തിരയുക

രക്ഷകനായ ക്രൂശിതൻ രക്ഷകനായ ക്രൂശിതൻ 

ക്രിസ്തുവിന്റെ കുരിശിൽ രക്ഷ കണ്ടെത്തുക

ലത്തീൻ ആരാധനാക്രമപ്രകാരം നോമ്പുകാലം രണ്ടാം ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്ഥാനമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - യോഹന്നാൻ 3, 14-21
ക്രിസ്തുവിന്റെ കുരിശിൽ രക്ഷ കണ്ടെത്തുക - ശബ്‌ദരേഖ

ഫാ. പീറ്റർ ടാജീഷ് O de M.

കുരിശിലേക്ക് ഉയർത്തപ്പെട്ടവന് മഹത്വം ഉണ്ടെന്ന ഒരു വൈരുധ്യം കലർന്ന സത്യമാണ് വചനം ഇന്ന് പ്രാഘോഷിക്കുന്നത്. കുരിശ് അന്നു വരെ ഒരു ശിക്ഷയും അപമാനവുമായിരുന്നു. വിശുദ്ധ പൗലോസ് പോലും വിജാതീയർക്കു അപമാനവും, യഹൂദർക്ക് ഇടർച്ചയ്ക്ക് കാരണവുമെന്നാണ് കുരിശിനെ പ്രാഘോഷിച്ചത്. അങ്ങനെയുള്ളൊരു സംസ്കാരത്തിൽ കുരിശിന്റെ മഹത്വം കാണാനാവുക എന്നതും വലിയൊരു വിപ്ലവമാണ്.

എന്തിനായിരുന്നു ദൈവത്തിനു ഒരു കുരിശ് എന്ന് ചോദിച്ചാൽ, അതിനൊരു ഉത്തരമേ ഉള്ളൂ, സ്നേഹം. ദൈവം ലോകത്തെ സ്നേഹിച്ചു എന്നതിന്റെ അടയാളമായിരുന്നു അവന്റെ കുരിശും. ദൈവം കുരിശിൽ മരിക്കുക എന്ന അസാധ്യയാഥാർഥ്യം സാധ്യമായത് സ്നേഹത്തിന്റെ നിറവിലാണ്. സ്നേഹം സകലതും സാധ്യമാക്കുന്നു.

കുരിശ് രക്ഷയുടെ അടയാളമാണ് എങ്കിലും ആ കുരിശ് ഉയർത്തപെടുന്നത് അതിൽ ക്രൂശിക്കപെട്ടവൻ സ്നേഹത്തിന്റെ നിറവായി മാറി. അങ്ങനെയാണ് കുരിശിന് മഹത്വം ലഭിക്കുന്നത്. വചനത്തിന്റെ ആഴത്തിലേക്കു നമ്മൾ പ്രവേശിക്കുമ്പോൾ നിറവാർന്ന ഒരർത്ഥം നമുക്ക് ലഭിക്കുന്നുണ്ട്.

അടയാളങ്ങൾ കണ്ടതുകൊണ്ട് വിശ്വസിച്ച  ഒരാളാണ് നിക്കോദേമൂസ് (യോഹ. 3.2). അയാളിൽ രൂപപ്പെട്ട ബോധ്യം യേശു ദൈവത്തിൽ നിന്നും വന്നവനാണ് എന്നുള്ളതാണ്. യഹൂദപ്രമാണി എന്ന പദത്തിൽത്തന്നെ നിയമങ്ങളിൽ അയാൾക്കുള്ള പാണ്ഡിത്യം വെളിവാക്കുന്നുണ്ട്. അയാൾ യഹൂദമതത്തിന്റെ പണ്ഡിതവിഭാഗമായ സാൻഹെദ്രെൻ സംഘത്തിലെ അംഗമാണ് അയാൾ. രാത്രി വേദപാഠ സമയമാണ് ഒപ്പം അന്ധകാരത്തിൽ നിന്നും അയാൾ പ്രകാശത്തിലേക്ക് നടന്നുകയറുന്ന സൂചനകൂടിയുണ്ട് ആ വാക്യത്തിൽ.

അങ്ങനെയുള്ള ഒരാളോടാണ് ക്രിസ്തു മരുഭൂമിയിൽ ഉയർത്തപ്പെട്ട സർപ്പത്തെക്കുറിച്ച് സംസാരിക്കുന്നത്. ഈ സർപ്പത്തിന്റെ സൂചന പഴയനിയമമാണ്. സംഖ്യ  പുസ്തകം 21,4-9 ഒപ്പം ജ്ഞാനം 6,6 രക്ഷയുടെ പ്രതീകമോ ബിംബവുമാണ് സർപ്പം. രക്ഷിക്കുന്നത് ദൈവവും, ദൈവത്തിന്റെ പ്രതീകം സർപ്പവുമാണ്.

