തിരയുക

യേശുവിന്റെ കുരിശ് യേശുവിന്റെ കുരിശ്  

കുരിശിന്റെ വഴിയിലൂടെ തീർത്ഥാടകരായി നീങ്ങാം

കുരിശിന്റെ വഴി പ്രാർത്ഥനയുടെ രണ്ടും, മൂന്നും, നാലും സ്ഥലങ്ങളെ പറ്റിയുള്ള ധ്യാനാത്മകമായ ചിന്തകൾ
നോമ്പുകാലചിന്തകൾ ശബ്ദരേഖ

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി 

പ്രാർത്ഥന, സ്മരണ, തീർത്ഥാടനം എന്നിങ്ങനെ  വ്യത്യസ്തവും, എന്നാൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുമായ മൂന്നു തലങ്ങളിലാണ് കുരിശിന്റെ വഴി പ്രാർത്ഥനയുടെ ഉള്ളടക്കം.ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ക്രിസ്തുവിന്റെ കാൽവരിയിലേക്കുള്ള യാത്ര, സഹിക്കാവുന്നതിനും അപ്പുറമാണ്. തന്റെ പാപങ്ങളുടെ ഭാരമായ കുരിശും  വഹിച്ചുകൊണ്ട് മുള്ളുകൾ നിറഞ്ഞ പാതയിലൂടെ ഏകനായും, നഗ്നനായും, അപമാനിക്കപ്പെട്ടും, പീഡകൾ സഹിച്ചും നടന്നു നീങ്ങുന്ന യേശുവിന്റെ ചിത്രം പോലും നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്നതാണ്. അവന്റെ യാത്രയാണ് നമ്മുടെ ജീവിതത്തിന്റെയും, നിത്യജീവന്റെയും അടിസ്ഥാനം. വിശുദ്ധ ആഗസ്തീനോസിന്റെ വാക്കുകളിൽ, നമുക്കായി അത്താഴമൊരുക്കുവാൻ, സ്വയം വിരുന്നാകുന്നവന്റെ യാത്രയാണ് കുരിശിന്റെ വഴി.

ഇന്നും കുരിശിന്റെ വഴി പ്രാർത്ഥന ചൊല്ലിക്കൊണ്ട് നാം നടത്തുന്ന തീർത്ഥാടനം ഒരു സ്മരണയാണ്. ഇതാ എന്റെ ശരീരവും, രക്തവും എന്ന് പറഞ്ഞുകൊണ്ട് തന്നെത്തന്നെ നമുക്കായി മുറിച്ചുനല്കിയവന്റെ വാക്കുകളിൽ പ്രതിധ്വനിക്കുന്ന സ്മരണ. കാരണം അവൻ അവസാനം പറഞ്ഞത്, "ഇത് നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ" എന്നാണ്. ബലിയാകുവാനും, ബലിയേകുവാനും കുരിശിന്റെ പാത തിരഞ്ഞെടുത്ത യേശുവിന്റെ വാക്കുകൾ സഭയിൽ വിശുദ്ധകുർബാനയിലൂടെ ഇന്നും തുടരുന്നു. കൂദാശകൾക്കു പുറമെ, സഭ തന്റെ വിശ്വാസികളുടെ ഭക്തകൃത്യങ്ങൾക്ക് സഹായിയെന്നവണ്ണമാണ് വിവിധങ്ങളായ പ്രാർത്ഥനകൾ കൂട്ടിച്ചേർക്കുന്നത്. അപ്രകാരം, യേശുവിന്റെ അന്ത്യത്താഴവേളയിലെ  വാക്കുകൾക്ക് ജീവൻ നൽകുന്ന പ്രാർത്ഥനയാണ് കുരിശിന്റെ വഴി പ്രാർത്ഥന.

