തിരയുക

ബനഡിക്ട് പാപ്പാ സാന്ത്യാഗോ ദെ ക്യൂബ രൂപതയിൽ സന്ദർശനം നടത്തിയവസരത്തിൽ പകർത്തപ്പെട്ട ചിത്രം. ബനഡിക്ട് പാപ്പാ സാന്ത്യാഗോ ദെ ക്യൂബ രൂപതയിൽ സന്ദർശനം നടത്തിയവസരത്തിൽ പകർത്തപ്പെട്ട ചിത്രം. 

ക്യൂബ: സാന്ത്യാഗോ അതിരൂപത അഞ്ചാം ശതാബ്ദിയുടെ ജൂബിലി വർഷ നിറവിൽ

ക്യൂബൻ മണ്ണിലെ ആദ്യത്തെ രൂപതയായ സാന്ത്യാഗോ ദെ ക്യൂബ രൂപത സ്ഥാപിതമായതിന്റെ 500-ആം വാർഷിക ജൂബിലി വർഷം ഒക്ടോബർ 22 ആം തിയതി ആരംഭിച്ചു. ഇത് ക്യൂബൻ ജനതയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു നാഴികക്കല്ലാണ്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

രൂപതയുടെ അഭ്യർത്ഥന മാനിച്ച് ഫ്രാൻസിസ് പാപ്പാ 2023 ഒക്ടോബർ 21 നും 2024 ഒക്ടോബർ 22 നും ഇടയിലുള്ള കാലയളവ് ജൂബിലി വർഷമായി പ്രഖ്യാപിച്ചതായി രൂപത വ്യക്തമാക്കി. കൂടാതെ, ഈ വർഷം സ്വർഗ്ഗാരോപിത മാതാവിന്റെ കത്തീഡ്രൽ ദേവാലയത്തിലേക്ക് തീർത്ഥാടനം നടത്തുകയും വിശുദ്ധ വാതിലിലൂടെ കടന്നുപോകുകയും ചെയ്യുന്ന എല്ലാവർക്കും പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുമെന്ന് സാന്ത്യാഗോ ദെ ക്യൂബ അതിരൂപത മെത്രാ൯ ഡിയോണിസിയോ ഗാർസിയ ഇബാനെസ് ഫീദെസിന് അയച്ച കുറിപ്പിൽ പറഞ്ഞു.

ഈ വർഷം ജീവന്റെയും വിശുദ്ധീകരണത്തിന്റെയും പരിവർത്തനത്തിന്റെയും വർഷമാക്കി മാറ്റാനും അവരുടെ വേരുകളുമായി വീണ്ടും ബന്ധപ്പെടാനും അവരുടെ  അസ്തിത്വത്തിന്റെ കേന്ദ്രമായ ദൈവത്തെ കണ്ടുമുട്ടാനുമുള്ള ഒരു കാലഘട്ടമാണിതെന്നും കൃതജ്ഞതയും വികാരവും പ്രകടിപ്പിച്ചുകൊണ്ട് അതിരൂപത മെത്രാ൯ ഡിയോണിസിയോ വ്യക്തമാക്കി. വർദ്ധിച്ചുവരുന്ന ബുദ്ധിമുട്ടുകൾക്കിടയിലും ഇത് നന്ദിയുടെയും സന്തോഷത്തിന്റെയും സമയമായിരിക്കും. ഈ ജൂബിലി വർഷം നമുക്ക് ദൈവത്തിലേക്ക് മടങ്ങാനും അവിടുത്തെ അന്വേഷിക്കാനും  ദൈവത്തെ നാം മറന്നിട്ടുണ്ടെങ്കിൽ കണ്ടെത്താനുമുള്ള  അവസരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദൈവം നമ്മെ നിരാശരാക്കില്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു.

ജൂബിലി വർഷം  ഉദ്ഘാടനം ചെയ്തു കൊണ്ട് അർപ്പിച്ച ദിവ്യബലിയിൽ കർത്താവിന്റെ നിരന്തരമായ സാന്നിദ്ധ്യത്തിനും മുഴുവ൯ സമൂഹത്തിനും ആഘോഷത്തിൽ പങ്കെടുത്ത മറ്റ് ക്രൈസ്തവ സമുദായങ്ങളിലെ സഹോദരങ്ങൾക്കും ബിഷപ്പ് ഡിയോനിസിയോ നന്ദി രേഖപ്പെടുത്തി.

1517ൽ ക്യൂബയിൽ ഒരു രൂപത സ്ഥാപിക്കാൻ തീരുമാനിച്ച ചരിത്രപരമായ സംഭവത്തിന്റെ സ്മരണയുടെ ആഘോഷമാണിത് എന്നു പറഞ്ഞ മെത്രാൻ ഒരു ഹ്രസ്വ ചരിത്ര വിവരണവും നടത്തി. അക്കാലത്തെ ഏറ്റവും വലിയ നഗരമായ ബാരക്കോവ രൂപതയുടെ ആസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. എന്നാൽ  മെത്രാനായി നിയമിതനായ ബെൽജിയൻ വൈദീക൯ ജുവാൻ വിറ്റെ നേരിട്ട അനേകം ബുദ്ധിമുട്ടുകൾ കാരണം അദ്ദേഹത്തിന് ചുമതലയേൽക്കാൻ കഴിഞ്ഞില്ല. പിന്നീട്  രൂപതയുടെ ഇരിപ്പിടം മാറ്റണമെന്ന അദ്ദേഹത്തിന്റെ അഭ്യർത്ഥന പ്രകാരം എല്ലാ ഔദ്യോഗിക നടപടി ക്രമങ്ങളും പൂർത്തിയാക്കി 1523 ഒക്ടോബർ 22 ന് സാന്ത്യാഗോ ദെ ക്യൂബ രൂപത എന്ന പേരിൽ രൂപത സ്ഥാപിക്കുകയായിരുന്നു. പ്രത്യാശയുടെയും ഐക്യത്തിന്റെയും സന്ദേശവുമായാണ് ബിഷപ്പ് പ്രസംഗം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2023, 15:21