തിരയുക

നിക്കരാഗ്വയിയ അറസ്റ്റുചെയ്യപ്പെട്ട മെത്രാൻ ഇസിദോറൊ ദെൽ കാർമെൻ മോറ ഒർത്തേഗ നിക്കരാഗ്വയിയ അറസ്റ്റുചെയ്യപ്പെട്ട മെത്രാൻ ഇസിദോറൊ ദെൽ കാർമെൻ മോറ ഒർത്തേഗ  (© Facebook - Diocesi di Siuna)

നിക്കരാഗ്വയിൽ കത്തോലിക്കാസഭയ്ക്ക് കടിഞ്ഞാണിടുന്ന സംഭവങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ ആശങ്ക.

2023 ഡിസംബർ 20-ന് നിക്കരാഗ്വയിൽ അറസ്റ്റുചെയ്യപ്പെട്ട 63 വയസ്സു പ്രായമുള്ള മെത്രാൻ ഇസിദോറൊ ദെൽ കാർമെൻ മോറയെക്കുറിച്ച് യാതൊരു വിവരവും ഇല്ല. അന്നാട്ടിൽ ഇക്കഴിഞ്ഞ ദിനങ്ങളിൽ അന്നാട്ടിൽ 14 വൈദികരും രണ്ടു സെമിനാരിക്കാരും അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യ അമേരിക്കൻ നാടായ നിക്കരാഗ്വയിൽ അടുത്തയിടെ അറസ്റ്റുചെയ്യപ്പെട്ട സിയൂന രൂപതയുടെ മെത്രാൻ ഇസിദോറൊ ദെൽ കാർമെൻ മോറ ഒർത്തേഗയെ പാർപ്പിച്ചിരിക്കുന്ന ഇടം ഉടനടി വെളിപ്പെടുത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഉന്നതസമിതിയുടെ മദ്ധ്യഅമേരിക്കയ്ക്കായുള്ള വിഭാഗം (OACNUDH)  ആവശ്യപ്പെടുന്നു.

2023 ഡിസംബർ 20-ന് അറസ്റ്റുചെയ്യപ്പെട്ട 63 വയസ്സു പ്രായമുള്ള അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഈ സംഘടന ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

അടിസ്ഥാനരഹിതമായി രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റുചെയ്ത് സാധാരണ നടപടിക്രമമനുസരിച്ചുള്ള വിസ്താരംകൂടാതെ 26 വർഷം തടവുശിക്ഷവിധിക്കപ്പെട്ട് 2023 ഫെബ്രുവരി മുതൽ കാരാഗൃഹത്തിൽ കഴിയുന്ന മത്തഗാൽപ രൂപതയുടെ മെത്രാനായ റൊളാന്തൊ ഹൊസേ ആൽവരെസിനു വേണ്ടി പരസ്യമായി പ്രാർത്ഥിച്ചു എന്ന കുറ്റം ആരോപിച്ചാണ് ബിഷപ്പ് ഇസിദോറൊയെ അറസ്റ്റുചെയ്ത് ഒളിപ്പിച്ചിരിക്കുന്നത്.

മെത്രാൻ ഇസിദോറൊയെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചു വച്ചിരിക്കുന്നത് അദ്ദേഹത്തിൻറെ ജീവൻ അപകടത്തിലാക്കുമെന്നും അന്നാട്ടിൽ മെത്രാന്മാരും വൈദികരും അറസ്റ്റുചെയ്യപ്പെടുന്നത്, എതൊരു പ്രജാധിപത്യരാഷ്ട്രത്തിൻറെയും സ്തംഭമായ, മതസ്വാതന്ത്ര്യാവകാശത്തിൻറെ ധ്വംസനമാണെന്നും ഈ സംഘടന പറയുന്നു. രാഷ്ട്രീയനേതാക്കളെയും തദ്ദേശിയരെയും കത്തോലിക്ക സഭാംഗങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും സാമൂഹ്യപ്രവർത്തകരെയും പീഢിപ്പിക്കുകയും അന്യായമായി തടങ്കലിലാക്കുകയും ചെയ്തുകൊണ്ട്, നിക്കരാഗ്വ, അവകാശങ്ങളും മൗലികസ്വാതന്ത്ര്യങ്ങളും വാഴുന്നതായ ഒരു രാഷ്ട്രത്തിൽ നിന്ന്  ഉപരിയുപരി അകന്നുകൊണ്ടിരിക്കയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഉന്നതസമിതിയുടെ മദ്ധ്യഅമേരിക്കയ്ക്കായുള്ള വിഭാഗമായ ഈ സംഘടന കുറ്റപ്പെടുത്തുന്നു.

ഇക്കഴിഞ്ഞ ഡിസംബർ 31-ന് ഹിനത്തേഗ രൂപതയിൽപ്പെട്ട ഗുസ്താവൊ സന്തീനൊ എന്ന കത്തോലിക്കാ വൈദികനെയും 29-ന് രാത്രി നിക്കരാഗ്വയിലെ മനാഗ്വ അതിരൂപതയിൽപ്പെട്ട 6 വൈദികരെയും പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇക്കഴിഞ്ഞ ദിനങ്ങളിൽ അന്നാട്ടിൽ 14 വൈദികരും രണ്ടു സെമിനാരിക്കാരും അറസ്റ്റുചെയ്യപ്പെട്ടിട്ടുണ്ട്. ഈ അറസ്റ്റുകളിൽ പാപ്പാ തൻറെ ആശങ്ക അറിയിക്കുകയും അറസ്റ്റുചെയ്യപ്പെട്ടവരോടും അവരുടെ കുടുംബങ്ങളോടും അന്നാട്ടിലെ ആകമാന സഭയോടും പ്രാർത്ഥനയിലുള്ള തൻറെ സാമീപ്യം വെളിപ്പെടുത്തുകയും അവർക്കായി പ്രാർത്ഥിക്കാൻ ദൈവജനത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 January 2024, 18:26