തിരയുക

റോമിലെ ഐസക് അബർബനൽ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ സെന്റർ ഫോർ എത്തിക്സിന്റെ ഉദ്ഘാടന ചടങ്ങ് (ഫോട്ടോ: പവൽ റൈറ്റെൽ-ആൻഡ്രിയാനിക്) റോമിലെ ഐസക് അബർബനൽ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ സെന്റർ ഫോർ എത്തിക്സിന്റെ ഉദ്ഘാടന ചടങ്ങ് (ഫോട്ടോ: പവൽ റൈറ്റെൽ-ആൻഡ്രിയാനിക്) 

റോമിൽ ധാർമ്മികശാസ്ത്ര കേന്ദ്രത്തിന്റെ ഉദ്ഘാടനം: യഹൂദരും ക്രൈസ്തവരും തമ്മിലുള്ള സഹകരണത്തിലെ ഒരു സുപ്രധാന നാഴികക്കല്ല്

"മാർഷാൽ ടി മേയർ" സെമിനാരിയുമായി സംയോജിപ്പിച്ച ഉന്നത വിദ്യാഭ്യാസ ഗവേഷണ അക്കാദമിക് സ്ഥാപനമായ ഐസക് അബർബാനൽ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ടിലെ ധാർമ്മികശാസ്ത്ര കേന്ദ്രം റോമിൽ ഉദ്ഘാടനം ചെയ്തു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ജീവനു വേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി അധ്യക്ഷ൯ ആർച്ച് ബിഷപ്പ് വിൻചെൻസോ പാലിയയുടെ സഹകരണത്തോടെയാണ് പുതിയ കേന്ദ്രം രൂപീകരിച്ചത്. രണ്ട് വിശ്വാസ സമൂഹങ്ങൾ തമ്മിലുള്ള പങ്കിട്ട മൂല്യങ്ങളുടെയും പാണ്ഡിത്യ കൈമാറ്റത്തിന്റെയും വെളിച്ചമായി ഈ കേന്ദ്രം ഉയർന്നുവരുന്നു.

റോമിലെ ഐസക് അബർബാനൽ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ സെന്റർ ഫോർ എത്തിക്സ് ഫെബ്രുവരി 15, വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു കൊണ്ട് ജീവനു വേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി അധ്യക്ഷ൯ ആർച്ച് ബിഷപ്പ് വിൻചെ൯സോ ഈ സ്ഥാപനത്തിന് അനുയോജ്യമായ സ്ഥലമായി റോം പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞു. വിവിധ അക്കാദമിക് മുന്നേറ്റങ്ങളിൽ നിന്നും മതവിശ്വാസങ്ങളിൽ നിന്നും, പ്രത്യേകിച്ച് അബ്രഹാമിക് പാരമ്പര്യങ്ങളിൽ വേരൂന്നിയവയിൽ നിന്നുള്ള ഉൾക്കാഴ്ചകൾ സമന്വയിപ്പിക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള പണ്ഡിതന്മാർ, ഗവേഷകർ, മതനേതാക്കൾ എന്നിവർക്കിടയിലെ രണ്ടു പഠന മേഖലകൾ ചേർന്ന ഒരു പഠനശാഖയുടെ സഹകരണത്തിനുള്ള കേന്ദ്രമായി ഇത് പ്രവർത്തിക്കും.

ചിലിയിലും അറ്റ്ലാന്റയിലെ കുട്ടികളുടെ ആരോഗ്യപരിപാലനത്തിലും ബയോ എത്തിക്സ് കമ്മിറ്റികൾ സ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രശസ്തയായ റബ്ബി അനാലിയ ബോർട്ട്സ് മനുഷ്യ അസ്തിത്വത്തിന്റെ എല്ലാ വശങ്ങളിലും ധാർമ്മികതയുടെ ആന്തരിക പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഹെബ്രായ ഭാഷയിലെ സങ്കീർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ജീവിതയാത്രയിലുടനീളം മാർഗ്ഗനിർദ്ദേശത്തിന്റെയും ധാർമ്മിക ദിശാസൂചകത്തിന്റെയും സാർവ്വത്രിക ആവശ്യകത ഉയർത്തിക്കാട്ടിക്കൊണ്ട് അവർ മാനവരാശിയും ദൈവവും തമ്മിലുള്ള അഗാധമായ ബന്ധത്തിന് അടിവരയിട്ടു.

കൃത്രിമ ബുദ്ധി നമ്മുടെ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന കാരണം കൊണ്ടാണ് സെന്റർ ഫോർ എത്തിക്സ് സ്ഥാപിക്കുന്നതെന്ന് അർജന്റീനിയൻ ഡോക്ടറും രാഷ്ട്രീയ പ്രവർത്തകനും പുതിയ സെന്ററിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളുമായ ക്ലൗഡിയോ റെഗാസോണി പറഞ്ഞു. ഇതുവരെ, മനുഷ്യർക്ക് യന്ത്രങ്ങളിൽ അധികാരമുണ്ടായിരുന്നു, പക്ഷേ കൃത്രിമ ബുദ്ധി  അൽഗോരിതങ്ങളുപയോഗിച്ച് ഇത് മാറിയേക്കാമെന്ന് അദ്ദേഹം അടിവരയിട്ടു. "നാം ജീവിക്കുന്നത് മാറ്റത്തിന്റെ യുഗത്തിലല്ല, യുഗത്തിന്റെ തന്നെ മാറ്റത്തിലാണ്" എന്ന പാപ്പായുടെ വാക്കുകളെ ഉദ്ധരിച്ച് കൊണ്ട് “ഇതാണ് ഇത്തരമൊരു കേന്ദ്രം പ്രധാനപ്പെട്ട താകുന്നതിന്റെ കാരണമെന്നും മതങ്ങളും ശാസ്ത്രജ്ഞരും എല്ലാ മനുഷ്യരും തമ്മിലുള്ള സാഹോദര്യം നമുക്ക് ആവശ്യമാണെന്നും ആർച്ച് ബിഷപ്പ് വിൻചെൻസോ പാലിയ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

ലാറ്റിനമേരിക്കൻ റബ്ബിനിക്കൽ സെമിനാരിയുടെ റെക്ടറായ റാബി ഏരിയൽ സ്റ്റോഫെൻമാക്കർ ആണ് എത്തിക്‌സ് സെന്റർ സ്ഥാപിച്ചത്. റോമിലെ ഫോക്കലാർ മീറ്റിംഗ് പോയിന്റിലായിരുന്നു ഉദ്ഘാടനം. പുതിയ കേന്ദ്രം അവതരിപ്പിക്കുന്ന പത്രക്കുറിപ്പിൽ പ്രസ്താവിച്ചതുപോലെ, “ധാർമ്മിക മേഖലയിലെ വിദ്യാഭ്യാസ, ഗവേഷണ പരിപാടികൾ പരിപോഷിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, മികച്ച പ്രവർത്തനങ്ങളിൽ പ്രതിജ്ഞാബദ്ധരായ നേതാക്കളെ പരിശീലിപ്പിക്കുക, പൊതു-സ്വകാര്യ മേഖലകളിൽ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക, പ്രായോഗിക ധാർമ്മികതയിൽ പ്രവർത്തിക്കുക എന്നിവയാണ് ഇതിന്റെ  പ്രധാന ലക്ഷ്യം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 February 2024, 15:30