തിരയുക

യേശുവും ശിഷ്യരും യേശുവും ശിഷ്യരും 

ക്രൈസ്തവജീവിതം ആവശ്യപ്പെടുന്ന വിശുദ്ധിയും മൂല്യങ്ങളും

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ നോമ്പുകാലം നാലാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം (മത്തായി 5, 27-32).
സുവിശേഷപരിചിന്തനം - മത്തായി 5, 27-32 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ക്രിസ്തുവിന്റെ പിന്നാലെ സഞ്ചരിക്കുന്ന, ക്രൈസ്തവർ എന്ന പേരിനർഹരാകാൻ ആഗ്രഹിക്കുന്ന മനുഷ്യർക്ക്, മറ്റു മനുഷ്യരേക്കാൾ അധികമായി തങ്ങളിൽ ഉണ്ടാകേണ്ട ചില മൂല്യങ്ങളെക്കുറിച്ച് യേശു പഠിപ്പിക്കുന്നതാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം ഇരുപത്തിയേഴ് മുതൽ മുപ്പത്തിരണ്ട് വരെയുള്ള തിരുവചനങ്ങളിൽ നാം കാണുന്നത്. വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിലും (മർക്കോസ് 9, 43-48; 10, 11-12) വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലും (ലൂക്കാ 16, 18) ഇവയിൽ ചില ആശയങ്ങൾ, പ്രത്യേകിച്ച് വിവാഹമോചനം സംബന്ധിച്ചും, വിവാഹമോചനത്തിന്ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകൾ നാം കാണുന്നുണ്ട്.

ശരീരത്തിലും മനസ്സിലുമുണ്ടാകേണ്ട ജീവിതവിശുദ്ധി

ക്രൈസ്തവർക്ക്, ക്രിസ്തുവിനെ പിഞ്ചെല്ലുന്നവർക്ക് ഉണ്ടാകേണ്ട ജീവിതവിശുദ്ധിയെക്കുറി ച്ച് പഠിപ്പിക്കുന്ന യേശുവിനെയാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം ഇരുപത്തിയേഴ് മുതലുള്ള തിരുവചനങ്ങളിൽ നാം കാണുന്നത്. മറ്റൊരു വ്യക്തിയെ മോശമായ ആഗ്രഹത്തോടെ, ആസക്തി നിറഞ്ഞ കണ്ണുകളോടെ നോക്കുക പോലുമരുതെന്ന് പഠിപ്പിക്കുന്ന യേശു. പാപഹേതുവാകുന്ന ശരീരഭാഗം, കണ്ണാകട്ടെ, കൈയാകട്ടെ, അത് വേണ്ടെന്നു വയ്ക്കാൻ ആവശ്യപ്പെടുന്ന അതിശക്തമായ ഒരു വിശുദ്ധിയുടെ അളവുകോലാണ് യേശു ഓരോ ക്രൈസ്തവനും മുന്നിൽ വയ്ക്കുന്നത്. ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനേക്കാൾ നല്ലത്, അംഗവിഹീനതയോടെ ജീവിക്കാൻ സാധിക്കുന്നതാണെന്ന്, രക്ഷയിൽ ആയിരിക്കാൻ സാധിക്കുന്നതാണ് നല്ലതെന്ന് പഠിപ്പിക്കുന്ന ഒരു യേശു.

