തിരയുക

കരുണയോടെ സൗഖ്യപ്പെടുത്തുന്ന ക്രിസ്തു കരുണയോടെ സൗഖ്യപ്പെടുത്തുന്ന ക്രിസ്തു 

ആത്മശരീരങ്ങളെ ശുദ്ധീകരിക്കുന്ന കരുണയുള്ള ക്രിസ്തു

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം ആറാം വാരം ഞായറാഴ്ചയിലെ തിരുവചന വായനകളെ അടിസ്ഥാനമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം - മർക്കോസ് 1, 40-45.
ആത്മശരീരങ്ങളെ ശുദ്ധീകരിക്കുന്ന കരുണയുള്ള ക്രിസ്തു - ശബ്‌ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മനുഷ്യനെ സമൂഹത്തിൽനിന്ന് അകറ്റുന്ന കുഷ്ഠരോഗത്തിൽനിന്ന് ഒരുവനെ സൗഖ്യപ്പെടുത്തുന്ന ക്രിസ്തുവിനെക്കുറിച്ചാണ് വിശുദ്ധ മർക്കോസിന്റെ സുവിശേഷം ഒന്നാം അധ്യായം നാൽപ്പത് മുതൽ നാൽപ്പത്തഞ്ച് വരെയുള്ള തിരുവചനങ്ങളിൽ നാം കാണുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷം എട്ടാം അദ്ധ്യായത്തിന്റെ ഒന്ന് മുതൽ നാലു വരെയുള്ള വചനങ്ങളിലും, വിശുദ്ധ ലൂക്കായുടെ സുവിശേഷം അഞ്ചാം അധ്യായത്തിന്റെ പന്ത്രണ്ട് മുതൽ പതിനാറ് വരെയുള്ള വചനങ്ങളിലും ഇതേ സംഭവം വിവരിക്കപ്പെടുന്നുണ്ട്. "അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും" (മർക്കോസ് 1, 40) എന്ന വിശ്വാസത്തോടെയുള്ള പ്രാർത്ഥനയാണ് കുഷ്ഠരോഗി യേശുവിന്റെ മുന്നിൽ വയ്ക്കുന്നത്. അടിയുറച്ച വിശ്വാസമുണ്ടെങ്കിൽ, ദൈവം കരുണയോടെ മനസ്സാകുന്നെങ്കിൽ, നിനക്ക് സൗഖ്യമുള്ളവനാകാൻ കഴിയും.

കുഷ്ഠരോഗം പഴയനിയമത്തിൽ

ലേവ്യരുടെ പുസ്‌തകം പതിമൂന്നാം അദ്ധ്യായത്തിൽ വിവിധ ത്വക്‌രോഗങ്ങൾ ഉള്ള മനുഷ്യരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഒരു മനുഷ്യന്റെ ത്വക്കിൽ രോഗം ബാധിച്ചാൽ അവനെ പുരോഹിതന്റെ അടുക്കൽ കൊണ്ടുപോകണമെന്നും, പരിശോധനകൾക്കും, കുറച്ചുദിവസങ്ങളുടെ നിരീക്ഷണത്തിനും ശേഷം പുരോഹിതൻ അവനെ ശുദ്ധനെന്നോ അശുദ്ധനെന്നോ പ്രഖ്യാപിക്കണമെന്നും കർത്താവ് മോശയോടും അഹറോനോടും ആവശ്യപ്പെടുന്നുണ്ട്. ലേവ്യരുടെ പുസ്തകം പതിനാലാം അദ്ധ്യായത്തിൽ എപ്രകാരമാണ് കുഷ്ഠരോഗത്തിൽനിന്ന് മോചനം ലഭിച്ച ഒരുവനെ സമൂഹത്തിലേക്ക് തിരികെ പ്രവേശിപ്പിക്കേണ്ടതെന്നും നാം കാണുന്നുണ്ട്.

പഴയനിയമത്തിൽ രണ്ടിടങ്ങളിൽ ദൈവം കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്ന സംഭവം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മിറിയാമും അഹറോനും മോശയ്‌ക്കെതിരായി സംസാരിച്ചപ്പോൾ കർത്താവ് അവർക്കെതിരെ കോപിക്കുകയും, മിറിയാം കുഷ്ഠരോഗിണിയായിത്തീരുകയും ചെയ്യുന്നുണ്ട്. എന്നാൽ അഹറോൻ മോശയോട് തങ്ങളുടെ കുറ്റം ഏറ്റുപറയുകയും, മിറിയാമിനെ സുഖപ്പെടുത്തണമേയെന്ന് മോശ കർത്താവിനോട് അപേക്ഷിക്കുകയും ചെയ്യുമ്പോൾ, ഏഴു ദിവസത്തേക്ക് അവളെ പാളയത്തിന് പുറത്ത് താമസിപ്പിക്കാനും, അതിനുശേഷം അവളെ തിരികെ പ്രവേശിപ്പിക്കാനും കർത്താവ് പറയുന്നു.

