തിരയുക

കത്തോലിക്കാ വനിതാസംഘടനകളുടെ ആഗോളസഖ്യത്തിന്റെ സമ്മേളനത്തിൽനിന്ന് - തൻസാനിയയിൽനിന്നുള്ള ദൃശ്യം കത്തോലിക്കാ വനിതാസംഘടനകളുടെ ആഗോളസഖ്യത്തിന്റെ സമ്മേളനത്തിൽനിന്ന് - തൻസാനിയയിൽനിന്നുള്ള ദൃശ്യം 

സമാധാനത്തിന്റെ വിത്തുവിതയ്ക്കുന്ന സ്ത്രീകൾ: കത്തോലിക്കാ വനിതാസംഘടനകളുടെ ഓൺലൈൻ സംഗമം

മതാന്തരസംവാദങ്ങൾക്കായുള്ള റോമൻ ഡികാസ്റ്ററിയുമായി ചേർന്ന് മാർച്ച് 5 ചൊവ്വാഴ്ച വൈകുന്നേരം വിവിധ വിശ്വാസ, സഭാപാരമ്പര്യങ്ങളിലുള്ള കത്തോലിക്കാസ്ത്രീകളുടെ ഓൺലൈൻ സമ്മേളനം നടത്തുമെന്ന് കത്തോലിക്കാ വനിതാസംഘടനകളുടെ ആഗോളസഖ്യം അറിയിച്ചു. "സമാധാനത്തിന്റെ വിത്തുവിതയ്ക്കുകയും പരസ്പരസംഗമം വളർത്തുകയും ചെയ്യുന്ന സ്ത്രീകൾ" എന്ന വിഷയത്തെ ആധാരമാക്കിയാണ്, ആഗോളവനിതാദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന ഈ സമ്മേളനം അരങ്ങേറുക.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

"സമാധാനത്തിന്റെ വിത്തുവിതയ്ക്കുന്ന സ്ത്രീകൾ" എന്ന വിഷയത്തെ ആധാരമാക്കി, ആഗോളവനിതാദിനവുമായി ബന്ധപ്പെട്ട്, ഓൺലൈൻ എക്യൂമെനിക്കൽ, മതാന്തരസമ്മേളനം നടത്തുമെന്ന് കത്തോലിക്കാ വനിതാസംഘടനകളുടെ ആഗോളസഖ്യം അറിയിച്ചു. മാർച്ച് അഞ്ചാം തീയതി ചൊവ്വാഴ്ച, ഇറ്റാലിയൻ സമയം വൈകുന്നേരം മൂന്ന് മുതൽ നാലരവരെയുള്ള സമയത്താണ്, മതാന്തരസംവാദങ്ങൾക്കായുള്ള റോമൻ ഡികാസ്റ്ററിയുടെ പങ്കാളിത്തത്തോടെ ഒരുക്കിയിട്ടുള്ള ഈ സമ്മേളനം നടക്കുക.

എത്ര ദുർബലരെങ്കിലും, നാമെല്ലാവരും ദൈവമക്കളാണെന്ന പൊതുവായ ചിന്തയിൽ അധിഷ്ഠിതമായ മാനവികസഹോദര്യമെന്ന ചിന്തയാണ് നമ്മുടെ ഏറ്റവും വലിയ നിധിയെന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളിൽ പ്രേരിതമായാണ് സമ്മേളനം വിളിച്ചുകൂട്ടിയിട്ടുള്ളത്. അൻപത്തിയാറാമത് ലോകസമാധാനദിനവുമായി ബന്ധപ്പെട്ട് നൽകിയ സന്ദേശത്തിലായിരുന്നു പാപ്പാ ഇത്തരമൊരു പ്രസ്‌താവന നടത്തിയത്. ആർക്കും ഒറ്റയ്ക്ക് രക്ഷ നേടാമെന്ന് കരുതരുതെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചതും സമ്മേളനത്തിൽ ചിന്താവിഷയമാകും. സമാധാനം പ്രോത്സാഹിപ്പിക്കാനുള്ള എല്ലാവരുടെയും കൂട്ടുത്തരവാദിത്വത്തെയും, പൊതുവായ മാനവികതയെയും സമ്മേളനം എടുത്തുകാട്ടും.

യുദ്ധങ്ങളും സംഘർഷങ്ങളും നിറഞ്ഞ ഇന്നത്തെ ലോകത്ത് സ്ത്രീകളും പെൺകുട്ടികളുമാണ് കൂടുതലായി ബുദ്ധിമുട്ടുകൾ നേരിടുന്നതെന്നും, കൂടുതൽ കഷ്ടനഷ്ടങ്ങൾ സഹിക്കേണ്ടിവരുന്നതെന്നും സംഘാടകർ ഓർമ്മിപ്പിച്ചു. രാഷ്ട്രീയപ്രേരിതമായ സംഘർഷങ്ങളും, കാലാവസ്ഥാദുരന്തങ്ങളും മൂലം പലപ്പോഴും തങ്ങളുടെ കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുന്ന സ്ത്രീകൾ പലയിടങ്ങളിലും വിവേചനം നേരിടുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

വിഷമസ്ഥിതികളെ നേരിടുവാനും, മറ്റുള്ളവരെ കൂടുതൽ ശ്രവിക്കുവാനുമുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ സമാധാനത്തിന്റെയും പരസ്പരസംവാദങ്ങളുടെയും വളർച്ചയിൽ വലിയ പങ്കുവഹിക്കാൻ സ്ത്രീകൾക്ക് കഴിയുമെന്ന് സംഘാടകർ വിശദീകരിച്ചു.

മതാന്തരസംവാദങ്ങൾക്കായുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ മിഗേൽ ആംഹെൽ അയൂസോ ഗിസോത്ത് നടത്തുന്ന പ്രാരംഭപ്രഭാഷണത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുക. കത്തോലിക്കാ വനിതാസംഘടനകളുടെ ആഗോളസഖ്യത്തിന്റെ പൊതുപ്രസിഡന്റ് മോനിക്ക സാന്തമരീനയും സമ്മേളനത്തിൽ പ്രഭാഷണം നടത്തും. സമാധാനത്തിന്റെയും, പരസ്പരസംഗമത്തിന്റെയും ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന സുപ്രധാനപങ്കിനെ എടുത്തുകാണിക്കുക എന്ന ലക്ഷ്യത്തോടെ, വിവിധ മതപരമ്പര്യങ്ങളിലുള്ള വനിതാവിശ്വാസികളാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുക.

2019-ലെ വനിതാ അന്താരാഷ്ട്രദിനം മുതൽ മതാന്തരസംവാദചിന്തയോടെ കത്തോലിക്കാ വനിതാസംഘടനകളുടെ ആഗോളസഖ്യം സമ്മേളനങ്ങൾ നടത്താറുണ്ട്. 2020 മുതൽ ഈ സമ്മേളനനത്തിൽ മതാന്തരസംവാദങ്ങൾക്കായുള്ള ഡികാസ്റ്ററിയുടെയും പങ്കാളിത്തമുണ്ട്. സഭയുടെ ഔദ്യോഗികഉദ്‌ബോധനങ്ങളെ ആധാരമാക്കി മതാന്തരവീക്ഷണത്തെ അനുകൂലിച്ചുകൊണ്ടാണ് ഇത്തരം സമ്മേളനങ്ങൾ നടന്നുവരുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 February 2024, 15:03