും, അവരോട് നല്ല വാക്കുകൾ പറയുവാനും, പുഞ്ചിരി സമ്മാനിക്കുവാനും ഈ പ്രാർത്ഥന  നമ്മെ സഹായിക്കുന്നു.

അന്ത്യവിധിക്കുള്ള നമ്മുടെ തീരുമാനങ്ങൾ ഒരുക്കുവാൻ ഈ പ്രാർത്ഥന നമ്മെ സഹായിക്കുന്നു. ദൈവത്തിന്റെ ന്യായവിധി സ്നേഹത്തിന്റേതാണ്. നമ്മെ സ്നേഹിക്കുന്നതിലൂടെയാണ് ദൈവം നമ്മെ വിധിക്കുന്നത്.  എന്നാൽ ഈ സ്നേഹത്തെ പുണരണമോ വേണ്ടയോ എന്ന് സ്വാതന്ത്ര്യപൂർവം തീരുമാനം കൈക്കൊള്ളേണ്ടത് നാമോരോരുത്തരുമാണ്. സ്നേഹം നിരസിക്കുമ്പോൾ ഞാൻ തന്നെയാണ് എന്റെ ശിക്ഷാവിധിക്കുള്ള പാതയൊരുക്കുന്നതെന്ന തിരിച്ചറിവും ഈ പ്രാർത്ഥന നമുക്ക് നൽകുന്നു. കാരണം ദൈവം ഒരിക്കലും കുറ്റംവിധിക്കുന്നില്ല, അവൻ സ്നേഹിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു.

തിന്മയ്‌ക്കെതിരെ പോരാടുവാനുള്ള വിളിയും കുരിശിന്റെ വഴി പ്രാർത്ഥന നമുക്ക് പ്രദാനം ചെയ്യുന്നു. ലോകത്തിലെ തിന്മയ്‌ക്കെതിരെ ദൈവം പ്രതികരിച്ച വചനമാണ് കുരിശ്. ഇന്നും ലോകത്തിൽ നിലനിൽക്കുന്ന നിരവധിയായ തിന്മകളുടെ ശക്തിക്കെതിരെ പോരാടുവാൻ നമുക്ക് യേശുവിന്റെ കുരിശിന്റെ തണലിൽ അഭയം പ്രാപിക്കേണ്ടതാണ്.  സ്നേഹവും, കരുണയും, ക്ഷമയും എല്ലാം ഉൾക്കൊള്ളുന്ന ദൈവത്തിന്റെ തിന്മയോടുള്ള ഉത്തരമാണ് യേശുവിന്റെ കുരിശ്. ഈ പ്രാർത്ഥന  ചൊല്ലുന്ന അവസരത്തിൽ യേശുവിന്റെ കുരിശിന്റെ ശക്തി തിരിച്ചറിയുവാനും, ആ കുരിശിൽ എല്ലാ നാരകീയ ശക്തികളെയും ചെറുത്തു തോൽപ്പിക്കുവാനും നമുക്ക് സാധിക്കണം.

കുരിശിന്റെ വഴി പ്രാർത്ഥന സ്നേഹത്തിന്റെ ഉറപ്പും, ഉത്ഥാനത്തിലേക്കുള്ള പ്രത്യാശയുമാണ്. കുരിശിനെ ഉറ്റുനോക്കിയവർക്കും, അവന്റെ കുരിശിൽ സ്പർശിച്ചവർക്കും യേശു നൽകിയത് സ്നേഹത്തോടെയുള്ള സൗഖ്യമാണ്. ആന്തരികവും, ശാരീരികവുമായ പലവിധ രോഗങ്ങളാൽ വലയുന്ന നമുക്ക് ക്രിസ്തുവിന്റെ കുരിശിൽ നിന്നും സൗഖ്യം പ്രാപിക്കുവാൻ സാധിക്കുമെന്ന ഉറപ്പാണ് കുരിശിന്റെ വഴി പ്രാർത്ഥനയിൽ നമുക്ക് അനുഭവിക്കുവാൻ സാധിക്കുക. എന്റെ ജീവിതത്തിലും ഇതേ സ്നേഹത്തിന്റെ ഉറപ്പു തിരിച്ചറിയുവാൻ നമുക്ക് സാധിക്കുന്നുണ്ടോ എന്ന വിചിന്തനം നാം ഓരോരുത്തരും നടത്തേണ്ടതാണ്. ഒപ്പം ഈ ഉറപ്പു നമ്മെ എത്തിക്കുന്നത് ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ സന്തോഷത്തിലേക്കാണ്. ക്രിസ്തുവിനോടൊപ്പം തിന്മകളിൽ ക്രൂശിക്കപ്പെടുന്നവർക്കു മാത്രമേ നന്മയിൽ അവനോടൊപ്പം ഉയിർത്തെഴുനേൽക്കുവാൻ സാധിക്കുകയുള്ളൂ.