രണ്ട് രാജാക്കന്മാർ, അഞ്ചാം അദ്ധ്യായത്തിലാണ് ഒരു കുഷ്ഠരോഗി സുഖപ്പെടുന്ന രണ്ടാമത്തെ സംഭവം നാം കാണുന്നത്. സിറിയാരാജാവിന്റെ സൈന്യാധിപനായിരുന്ന നാമാൻ, ഇസ്രായേലിലെ ദൈവപുരുഷനായിരുന്ന എലീഷായുടെ വാക്കുകൾ അനുസരിച്ച്, ജോർദാൻ നദിയിൽ ഏഴു പ്രാവശ്യം കുളിക്കുകയും, കുഷ്ഠരോഗത്തിൽനിന്ന് സുഖപ്പെടുകയും ചെയ്യുന്നത് അവിടെ നാം കാണുന്നുണ്ട്.

ആധുനികലോകം

ആധുനികലോകത്ത് ആരോഗ്യ, ശാസ്ത്രരംഗങ്ങളുടെ വലിയ പുരോഗതിയുടെ മുന്നിലും, മനുഷ്യർക്ക് പിടിതരാതെ ചില രോഗങ്ങൾ മാനവരാശിയെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ലോകത്ത് ഇന്നും ലക്ഷക്കണക്കിന് കുഷ്ഠരോഗികൾ ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. പണ്ടുകാലത്തെന്നപോലെ മനുഷ്യന്റെ ശരീരത്തെയും മനസ്സിനെയും വല്ലാതെ മുറിവേൽപ്പിക്കുന്ന, മനുഷ്യനെ അവന്റെ സ്വന്തം വീട്ടിലുള്ളവരിൽനിന്ന് പോലും അകറ്റുന്ന ഒരു രോഗമായി ഇത് ഇന്നും തുടരുന്നുണ്ട്. ബാധിക്കപ്പെടുന്ന ഭാഗത്തെ കാൻസർ പോലെ കാർന്നു തിന്നുന്ന ഒരു ദുരിതമാണിത്.

രോഗം ദൈവശിക്ഷയോ?

കുഷ്ഠരോഗം പോലെയുള്ള കഠിനമായ രോഗങ്ങൾ ബാധിച്ച മനുഷ്യരെ ഒരുതരം അവജ്ഞയോടെയാണ് പണ്ടുകാലത്തെ, പ്രത്യേകിച്ച് പഴയനിയമകാലത്തെ ജനങ്ങൾ കണ്ടിരുന്നതെന്ന് നമുക്കറിയാം. ഒരുവൻ ചെയ്ത പാപത്തിന് ദൈവം കൊടുത്ത ശിക്ഷയായാണ് ഇങ്ങനെയുള്ള അസുഖങ്ങളെയും, മറ്റു ദുരവസ്ഥകളെയുമൊക്കെ മനുഷ്യർ കണ്ടിരുന്നത്. ഇന്നത്തെ സ്ഥിതിയും വ്യത്യസ്‌തമല്ല. എന്തെങ്കിലും അപകടത്തിലൂടെയോ, അപ്രതീക്ഷിതമായോ ഒരാൾ മരിക്കുകയോ, ഒരു കുടുംബത്തിൽ എന്തെങ്കിലും അനർത്ഥങ്ങൾ ഉണ്ടാവുകയോ, ഒരാൾക്ക് മാനസികമോ, ശാരീരികമോ ആയ കഠിനമായ ഒരു അസുഖം ഉണ്ടാവുകയോ ഒക്കെ ചെയ്യുമ്പോൾ, പലരും ആദ്യം അന്വേഷിക്കുന്നത്, അവരുടെയും അവരുടെ കുടുംബത്തിന്റെയുമൊക്കെ പാപങ്ങളുടെയും തെറ്റുകളുടെയും, വീഴ്ചകളുടെയും, അവർക്കുനേരെയുള്ള ശാപങ്ങളുടേയുമൊക്കെ കണക്കാണ്. ഈയൊരു മനഃസ്ഥിതി നിലവിലിരിക്കുന്ന കാലത്താണ് യേശുവിന് മുൻപിൽ ഒരു കുഷ്ഠരോഗി വന്ന്, തന്നെ ശുദ്ധനാക്കണമേയെന്ന് മുട്ടിന്മേൽ നിന്ന് അപേക്ഷിക്കുന്നത്. മറ്റാർക്കും നൽകാൻ സാധിക്കാത്ത സൗഖ്യം നൽകാൻ യേശുവിന് കഴിയുമെന്ന് അവൻ വിശ്വസിച്ചു. രോഗശാന്തിക്കയല്ല, ശുദ്ധിക്കായാണ് അവൻ അപേക്ഷിക്കുന്നത്. ശുദ്ധിയെന്നാൽ ശാരീരികമായ സൗഖ്യം മാത്രമല്ല എന്ന് നമുക്കറിയാം.

