തിരയുക

ഉണ്ണീശോയുടെ തിരുസ്വരൂപം ചുംബിക്കുന്ന ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം ഉണ്ണീശോയുടെ തിരുസ്വരൂപം ചുംബിക്കുന്ന ഫ്രാൻസിസ് പാപ്പാ - ഫയൽ ചിത്രം  (Vatican Media)

ക്രിസ്‌തുവിനെ സ്വന്തമാക്കാനും, ക്രിസ്‌തുവിന്റെ സ്വന്തമാകാനും ഒരു ക്രിസ്‌തുമസ്‌

ഫ്രാൻസിസ് പാപ്പായുടെ സന്ദേശങ്ങളുടെ വെളിച്ചത്തിൽ ക്രിസ്‌തുമസ് ദിനാഘോഷവുമായി ബന്ധപ്പെട്ട ചിന്താമലരുകൾ.
ക്രിസ്‌തുവിനെ സ്വന്തമാക്കാനും, ക്രിസ്‌തുവിന്റെ സ്വന്തമാകാനും ഒരു ക്രിസ്‌തുമസ്‌ - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

എല്ലാ വർഷവും ക്രൈസ്തവലോകം ഏറെ സാഘോഷം കൊണ്ടാടുന്ന തിരുനാളാണ് ക്രിസ്‌തുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന ക്രിസ്തുമസ്. ധാരാളം അക്രൈസ്തവരും, എന്തിന് ദൈവവിശ്വാസം ഇല്ലാത്തവർ പോലും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ദിനമായി ക്രിസ്‌തുമസിനെ കരുതുന്നുണ്ട് എന്ന് നമുക്കറിയാം. ക്രിസ്‌തുമസ്‌ ദിനം പ്രതിനിധാനം ചെയ്യുന്ന സന്ദേശമാണ് ഇതിന് പ്രധാനപ്പെട്ട കാരണം. രക്ഷകന്റെ പിറവിത്തിരുനാൾ, സ്വാതന്ത്ര്യത്തിലേക്ക് മനുഷ്യകുലത്തിന് കടന്നുവരാനായി ദൈവം മനുഷ്യനായി പിറന്ന ദിനം, ദൈവം നിങ്ങളെയും എന്നെയും പോലെ മാംസവും രക്തവുമുള്ള മനുഷ്യനായി ഈ ഭൂമിയിലേക്കെത്തിയ ദിനം, അതാണ് നാം ക്രിസ്‌തുമസ്‌ ദിനത്തിൽ ആഘോഷിക്കുന്നത്. ക്രൈസ്‌തവലോകത്തിന് പുറത്തേക്കും ഈ ആഘോഷം നീളുവാനുള്ള കാരണങ്ങളിൽ ചിലതും ഇവ തന്നെയാണ്.