ഈ പ്രാർത്ഥനയിലൂടെ യേശുവിന്റെ സഹന നിമിഷങ്ങളോട് ഐക്യപ്പെടുവാനും, നമ്മുടെ മാനസാന്തരത്തിനുവേണ്ടിയുള്ള ആഗ്രഹം  വർദ്ധിപ്പിക്കുവാനും നമുക്ക് സാധിക്കുന്നു. കുരിശിന്റെ വഴിയെന്നത്, പരാജയത്തിന്റെയോ, തിന്മയുടെയോ വിജയത്തിന്റെ പാതയല്ല, മറിച്ച് ഓരോ വിശ്വാസിയെയും, യേശുവിന്റെ ശിഷ്യത്വത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്ന സ്നേഹത്തിന്റെ, എളിമയുടെ, കരുണയുടെ, ആർദ്രതയുടെ, വിജയപാതയാണ്.ദൈവസ്നേഹം ഉൾച്ചേർന്നിരിക്കുന്ന സഹനത്തിന്റെ രഹസ്യം, നമ്മുടെ ജീവിതങ്ങളിൽ എപ്രകാരം ജീവിക്കണമെന്നുള്ള പാഠവും ഈ കുരിശിന്റെ വഴി പ്രാർത്ഥന നമുക്ക് പ്രദാനം ചെയ്യുന്നു. പരീക്ഷണങ്ങളുടെയും, നിരാശയുടെയും നിഴലുകൾ വിരിക്കുന്ന ഒരു ലോകത്തിൽ നമ്മുടെ ജീവിതത്തിന്റെ രൂപാന്തരീകരണം, സ്വർഗീയാനുഭവം നൽകുവാൻ കുരിശിന്റെ വഴി പ്രാർത്ഥന നമ്മെ സഹായിക്കുമെന്നതിൽ തെല്ലും സംശയം വേണ്ട.

ഈ പ്രാർത്ഥനയുടെ സാക്ഷാത്ക്കാരമെന്നാൽ നമുക്ക് ദൈവത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുക എന്നതിലുപരി, ദൈവത്തിന്റെ അനന്തമായ സ്നേഹം തിരിച്ചറിയുക എന്നതാണ്. യേശുവിനെ കൂടുതൽ അടുത്ത് അനുഗമിക്കുവാനും, നമ്മുടെ രക്ഷകനായി അവനെ സ്വീകരിക്കുവാനുമുള്ള ഒരു അവസരം കൂടിയാണിത്. സ്വയം പാപിയാണെന്നു തിരിച്ചറിഞ്ഞ് ദൈവത്തോട് ക്ഷമയും കരുണയും യാചിച്ചുകൊണ്ടുള്ള ഒരു തപസ്സുകൂടിയാണിത്. എല്ലാറ്റിനുമുപരി യേശുവിന്റെ ഉത്ഥാനത്തിലേക്കുള്ള സന്തോഷത്തിന്റെ പാത കൂടിയാണ് കുരിശിന്റെ വഴി പ്രാർത്ഥന. മാമ്മോദീസ പരികർമ്മം ചെയ്യുന്ന വേളയിൽ ക്രിസ്തുവിൽ മരിച്ച്, നവസൃഷ്ടിയായി ഉയിർക്കുന്നതുപോലെ, കുരിശിന്റെ വഴി പ്രാർത്ഥന നമ്മുടെ തിന്മകളിൽ മരിച്ച് നന്മയിൽ ഉയിർക്കുന്നതിനുള്ള ഒരു പ്രചോദനവും ധൈര്യവും പ്രദാനം ചെയ്യുന്നു.

രണ്ടാം സ്ഥലം: യേശു കുരിശു ചുമക്കുന്നു

അപ്പോള്‍ മുതല്‍ പീലാത്തോസ് അവനെ വിട്ടയ്ക്കാന്‍ ശ്രമമായി. എന്നാല്‍, യഹൂദര്‍ വിളിച്ചുപറഞ്ഞു: ഇവനെ മോചിപ്പിക്കുന്നപക്ഷം നീ സീസറിന്റെ സ്‌നേഹിതനല്ല. തന്നെത്തന്നെ രാജാവാക്കുന്ന ഏവനും സീസറിന്റെ വിരോധിയാണ്. ഈ വാക്കുകള്‍ കേട്ടപ്പോള്‍ പീലാത്തോസ് യേശുവിനെ പുറത്തേക്കു കൊണ്ടുവന്ന്, കല്‍ത്തളം - ഹെബ്രായ ഭാഷയില്‍ ഗബ്ബാത്ത - എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത്‌ന്യായാസനത്തില്‍ ഇരുന്നു. അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറുമായിരുന്നു. അവന്‍ യഹൂദരോടു പറഞ്ഞു: ഇതാ, നിങ്ങളുടെ രാജാവ്! അവര്‍ വിളിച്ചുപറഞ്ഞു: കൊണ്ടുപോകൂ, അവനെ കൊണ്ടുപോയി കുരിശില്‍ തറയ്ക്കൂ. പീലാത്തോസ് അവരോടു ചോദിച്ചു: നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കണമെന്നോ? പുരോഹിതപ്രമുഖന്‍മാര്‍ പറഞ്ഞു: സീസറല്ലാതെ ഞങ്ങള്‍ക്കു വേറെ രാജാവില്ല. അപ്പോള്‍ അവന്‍ യേശുവിനെ ക്രൂശിക്കാനായി അവര്‍ക്കു വിട്ടുകൊടുത്തു. (യോഹ 19 ,12 -16 )