പുതിയനിയമത്തിൽ ക്രിസ്തു ദൈവത്തിന്റെ കൂദാശയാണ്, രക്ഷയുടെ പ്രതീകം. മനുഷ്യനായി അവതരിച്ച ക്രിസ്തു ഭൂമിയിലേക്ക് കൊണ്ടുവന്നത് ദൈവസ്നേഹം തന്നെയാണ്. ദൈവത്തിന്റെ സ്നേഹം അതിന്റെ പൂർണരൂപത്തിൽ ക്രിസ്തുവിലാണ് വെളിപ്പെട്ടത്, ആ സ്നേഹമാകട്ടെ സ്വയം ദാനമായി മാറുന്ന കുരിശിലെ സമർപ്പണത്തിലാണ്.

ഇനിമുതൽ സ്നേഹം എന്നത് വിട്ടുകൊടുക്കുന്നതും, പരിത്യജിക്കുന്നതും, സ്വയം ചെറുതാകുന്നതും ഒക്കെയാണ്. ഒട്ടും നിബന്ധനകൾ ഇല്ലാതെ സ്വയം സമർപ്പിക്കുക, സകലതും ദൈവകരങ്ങളിൽ ഏൽപ്പിക്കുക.

സ്നേഹത്തിന്റെ വെളിപാടാണ് കുരിശിൽ സംഭവിക്കുന്നത്. ദൈവത്തിന്റെ അനുസരണം ക്രിസ്തുവിന്റെ കുരിശിന്റെ സമർപ്പണമായി മാറുന്ന സുന്ദരയിടമാണ്. ദൈവം മരിക്കുക എന്ന അസാധ്യത സ്നേഹത്തിനുമുന്നിൽ സാധ്യമാകുന്ന ഇടം. ആയൊരർത്ഥത്തിലാണ് കുരിശ് വെളിപാടായി മാറുന്നത്.

നോമ്പുകാലത്തിന്റെ ഈ നാലാം ഞായർ ദൈവസ്നേഹത്തിന്റെ വെളിപാട് ഞായർ ആണ്. ദൈവം കലർപ്പില്ലാതെ  സ്നേഹിച്ചതിന്റെ വെളിപാട്. ആ സ്നേഹത്തിലേക്കു സ്നാനപ്പെടാനാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നതും. സ്നേഹം അതിന്റെ നിറവിൽ നമുക്ക് മുന്നിൽ അവതരിക്കുമ്പോൾ, അത് കാണാതെ ജീവിക്കുക എന്നത് ഇനിമുതൽ വലിയൊരു അപരാധമായി മാറും.

എന്തിനായിരുന്നു ഈ ദൈവം, സ്നേഹം എന്ന ചോദ്യം അവസാനിക്കുന്നത് നിത്യജീവൻ എന്ന ഉത്തരത്തിലാണ്. എന്തിനാണ് ദൈവം മനുഷ്യനായതും സഹിച്ചതും മരിച്ചതും? ഓരോ മനുഷ്യത്മാവും രക്ഷ പ്രാപിക്കുന്നതിനുവേണ്ടിയായാണ്.

സച്ചിദാനാതന്റെ ഒരു ചെറുകവിതയുണ്ട്. "ഇനിയും ഈ ഭൂമിയിലിരുന്നു ഞാൻ വിഷം കുടിക്കാം ഒടുവിലായി അവസാന മൺതരിയും ദൈവമാകും വരെ". ഓരോ മനുഷ്യനും നിത്യജീവൻ സ്വന്തമാക്കാൻ സ്വന്തം പുത്രനെപോലും ദാനം ചെയ്ത പിതാവിന്റെ സ്നേഹത്തിലേക്കാണ് നമ്മൾ വിളിക്കപ്പെടുന്നത്. ആ സ്നേഹപുഴയിലേക്ക് നമ്മൾ സ്നാനപെടണം. അവന്റെ കനിവിന്റെ കരുണയുടെ തീരങ്ങൾ പുൽകി ശാന്തരായി കിടക്കണം, അതാണ് നമ്മുടെ രക്ഷ.

പക്ഷെ അതിലേക്കു പ്രവേശിക്കണമെങ്കിൽ നമ്മിൽ വെളിച്ചം ഉദയം ചെയ്യണം. എന്താണ് വെളിച്ചം. അതൊരു സുതാര്യതയാണ്. ദൈവമെന്ന വെളിച്ചതിനു കീഴെ നീ നിന്നെ തന്നെ പ്രകാശിപ്പിച്ചു നിർത്തുന്ന ഇടം. ആ ഇടങ്ങളിൽ നിന്നിൽ കളങ്കമില്ല, മറിച്ചു ദൈവകൃപയിൽ നിറഞ്ഞു സുതാര്യനായി ഒരാൾ ദൈവത്തെ മുഖാഭിമുഖം കാണുന്ന ഇടം. ക്രിസ്തുവിനെപോലെ സ്വയം സമർപ്പിച്ചു ദൈവമകനായി മാറുന്ന ഇടം.