സ്വീകരിക്കപ്പെടേണ്ട ഉണ്ണിയേശു

ഈ ലോകത്തിലേക്ക് പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും ഒക്കെ കാരണമായി യേശു കടന്നുവരുമ്പോൾ അവനെ സ്വീകരിക്കാൻ മനുഷ്യർ ഒരുങ്ങേണ്ടതുണ്ട്. ആഗമനകാലം, മംഗളവാർത്തക്കാലം, വചനിപ്പുകാലം എന്നൊക്കെ നാം വിളിക്കുന്ന ഇരുപത്തിയഞ്ച് ദിനങ്ങളിൽ ക്രിസ്‌തുമസിനായി നാം ഒരുങ്ങുകയായിരുന്നു. സർവ്വശക്തനായ ദൈവം ദുർബലനായ ഒരിളം ശിശുവായി ബെത്ലഹേമിൽ പിറന്നതിന്റെ ഓർമ്മയിൽ നാം ഈ തിരുനാൾ ആഘോഷിക്കുമ്പോൾ, നമ്മുടെ ഹൃദയവും ഈ ദിനങ്ങളിൽ ഒരു പുൽക്കൂടൊരുക്കുകയായിരുന്നു, ഉണ്ണീശോയുടെ വരവിനായി. ഇളകിമറിഞ്ഞ കടലിലെന്നപോലെ ജീവിതതോണി അടിയുലയുമ്പോൾ, ശാന്തതയ്ക്കായി നമുക്ക് നോക്കാൻ ഒരു ദൈവമുണ്ടെന്ന ബോധ്യം നമ്മെ നയിക്കുന്നുണ്ട്. പ്രതീക്ഷകൾ എവിടൊക്കെയോ നഷ്ടപ്പെട്ടുവെന്ന് തോന്നുമ്പോൾ, ക്രിസ്തു പ്രതീക്ഷയായി മുന്നിൽ വരുന്നുണ്ട്. ഒറ്റപ്പെടലിന്റെയും, തകർച്ചകളുടെയും, വീഴ്ചകളുടെയും നഷ്ടങ്ങളുടെയും വേദനകളിൽ നട്ടം തിരിയുമ്പോൾ, കാലിത്തൊഴുത്തിന്റെ ദാരിദ്ര്യത്തിൽ പിറന്നവൻ, ഒറ്റപ്പെട്ടവർക്ക് താങ്ങായി മാറിയവൻ, പാപികൾക്കും രോഗികൾക്കും സൗഖ്യമേകിയവൻ, കുരിശിന്റെ വേദനയറിഞ്ഞവൻ ഒപ്പമുണ്ടെന്ന ചിന്തയുണ്ടെങ്കിൽ ജീവിതം ഏറെ ഭാരം കുറഞ്ഞതായി മാറുമെന്ന് നമുക്കോർക്കാം. എന്നാൽ ഇത് സാധ്യമാകണമെങ്കിൽ, ക്രിസ്‌തുമസ്‌ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നാം ജീവിക്കേണ്ടതുണ്ട്. ആഘോഷങ്ങൾക്കും ആചാരങ്ങൾക്കുമപ്പുറം, ഉണ്ണിയേശുവിനെ നാം ഹൃദയത്തിൽ സ്വീകരിക്കേണ്ടതുണ്ട്.

കലുഷിതമായ നമ്മുടെ ലോകം

ഇന്നത്തെ നമ്മുടെ ലോകത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് ഏറെ ആശ്വാസത്തോടെ ജീവിക്കാൻ സാധിക്കില്ല. ഒരു ഭാഗത്ത് ശാസ്ത്രസാങ്കേതിക വിദ്യകളിൽ മാനവരാശി മുന്നേറുന്നുവെന്ന് നാം അഭിമാനിക്കുമ്പോൾത്തന്നെ, ലോകത്ത് വലിയൊരു ശതമാനം ജനങ്ങളും ഇന്നും പട്ടിണിയിലും ദാരിദ്ര്യത്തിലും തുടരുന്നത് നമ്മുടെ വികസിതമെന്ന് അഭിമാനിക്കുന്ന മാനവികതയ്ക്ക് തന്നെ അപമാനമാണെന്ന് പറയാം. പങ്കുവയ്ക്കപ്പെടാത്ത വികസനത്തെ യഥാർത്ഥത്തിൽ വികസനമെന്നാണോ വിളിക്കേണ്ടത്? യഥാർത്ഥത്തിൽ മാനവികതയ്ക്കും നീതിബോധത്തിനും എതിരായിരിക്കില്ലേ അത്?

