തിരയുക

മൈക്കലാഞ്ചലോയുടെ പിയാത്തെ മൈക്കലാഞ്ചലോയുടെ പിയാത്തെ  

ദൈവമാതാവിന്റെ വ്യാകുലപ്രലാപം - ഭാഗം–7

അർണോസ് പാതിരി രചിച്ച 'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' അഥവാ 'ഉമ്മാടെ ദുഃഖം' എന്ന കൃതിയെ ആധാരമാക്കിയ വിചിന്തനം. പ്രത്യേക നോമ്പുകാലപരിപാടി-ഏഴാം ഭാഗം
'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' - 7 - ശബ്ദരേഖ

എഫ്. ആന്‍റണി പുത്തൂര്‍, ചാത്തിയാത്ത്

മലയാള നാടിനും മലയാള ഭാഷയ്ക്കും കേരള കത്തോലിക്കാ സഭയ്ക്കും ഏറെ സംഭാവനകള്‍ നല്കി ഭാഷയേയും സംസ്ക്കാരത്തെയും പരിപോഷിപ്പിച്ച അര്‍ണോസ് പാതിരി ഉമ്മാടെ ദു:ഖം എന്ന വിലാപ കാവ്യം രചിച്ചത് പരിശുദ്ധ മറിയത്തിന്‍റെ ഏഴു വ്യാകുലങ്ങള്‍ മനസ്സില്‍ ധ്യാനിച്ചു കൊണ്ടായിരുന്നു എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. 

ഗ്രീസിന്‍റെ സംഭാവനയായ ‘എലിജി’ എന്ന വിലാപകാവ്യ രൂപം മലയാളത്തില്‍ ആദ്യമായി പ്രായോഗിക തലത്തില്‍ കൊണ്ടു വന്ന അര്‍ണോസ് പാതിരി രണ്ട് വിലാപ കാവ്യങ്ങളാണ് രചിച്ചിട്ടുള്ളത്. 1716-ല്‍ ചാത്തിയാത്തു വച്ചു രചിച്ച ഉമ്മാടെ ദു:ഖവും 1718-ല്‍ എഴുതിയ വ്യാകുല പ്രബന്ധവും ആയിരുന്നു അവ. ഉമ്മാടെ ദു:ഖത്തിന്‍റെ 79 മുതല്‍ 87 വരെയുള്ള അവസാന ഭാഗത്തിലൂടെയാണ് നാമിന്ന് കടന്നു പോകുന്നത്. അവ ഇപ്രകാരമാണ്:

  'ആദിദോഷം കൊണ്ടടച്ച, സ്വര്‍ഗ വാതില്‍ തുറന്നു നീ

  ആദിനാഥ! മോക്ഷവഴി തെളിച്ചോ പുത്ര!

മുമ്പുകൊണ്ട കടമെല്ലാം, വീട്ടിമേലില്‍ വീട്ടുവാനായ്

അന്‍പിനോടു ധനം നേടി വച്ചിതോ പുത്ര!

  പള്ളിതന്‍റെയുള്ളകത്തു, വച്ചു നിന്‍റെ ധനമെല്ലാം

  കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്ര!

പള്ളിയകത്തുള്ളവര്‍ക്കു, വലയുമ്പോള്‍ കൊടുപ്പാനായ്

പള്ളിയറക്കാരനേയും വിധിച്ചോ പുത്ര!

 ഇങ്ങനെ മാനുഷര്‍ക്കു നീ, മംഗലലാഭാം വരുത്തി

 തിങ്ങിന താപം ക്ഷമിച്ചു മരിച്ചോ പുത്ര!'

- ആദി പാപത്തെ തുടര്‍ന്ന് അടഞ്ഞു പോയ സ്വര്‍ഗവാതില്‍ തുറക്കുന്നതിനായി നിന്‍റെ ജീവന്‍ തന്നെ ബലിയായ് നീ നല്കിയില്ലേ? മുമ്പു കൊണ്ട എല്ലാ കടങ്ങളും വീട്ടുവാനായി അന്‍പാകുന്ന ധനം കൊണ്ട് നീ മനുഷ്യര്‍ക്കെല്ലാം മാതൃക കാണിച്ചില്ലേ! നിന്‍റെ മഹാകാരുണ്യമാകുന്ന ധനം കള്ളന്‍മാരില്ലാത്ത സ്ഥലത്ത് നീ സ്ഥാപിച്ച് സൂക്ഷിച്ചില്ലേ! മാനവ ലോകത്തിന് സര്‍വ നന്മകളും പകര്‍ന്നു നല്കാന്‍, കഠിനമായ യാതനകളേറ്റ് നീ മരണം വരിച്ചില്ലേ മകനേ! യേശുനാഥന്‍ മനുഷ്യവംശത്തിനായി നേടിത്തന്ന ആത്മീയ ധനമെല്ലാം സൂക്ഷിക്കുന്ന ഇടമാണ് പള്ളി അഥവാ കത്തോലിക്കാസഭ, പള്ളിയറക്കാരന്‍ എന്നാല്‍ സാര്‍വത്രിക സഭയുടെ തലവനായ പാപ്പായും. ഇപ്രകാരം തന്‍റെ ഏകജാതന്‍റെ ഭീതിതമായ മരണത്തില്‍ മനംനൊന്തു കരയുന്ന ആ അമ്മയോട് കവി കാവ്യാവസാനം നമുക്കേവര്‍ക്കും വേണ്ടി അപേക്ഷിക്കുയാണ്:

 'അമ്മകന്നി നിന്‍റെ ദു:ഖം, പാടി വന്ദിച്ചപേക്ഷിച്ചു

  എന്മനോതാപം കളഞ്ഞു തെളിക്കതായേ!