യേശുവിന്റെ തിരുത്തോളിലേക്ക് വച്ചുകൊടുത്ത കുരിശിന്റെ ഭാരം എന്റെ അകൃത്യങ്ങളുടെയും, തിന്മയുടെയും, പാപങ്ങളുടെയും ഭാരമാണ്. പക്ഷെ പാപിയുടെ മനസാന്തരത്തിനായി കുരിശ് വഹിക്കുവാൻ യേശു സ്വയം  കുനിഞ്ഞുകൊടുക്കുന്നു. പഴയനിയമത്തിൽ ഇസ്രായേൽ ജനതയുടെ പ്രാണരക്ഷയ്ക്കുവേണ്ടി പിച്ചള സർപ്പത്തെ മരുഭൂമിയിൽ ഉയർത്തിയതുപോലെ, പുതിയനിയമത്തിൽ നിത്യപ്രാണനുവേണ്ടി ദൈവപുത്രൻ കുരിശുയർത്തുന്നതിനു പകരം കുരിശു വഹിക്കുന്നു. "ഇതാ ലോകത്തിന്റെ പാപങ്ങൾ വഹിക്കുന്ന ദൈവവത്തിന്റെ കുഞ്ഞാടെന്ന" സ്നാപകയോഹന്നാന്റെ പ്രവചനവാക്കുകൾ ഈ രണ്ടാം സ്ഥലത്തു അന്വർത്ഥമാകുന്നു. മരുഭൂമിപോലെ നിശബ്ദത പരന്നുനിൽക്കുന്ന പീലാത്തോസിന്റെ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ലോകത്തിന്റെ നാഥനായ യേശുവിന്റെ തോളിൽ വച്ചുകൊടുത്ത കുരിശ്, പിന്നീട് രണ്ടായിരം വർഷങ്ങൾക്കിപ്പുറവും ക്രൈസ്തവന്റെ അടയാളമായി മാറിയെങ്കിൽ, അതിന്റെ ചൈതന്യം അവർണ്ണനീയമാണ്.

കുരിശു ചുമക്കുന്ന യേശുവിന്റെ കണ്ണുകളിൽ പ്രതിഫലിക്കുന്നത്, ലോകം മുഴുവനുമാണ്. അവന്റെ അധരങ്ങളിൽ മന്ത്രിച്ചത്‌ സങ്കീർത്തനങ്ങളാണ്. അപമാനത്തിന്റെ അടയാളമായ കുരിശിനെ ആരാധനയുടെ അടയാളമാക്കി മാറ്റിയവനാണ് യേശു. പീലാത്തോസിന്റെ ഭയത്തിനുമുന്പിൽ, ഭയമെന്നത് ദൈവത്തോടുള്ള അടുപ്പവും, തിന്മയിൽനിന്നുമുള്ള അകലവും മാത്രമാണെന്ന് കാട്ടിത്തരുവാനും യേശു ഉപയോഗിക്കുന്ന അടയാളം കുരിശിന്റെതാണ്. കുരിശിനെ പുണരുന്ന യേശുവിലാണ്, പ്രവാചകരുടെ വാക്കുകളുടെ പൂർത്തീകരണം നമുക്ക് കാണാൻ സാധിക്കുന്നത്. ഏശയ്യാ പ്രവാചകന്റെ, സഹനദാസനെ പറ്റിയുള്ള പ്രവചനത്തിൽ, "അവന്റെ മുറിവുകളാൽ നാം സുഖപ്പെടുന്നുവെന്നാണ്" പറയുക. (ഏശ 53 ,5). ഇപ്രകാരം യേശുവിന്റെ കുരിശ് നിത്യരക്ഷയ്ക്കായുള്ള  ഒരു മരുന്ന് കൂടിയാണ്. ഇന്നും ദേവാലയങ്ങളിൽ കുരിശിന്റെ ചുവട്ടിലേക്ക് ജനലക്ഷങ്ങൾ ഒഴുകിയെത്തി തങ്ങളുടെ വേദനകളും, നൊമ്പരങ്ങളും, രോഗങ്ങളും, ആകുലതകളുമെല്ലാം ഇറക്കിവയ്ക്കുമ്പോൾ കുരിശിന്റെ വഴിയുടെ ഈ രണ്ടാം  സ്ഥലം നമ്മുടെ മനസിലേക്ക് ഓടിയെത്തണം. കുരിശാണ് രക്ഷ, കുരിശിലാണ് രക്ഷ, കുരിശേ നമിച്ചീടുന്നു എന്ന ഗാനത്തിന്റെ ഈരടികളിൽ നമ്മുടെ ജീവിതത്തിന്റെ കുരിശും നമുക്ക് സമർപ്പിക്കാം.