ലോകത്തിന്റെ എത്രയോ ഇടങ്ങളിലാണ് ഇന്നും മണ്ണിനും അധികാരത്തിനും വേണ്ടി സാങ്കേതികവികസനത്തിന്റെ ഭാഗമായ ആയുധങ്ങൾ മനുഷ്യർക്കെതിരായി ഉപയോഗിക്കപ്പെടുന്നത്? സാധാരണക്കാർക്ക് ഒരൽപ്പം പോലും മൂല്യം കൽപ്പിക്കാതെ കൊന്നൊടുക്കാൻ മടിക്കാത്ത മനുഷ്യർ, ഒരു ഭാഗത്ത് ഇരവാദം മുഴക്കിയും തീവ്രവാദമനോഭാവത്തോടെയും അപരിഷ്‌കൃതസംസ്കാരവുമായി മുന്നോട്ട് പോകുന്നു. പ്രതിരോധത്തിന്റെ പേരിൽ കൊച്ചുകുഞ്ഞുങ്ങളുടെ പോലും ജീവനെ മാനിക്കാതെ ബോംബും റോക്കറ്റുമൊക്കെ വർഷിച്ച് നീതി നടപ്പാക്കുന്നെന്ന് അഭിമാനിക്കുന്ന മറ്റു ചിലർ. വികസ്വരരാജ്യങ്ങളിലെ ജനങ്ങളുടെ അവകാശങ്ങൾ പരിഗണിക്കാതെ, അവരുടെ ജീവന് പുല്ലുവില കൽപ്പിച്ച് അവിടങ്ങളിലെ പ്രകൃതിവിഭവങ്ങൾ കൊള്ളചെയ്യുന്ന മുതലാളിത്തചിന്താഗതികൾ വച്ചുപുലർത്തുന്ന എത്രയോ "വികസിത" രാജ്യങ്ങൾ ഇന്നുമുണ്ട്? എത്രയോ ലക്ഷക്കണക്കിന് ജനങ്ങളാണ് സ്വന്തം നാട്ടിൽനിന്ന് പടിയിറക്കപ്പെട്ട്, അഭയാർഥികളായി മറ്റു രാജ്യങ്ങളിൽ അഭയം തേടി വർഷങ്ങളായി ജീവിക്കുന്നത്? ലിബിയ, ലെബനോൻ, ഉക്രൈൻ, പോലെയുള്ള രാജ്യങ്ങളുടെ ഉദാഹരണമെടുത്തൽ മതി, ഇവ മനസ്സിലാക്കാൻ. അതിനും പുറമെ, മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ തേടി, ലക്ഷക്കണക്കിന് രൂപ കൊടുത്ത് യാത്ര ആരംഭിച്ച്‌, യൂറോപ്പിലേക്കുള്ള കപ്പൽ യാത്രകളിൽ ജീവിതമവസാനിച്ചുപോകുന്ന എത്രയോ മനുഷ്യരാണ് ഇന്നുമുള്ളത്! മാനവികതയുടെ പോക്ക് എങ്ങോട്ടാണ് എന്ന ഒരു ചോദ്യം എല്ലായിടങ്ങളിലും ഉയരേണ്ടതുണ്ട്.

ക്രിസ്‌തുവെന്ന പ്രതീക്ഷ

യുദ്ധങ്ങളും, സംഘർഷങ്ങളും, ദാരിദ്ര്യവും, രോഗങ്ങളും ദുരിതപൂർണ്ണമാക്കിയ ഇന്നത്തെ ലോകത്തിൽ പ്രതീക്ഷയുടെ തിരിനാളം തെളിച്ചുകൊണ്ടാണ് ക്രിസ്തു കടന്നുവരുന്നത്. അന്ധകാരം നിറഞ്ഞ ഒരു ലോകത്തേക്ക് ദൈവികമായ പ്രകാശമായി, സൃഷ്ടലോകത്തിന് സൃഷ്ടാവായ ദൈവത്തിന്റെ സ്നേഹം പകർന്നുകൊണ്ടാണ് അവനെത്തുന്നത്. അവനിൽ വിശ്വസിക്കുന്ന, അവനെ നാഥനും രക്ഷകനുമായി അംഗീകരിക്കുകയും പിഞ്ചെല്ലുകയും ചെയ്യുന്ന ഏവർക്കും അനുഗ്രഹമായി, നിത്യരക്ഷ വാഗ്ദാനം ചെയ്‌താണ്‌ ക്രിസ്തു നമുക്കിടയിലേക്ക് കടന്നുവരുന്നത്.