ദൈവം സ്നേഹിക്കുന്ന ഒരുവനും നരകത്തിൽ പതിക്കരുതെന്ന് ആഗ്രഹിക്കുന്ന ദൈവപുത്രൻ തന്റെ പിന്നാലെ കൂടിയ ജനത്തോട് ഇത് വിളിച്ചു പറയുമ്പോൾ, യേശുക്രിസ്തുവിനെ ദൈവപുത്രനും, നമ്മുടെ ജീവന്റെ നാഥനുമായി തിരിച്ചറിയുകയും, അംഗീകരിക്കുകയും, അവനെ പിഞ്ചെല്ലുകയും ചെയ്യുന്ന ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം ഈ വാക്കുകൾക്ക് കൂടുതൽ വലിയ ഒരു അർത്ഥമുണ്ട്. ക്രിസ്തുവിന്റെ ശരീരമായ സഭയിലെ അംഗങ്ങളായ നാം, ദൈവം വസിക്കുന്ന പരിശുദ്ധമായ അലയങ്ങളാണ് നാമോരോരുത്തരുമെന്ന ഒരു ചിന്ത മനസ്സിൽ കാത്തുസൂക്ഷിക്കണം. ദൈവത്തിന്റെ ആലയങ്ങളാണ്, സഭാഗാത്രത്തിലെ വിവിധ ഭാഗങ്ങളാണ് നാമോരുത്തരും എന്ന ക്രൈസ്തവബോധ്യം നമുക്കുണ്ടെങ്കിൽ, നമ്മുടെയും മറ്റുള്ളവരുടെയും ശരീരത്തെയും മനസ്സിനെയും ഒരു ദേവാലയത്തിനുണ്ടാകേണ്ട ശുദ്ധിയോടെ കാണുവാനും, ബഹുമാനിക്കുവാനും, അവയുടെ മഹത്വം കാത്തുസൂക്ഷിക്കാനും നാം പരിശ്രമിക്കേണ്ടതുണ്ട്. പാപം ചെയ്യാതിരിക്കുക, പാപത്തിന് കാരണമാകാതിരിക്കുക, വിശുദ്ധിയെ സ്നേഹിക്കുക.

പരസംഗവും വിവാഹമോചനവും

ഭാര്യയിൽ എന്തെങ്കിലും തെറ്റുകണ്ട്‌, ഒരുവന് അവളോട് ഇഷ്ടമില്ലാതായാൽ, ഉപേക്ഷാപത്രം കൊടുത്ത് അവളെ വീട്ടിൽനിന്ന് പറഞ്ഞയക്കാൻ പഴയനിയമചിന്ത അനുവദിക്കുന്നത് നിയമാവർത്തനപുസ്തകം ഇരുപത്തിനാലാം അദ്ധ്യായത്തിൽ (നിയമ. 24, 1-5) നാം വായിക്കുന്നുണ്ട്. അതുവഴി വിവാഹമോചനത്തിന് നിയമസാധുത നൽകുകയാണ് പഴയനിയമം ചെയ്യുന്നത്. എന്നാൽ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ യേശുവാകട്ടെ, ഏതെങ്കിലും തെറ്റ് കൊണ്ടോ, ഇഷ്ടക്കുറവുമൂലമോ ഭാര്യയെ ഉപേക്ഷിക്കാൻ അനുവദിക്കുന്ന പഴയനിയമത്തിനപ്പുറത്തേക്ക് ചെല്ലുന്നതാണ് തന്റെ നീതിയെന്ന് പഠിപ്പിക്കുകയാണ്. പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവളെ വ്യഭിചാരിണിയാക്കുന്നു എന്ന് യേശു പറയുന്നു. മത്തായിയുടെ തന്നെ സുവിശേഷം പത്തൊൻപതാം അദ്ധ്യായം ഒൻപതാം വാക്യത്തിലും ഇതേ ഉദ്‌ബോധനം ആവർത്തിക്കപ്പെടുന്നത് നാം കാണുന്നുണ്ട്.