കാരുണ്യവാനായ ദൈവം

ഒരു കുഷ്ഠരോഗിയുടെ സാന്നിദ്ധ്യം സാധാരണ മനുഷ്യരിൽ അറപ്പും വെറുപ്പുമൊക്കെ ഉളവാക്കുമ്പോൾ, തന്റെ മുന്നിൽ മുട്ടിന്മേൽ നിൽക്കുന്ന കുഷ്ഠരോഗിയോട് കർത്താവിന് കരുണയാണ് തോന്നുന്നത്. വേദനിക്കുകയും, സഹനത്തിലൂടെ കടന്നുപോവുകയുമൊക്കെ ചെയ്യുന്ന മനുഷ്യരെ കരുണയോടെ സ്നേഹിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന കർത്താവിനെ നാം സുവിശേഷത്തിൽ പലയിടങ്ങളിലും കാണുന്നുണ്ട്.

മനുഷ്യരെ സമൂഹത്തിൽനിന്ന് അകറ്റി നിറുത്തിയ ഈ വലിയ രോഗം ബാധിച്ച മനുഷ്യനുമേൽ കർത്താവിന് കരുണ തോന്നി എന്ന് മാത്രമല്ല, മറ്റാരും സ്പർശിക്കാൻ പോലും മടിച്ച അവനെ യേശു സ്പർശിച്ചു എന്നും സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ഒരുപക്ഷെ ഏറെ നാളുകൾക്ക് ശേഷമായിരുന്നിരിക്കണം ആ മനുഷ്യൻ തന്റെ ശരീരത്തിൽ മറ്റൊരു മനുഷ്യന്റെ സ്പർശനം അനുഭവിക്കുന്നത്. യഹൂദനിയമപ്രകാരം പുരോഹിതൻ കുഷ്ഠരോഗിയെ സ്പർശിച്ചല്ല, അവൻ സൗഖ്യം പ്രാപിച്ചുവോ എന്ന് പ്രഖ്യാപിക്കേണ്ടത്. എന്നാൽ ഇവിടെയിതാ വേദനയനുഭവിക്കുന്ന, സമൂഹത്തിൽനിന്ന് അകറ്റിനിറുത്തപ്പെട്ട, മരിച്ചവനുതുല്യം ജീവിക്കുന്ന ഒരു മനുഷ്യനെ ദൈവപുത്രൻ കരുണയോടെ സ്പർശിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു.

നിയമപാലനവും അനുസരണവും

കുഷ്ഠരോഗിയെ സുഖപ്പെടുത്തിയ യേശു അവനോട്, മോശയുടെ കൽപ്പനയനുസരിച്ച്, തന്നെത്തന്നെ പുരോഹിതന് കാണിച്ചുകൊടുക്കാനും, ജനങ്ങൾക്ക് സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകൾ സമർപ്പിക്കാനും ആവശ്യപ്പെടുന്നു. എന്നാൽ അതിനുമുൻപ് യേശു അവനെ കർശനമായി താക്കീത് ചെയ്യുന്ന ഒരു കാര്യമുണ്ട്, "നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്" (മർക്കോസ് 1, 44). തനിക്ക് ലഭിച്ച രോഗശാന്തി നൽകിയ സന്തോഷം കാരണമാകാം അവൻ യേശുവിന്റെ നിർദ്ദേശത്തിന് വിപരീതമായി, യേശു തന്നെ സുഖപ്പെടുത്തിയതിനെക്കുറിച്ച് ആളുകളോട് പറയാൻ തുടങ്ങി. ഇവിടെ മർക്കോസ് പ്രത്യേകമായി എഴുതുന്നു, "പിന്നീട് പട്ടണത്തിൽ പരസ്യമായി പ്രവേശിക്കാൻ യേശുവിന് സാധിച്ചില്ല. അവൻ പുറത്ത് വിജനപ്രദേശങ്ങളിൽ തങ്ങി" (മർക്കോസ് 1, 45). യേശുവിന്റെ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന ഒരു സാക്ഷ്യമായി കുഷ്ഠരോഗിയുടെ സാക്ഷ്യം മാറുന്നു. ദൈവത്തിന്റെ പദ്ധതികളെക്കാൾ മെച്ചമാണ് തങ്ങളുടെ പദ്ധതികളെന്ന് കരുതി, സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്ന പല മനുഷ്യരും നൽകുന്ന സാക്ഷ്യങ്ങളും, അത്ഭുതപ്രവർത്തകനും രോഗശാന്തി നൽകുന്നവനുമായി മാത്രം യേശുവിനെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതുമൊക്കെ മനുഷ്യരെ അവനിൽനിന്ന് അകറ്റിക്കളയുന്നുവെന്ന് നമുക്കോർക്കാം. വിശുദ്ധ പൗലോസ് കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം പത്താം അദ്ധ്യായത്തിൽ, എല്ലാം ദൈവമഹത്വത്തിനായി ചെയ്യാനും, യഹൂദർക്കോ ഗ്രീക്കുകാർക്കോ ദൈവത്തിന്റെ സഭയ്‌ക്കോ നിങ്ങൾ ദ്രോഹമൊന്നും ചെയ്യരുതെന്നും (1 കൊറി. 10, 31-32) ആവശ്യപ്പെടുന്നത് നാം കാണുന്നുണ്ട്.