ക്രിസ്തുവിന്റെ പിറവിയുടെ ഏറ്റവും വലിയ പ്രത്യേകത, അവൻ നമ്മെപ്പോലെ, നമുക്കൊപ്പം, നമ്മിലൊരുവനായി ജീവിക്കുവാനായാണ് കടന്നുവരുന്നത് എന്നതാണ്. ഈ ലോകത്തിന്റേതായ ദാരിദ്ര്യം നിറഞ്ഞ ഒരു പിള്ളത്തൊട്ടിലിലേക്കാണ് അവൻ പിറന്നു വീഴുന്നത്. പണ്ഡിതനും പാമരനും, ധനികനും ദരിദ്രനും, വിശുദ്ധനും പാപിക്കും ഒരുപോലെ സമീപസ്ഥനായ ദൈവമായി ക്രിസ്‌തു ഈ ഭൂമിയിലേക്ക് കടന്നുവരുന്നു. ഭൗമികമായ പരിധികളിലും പരിമിതികളിലും നിന്ന് സ്വർഗ്ഗത്തിന്റെ ധന്യതയിലേക്കും, നിറവിലേക്കും സ്വാതന്ത്ര്യത്തിലേക്കും മനുഷ്യനെ നയിക്കുന്ന ഒരു ദൈവം. ഏവർക്കും തൊട്ടറിയാൻ സാധിക്കുന്ന, സഹാനുഭൂതിയോടെ മാനവരാശിയെ സ്നേഹിക്കുകയും അവരിലേക്ക് സ്നേഹം പകരുകയും ചെയ്യുന്ന ഒരു ദൈവമാണവൻ എന്നത് നാം മറക്കരുത്. ലോകത്തിന് പ്രകാശവും, സ്വാതന്ത്ര്യവും, ജീവനും, രക്ഷയും പകരാനെത്തുന്ന ഈ യേശുവിനെ നമുക്ക് ജീവിതത്തിൽ നാഥനായി സ്വീകരിക്കുവാൻ സാധിക്കുമ്പോഴാണ് ക്രിസ്‌തുമസും നമ്മുടെ ജീവിതവും അർത്ഥപൂർണ്ണമാകുന്നത്.

വചനമായ ക്രിസ്‌തുവിനെ സ്വന്തമാക്കുക

വചനം മാംസമായ ക്രിസ്‌തുവിനെ ഹൃദയത്തിൽ സ്വീകരിക്കാൻ നാം ശ്രമിക്കേണ്ടത് എപ്രകാരമാണ് എന്ന ഒരു ചോദ്യത്തിന്, 20223 ഡിസംബർ 21-ന് റോമൻ കൂരിയായ്ക്കും വത്തിക്കാനിലെ വിവിധ ഓഫീസുകളിൽ സേവനം ചെയ്യുന്നവർക്കും അനുവദിച്ച കൂടിക്കാഴ്ച്ചാസമ്മേളനങ്ങളിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശങ്ങളിൽ നമുക്ക് ചില മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കുന്നുണ്ട്.

ദൈവമാതാവായ പരിശുദ്ധ അമ്മ

പരിശുദ്ധ അമ്മയെപ്പോലെ വചനം ശ്രവിക്കുക എന്ന ഒരു ചിന്തയാണ്, ഒന്നാമതായി ഫ്രാൻസിസ് പാപ്പാ പങ്കുവയ്ക്കുന്നത്. ശരിയായ രീതിയിൽ ക്രിസ്തുവിനെ പിൻചെല്ലാനും, അവനെ സ്വന്തമാക്കാനും, അവന്റെ സ്വന്തമാകാനും നാം ചെയ്യേണ്ടത് മറിയത്തെപ്പോലെ ദൈവവചനം ശ്രവിക്കുകയും, ആ വചനങ്ങളെ ഉള്ളിൽ മനനം ചെയ്‌ത്‌ സ്വന്തമാക്കുകയുമാണ്. വചനം മാംസമായ ക്രിസ്‌തുവിനെ, തിരുവചനത്തിലൂടെ സ്‌പർശിക്കാനും, അവനെ മുറുകെപ്പിടിക്കാനും സാധിക്കേണ്ടതുണ്ട്. അതിനായി നാം പരിശ്രമിക്കേണ്ടത്, ദൈവവചനം ചെവി കൊണ്ട് കേൾക്കുക എന്നതിൽനിന്ന്, ഹൃദയം കൊണ്ട് കേൾക്കുക എന്നതിലേക്ക് വളരുകയാണ്. പരിശുദ്ധ അമ്മയും ദൈവദൂതൻ അരുൾച്ചെയ്‌ത വചനത്തെ ഹൃദയം കൊണ്ട് സ്വീകരിക്കുകയാണല്ലോ ചെയ്‌തത്‌. ലോകത്തെ പുണരാനെത്തിയ ദൈവപുത്രനെ സ്വന്തം കരങ്ങളിൽ മുറുകെപ്പിടിച്ച പരിശുദ്ധ അമ്മ എന്ന ഒരു ചിത്രം പാപ്പാ മുന്നോട്ട് വയ്ക്കുമ്പോൾ, ഒരു യഥാർത്ഥ ക്രൈസ്‌തവൻ, ക്രിസ്‌തുവിനെ എങ്ങനെ തന്റെ ജീവിതത്തോട് ചേർത്തുനിറുത്തണമെന്നതിന് ഏറെ നല്ല ഉദാഹരണമാണ് ലഭിക്കുന്നത്. നമ്മുടെ രക്ഷകനായ ക്രിസ്‌തുവിനെ ഹൃദയം കൊണ്ട് ചേർത്തുപിടിക്കുക, ഹൃദയം അവനിൽ സമർപ്പിക്കുക.

