തിരയുക

അർമേനിയൻ പൗരസ്ത്യ കത്തോലിക്കാ സഭയിലെ സിനഡ് പിതാക്കന്മാർ അർമേനിയൻ പൗരസ്ത്യ കത്തോലിക്കാ സഭയിലെ സിനഡ് പിതാക്കന്മാർ  

വിശ്വാസികളുടെ പങ്കാളിത്തം ഊട്ടിയുറപ്പിക്കണം: അർമേനിയൻ സഭാ സിനഡ്

ലോകത്തിന്റെ വിവിധ കോണുകളിൽ ആയിരിക്കുന്ന അർമേനിയൻ കത്തോലിക്കാ രൂപതാ മെത്രാന്മാരുടെ വാർഷിക സിനഡ്, 2024 ഫെബ്രുവരി 26 മുതൽ 29 വരെ, റോമിലെ അർമേനിയൻ ലിയോണിയൻ കോളേജിൽ വച്ച് നടത്തി

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ലോകത്തിന്റെ വിവിധ കോണുകളിൽ ആയിരിക്കുന്ന അർമേനിയൻ കത്തോലിക്കാ രൂപതാ  മെത്രാന്മാരുടെ വാർഷിക സിനഡ്, 2024 ഫെബ്രുവരി 26 മുതൽ 29 വരെ, റോമിലെ അർമേനിയൻ ലിയോണിയൻ കോളേജിൽ വച്ച് നടത്തി. സഭയുടെ പൊതുനന്മകൾക്കു ആവശ്യമായ കാര്യങ്ങൾ  സിനഡിൽ ചർച്ച ചെയ്തു. അർമേനിയൻ കത്തോലിക്കാ ശ്രേണിയെയും അതിന്റെ ഘടനകളെയും ഊർജ്ജസ്വലമാക്കുന്നതിനാവശ്യമായ വിവിധ അഭിപ്രായങ്ങളും സിനഡ് വിലയിരുത്തി.

മധ്യപൂർവേഷ്യയിലും, വിശുദ്ധ നാട്ടിലും അരങ്ങേറുന്ന യുദ്ധം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥകളിന്മേൽ സിനഡ് പിതാക്കന്മാർ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. യുദ്ധം ഏൽപ്പിക്കുന്ന കനത്ത ആഘാതങ്ങൾ വരുംഭാവിയിൽ സൃഷ്ടിക്കാവുന്ന പ്രശ്നങ്ങളും സിനഡിൽ ചർച്ചാവിഷയമായി.

സഭയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ വിശ്വാസികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തി സഭയെ പുനരുജ്ജീവിപ്പിക്കാനുള്ള തീരുമാനം സിനഡ് കൈക്കൊണ്ടു. ഇതിനാവശ്യമായ രൂപീകരണ രംഗത്ത് കൊണ്ടുവരേണ്ട മാറ്റങ്ങളും സിനഡ് ചർച്ച ചെയ്തു. കുടിയേറ്റക്കാരായ മറ്റു സ്ഥലങ്ങളിൽ ആയിരിക്കുന്ന അർമേനിയൻ കത്തോലിക്കാ സഭയിലെ അംഗങ്ങളുടെ ആത്മീയവും, വിദ്യാഭ്യാസപരവുമായ  ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്നതിനായി, ആനുപാതികവും പര്യാപ്തവുമായ സഭാപരവും നിയമപരവുമായ ഘടനകൾ സൃഷ്ടിക്കുന്നതിനായി തീരുമാനങ്ങൾ  സിനഡ് കൈക്കൊണ്ടു.

സിനഡ് അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തിയിരുന്നു. അർമേനിയൻ ജനതയോടും സഭയോടും, പ്രത്യേകിച്ച് ഈ നിർണായക സമയങ്ങളിൽ, തന്റെ ആത്മാർത്ഥമായ അടുപ്പവും പ്രോത്സാഹനവും പ്രകടിപ്പിച്ചതിൽ, തങ്ങൾക്കുള്ള അഗാധമായ നന്ദിയും, സന്തോഷവും സിനഡ് അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 March 2024, 18:37