വിശുദ്ധ മർക്കോസിന്റെ സുവിശേഷം പത്താം അദ്ധ്യായത്തിൽ ഈയൊരു കാഴ്ചപ്പാടിൽനിന്ന് കൂടുതൽ കടുത്ത ഒരു നിലപാടാണ് യേശു സ്വീകരിക്കുന്നത്. അവിടെ ക്രിസ്തു പറയുന്നുണ്ട്, "ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു. ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു" (മർക്കോസ് 10, 11-12). വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനാറാം അദ്ധ്യായത്തിലും (ലൂക്കാ 16, 18) ഏതാണ്ട് ഇതിനോട് സമാനമായ ഒരു ചിന്തയാണ് നാം കാണുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ, പരസംഗം വിവാഹമോചനത്തിന് കാരണമായി സ്വീകരിക്കാമെന്ന ഒരു ചിന്ത യേശുവിന്റേതായി അവതരിപ്പിക്കുന്നത്, മതപരിവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണെന്നാണ് ചില വിശുദ്ധഗ്രന്ഥപണ്ഡിതന്മാർ പറയുന്നത്. അടുത്ത ചർച്ചക്കാരുമായുള്ള ശാരീരികബന്ധം യഹൂദർക്ക് അനുവദനീയമല്ലായിരുന്നുവെന്ന് ലേവ്യരുടെ പുസ്തകം പതിനെട്ടാം അദ്ധ്യായത്തിൽ നാം വായിക്കുന്നുണ്ട്. എന്നാൽ വിജാതീയർക്ക് ഈ നിയമങ്ങൾ ബാധകമല്ലായിരുന്നു. അത്തരം വിവാഹബന്ധങ്ങളിലേർപ്പെട്ട വിജാതീയർ യഹൂദമതത്തിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ, അവരുടെ വിവാഹബന്ധം യഹൂദനിയമത്തിന് എതിരായിരുന്നെങ്കിലും, അതിൽ തുടരാൻ ചില യഹൂദ റബ്ബിമാർ അനുവദിച്ചിരുന്നതുമായി ബന്ധപ്പെട്ടാണ് വിശുദ്ധ മത്തായി ഇത് എഴുതുന്നത് എന്നാണ് ഈ വചനഭാഗത്തെക്കുറിച്ചുള്ള ഒരു വ്യാഖ്യാനം. പരസംഗമെന്ന ഒരു ഒഴിവ് മാത്രം വിവാഹമോചനത്തിന് അനുവദിച്ചുകൊടുക്കുന്നതും, ഇതുപോലെ ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവരുന്ന വിജാതീയരെക്കൂടി മനസ്സിൽ കണ്ടുകൊണ്ടാണ്. അതുകൊണ്ടുതന്നെ, വിവാഹമോചനമെന്ന ഒരു ചിന്തയ്ക്ക് എതിരായുള്ള യേശുവിന്റെ പ്രബോധനങ്ങൾക്ക് ഇത് എതിരല്ല എന്നാണ് കണക്കാക്കുന്നത്.

സ്ത്രീ-പുരുഷ ബന്ധത്തിന്റെ, പ്രത്യേകിച്ച്, ഭാര്യാ ഭർതൃ ബന്ധത്തിന്റെ വിശുദ്ധിയും വിവാഹത്തിന്റെ അഭേദ്യതയുമാണ് യേശു വചനത്തിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നത്. നിസ്സാരകാര്യങ്ങൾക്ക് വേണ്ടി തന്റെ ജീവിതപങ്കാളിയെ തള്ളിപ്പറയുകയോ ഉപേക്ഷിക്കുകയോ ചെയ്യരുതെന്ന്, അവരുടെ ജീവിതത്തെ വിലയില്ലാത്തതായി കണക്കാക്കരുതെന്ന് യേശു ഓർമ്മിപ്പിക്കുന്നു. പരസ്‌പരവിശ്വസ്തതയോടെ, പരസ്‌പരം അംഗീകരിച്ചും, വളർത്തിയും, ബഹുമാനിച്ചും, ജീവിതപങ്കാളിയുടെ അന്തസ്സും, മാന്യതയും ഉയർത്തിപ്പിടിച്ചും വിവാഹിതർ മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ യേശു എടുത്തുപറയുക.