സ്‌നാപകയോഹന്നാൻ

ക്രിസ്‌തുവിനെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാപ്പാ രണ്ടാമതായി കൊണ്ടുവരുന്ന ഒരു വ്യക്തിത്വം സ്നാപകയോഹന്നാന്റേതാണ്. മാനുഷികമായ ചിന്തകൾക്കും നിയമങ്ങൾക്കും അപ്പുറം ദൈവവചനത്തെ വേറിട്ട കണ്ണുകൾകൊണ്ട് കാണാനും, ഹൃദയം കൊണ്ട് മനനം ചെയ്യാനും, അപഗ്രഥിക്കാനും, ആ ദൈവവചനം പരിശുദ്ധാത്മാവിന്റെ വെളിച്ചത്തിൽ സ്വീകരിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. "വൃക്ഷങ്ങളുടെ വേരിനു കോടാലിവച്ചുകഴിഞ്ഞു, നല്ല ഫലം കായ്ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലെറിയും. അവൻ കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയിൽ ശേഖരിക്കും; പതിര് കെടാത്ത തീയിൽ കത്തിച്ചുകളയുകയും ചെയ്യും" (മത്തായി 3, 10-12) എന്ന സ്നാപകന്റെ പ്രഭാഷണത്തെ പരാമർശിച്ചുകൊണ്ട് പാപ്പാ ഒരു സാധാരണ ദൈവസങ്കൽപ്പം എന്തായിരുന്നു എന്നതിനെക്കുറിച്ച് ഓർമ്മിപ്പിക്കുന്നുണ്ട്. ശക്തനായ, തെറ്റിന് കടുത്ത ശിക്ഷ നൽകുന്ന വിധികർത്താവായ ഒരു ദൈവത്തെക്കുറിച്ചാണ് സ്‌നാപകൻ പ്രസംഗിച്ചത്. എന്നാൽ യേശുവിന്റെ ജീവിതശൈലി മറ്റൊന്നായിരുന്നു. സഹാനുഭൂതിയും കാരുണ്യവും നിറഞ്ഞ യേശുവിനെക്കുറിച്ച് കേട്ടപ്പോൾ, തടവറയിലായിരുന്ന സ്‌നാപകൻ തന്റെ ശിഷ്യരെ അയച്ച് യേശുവിനോട് ചോദിക്കുന്നുണ്ട്: "വരാനിരിക്കുന്നവൻ നീ തന്നെയോ, അതോ ഞങ്ങൾ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?" (മത്തായി 11, 3). സ്‌നാപകനും തന്റെ ദൈവസങ്കൽപ്പങ്ങൾ മാറ്റിവയ്‌ക്കേണ്ടിവരുന്നുണ്ട്. വചനമായ ക്രിസ്‌തുവിനോടുള്ള നമ്മുടെ കാഴ്ച്ചപ്പാടിലും ഇതുപോലെ ഒരു മനനത്തിന്റെ, അപഗ്രഥനത്തിന്റെ ആവശ്യമുണ്ട്. ശിക്ഷയെ ഭയന്ന്, തെറ്റ് ചെയ്യാതിരിക്കുക എന്നതിനേക്കാൾ, ജീവൻ നൽകിയും മനുഷ്യരെ സ്നേഹിക്കുന്ന ക്രിസ്‌തുവിനോടുള്ള സ്നേഹത്തെപ്രതി തിന്മയിൽനിന്ന് അകന്നു ജീവിക്കുക എന്നതിന് ഏറെ വ്യത്യാസമുണ്ടെന്നതിൽ നമുക്കാർക്കും സംശയമുണ്ടാകില്ലല്ലോ. സ്വയം ചെറുതായി മാറുന്ന, എളിയവനാകുന്ന ദൈവത്തെ ഉണ്ണീശോയിൽ കാണുവാൻ സാധിക്കുമ്പോൾ, നമ്മുടെ ചിന്തകൾ വ്യത്യസ്‌തമായേക്കാം.

