തിരയുക

 കർദ്ദിനാൾ സീൻ പാട്രിക് ഒ മാല്ലി. (Card.Sean Patrick O'Malley), പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ സീൻ പാട്രിക് ഒ മാല്ലി. (Card.Sean Patrick O'Malley), പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ അദ്ധ്യക്ഷൻ 

സഭയിലുള്ള വിശ്വാസം വീണ്ടെടുക്കപ്പെടുന്നതിന് സുതാര്യത അനിവാര്യം, കർദ്ദിനാൾ ഒ മാല്ലി!

കർദ്ദിനാൾ മാല്ലി വത്തിക്കാൻ വാർത്താവിഭാഗത്തിന് അഭിമുഖം അനുവദിച്ചു. പീഢനത്തിനിരകളാകുന്നവരുടെ സ്വരമായിരിക്കാൻ ഇളംപ്രായക്കാരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ സമിതിയ്ക്കുള്ള സുപ്രധാന ദൗത്യം അദ്ദേഹം എടുത്തുകാട്ടി.

ക്രിസ്റ്റഫർ വ്വെൽസ്, ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പിഢനത്തിനിരകളായവരുടെ സ്വരമായിരിക്കുക എന്നത് പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ സമിതിയുടെ ദൗത്യത്തിൻറെ സുപ്രധാന ഭാഗമാണെന്നും ആകയാൽ അതിനായുള്ള കഠിന പരിശ്രമം ആവശ്യമാണെന്നും ഈ സമിതിയുടെ അദ്ധ്യക്ഷനായ കർദ്ദിനാൾ സീൻ പാട്രിക് ഒ മാല്ലി.

ഈ സമിതിക്ക് ഏഴാം തീയതി വ്യാഴാഴ്‌ച (07/03/24) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചാനന്തരം കർദ്ദിനാൾ മാല്ലി വത്തിക്കാൻ വാർത്താവിഭാഗവുമായി സംസാരിക്കവെയാണ് ഇതു പറഞ്ഞത്.

സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ലൈംഗികപീഢന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സഭ കൂടുതൽ സുതാര്യത പ്രകടിപ്പിക്കേണ്ടതിൻറെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. സഭയുടെ എല്ലാ തലങ്ങളിലും സുതാര്യത ഇല്ലാത്ത പക്ഷം വിശ്വാസം വീണ്ടെടുക്കാൻ സഭയ്ക്കാകില്ലയെന്ന് കർദ്ദിനാൾ മാല്ലി വ്യക്തമാക്കി.

കുഞ്ഞുങ്ങൾ സഭയുടെ മുൻഗണനയാണെന്നും അവരുടെ സുരക്ഷിതത്വം സഭയുടെ മുഖ്യ ലക്ഷ്യമാണെന്നും തെളിയിച്ചുകൊണ്ട് ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ സഭയ്ക്കായില്ലെങ്കിൽ സുവിശേഷവത്ക്കരണ ദൗത്യം അസാധ്യമായി ഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ വിദ്യാലയത്തിലോ, കത്തോലിക്കാ ഇടവകയിലൊ തങ്ങൾ സുരക്ഷിതരാണെന്ന വിശ്വാസം കുഞ്ഞുങ്ങളിലും മാതാപിതാക്കളിലും ഉണ്ടാക്കണമെന്ന ഈ സമിതിയുടെ ആഗ്രഹം അദ്ദേഹം വെളിപ്പെടുത്തി.

അതുപോലെതന്നെ പീഢനത്തിനിരകളായവരുടെ സ്വരം കേൾക്കുകയെന്നതും ഈ സമിതിയുടെ ദൗത്യത്തിൽ സുപ്രധാനമായൊരു ഭാഗമാണെന്ന് കർദ്ദിനാൾ മാല്ലി അനുസ്മരിച്ചു. ലൈംഗികപീഢന സംബന്ധിയായ പ്രശ്നങ്ങൾക്കെതിരായ പോരാട്ടത്തിൽ പ്രാദേശിക സഭകൾക്ക് വേണ്ട വിഭവങ്ങളും പരിശീലനവും ഉറപ്പുവരുത്താൻ താൻ അദ്ധ്യക്ഷനായുള്ള സമിതിക്ക് കഴിയുമെന്ന പ്രത്യാശ അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 March 2024, 10:37