ജീവിതവിശുദ്ധിയിലേക്ക് വിളിക്കുന്ന പൗലോസ്

ഒരു ക്രൈസ്തവന് വേണ്ട ജീവിതവിശുദ്ധിയെക്കുറിച്ച് തിമോത്തിയോസിന് എഴുതിയ രണ്ടാം ലേഖനം രണ്ടാം അദ്ധ്യായത്തിന്റെ ഇരുപത്തിരണ്ടു മുതലുള്ള വാക്യങ്ങളിൽ വിശുദ്ധ പൗലോസ് ഓർമ്മിപ്പിക്കുന്നത് നാം കാണുന്നുണ്ട്. "യുവസഹജമായ മോഹങ്ങളിൽനിന്ന് ഓടിയകലുക; പരിശുദ്ധഹൃദയത്തോടെ കർത്താവിനെ വിളിക്കുന്നവരോട് ചേർന്ന് നീതി, വിശ്വാസം, സ്നേഹം, സമാധാനം എന്നിവയിൽ ലക്‌ഷ്യം വയ്ക്കുക" (2 തിമോത്തി 2, 22). തിന്മയുടെ, പ്രലോഭകനായ പിശാചിന്റെ അടിമകളായിപ്പോയവരോട്, സുബോധം വീണ്ടെടുത്ത്, സത്യത്തിന്റെ പാതയിലേക്ക് തിരികെ വരാൻ, അനുതപിക്കാൻ പൗലോസ് ആവശ്യപ്പെടുന്നു. ദൈവമാണ് ഈയൊരു അനുതാപം നൽകുന്നത്. സൗമ്യതയോടെയും, ക്ഷമയോടെയും മറ്റുള്ളവരോട് പെരുമാറാനും, ക്രൈസ്തവമായ ജീവിതത്തിന്റെ ഉന്നതസാക്ഷ്യം നൽകാനും നമുക്കോരോരുത്തർക്കും കടമയുണ്ടെന്ന് ഓർക്കാം.

തിരുവചനചിന്തകളും ജീവിതവും

ഓരോ ക്രൈസ്‌തവനും ഉണ്ടായിരിക്കേണ്ട ജീവിതവിശുദ്ധിയിലേക്കും, മൂല്യങ്ങളിലേക്കുമാണ് തിരുവചനം നമ്മെ ക്ഷണിക്കുന്നത്. ശാരീരികവും മാനസികവുമായ വിശുദ്ധിയിൽ ജീവിക്കാൻ, ക്രിസ്തു പഠിപ്പിച്ചുതരുന്ന സത്യത്തിന്റെയും നന്മയുടെയും മാർഗ്ഗത്തിൽ സഞ്ചരിക്കാൻ നമുക്കോരോരുത്തർക്കും കടമയുണ്ട്. സോദോമിലെ ജനതയെപോലെ (ഉൽപ്പത്തി 19), അന്യന്റെ ഭാര്യയെ മോഹിച്ച ദാവീദിനെപ്പോലെ (2 സാമുവേൽ 11-12) പാപത്തിന്റെ ആത്മാവിനാൽ നയിക്കപ്പെടാനല്ല, വിശുദ്ധിയോടെ സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാൻ പഠിപ്പിക്കുന്ന ദൈവാത്മാവിനാൽ നയിക്കപ്പെടാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവം വസിക്കുന്ന ആലയങ്ങളാണ് നാമെന്ന ബോധ്യം നമ്മുടെ ജീവിതങ്ങളെ മെച്ചപ്പെട്ട രീതിയിൽ ക്രമപ്പെടുത്താൻ നമ്മെ സഹായിക്കട്ടെ. പാപങ്ങളെയും, പാപകാരണങ്ങളെയും ഒഴിവാക്കി, വാക്കുകളിലും പ്രവൃത്തികളിലും, ജീവിതത്തിലും വിശുദ്ധിയുണ്ടാകട്ടെ. ദൈവഹിതത്തിനനുസരിച്ച് ജീവിക്കുവാനും, മറ്റുള്ളവർക്ക് നന്മാതൃകയായി മാറുവാനും നമുക്കേവർക്കും, ഓരോ ക്രൈസ്‌തവർക്കും സാധിക്കട്ടെ. ജീവിതവിശുദ്ധിയുടെ യാത്രയിൽ വിശുദ്ധ യൗസേപ്പിന്റെയും, പരിശുദ്ധ അമ്മയുടെയും ജീവിതമാതൃകകളും പ്രാർത്ഥനകളും നമുക്ക് തുണയാകട്ടെ. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 March 2024, 13:24