മൂന്നാം സ്ഥലം: യേശു ഒന്നാം പ്രാവശ്യം വീഴുന്നു

അവന്‍ നിന്ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ്‌ യഥാര്‍ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. എന്നാല്‍, ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിക്കുകയും  ചെയ്‌തെന്നു നാം കരുതി.  നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു. ആടുകളെപ്പോലെ നാം വഴിതെറ്റിപ്പോയി. നാമോരോരുത്തരും സ്വന്തം വഴിക്കുപോയി. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്റെ മേല്‍ ചുമത്തി.അവന്‍ മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു. മര്‍ദനത്തിനും ശിക്ഷാവിധിക്കും അധീനനായി അവന്‍ എടുക്കപ്പെട്ടു. എന്റെ ജനത്തിന്റെ പാപംനിമിത്തമാണ് അവന്‍ പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയില്‍നിന്നു വിച്‌ഛേദിക്കപ്പെട്ടതെന്ന് അവന്റെ തലമുറയില്‍ ആരു കരുതി? അവന്‍ ഒരു അതിക്രമവും ചെയ്തില്ല; അവന്റെ വായില്‍നിന്നു വഞ്ചന പുറപ്പെട്ടുമില്ല. എന്നിട്ടും, ദുഷ്ടരുടെയും ധനികരുടെയും ഇടയില്‍ അവന്‍ സംസ്‌കരിക്കപ്പെട്ടു. അവനു ക്ഷതമേല്‍ക്കണമെന്നത് കര്‍ത്താവിന്റെ ഹിതമായിരുന്നു (ഏശ 53, 4 - 9)

യേശുവിന്റെ ആദ്യവീഴ്ച്ച എന്റെ പാപങ്ങളുടെ ഭാരം എറിയതുകൊണ്ടാണ്. പക്ഷെ അവന്റെ കണ്ണുകളിൽ പരിഭവമോ, അധരങ്ങളിൽ പരാതിയോ ഇല്ല. മറിച്ച് അവൻ ഭൂമിയിലേക്കു പതിച്ചപ്പോൾ, ഭൂമിയോളം താഴ്ന്നവന്റെ വലുപ്പം മറ്റുള്ളവർ തിരിച്ചറിയുന്നു. പാപിനിയായ സ്ത്രീയെ കല്ലെറിയുവാൻ ആളുകൾ കൂട്ടമായി വന്നപ്പോൾ, നിങ്ങളിൽ പാപമില്ലാത്തവർ ആദ്യം അവളെ കല്ലെറിയട്ടെയെന്നു പറഞ്ഞിട്ട്, നിലത്ത് എഴുതിക്കൊണ്ടിരുന്ന യേശുവിന്റെ ഭാവം, തിരിച്ചറിവിന്റെ സുവിശേഷം പങ്കുവയ്ക്കുന്നതായിരുന്നു. തന്റെ ശബ്ദം തെല്ലും ഉയർത്താതെ തങ്ങളിലേക്ക് തന്നെ നോക്കുവാനും, മാനസാന്തരം ആവശ്യമാണെന്ന തിരിച്ചറിവ് അവരുടെ ഹൃദയങ്ങളിൽ പകരുകയും ചെയ്ത ഭാവമാണ്, തന്റെ ആദ്യവീഴ്ചയുടെ വേളയിൽ യേശുവിന്റെ കണ്ണുകളിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്.