പൂജരാജാക്കന്മാർ

പരിശുദ്ധ അമ്മയുടെ മാതൃകയിൽ വചനം ശ്രവിക്കുവാനും,  ക്രിസ്തുവിനെ സ്വീകരിക്കുവാനും ആവശ്യപ്പെട്ടതിനും, സ്‌നാപകയോഹന്നാനെപ്പോലെ വചനമായ ദൈവത്തെ അപഗ്രഥിക്കാനും, നമ്മുടെ ചിന്തകൾ വിശുദ്ധഗ്രന്ഥത്തിന്റെയും പരിശുദ്ധാത്മാവിന്റെയും പ്രകാശത്തിൽ രൂപപ്പെടുത്താനും ഉദ്ബോധിപ്പിച്ചതിനുശേഷം, ക്രിസ്‌തുവിനെ എപ്രകാരമാണ് പിൻചെല്ലേണ്ടത് എന്നതിനെക്കുറിച്ച് പാപ്പാ ഉപദേശിക്കുന്നുണ്ട്. പൂജരാജാക്കന്മാരുടെ ഉദാഹരണമാണ് പാപ്പാ ഇതിനായി ഉപയോഗിക്കുന്നത്. വചനം ശ്രവിക്കുമ്പോൾ, ക്രിസ്തുവിനെക്കുറിച്ച് അറിയുമ്പോൾ, അവനെ പിൻചെല്ലാനുള്ള നമ്മുടെ ഉത്തരവാദിത്വത്തിലേക്കാണ് പാപ്പാ ഇതുവഴി വിരൽചൂണ്ടുന്നത്. നമ്മുടെ സുഖലോലുപതയിലും, സൗകര്യങ്ങളിലും സുരക്ഷിതത്വത്തിലും നിന്ന് പുറത്തേക്കിറങ്ങി, യേശുവിന്റെ പിന്നാലെ സഞ്ചരിക്കേണ്ടതുണ്ട്. ജീവന്റെ സമൃദ്ധിയിലേക്കുള്ള യാത്രയാണത്. നമ്മുടെ ആഘോഷങ്ങളിലും, പ്രാർത്ഥനകളിലും ആചാരങ്ങളിലും മാത്രം ഒതുങ്ങുന്ന ഒന്നായി ക്രൈസ്തവജീവിതം ചുരുങ്ങിപ്പോകരുത്. വിശ്വാസം നമ്മോടും, നമ്മുടെ ചിന്തകളോടും തീരുമാനങ്ങളോടും, ജീവിതശൈലിയോടുമൊക്കെ ചില ചോദ്യങ്ങൾ ഉയർത്തണം. ക്രൈസ്‌തവ വിശ്വാസം നമ്മുടെ കണ്ണുകൾക്ക് യഥാർത്ഥ പ്രകാശം പ്രദാനം ചെയ്യണം. യഥാർത്ഥ സ്വാതന്ത്ര്യത്തിലേക്കും സത്യത്തിലും ആത്മാവിലുമുള്ള ആരാധനയിലേക്കും നമ്മെ അത് വളർത്തണം. ദൈവത്തിനായി സമയം കണ്ടെത്താൻ, അവനെ പിന്തുടരാൻ നമ്മുടെ വിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നുണ്ടോ എന്ന ഒരു ചോദ്യം ക്രിസ്‌തുമസുമായി ബന്ധപ്പെട്ട പൂജരാജാക്കന്മാരുടെ ചിത്രം ഉയർത്തുന്നുണ്ട്. നാം ഈ ലോകത്തിന്റെ സുഖസൗകര്യങ്ങളിൽ മുഴുകി ജീവിതം നയിക്കുന്നവരാണോ, അതോ ശിരസ്സുയർത്തി ദൈവം നൽകുന്ന അടയാളങ്ങൾ തിരിച്ചറിഞ്ഞ്, ക്രിസ്തുവിലേക്ക് നടക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ?

