തിരയുക

ഗാസ ഇടവകയിലെ വികാരിയും, യുവജനങ്ങളും ഗാസ ഇടവകയിലെ വികാരിയും, യുവജനങ്ങളും  

വേദനകൾക്ക് നടുവിലും വിശ്വാസം കാത്തുസൂക്ഷിക്കുന്ന ജനത: ഗാസയിൽ നിന്നുമുള്ള സാക്ഷ്യം

ഇസ്രായേൽ - ഹമാസ് സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനത ലോകത്തിനു മുഴുവൻ കണ്ണുനീരായി മാറുകയാണ്. ഈ വേദനകൾക്കു നടുവിലും ദൈവത്തിലുള്ള വിശ്വാസം കൈവിടാതെ നോമ്പുകാലത്ത് കുരിശിന്റെ വഴി പ്രാർത്ഥനകൾ ചൊല്ലി പ്രാർത്ഥിക്കുന്ന ഗാസാ ജനതയെ പറ്റിയുള്ള സാക്ഷ്യങ്ങൾ ഏറെ പ്രതീക്ഷകൾ നൽകുന്നു

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇസ്രായേൽ - ഹമാസ്  സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയിലെ ജനത ലോകത്തിനു മുഴുവൻ കണ്ണുനീരായി  മാറുകയാണ്. ഈ വേദനകൾക്കു നടുവിലും ദൈവത്തിലുള്ള വിശ്വാസം കൈവിടാതെ നോമ്പുകാലത്ത് കുരിശിന്റെ വഴി പ്രാർത്ഥനകൾ  ചൊല്ലി പ്രാർത്ഥിക്കുന്ന ഗാസാ ജനതയെ പറ്റിയുള്ള സാക്ഷ്യങ്ങൾ ഏറെ പ്രതീക്ഷകൾ നൽകുന്നു. 

ഗാസയിലെ ഇടവകയിൽ അഭയം പ്രാപിച്ചിരിക്കുന്ന നിരവധി ആളുകൾ ബോംബാക്രമണത്തിന്റെ ഭീഷണിയിലാണെന്ന് ഇടവക വികാരി ഫാദർ റൊമാനെല്ലി പറഞ്ഞു. സൈതുൺ, തുർക്ക്മാൻ പ്രദേശങ്ങളിൽനിന്നും ഒഴിഞ്ഞുപോകണമെന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ നിർദേശമനുസരിച്ച് നിരവധി ആളുകളാണ് ഗാസയിലെ ഇടവകയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ അയല്പക്കങ്ങളിൽ നടക്കുന്ന ബോംബാക്രമണങ്ങളിൽ ഭയചകിതരായിരിക്കുകയാണ് ജനത.

ഇടവകകളിൽ തന്നെ താമസിക്കുവാൻ ആഗ്രഹിക്കുന്ന ആളുകളുടെ വികാരവും വികാരി പങ്കുവച്ചു, " ഞങ്ങൾ മരിക്കേണ്ടി വന്നാൽ അത് അൾത്താരയ്ക്ക് സമീപം, യേശുവിനോട് ചേർന്നായിരിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.ഇതാണ് ഞങ്ങളുടെ ഭവനം, ഇവിടെനിന്നും ഞങ്ങൾ എങ്ങോട്ടേക്കും പോകുന്നില്ല". വിശ്വാസികളുടെ ഈ സാക്ഷ്യം ലോകത്തിലെ മറ്റു ക്രിസ്ത്യാനികൾക്ക് ഏറെ പ്രചോദനം നൽകുന്നതാണ്.

കുടിയിറക്കപ്പെട്ട ഒരു സന്യാസിനിയും തന്റെ ധീര സാക്ഷ്യം പങ്കുവച്ചു. എങ്കിലും തന്റെ നൊമ്പരവും സിസ്റ്റർ നബീല മറച്ചു വച്ചില്ല. "മറ്റെന്തിനേക്കാളും വേദനിപ്പിക്കുന്ന കാര്യം, ഈ യുദ്ധം നിർത്താൻ ആരും ഒന്നും ചെയ്യുന്നില്ല എന്നതാണ്, രണ്ട് മത്സരാർത്ഥികളോട് 'മതി' എന്ന് പറയാൻ അന്താരാഷ്ട്ര സമൂഹത്തിന് ധൈര്യമില്ല. അതേസമയം, ഇവിടെ സാധാരണക്കാർ പട്ടിണിയും ബുദ്ധിമുട്ടും മൂലം ബോംബുകൾക്കിടയിൽ മരിക്കുന്നു. പാവപ്പെട്ടവരിൽ നിന്നും അവർക്കെന്തു ലഭിക്കാനാണ്?", സിസ്റ്റർ വേദനയോടെ പറഞ്ഞു.

വിശ്വാസികളുടെ ക്രൈസ്തവ സാക്ഷ്യം വെളിപ്പെടുത്തുന്ന മറ്റൊന്നാണ് തുടർച്ചയായി അർപ്പിക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനകൾ. കാലാവസ്ഥയുടെ കാഠിന്യവും, ഭീതിയും, ഭക്ഷണദൗർലഭ്യതയുമെല്ലാം നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെങ്കിലും, ഇടവകയിൽ താമസിക്കുന്ന എല്ലാവരും കുരിശിന്റെ വഴി പ്രാർത്ഥന ചൊല്ലി പ്രദക്ഷിണം നടത്തിയെന്ന്, ഫാദർ റോമാനെല്ലി പറഞ്ഞു. യുദ്ധത്തിന്റെ ഇരകൾ, സമാധാനം, എല്ലാം നഷ്ടപ്പെട്ടവർ, ഈ ചിന്തകളെല്ലാം ദൈവത്തിലുള്ള വിശ്വാസം കൂടെ ചേർത്തുവച്ചുകൊണ്ട് പ്രാർത്ഥിക്കുമ്പോൾ  ദൈവം രക്ഷിക്കുമെന്ന പ്രത്യാശ ഞങ്ങൾക്കുണ്ടെന്ന് ജനത ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 February 2024, 10:58