ആ ഒരു വെളിച്ചം, അതാണ് സ്നേഹത്തിന്റെ സ്നാനം. കലർപ്പിലാത്ത ഒരു മനുഷ്യന്റെ പിറവിയാണത്. ഉള്ളവും പുറവും ഒരുപോലെ ആകുന്ന ഒരു സുന്ദരയാഥാർത്ഥ്യം.

അതൊരു വെല്ലുവിളി കൂടിയാണെന്നറിയണം. വെളിച്ചംപോലെ തന്നെ ഭൂമിയുടെ മറ്റൊരു യാഥാർത്ഥ്യമാണ് ഇരുട്ട്. സുവിശേഷം ഭംഗിയായി പറഞ്ഞുതരുന്ന ഒരു കാര്യം അന്ധകാരത്തെ സ്നേഹിക്കാനുള്ള മനുഷ്യന്റെ പ്രലോഭനത്തെക്കുറിച്ചാണ്. വെളിച്ചത്തിൽ സുതാര്യത നിറയുബോൾ അന്ധകാരം ഒരാളെ ഇരുട്ടിൽ പൊതിഞ്ഞു സൂക്ഷിക്കുന്നു എന്നതാണ്. സ്വയം വെളിപ്പെടാനും വെളിപ്പെടുത്താനും കഴിയാതെ രീതിയിൽ ഒരാളെ അന്ധകാരം വലയം ചെയ്യുന്നു എന്നതാണ്.

ഈയൊരു പ്രലോഭനമാണ് ഇന്നിന്റെ ഏറ്റവും വലിയ പ്രശ്നവും. ഇരുട്ടിലേക്കു സ്വയം നടക്കുന്ന മനുഷ്യർ. ഇരുട്ട് എന്തുമാകാം, ഒരാളുടെ പാപപ്രേരണകൾ, ആസക്തികൾ, തിന്മ, സ്വാർത്ഥത, തഴക്കദോഷങ്ങൾ ഒക്കെയും. എന്തിനേറെ പറയുന്നു ഒരാൾ പറയുന്ന കള്ളം മുതൽ സോഷ്യൽ മീഡിയായിൽ ഒളിക്കുന്നത് വരെ അന്ധകാരപ്രവർത്തികളാണ്. അതെല്ലാം ദൈവത്തിന്റെ സ്നേഹത്തിൽ നിന്നും ഒരാളെ പുറത്താക്കുന്ന, ആ കൃപയിലേക്ക് സ്നാനപ്പെടാൻ അനുവദിക്കാത്ത ഇരുട്ടാണ്.

അതിൽ നിന്നും ഒരാൾ പുറത്തിറങ്ങിയേ പറ്റൂ. കാരണം ഇരുട്ട് വലുതായി അതൊരുനാൾ ഒരാളെ  വിഴുങ്ങും. അന്ധകാരം നൽകുന്ന ഒരു കംഫർട് ഇടമുണ്ട്, അതിലൊരാൾ ഒരുപക്ഷെ വീണുപോയെന്നുമിരിക്കും. വലിയൊരു ജാഗ്രതയാണ് ആവശ്യം. നിന്നെ വിഴുങ്ങാൻ ഇരുട്ട് എത്തുമ്പോൾ നീ ദൈവവെളിച്ചത്തിലേക്കു ചേക്കേറുക. അപ്പോൾ ഇരുട്ട് മാഞ്ഞുപോകും.

തപസ്സ്കാലം നാലാം ഞായർ ദൈവസ്നേഹം വിളിച്ചുപറയുന്ന ദിനമാണ്. നമ്മളെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ടെന്നും, ആ സ്നേഹം ഒരു ക്ഷണമാണെന്നും, അതിലേക്കു സ്‌നേനപ്പെടാനാണ് നമ്മുടെ വിളിയെന്നും തിരിച്ചറിയുന്ന ഇടം. ദൈവം സ്വയം ശൂന്യനായി നമുക്ക് മുന്നിൽ അവതരിക്കുമ്പോൾ നമുക്ക് അന്ധകാരത്തെ പുല്കാതിരിക്കാം. കൃതജ്ഞതയുള്ള ഹൃദയത്തോടെ നമുക്ക് ആ സ്നേഹഅരുവിയിലേക്ക് ഇറങ്ങാം. ആ സ്നാനം നമ്മളെ സുതാര്യരാക്കും, അത് നമ്മുടെ രക്ഷയായി മാറും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 March 2024, 17:34