തിരയുക

പരിശുദ്ധ അമ്മയുടെ മടിയിൽ കിടത്തിയിരിക്കുന്ന ക്രൂശിതന്റെ രൂപം - പിയെത്ത പരിശുദ്ധ അമ്മയുടെ മടിയിൽ കിടത്തിയിരിക്കുന്ന ക്രൂശിതന്റെ രൂപം - പിയെത്ത  

ദൈവമാതാവിന്റെ വ്യാകുലപ്രലാപം - ഭാഗം 1

അർണോസ് പാതിരി രചിച്ച 'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' അഥവാ 'ഉമ്മാടെ ദുഃഖം' എന്ന കൃതിയെ ആധാരമാക്കിയ വിചിന്തനം. പ്രത്യേക നോമ്പുകാലപരിപാടി - ഒന്നാം ഭാഗം.

ആമുഖം

മാനവകുലത്തോടുള്ള അതിരറ്റ സ്നേഹത്തിന്റെ പ്രത്യക്ഷമായ പ്രകടനമായിരുന്നു, തന്റെ തിരുസുതനായ യേശുക്രിസ്തുവിലൂടെ പിതാവായ ദൈവം നമുക്ക് പ്രാപ്യമാക്കിത്തന്ന നിത്യരക്ഷ. ക്രിസ്തുവിന്റെ പീഡാസഹനവും, കുരിശുമരണവും, അതിലുപരി മഹത്വപൂർണ്ണമായ ഉയിർപ്പുമൊക്കെ നാം ആചരിക്കുന്ന വലിയ ആഴ്ചയിലേക്കുള്ള ഒരുക്കമായ വലിയ നോമ്പിലേക്ക് നാമെല്ലാവരും പ്രവേശിച്ചിരിക്കുകയാണ്. അനുതാപത്തിന്റെയും, പ്രാർത്ഥനയുടെയും, പരിത്യാഗത്തിന്റെയും, തീർത്ഥാടനങ്ങളുടെയും, ആധ്യാത്മികവിചിന്തനങ്ങളുടെയും, പരിവർത്തനത്തിന്റെയും ഒക്കെ കാലമാണ് നോമ്പുകാലം, തപസ്സുകാലം എന്നൊക്കെ അറിയപ്പെടുന്ന അനുഗ്രഹീതമായ ഈ ദിവസങ്ങൾ. ക്രിസ്തുവിനൊപ്പം മരുഭൂമിയുടെ ഏകാന്തതയിൽ ആയിരിക്കേണ്ട സമയം. പ്രലോഭനങ്ങളെ അതിജീവിച്ച്, ദൈവത്തിന് ആരാധനയും സ്തുതിയും മഹത്വവും നൽകേണ്ട സമയം.മലയാളക്കരയിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം, വലിയ ആഴ്ചയുടെ ഭാഗമായി, നാമൊക്കെ ഇക്കാലത്ത് തീർത്ഥാടനങ്ങൾ നടത്താറുണ്ട്, അതുപോലെ യേശുനാഥന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും അനുസ്മരണമായി കുരിശിന്റെ വഴി പോലെയുള്ള പ്രത്യേകം പ്രാർത്ഥനകൾ ഇടവകദേവാലയങ്ങളോടനുബന്ധിച്ചും, കുടുംബപ്രാർത്ഥനയുടെ സമയത്തുമൊക്കെ നടത്താറുണ്ട്. എന്നാൽ ഇങ്ങനെയുള്ള ഭക്തികർമ്മങ്ങളിൽ പ്രധാനപ്പെട്ട ഒരു സ്ഥാനം സ്വന്തമാക്കിയത്, "ഉമ്മാടെ ദുഃഖം", 'ദൈവമാതാവിന്‍റെ വ്യാകുലപ്രലാപം' എന്നൊക്കെയുള്ള പേരുകളിൽ അറിയപ്പെടുന്ന പ്രശസ്തമായ ഒരു വിലാപകാവ്യത്തിന്റെ ആലാപനമാണ്. നോമ്പുകാലത്ത് മാത്രമല്ല, ക്രൈസ്തവരുടെ മരണവുമായി ബന്ധപ്പെട്ടും ഈ കാവ്യം ആലപിക്കപ്പെട്ടുപോരുന്നുണ്ട്.

