തിരയുക

മെത്രാന്മാർ മെത്രാന്മാർ  (ANSA)

ഭാരതസഭയിലെ മൂന്നു രൂപതകൾക്ക് പുതിയ ഭരണസാരഥികൾ!

മദ്ധ്യപ്രദേശിലെ ജാബുവ, മഹാരാഷ്ട്രയിലെ നാഷിക്ക് എന്നീ രൂപതകൾക്കും ജാർഖണ്ഡിലെ റാഞ്ചി അതിരൂപതയ്ക്കും പുതിയ ഭരണാദ്ധ്യക്ഷന്മാരെയും മഹാരാഷ്ട്രയിലെ തന്നെ ഔറംഗബാദ് രൂപതയ്ക്ക് പിന്തുടർച്ചാവകാശമുള്ള ഒരു മെത്രാനെയും മാർപ്പാപ്പാ നിയിമിച്ചു

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യപ്രദേശിലെ ജാബുവ, മഹാരാഷ്ട്രയിലെ നാഷിക്ക് എന്നീ രൂപതകൾക്കും ജാർഖണ്ഡിലെ റാഞ്ചി അതിരൂപതയ്ക്കും പുതിയ ഭരണാദ്ധ്യക്ഷന്മാരെയും മഹാരാഷ്ട്രയിലെ തന്നെ ഔറംഗബാദ് രൂപതയ്ക്ക് പിന്തുടർച്ചാവകാശമുള്ള ഒരു മെത്രാനെയും മാർപ്പാപ്പാ നിയിമിച്ചു.

ശനിയാഴ്ചയാണ് (30/12/23) ഫ്രാൻസീസ് പാപ്പാ ഈ നിയമന ഉത്തരവുകൾ പുറപ്പെടുവിച്ചത്.

മദ്ധ്യപ്രദേശിലെ ജാബുവ രൂപതയുടെ പുതിയ മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത് പ്രസ്തുത രൂപതാംഗമായ വൈദികൻ പീറ്റർ റുമാൽ ഖരാദിയാണ് (Rev. Peter Rumal Kharadi).

1959 ഏപ്രിൽ 10-ന് അജ്മീർ രൂപതയിൽപ്പെട്ട കൽദേലയിൽ ജനിച്ച നിയുക്തമെത്രാൻ ഖരാദി 1988 ഏപ്രിൽ 6-ന് ഉദയ്പൂർ രൂപതയ്ക്കു വേണ്ടി പൗരോഹിത്യം സ്വീകരിക്കുകയും പിന്നീട് ജാബുവ രൂപതയിൽ ചേരുകയും ചെയ്തു. അദ്ദേഹം ഈ രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ആയി സേവനം ചെയ്തുവരികയായിരുന്നു.

ബോംബെ അതിരൂപതയുടെ സഹായമെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ബിഷപ്പ് ബർത്തോൾ ബറേത്തൊയെയാണ് (Barthol Barretto) പാപ്പാ നാഷിക്ക് രൂപതയുടെ അ്ദ്ധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. 1961 സെപ്റ്റംബർ 16-ന് ജനിച്ച അദ്ദേഹം മുംബൈ സ്വദേശിയാണ്. നാഷിക്ക് രൂപതയുടെ മെത്രാൻ ലൂർദ്ദ്നാഥ ഡാനിയേൽ സമർപ്പിച്ച രാജി ശനിയാഴ്ച (30/12/23) സ്വീകരിച്ചതിനെ തുടർന്നാണ് പാപ്പാ പുതിയ നിയമനം നടത്തിയത്.

ബാഗ്ദോഗ്ര രൂപതയുടെ സാരഥിയായിരുന്ന മെത്രാൻ വിൻസെൻറ് അയിന്തിനെയാണ് (Vincent Aind) പാപ്പാ ജാർഖണ്ഡിലെ റാഞ്ചി അതിരൂപതയുടെ അദ്ധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. പ്രസ്തുത അതിരൂപതയുടെ ആർച്ച്ബിഷപ്പ് ഫെലിക്സ് ടോപ്പൊ സമർപ്പിച്ച രാജി ശനിയാഴ്ച (30/12/23) സ്വീകരിച്ചതിനു ശേഷമാണ് പാപ്പാ പുതിയനിയമനം നടത്തിയത്.

1955 ജനുവരി 30-ന് പശ്ചിമ ബംഗാളിലെ കൽച്ചീനി എന്ന സ്ഥലത്താണ് ബിഷപ്പ് വിൻസെൻറ് അയിന്ത് ജനിച്ചത്. മഹാരാഷ്ട്രയിലെ ഔറംഗബാദ് രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത് വൈദികൻ ബെർണ്ണാട് ലാൻസി പിൻറൊയാണ്(Rev.Bernard Lancy Pinto). മുംബൈയിലെ വിശുദ്ധ മിഖായേലിൻറെ ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. മുംബൈയിലെ വിക്രോളിയിൽ 1963 ആഗസ്റ്റ് 20-ന് ജനിച്ച നിയുക്ത മെത്രാൻ പിൻറൊ 1997 ഏപ്രിൽ 29-നാണ് പൗരോഹിത്യം സ്വീകരിച്ചത്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 December 2023, 12:51