ക്രിസ്തുവും ക്രൈസ്തവജീവിതവും

യേശു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്ന ഈ സംഭവം, ദൈവം മനുഷ്യന് ശാരീരികവും മാനസികവുമായ സൗഖ്യം നൽകാൻ കഴിവുള്ളവനാണ് എന്ന ഒരു സത്യത്തിനപ്പുറം, നമ്മുടെ ജീവിതത്തിൽ നാം കാത്തുസൂക്ഷിക്കേണ്ട ചില മനോഭാവങ്ങളെക്കുറിച്ച് കൂടി നമ്മോട് പറയുന്നുണ്ട്. എല്ലാവരിൽനിന്നും അകന്നുജീവിക്കേണ്ട കുഷ്ഠരോഗി യേശുവിന് മുന്നിലെത്തി മുട്ടിന്മേൽനിന്ന് അപേക്ഷിക്കുന്നത് നാം കാണുന്നുണ്ട്. നമ്മുടെ ദുരവസ്ഥകൾ എന്തുതന്നെയും ആയിക്കൊള്ളട്ടെ, നമ്മുടെ ആത്മാവിന്റെ സ്ഥിതി എത്രമാത്രം ഹീനവുമായിക്കൊള്ളട്ടെ, ദൈവത്തിന് സുഖപ്പെടുത്താൻ കഴിയാത്തതായി ഒന്നുമില്ല എന്ന ഒരു ബോധ്യത്തോടെ അവന്റെ മുന്നിലേക്ക് തിരികെവരാനുള്ള ഒരു വിളി ഈ സുവിശേഷം നമുക്ക് മുന്നിൽ വയ്ക്കുന്നുണ്ട്. ദൈവത്തിന് മുൻപിൽ മുട്ടുകുത്താൻ നാം മനസ്സായാൽ, നമ്മുടെ ആത്മാവിൽ കരുണയോടെ സ്പർശിക്കാൻ, നമ്മെ സുഖപ്പെടുത്താൻ, ശുദ്ധരാക്കാൻ അവനും മനസ്സാകുമെന്ന് നമുക്ക് ഓർക്കാം. സമൂഹത്തിലും സഭയിലും ദൈവം നൽകിയിരിക്കുന്ന അധികാരികളെയും നിയമങ്ങളും അനുസരിച്ച്, മറ്റുള്ളവർക്ക് സാക്ഷ്യവും സൽമാതൃകയും നൽകാം. യേശു പ്രവർത്തിച്ച അത്ഭുതങ്ങളും അടയാളങ്ങളും കാട്ടി അവനിലേക്ക് മറ്റുള്ളവരെ ആകർഷിക്കാൻ ശ്രമിക്കുന്നതിനേക്കാൾ, യേശു ദൈവപുത്രനാണെന്ന സത്യം നമ്മുടെ ക്രൈസ്തവജീവിതമാതൃകയിലൂടെ മറ്റുള്ളവർക്ക് പകർന്നുകൊടുത്ത്, ക്രിസ്തു ആഗ്രഹിക്കുന്ന, സാക്ഷ്യം നൽകി, മുന്നോട്ട് പോകാൻ പരിശ്രമിക്കാം. ദൈവത്തിന്റെ കരുണ എന്നും നമ്മോടൊപ്പമുണ്ടാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 February 2024, 14:54