ഈ ആമുഖചിന്തകളോടെ കുരിശിന്റെ വഴി പ്രാർത്ഥനയിലെ അഞ്ചും, ആറും ,ഏഴും സ്ഥലങ്ങളെപ്പറ്റിയുള്ള ധ്യാനാത്മകമായ ചിന്തകളിലേക്ക് നമുക്ക് കടക്കാം.

അഞ്ചാം  സ്ഥലം: ശിമയോൻ യേശുവിനെ സഹായിക്കുന്നു

അലക്‌സാണ്ടറിന്റെയും റൂഫസിന്റെയും പിതാവായ കിറേനാക്കാരന്‍ ശിമയോന്‍ നാട്ടിന്‍പുറത്തുനിന്നു വന്ന്, അതിലേ കടന്നുപോവുകയായിരുന്നു. യേശുവിന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു.തലയോടിടം എന്നര്‍ഥമുള്ള ഗോല്‍ഗോഥായില്‍ അവര്‍ അവനെ കൊണ്ടുവന്നു.(മാർക്കോസ് 15,21 -22)

വഴിയിലൂടെ കടന്നു പോയ ശിമയോനെ യേശുവിന്റെ  കുരിശു ചുമക്കുവാൻ പട്ടാളക്കാർ നിർബന്ധിക്കുന്നു. ഈ കൈസഹായം ചോദിക്കുന്നത് യേശുവിനോടുള്ള സഹതാപത്തെപ്രതിയല്ല മറിച്ച് ജീവനോടെ യേശുവിനെ കുരിശിൽ തറയ്ക്കണമെന്നുള്ള ക്രൂരതയുടെ അത്യാഗ്രഹമാണ്.മനസില്ലാമനസോടെയാവണം ശിമയോൻ യേശുവിന്റെ കുരിശു ചുമക്കുവാൻ തയാറായത്. ഒരു പക്ഷെ പട്ടാളക്കാരോടും, ലൗകീക ഭരണാധികാരികളോടുമുള്ള ഭയം നിമിത്തമാവണം അവൻ കുരിശു ചുമക്കുന്നത്. പക്ഷെ എന്തുകൊണ്ടാണ് ശിമയോൻ തിരഞ്ഞെടുക്കപ്പെട്ടതെന്ന് നാം ചിന്തിക്കേണ്ടതാണ്. യേശുവിനെ സമീപത്തുകൂടി  എത്രയോ ആളുകൾ നടന്നുപോയിട്ടുണ്ടാവണം, പക്ഷെ ശിമയോൻ മാത്രം നിർബന്ധിക്കപ്പെടുന്നു.

യേശുവിനോടുള്ള അന്യതാഭാവം ശിമയോനിൽ ഏതാനും ചുവടുകൾ മുൻപോട്ടു പോയപ്പോൾ മാറിയിട്ടുണ്ടാവണം യേശു അവനോട്  എന്തെങ്കിലും  സംസാരിച്ചുകാണുമോ? പക്ഷെ വാക്കുകൾക്കുമപ്പുറം അവന്റെ ദർശനം ശിമയോനിൽ മാനസാന്തരത്തിന്റെ വിത്തുകൾ പാകിയിട്ടുണ്ടാവും. ഇന്നും യേശുവിന്റെ കുരിശു ചുമക്കുവാൻ, യേശുവിനെ മറ്റുള്ളവർക്ക് പകർന്നു നൽകുവാൻ നമുക്കു ലഭിക്കുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുവാൻ നാം ശ്രദ്ധിക്കാറുണ്ടോ? യേശുവിനെ മറ്റുള്ളവരിൽ ദർശിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ടോ? മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അധ്യായത്തിൽ നാം കാണുന്നതുപോലെ, അന്ത്യവിധിയുടെ ചോദ്യങ്ങൾ നമ്മുടെ ഉള്ളിൽ നാം കേൾക്കണം, ഞാൻ നഗ്നനായിരുന്നു,നിങ്ങൾ എന്നെ ഉടുപ്പിച്ചോ? ഞാൻ കാരാഗൃഹവാസിയായിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചോ? ഞാൻ നിങ്ങള്ക്ക് വേണ്ടി കുരിശു ചുമന്നു നിങ്ങൾ എന്നെ സഹായിച്ചോ? അഞ്ചാം സ്ഥലം ശിമയോനെ  പോലെ സഹോദരങ്ങൾക്കു വേണ്ടി സഹായം ചെയ്യുവാനുള്ള പ്രചോദനം നമുക്ക് പ്രദാനം ചെയ്യട്ടെ.