യേശുവിന്റെ വീഴ്ച, ചിലപ്പോൾ ഭാരത്തോടൊപ്പം പടയാളികളുടെ ക്രൂരതയും ആവാം, പക്ഷെ അവരെയും വീണ്ടെടുക്കുവാൻ യേശു വീണ്ടും എഴുന്നേൽക്കുന്നു. നമ്മുടെ ജീവിതത്തിലും സഹിക്കാവുന്നതിലും അപ്പുറം ദുരിതങ്ങൾ പേറുമ്പോൾ നാം വീണുപോകാം. ചിലപ്പോൾ സഹോദരങ്ങളുടെ നിന്ദനങ്ങൾ നമ്മെ താഴേക്ക് തള്ളിയിടാം. പക്ഷെ ഭൂമിയോളം താഴ്ന്നവൻ നമുക്ക് കരുത്ത് നൽകും. നമ്മുടെ പതനങ്ങളിൽനിന്നും വീണ്ടും ജീവിതത്തിന്റെ ഏടുകളിലേക്കുള്ള നമ്മുടെ യാത്രയിൽ കുരിശുകൾ ഒഴിവാക്കാതെ തന്നെ അവൻ നമുക്ക് താങ്ങായി നിൽക്കും. എന്നാൽ പതനകളിൽ നിന്നും എഴുന്നേൽക്കുമ്പോൾ മാനുഷികമായി നാം ആദ്യം ആഗ്രഹിക്കുക കുരിശിനെ മാറ്റിവയ്ക്കുവാൻ വേണ്ടിയാണ്. കുരിശില്ലാത്ത യാത്രയിൽ നമുക്ക് പെട്ടെന്ന് കാലിടറും, കാരണം അത് വിശ്വാസമില്ലാത്ത യാത്രയാണ്. ചിലപ്പോൾ നൈമിഷികമായ ഒരു സുഖമനുഭവിക്കുവാൻ നമുക്ക് സാധിക്കുമെങ്കിലും, ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുവാൻ സാധിക്കാതെ ജീവിതം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്ന ഒരു നിലയിലേക്ക് നാം എത്തിച്ചേരുന്നു. എന്നാൽ പതനങ്ങളിൽ നമ്മോടൊപ്പം ആയിരിക്കുന്നവന്റെ കരം പിടിച്ചുകൊണ്ട് അവന്റെ സ്നേഹത്തിൽ , വിശ്വാസത്തോടെയും, പ്രത്യാശയോടെയും ജീവിതം നയിക്കുവാൻ കുരിശിന്റെ വഴി പ്രാർത്ഥനയിലെ മൂന്നാം സ്ഥലം നമ്മെ സഹായിക്കട്ടെ

നാലാം സ്ഥലം: യേശു തന്റെ മാതാവിനെ വഴിയിൽ വച്ച് കാണുന്നു

ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേ കരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു.(ലൂക്ക 2 ,34 -35,51)