കുരിശിൽ തറയ്ക്കപ്പെട്ട് മരിച്ച തന്റെ ദിവ്യസുതന്റെ ശരീരം മടിയിൽ കിടത്തിക്കൊണ്ട് പരിശുദ്ധ അമ്മ നടത്തുന്ന വിലാപമെന്ന ശൈലിയിൽ രചിക്കപ്പെട്ട ഈ കാവ്യത്തിന്റെ ഒരു പ്രത്യേകത, ഇതിന്റെ രചയിതാവ്, വിദേശിയായ അർണോസ് പാതിരിയെന്ന ഈശോസഭാവൈദികനാണ് എന്നതാണ്. 1681-ൽ ജർമനിയിൽ ജനിച്ച ഇദ്ദേഹം 1701-ലാണ് ഇന്ത്യയിലെത്തിയത്. പരിശുദ്ധ കന്യകാമറിയത്തിന്റെ ഹൃദയത്തിലെ അതിതീവ്രമായ വികാരവിചാരങ്ങളെ മനനം ചെയ്യുന്ന ഈ വിലാപത്തോട് ചേർന്ന് തങ്ങളുടെ ഹൃദയവ്യഥകളെ തരണം ചെയ്യാനും, ആശ്വാസം കണ്ടെത്താനും, വേദനയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരെ ഈ കാവ്യം ഏറെ സഹായിച്ചിട്ടുണ്ട്. വലിയനോമ്പിന്റെ ദിനങ്ങളിലൂടെ കടന്നുപോകുന്ന നമ്മുടെ അദ്ധ്യാത്മികജീവിതത്തിൽ പരിശുദ്ധ അമ്മയ്ക്കും ക്രിസ്തുവിനുമൊപ്പമായിരിക്കാൻ നമ്മെ സഹായിക്കുന്ന ദൈവമാതാവിന്റെ വ്യാകുലപ്രലാപമെന്ന ഈ കാവ്യത്തെ അടിസ്ഥാനമാക്കിയ ഒരു തുടർപരിപാടിയുടെ ആദ്യഭാഗമാണ് ഇന്നത്തെ പ്രക്ഷേപണത്തിൽ തുടർന്ന് വരുന്നത്. അർണോസ് പാതിരിയുടെ കൃതികളെക്കുറിച്ച് കൂടുതലായി പഠിച്ച്, എല്ലാ ആളുകളിലേക്കുമെത്തിക്കാൻ പരിശ്രമിക്കുന്ന ബഹുമാനപ്പെട്ട ആന്റണി പുത്തൂർ സാറാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്.

'ദൈവമാതാവിന്റെ വ്യാകുലപ്രലാപം' -1 - ശബ്ദരേഖ

എഫ് ആന്‍റണി പുത്തൂര്‍, ചാത്തിയാത്ത്

യേശുനാഥന്‍ കുരിശില്‍ തറയ്ക്കപ്പെട്ട് വധിക്കപ്പെട്ടപ്പോള്‍ അവിടത്തെ അമ്മയായ മറിയവും ആ ദാരുണ രംഗത്തിന് സാക്ഷ്യം വഹിക്കുവാന്‍ എത്തിയിരുന്നു എന്നതിന് വിശുദ്ധ ബൈബിള്‍ തന്നെ സാക്ഷ്യം നല്കുന്നുണ്ട്. തന്‍റെ ഏക മകന്‍ അതിക്രൂരമായി കൊല ചെയ്യപ്പെടുന്നത് കണ്ടു നില്ക്കേണ്ടി വരുന്ന ഒരമ്മയുടെ മാനസികവ്യഥ വാക്കുകളില്‍ ആവാഹിക്കുവാനാണ് അര്‍ണോസ് പാതിരിയെന്ന യൊഹാന്നസ് ഏണസ്തൂസ് ഫോണ്‍ ഹാങ്സ്ലേഡന്‍ എസ്.ജെ പാതിരി തന്‍റെ ഉമ്മാടെ ദു:ഖം അഥവാ ദൈവമാതാവിന്‍റെ വ്യാകുല പ്രലാപം എന്ന കാവ്യത്തിലൂടെ ശ്രമിക്കുന്നത്. ഈ കാവ്യ രചന പൂര്‍ത്തിയാക്കുന്നതിനായി ദൈവമാതാവിന്‍റെ സഹായം തന്നെയാണ് കവി ആദ്യം യാചിക്കുന്നത്. അതിപ്രകാരമാണ്:

    'അമ്മ കന്ന്യാ മണിതന്‍റെ, നിര്‍മ്മല ദു:ഖങ്ങളിപ്പോള്‍

    നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും

ദു:ഖമൊക്കെപ്പറവാനോ, വാക്കുപോരാ മാനുഷര്‍ക്കു

ഉള്‍ക്കനെ ചിന്തിച്ചുകൊള്‍വാന്‍ ബുദ്ധിയും പോരാ

    എന്മനോവാക്കിന്‍ വശംപോല്‍ പറഞ്ഞാലൊക്കയുമില്ല

    അമ്മകന്നി തുണയെങ്കില്‍ പറയാമല്പം'

അതെ ദൈവമാതാവിന്‍റെ ദു:ഖത്തിന്‍റെ തീവ്രത എത്രയെന്ന് ഭാവന ചെയ്യുവാനോ അത് വാക്കുകളില്‍ ആവിഷ്കരിക്കുവാനോ കവിക്ക് കഴിവില്ല എന്നതിനാല്‍ ഈ ദൗത്യം പൂര്‍ത്തിയാക്കുന്നതിന് അമ്മയുടെ സഹായം അനിവാര്യമാണെന്നും ആ സഹായമുണ്ടെങ്കില്‍ അതേക്കുറിച്ച് അല്പമെങ്കിലും പറയാമെന്നും കവി പ്രാര്‍ത്ഥനാ രൂപത്തില്‍ ഇവിടെ പറഞ്ഞു വയ്ക്കുന്നു. തുടര്‍ന്ന്

    'സര്‍വമാനുഷര്‍ക്കു വന്ന, സര്‍വദോഷോത്തരത്തിന്നായ്

    സര്‍വനാഥന്‍ മിശിഹായും മരിച്ചശേഷം

സര്‍വ നന്മക്കടലോന്‍റെ, സര്‍വപങ്കപ്പാടു കണ്ടു

സര്‍വ ദു:ഖം നിറഞ്ഞുമ്മാ പുത്രനെ നോക്കി

    കുന്തമമ്പു, വെടി ചങ്കില്‍കൊണ്ടപോലെ മനംവാടി

    തന്‍തിരുകാല്‍ കരങ്ങളും തളര്‍ന്നുപാരം

ചിന്തവെന്തു കണ്ണില്‍ നിന്നു, ചിന്തിവീഴും കണ്ണുനീരാല്‍

എന്തു ചൊല്ലാവതു ദു:ഖം പറഞ്ഞാലൊക്കാ

    അന്തമറ്റ സര്‍വനാഥന്‍, തന്‍തിരുകല്പനയോര്‍ത്തു

    ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങി ദു:ഖം'