ആറാം സ്ഥലം: വേറോനിക്ക മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു

"തൈച്ചെടിപോലെ, വരണ്ട ഭൂമിയില്‍ നില്‍ക്കുന്ന മുളപോലെ, അവന്‍ അവിടുത്തെ മുന്‍പില്‍ വളര്‍ന്നു. ശ്രദ്ധാര്‍ഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല.അവന്‍ മനുഷ്യരാല്‍ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖം തിരിച്ചുകളഞ്ഞു.  അവന്‍ നിന്ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ്‌ യഥാര്‍ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്." (ഏശ 53, 2 - 3)

മിശിഹായുടെ തിരുമുഖം തുടയ്ക്കുവാൻ പട്ടാളക്കാരുടെ ഇടയിലൂടെ സധൈര്യം നടന്നു നീങ്ങുന്ന വേറോനിക്കയെ അത്ഭുതത്തോടെയാവണം മറ്റുളവർ നോക്കിനിന്നത്.  തന്റെ പരസ്യജീവിതകാലത്തൊന്നും കാണാതിരുന്ന വേറോനിക്കയെ യേശുവിലേക്ക് നയിച്ച ശക്തി എന്താവണം? സ്നേഹം പ്രതിബന്ധം അറിയുന്നില്ല. പ്രതിബന്ധനങ്ങളെ മറികടക്കണമെങ്കിൽ യാഥാർത്ഥസ്നേഹം തിരിച്ചറിയണമെന്നും, തിരിച്ചറിഞ്ഞ സ്നേഹത്തെ അടുത്തറിയണമെന്നും, അവനിൽ വിശ്വാസമർപ്പിക്കണമെന്നും, വേറോനിക്കയുടെ  സാക്ഷ്യം നമ്മെ ഓർമ്മപ്പെടുത്തുന്നു. ശാരീരികമായി അവൾ കുരിശു ചുമന്നില്ലെങ്കിലും,  ആത്മീയമായി അവൾ തീർച്ചയായും ഈ കുരിശ് യേശുവിനൊപ്പം വഹിച്ചുവെന്ന് ഉറപ്പാണ്.

ക്രിസ്തുവിൻ്റെ സവിശേഷതകൾ തന്റെ തൂവാലയിൽ ഒപ്പിയെടുക്കുവാൻ അവൾക്കു സാധിച്ചു. രക്തവും വിയർപ്പും ഇടകലർന്നു നനയപ്പെട്ട യേശുവിന്റെ മുഖം ഇന്നും ക്രൂരതകളാൽ രക്തം ചിന്തുന്ന സഹോദരങ്ങളെ പ്രതിനിധാനം ചെയ്യുന്നു. നമ്മുടെ സഹോദരങ്ങളുടെ രക്തം വാർന്ന മുഖം തുടയ്ക്കുവാൻ, സമൂഹം കൽപ്പിക്കുന്ന വിലക്കുകളും, പരിഹാസങ്ങളും നാം ശ്രദ്ധിക്കേണ്ടതില്ല. മറിച്ച് നമ്മുടെ ഉള്ളിൽ കേൾക്കേണ്ട ഒരേ ഒരു സ്വരം യേശുവിന്റേതാണ്, "എൻ്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരാൾക്ക് നിങ്ങൾ ചെയ്തതെന്തും, നിങ്ങൾ എനിക്കു ചെയ്തതാണ്." (മത്താ 25 37 -40). ആറാം സ്ഥലത്തിൽ വേറോനിക്ക കാട്ടിത്തരുന്ന സ്നേഹത്തിന്റെ മാതൃക ഉൾക്കൊള്ളുവാൻ നമുക്ക് പ്രാർത്ഥിക്കാം.