സ്നേഹമായ ദൈവത്തെ സ്നേഹിക്കുക

വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ച ക്രിസ്‌തുവിനെ ദൈവവും, നാഥനും രക്ഷകനുമായി ഹൃദയത്തിൽ സ്വീകരിക്കാനും, അവനെ പിൻചെല്ലാനുമുള്ള ഒരു അവസരമാണ് ക്രിസ്‌തുമസ്‌ എന്ന് നമുക്കറിയാം. പുൽക്കൂട്ടിലേക്കുള്ളത് ഒരു വിശ്വാസയാത്രയാകട്ടെ. നമ്മുടെ ബോധ്യങ്ങൾ കൂടുതൽ ക്രൈസ്തവമാക്കാൻ, പുൽക്കൂടിന്റെ ദാരിദ്ര്യത്തിൽ പിറന്ന യേശുവിന്റെ അനുഗ്രഹം നമുക്ക് തേടാം. ദൈവവചനം വായിക്കാൻ കൂടുതൽ സമയം കണ്ടെത്താം. അനന്തമായ സ്നേഹത്താൽ നമ്മെ സൃഷ്ടിക്കുകയും പരിപാലിക്കുകയും, നമ്മുടെ രക്ഷയ്ക്കായി സ്വർഗ്ഗത്തിൽനിന്ന് ഭൂമിയിൽ ശിശുവായി പിറന്ന് നമുക്കൊപ്പം ആയിരിക്കുന്ന ദൈവത്തെ ഉണ്ണീശോയിലൂടെ സ്നേഹിക്കാൻ നമുക്ക് പരിശ്രമിക്കാം. ക്രിസ്‌തുവിന്റെ കാരുണ്യത്തിന്റെയും, സഹാനുഭൂതിയുടെയും, സ്നേഹത്തിന്റെയും, ജീവിതസമർപ്പണത്തിന്റെയും മാതൃക നമുക്ക് മാർഗ്ഗദർശിയായിരിക്കട്ടെ. ക്രിസ്‌തുവിന്റെ ശരീരമായ സഭയെയും, അവളുടെ ഭാഗമായ ഓരോരുത്തരെയും കൂടുതലായി സ്നേഹിക്കാം. ക്രിസ്തുവിനെപ്പോലെ ജീവിക്കാൻ ഓരോ ക്രൈസ്‌തവർക്കും സാധിക്കട്ടെ. തിരുക്കുടുംബത്തിന് സംരക്ഷകനായ വിശുദ്ധ യൗസേപ്പിന്റെയും, ദൈവമാതാവായ പരിശുദ്ധ അമ്മയുടെയും പ്രാർത്ഥനകളും സാന്നിദ്ധ്യവും നമ്മുടെ ക്രൈസ്തവജീവിതത്തിന് തുണയാകട്ടെ. പുൽക്കൂട്ടിലെ ഉണ്ണീശോ നമ്മുടെയും, ലോകത്തിന്റെ എല്ലാ ഇടങ്ങളിലും വേദനയിലും ദുരിതങ്ങളിലും ജീവിക്കുന്ന ഓരോ മനുഷ്യരുടെയും ഹൃദയങ്ങളിൽ ആനന്ദവും ആശ്വാസവും നിറയ്ക്കട്ടെ. ക്രിസ്‌തുവിന്റെ പ്രകാശം നമുക്ക് വഴികാട്ടിയാകട്ടെ. ഏവർക്കും തിരുപ്പിറവിയുടെ അനുഗ്രഹങ്ങൾ ധാരാളമായി ഉണ്ടാകട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 December 2023, 17:08