തിരയുക

ഹോങ്കോങ്ങിലെ മതാന്തര സംഭാഷണ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഹോങ്കോങ്ങിലെ മതാന്തര സംഭാഷണ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ  

മതാന്തര സംവാദത്തിലൂടെ കൂട്ടായ്മയുടെ സമൂഹം വളർത്തിയെടുക്കുക

മതാന്തര സംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയും ഹോങ്കോങ്ങിലെ കത്തോലിക്കാ രൂപതയും, താവോയിസ്റ്റ് അസോസിയേഷനും സംയുക്തമായി, ക്രിസ്തുമതത്തെയും താവോയിസത്തെയും കുറിച്ചുള്ള ഒരു സമ്മേളനം ഹോങ്കോങ്ങിൽ മാർച്ചുമാസം പതിനൊന്നു മുതൽ പതിമൂന്നു വരെ നടത്തുന്നു

വത്തിക്കാൻ ന്യൂസ്

മതാന്തര സംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയും ഹോങ്കോങ്ങിലെ  കത്തോലിക്കാ രൂപതയും, താവോയിസ്റ്റ് അസോസിയേഷനും സംയുക്തമായി, ക്രിസ്തുമതത്തെയും താവോയിസത്തെയും കുറിച്ചുള്ള ഒരു സമ്മേളനം ഹോങ്കോങ്ങിൽ മാർച്ചുമാസം പതിനൊന്നു മുതൽ പതിമൂന്നു വരെ നടത്തുന്നു. 'മതാന്തര സംവാദത്തിലൂടെ കൂട്ടായ്മയുടെ  സമൂഹം വളർത്തിയെടുക്കുക' എന്നതാണ് സമ്മേളനത്തിന്റെ ആപ്തവാക്യം. സമ്മേളനത്തിൽ ഏഷ്യ, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ നിന്നുള്ളവരാണ് പ്രധാനമായും സംബന്ധിക്കുന്നത്.

സേവനങ്ങൾ പങ്കുവയ്ക്കുന്ന മനോഭാവത്തോടെ, നല്ല സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ എപ്രകാരം വിവിധ മതങ്ങൾക്ക് കൈകോർക്കുവാൻ സാധിക്കുമെന്ന ചർച്ചകളാണ് സമ്മേളനത്തിന്റെ ഉദ്ദേശ്യമെന്ന് ഹോങ്കോങ് മെത്രാൻ  കർദിനാൾ സ്റ്റീഫൻ ചൗ പറഞ്ഞു.

മാനവീകതയും, മാർഗവും ഉൾച്ചേരുന്ന സമാധാനത്തിന്റെയും ഐക്യത്തിന്റെയും പരിപോഷണമാണ് താവോയിസ്റ്റ് മതത്തിന്റെ ദർശനമെന്നും കർദിനാൾ കൂട്ടിച്ചേർത്തു. ക്രിസ്തുമതവും താവോയിസവും ലൗകിക നേട്ടങ്ങൾക്കായി പരിശ്രമിക്കാതെ കരുണയുടെയും ലാളിത്യത്തിൻ്റെയും  മൂല്യങ്ങൾ പങ്കിടുന്നുവെന്നും കർദിനാൾ പറഞ്ഞു.

കത്തോലിക്കാ സഭയ്ക്ക് മറ്റ് സംസ്‌കാരങ്ങളോടും, മതങ്ങളോടും ഉള്ള തുറന്ന മനസ്സിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ജീവിതത്തെയും ജീവിതചൈതന്യത്തെയും കുറിച്ചുള്ള ഗ്രാഹ്യത്തിനായുള്ള ദൈവിക വെളിപാടിനാൽ അവരും - വ്യത്യസ്ത തലങ്ങളാണെങ്കിലും - അനുഗ്രഹിക്കപ്പെട്ടവരാണെന്ന് നമ്മുടെ കത്തോലിക്കാ സഭ അംഗീകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും കർദിനാൾ ചൗ അടിവരയിട്ടു.

ഇത് പോലെയുള്ള സമ്മേളനങ്ങൾ ലോകത്ത് എല്ലായിടത്തും സംഭാഷണങ്ങൾക്കായുള്ള സാധ്യതകൾ ചൂണ്ടിക്കാണിക്കുന്നുവെന്നും, അപരനെ ശ്രവിക്കുന്നത്, ദൈവം തന്നെത്തന്നെ അവർക്ക് എങ്ങനെ വെളിപ്പെടുത്തിയെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുമെന്നും കർദിനാൾ എടുത്തു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 March 2024, 11:08