ഏഴാം സ്ഥലം: യേശു രണ്ടാം പ്രാവശ്യം വീഴുന്നു

"അവിടുത്തെ ക്രോധത്തിന്റെ ദണ്‍ഡനം അനുഭവിച്ചറിഞ്ഞവനാണ് ഞാന്‍. പ്രകാശത്തിലേക്കല്ല, കൂരിരുട്ടിലേക്കാണ്അവിടുന്ന് എന്നെതള്ളിവിട്ടത്.ചെത്തിയെടുത്ത കല്ലുകൊണ്ട് അവിടുന്ന് എന്റെ വഴിയടച്ചു. എന്റെ പാതകളെ അവിടുന്ന് വളഞ്ഞതാക്കി. കല്ലുചവച്ച് പല്ലു പൊടിയാനുംചാരം തിന്നാനും എനിക്കിടവരുത്തി." (വിലാപങ്ങൾ 3,1-2. 9. 16)

സഹനദാസന്റെ രണ്ടാം വീഴ്ച ഭൂമിയെ മുഴുവൻ പ്രകമ്പനം കൊള്ളിച്ചിട്ടുണ്ടാവണം. കുരിശും  വഹിച്ചുകൊണ്ടുള്ള  യേശുവിന്റെ കാൽവരി യാത്ര പരിഹാസത്തിന്റേതായിരുന്നു. ആ പരിഹാസം ഏറ്റുന്നതായിരുന്നു കുരിശും കൊണ്ടുള്ള വീഴ്ച. അവൻ താഴേക്ക് പതിച്ചപ്പോൾ പട്ടാളക്കാർ ആർത്തു അട്ടഹസിച്ചിട്ടുണ്ടാവും. കാരണം സകലത്തിന്റെയും മേൽ അധികാരമുള്ളവൻ ശക്തിക്ഷയിച്ചവനായി കാണുമ്പോൾ പരിഹാസം അതിന്റെ മൂർദ്ധന്യതയിൽ അവരെ പിടിമുറുക്കിയിട്ടുണ്ടാവും. എന്നാൽ യേശുവിനു താഴേക്ക് പതിച്ചാൽ മാത്രമേ തിരുവെഴുത്തുകൾ പൂർത്തിയാക്കിക്കൊണ്ട് മനുഷ്യരക്ഷ നേടുവാൻ  സാധിക്കുകയുള്ളൂ. "ഞാൻ ഒരു പുഴുവാണ്, ഒരു മനുഷ്യനല്ല" (സങ്കീർത്തനങ്ങൾ 22, 7) എന്ന സങ്കീർത്തകന്റെ വചനങ്ങൾ തന്റെ ജീവിതത്തിൽ പൂർത്തിയാക്കുവാൻ, തന്നെത്തന്നെ ചെറുതാക്കിയവനാണ് താഴേക്ക് പതിക്കുന്നത്.

മനുഷ്യന്റെ ഹൃദയത്തിൽ പശ്ചാത്താപത്തിന്റെ കണികകൾ അവശേഷിപ്പിക്കുവാൻ തന്റെ വീഴ്ചയുടെ വേദന അവൻ പരിഗണിക്കുന്നേയില്ല. അവനെ പരിഹസിച്ചവർക്കും, മർദിച്ചവർക്കും വേണ്ടിക്കൂടിയാണ് അവൻ നിലത്തേക്ക് പതിക്കുന്നത്. ഈ സ്ഥലം ധ്യാനിക്കുമ്പോൾ, ഇന്നും കുരിശുകൾ വഹിക്കുവാൻ ശക്തിയില്ലാതെ താഴേക്ക് പതിക്കുന്ന സഹോദരങ്ങളെ  നമുക്ക് സ്മരിക്കാം. ഒരുപക്ഷെ അവരുടെ പതനത്തിൽ നാം അവരെ പരിഹസിച്ചിട്ടുണ്ടാവാം. അവരെ ഗൗനിക്കാതെ കടന്നുപോയിട്ടുണ്ടാവാം. എന്നാൽ അവരിൽ യേശുവിനെ ദർശിക്കുവാനും, പരിഹസിക്കാതെ അവരെ ചേർത്ത് നിർത്തുവാനും ഏഴാം സ്ഥലം നമ്മെ ക്ഷണിക്കുന്നു.

കുരിശിന്റെ വഴി പ്രാർത്ഥനയിൽ യേശു നമുക്ക് കാട്ടിത്തരുന്ന സ്നേഹത്തിന്റെ പാതയിൽ വിശ്വാസത്തോടെ തീർത്ഥാടനം നടത്തുവാൻ നമുക്കേവർക്കും സാധിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 March 2024, 06:38