ഈ വരികളിലൂടെ മാനവകുലത്തിനു സംഭവിച്ച കുറ്റങ്ങളും കുറവുകളും ശാപങ്ങളും എല്ലാം സ്വയം ഏറ്റുവാങ്ങിയ യേശുനാഥന്‍റെ കുരിശു മരണശേഷം ആ മകന്‍ തന്‍റെ ജീവിതത്തിലുടനീളം അനുഭവിച്ച അപാമനങ്ങളും പീഢനങ്ങളും എല്ലാം നേരില്‍ കാണുകയും നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്ത മേരി മാതാവ് തന്‍റെ അരുമസുതനെ നോക്കിക്കാണുകയാണ്. കുന്തവും അമ്പും വെടിയുമൊക്കെ ഏറ്റതുപോലെ തകര്‍ന്നു തരിപ്പണമായ ആ അരുമ പുത്രന്‍റെ ചേതനയറ്റ ശരീരം കുരിശാകുന്ന കഴുമരത്തില്‍ നിന്നിറക്കി മടിയില്‍ കിടത്തിയിരിക്കുന്ന ആ അമ്മയുടെ മനസ്സിലൂടെ കഴിഞ്ഞുപോയ ഓരോ സംഭവവും ഒരു തിരശ്ശീലയിലെന്ന പോലെ കടന്നു പോവുകയാണ്. ആ അമ്മ വിലപിക്കുകയാണ്: 'എന്മകനെ! നിര്‍മ്മലനെ! നന്മയെങ്ങും നിറഞ്ഞോനെ!

ജന്മദോഷത്തിന്‍റെ ഭാരമൊഴിച്ചോ പുത്ര!

    പണ്ടുമുന്നോര്‍ കടംകൊണ്ടുകൂട്ടിയതു വീട്ടുവാനായ്

    ആണ്ടവന്‍ നീ മകനായി പിറന്നോ പുത്ര!

ആദമാദി നരവര്‍ഗ്ഗം ഭീതികൂടാതെ പിഴച്ച-

ഹേതുവതിനുത്തരം നീ ചെയ്തിതോ പുത്ര!

    നന്നുനന്നു നരരക്ഷ നന്ദിയത്രെ ചെയ്തതു നീ

    ഇന്നിവ ഞാന്‍ കാണുമാറു വിധിച്ചോ പുത്ര!

മുന്നമേ ഞാന്‍ മരിച്ചിട്ടു പിന്നെ നീ ചെയ്തിവയെങ്കില്‍

നന്നിതയ്യോ! മുന്നമേ നീ മരിച്ചോ പുത്ര!

ഇപ്രകാരം ലോകമൊക്കെയുടെയും മോചനത്തിനായി സ്വജീവിതം ഉഴിഞ്ഞുവച്ച ആ മകന്‍റെ മഹാത്യാഗത്തെ സംബന്ധിച്ച് ഓര്‍ക്കുകയാണ് ആ അമ്മ. ദൈവപുത്രനായി ഒരു പുല്‍ക്കൂട്ടില്‍ പിറന്ന് ആദം മുതലുള്ള മാനവരാശി മുഴുവന്‍ ചെയ്തു കൂട്ടിയ പിഴകള്‍ക്കെല്ലാം പരിഹാരമായി സ്വജീവന്‍ തന്നെ പിതാവായ ദൈവത്തിനു ബലിയായി സമര്‍പ്പിച്ച യേശുതമ്പുരാന്‍ പരിശുദ്ധ മറിയത്തില്‍ നിന്നും സ്വീകരിച്ച ശരീരമാണ് ഈ യാഗത്തിനായി ഉപയോഗിക്കുന്നത്. ഞാന്‍ മരിച്ചതിനുശേഷമാണ് പ്രിയ മകനേ നീ മരിച്ചിരുന്നതെങ്കില്‍ എന്ന വിലാപഭാഗം മുതല്‍ തന്‍റെ ദൈവീക ഭാവങ്ങള്‍ ഒക്കെയും മാറ്റിവച്ച് വൈകാരിക സംഘട്ടനങ്ങളില്‍ അകപ്പെട്ട് സ്വയം മറന്നു പോകുന്ന ഒരു സാധാരണ അമ്മയെയാണ് കവി തന്‍റെ കവനവഴിയിലൂടെ വരച്ചിടുന്നത്. ഇവിടെ മുഴങ്ങുന്ന 'പുത്ര' വിളികളിലൂടെ ഒരമ്മയുടെ ദു:ഖം അണപൊട്ടി ഒഴുകുന്ന ദൃശ്യവും നമുക്കു കാണാവുന്നതാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 February 2024, 12:13