നിന്മകന്‍റെ ചോരയാലെയെന്മനോദോഷം കഴുകി

വെണ്മ നല്‍കീടേണമെന്നില്‍ നിര്‍മ്മല തായേ!

  നിന്‍മകന്‍റെ മരണത്താലെന്‍റെ ആത്മ മരണത്തെ

  നിര്‍മ്മലാംഗി! നീക്കി നീ കൈതൂക്കുക തായേ!

നിന്‍മകങ്കലണച്ചെന്നെ നിര്‍മ്മല മോക്ഷം നിറച്ചു,

അമ്മ നീ മല്പിതാവീശോ ഭവിക്കതസ്മാല്‍'

- പരിശുദ്ധയായ അമ്മേ നിന്‍റെ ഓമനപുത്രന്‍റെ മരണത്തില്‍ നിനക്കുണ്ടായ മനോവ്യഥ പാടി വന്ദിച്ച എന്‍റെ ആത്മാവിന്‍റെ നൊമ്പരങ്ങളെല്ലാം നീ മാറ്റി കളയേണമേ എന്നും അമ്മേ നിന്‍റെ ഏകജാതന്‍റെ ചോരകൊണ്ട് എന്‍റെ പാപങ്ങളെല്ലാം കഴുകി, പാപിയായ എന്‍റെ ഹൃദയത്തിലേക്ക് വെണ്മ പകര്‍ന്നു നല്കി അനുഗ്രഹിക്കേണമേ എന്നും നിന്‍റെ പ്രിയപുത്രന്‍റെ മരണം കൊണ്ട് എന്‍റെ ആത്മാവിന് മോക്ഷം നല്കേണമേ എന്നും നിന്‍റെ പ്രിയ പുത്രന്‍റെ മാറിലേക്ക് എന്നെയും കൂടെച്ചേര്‍ത്ത് അമ്മയുടെ നന്മയും കൂടി എന്‍റെ മേല്‍ പകര്‍ന്ന് അനുഗ്രഹിക്കുമാറാകേണമേ എന്നും പരിശുദ്ധ മറിയത്തോടു തന്നെ യാചിച്ചു കൊണ്ട് കവിയായ അര്‍ണോസ് പാതിരി തന്‍റെ പ്രഥമ കാവ്യം അവസാനിപ്പിക്കുകയാണിവിടെ.

പ്രിയരെ,

യേശുനാഥന്‍ ഏറ്റുവാങ്ങിയ മുറിവുകളത്രയും, മനുഷ്യരാശിയുടെ മുറിവുകള്‍ ഉണക്കാനുള്ളതായിരുന്നു എന്നും അവനു വന്ന ക്ഷതങ്ങള്‍ ലോകത്തിന്‍റെ നാശത്തെ തന്നെ ഇല്ലായ്മ ചെയ്യാനായിരുന്നു എന്നും മനസ്സിലാക്കേണ്ടതുണ്ട്. ലോകത്തിനു വന്നു ചേര്‍ന്ന ദോഷത്തെ കഴുകി ശുദ്ധീകരിക്കുവാന്‍ ഭൂമിയിലെ ജലം പോരാ എന്നതിനാലാണ് യേശുനാഥന്‍ തന്‍റെ രക്തം ചിന്തിയത്. എന്നാല്‍ ഇതൊന്നും മനസ്സിലാക്കാന്‍ കഴിയാത്ത പാപജന്മങ്ങള്‍ ഒരറപ്പുമില്ലാതെ ചേറിലെന്ന പോലെ ആ രക്തത്തില്‍ കുളിച്ച് അര്‍മാദിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. 

ദൈവനിയോഗം തിരിച്ചറിയാത്ത മൂഢന്മാര്‍ മുന്നില്‍ വന്ന ദൈവപുത്രനെ മനസ്സിലാക്കാതെ പോകുന്നതില്‍ അത്ഭുതമില്ലല്ലോ? അതായത് ദൈവരാജ്യത്തിലേക്കുള്ള പ്രവേശനം അത്ര എളുപ്പമല്ല എന്നര്‍ത്ഥം. അതിനായി നാം ഓരോരുത്തനും തങ്ങളുടെ മനസ്സിലെ മാലിന്യം കഴുകി കളയേണ്ടതുണ്ട്.

അപരന്‍റെ കണ്ണുനീര്‍ തുടക്കുവാനും ദരിദ്രരോടു പക്ഷം ചേരുവാനും പരസ്നേഹത്തിന്‍റെ വക്താക്കളാകുവാനും കഴിയുന്നവരായി മാറി യഥാര്‍ത്ഥ ക്രിസ്ത്യാനിയായി, സ്വര്‍ഗ്ഗരാജ്യം ലക്ഷ്യമാക്കി മുന്നേറുവാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയട്ടെ എന്നാശിച്ചു കൊണ്ട്, യേശുനാഥന്‍റെ കുരിശുമരണ സ്മരണയുടെ എല്ലാ അനുഗ്രഹങ്ങളും ഏവര്‍ക്കും ലഭ്യമാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 March 2024, 08:43