ബാലനായ യേശുവിനെ പാരമ്പര്യമനുസരിച്ച് ദേവാലയത്തിൽ കാഴ്ചവയ്ക്കുവാൻ കൊണ്ടുപോകുന്ന അവസരത്തിൽ ശിമയോൻ എന്ന മഹാത്മാവ് മാതാവിനോട് പറഞ്ഞ വാക്കുകളാണ്  കാൽവരിയാത്രയിൽ യേശുവും, മാതാവും തമ്മിലുള്ള കണ്ടുമുട്ടലിൽ പൂർത്തീകരിക്കപ്പെടുന്നത്. തന്റെ ഹൃദയത്തിൽ ഒരു വാൾ കടക്കുമെന്ന ശിമെയോന്റെ വാക്കുകൾ, കാൽവരി യാത്രയിൽ വേദനയുടെ പറഞ്ഞറിയിക്കാനാവാത്ത കഠിനതയാണ് മറിയത്തിനു സമ്മാനിച്ചത്. താൻ പൊന്നുപോലെ നോക്കിവളർത്തിയ മകനെ തന്റെ കണ്മുൻപിൽ പീഡിപ്പിക്കുന്നത് കാണുമ്പോൾ ഏത് അമ്മയ്ക്കാണ് സഹിക്കാൻ പറ്റുക. പക്ഷെ മാതാവ് ദൈവപിതാവിനു തന്നെ പൂർണ്ണമായി സമർപ്പിച്ചവളാണ്. "ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്കു എന്നിൽ നിറവേറട്ടെ". തന്റെ ഹൃദയത്തിൽ മാതാവ് എല്ലാം  സംഗ്രഹിച്ചു എന്ന് പറയുമ്പോൾ, വിശ്വാസത്തോടെ അവൾ എന്തും നേരിടുന്നതിനായി പ്രാർത്ഥിച്ചിരുന്നു എന്നതാണർത്ഥം.

തന്റെ അമ്മയുമായുള്ള കണ്ടുമുട്ടലിന്റെ വേളയിലാവണം യേശു അല്പം ആശ്വാസം നേടിയിട്ടുണ്ടാവുക. 'അമ്മ ചിലപ്പോൾ കുഞ്ഞിനോട് പറഞ്ഞുകാണും, 'മോനെ ഞാൻ നിന്റെ കൂടെയുണ്ട് കേട്ടോ'.  ചിലപ്പോൾ യേശു തന്റെ ശിഷ്യന്മാരെ പറ്റിയുള്ള അന്വേഷണമാവാം അമ്മയോട് നടത്തിയത്. തന്റെ മകന്റെ  കുരിശും, അപമാനവുമെല്ലാം അമ്മ ഏറ്റെടുക്കുന്നു. മാതൃത്വത്തിന്റെ ഈ ഭാവമാണ് നാലാം സ്ഥലം നമുക്ക് പ്രദാനം ചെയ്യുക. കഷ്ടപ്പാടിന്റെ നിഗൂഡതയിൽ ആത്മാർത്ഥമായി നമ്മുടെ വേദനകൾ പങ്കുവയ്ക്കുവാൻ നമ്മുടെ അടുത്ത് വരുന്ന മാതാവിനെ തിരിച്ചറിയാതെ നാം പോകരുത്. അവൾ നമ്മുടെ കാതുകളിലും മന്ത്രിക്കും, 'കുഞ്ഞേ ഞാൻ നിന്റെ കൂടെയുണ്ട്'.

പരിശുദ്ധ അമ്മയോടൊപ്പം യേശുവിന്റെ കാൽവരിയാത്രയിൽ  നമുക്ക് പങ്കുചേരാം കാരണം നമ്മുടെ മനസിന്റെ വേദനകൾ യേശുവിനോട് പങ്കുവയ്ക്കുവാൻ 'അമ്മ നമ്മെ സഹായിക്കും. കാനായിലെ വിവാഹവിരുന്നിൽ വീഞ്ഞ് തീർന്നുപോയപ്പോൾ, വീട്ടുകാർ പോലും അറിയാതെ, വേദനകൾ മനസിലാക്കി തന്റെ പുത്രനോട് അഭ്യർത്ഥന നടത്തിയ അമ്മ, ഇന്നും നമ്മുടെ ജീവിതത്തിലും നന്മയുടെ വീഞ്ഞ് തീർന്നു പോകുമ്പോൾ നമുക്കായി മാധ്യസ്ഥ്യം തേടും.മാതാവിനോടുള്ള ഭക്തി കുരിശിന്റെ വഴി പ്രാർത്ഥനയിൽ ഊട്ടിയുറപ്പിക്കുന്നതാണ്, നാലാം സ്ഥലം.

കുരിശിന്റെ വഴി പ്രാർത്ഥനയിൽ യേശു നമുക്ക് കാട്ടിത്തരുന്ന സ്നേഹത്തിന്റെ പാതയിൽ വിശ്വാസത്തോടെ തീർത്ഥാടനം നടത്തുവാൻ നമുക്കേവർക്കും സാധിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 February 2024, 12:40