തിരയുക

ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം സ്പെയിൻ സഭാപ്രതിനിധിസംഘം ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം സ്പെയിൻ സഭാപ്രതിനിധിസംഘം  (ANSA)

ലൈംഗിക ചൂഷണങ്ങളുടെ ഇരകളോട് ക്ഷമാപണം ആവർത്തിച്ച് സ്പെയിനിലെ കത്തോലിക്കാസഭ

വൈദികരുടെയും സമർപ്പിതരുടെയും ഭാഗത്തുനിന്നുണ്ടായ ലൈംഗികചൂഷങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നതിനെ അടിസ്ഥാനത്തിൽ ഇരകളോടുള്ള ക്ഷമാഭ്യർത്ഥന ആവർത്തിച്ചും എന്നാൽ അതേസമയം സഭയെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിറുത്താനുള്ള ശ്രമങ്ങൾക്കെതിരെ അപലപിച്ചും സ്പെയിനിലെ കത്തോലിക്കാസഭാനേതൃത്വം. ലൈംഗികചൂഷണമെന്ന തിന്മ സഭയിൽ മാത്രമല്ലെന്ന് അന്വേഷണം നയിച്ച ഓംബുഡ്‌സ്മാൻ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഒക്ടോബർ 30-ന് നടന്ന പ്ലീനറി സമ്മേളനത്തിന്റെ അവസാനം, ഒക്ടോബർ 31 ചൊവ്വാഴ്ച സ്പെയിനിലെ മെത്രാൻ സമിതി സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ, അവിടുത്തെ കത്തോലിക്കാസഭംഗങ്ങളായ വൈദികരുടെയും സമർപ്പിതരുടെയും ഭാഗത്തുനിന്നുണ്ടായ ലൈംഗിക ചൂഷണങ്ങൾക്ക് ഇരകളായവരോട് സഭ വീണ്ടും ക്ഷമാപണം നടത്തി.

ആംഹെൽ ഗബിലോന്തോ എന്ന ഓംബുഡ്സ്മാൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഒക്ടോബർ 27 വെള്ളിയാഴ്ച സ്പെയിനിലെ പാർലമെന്റിൽ സമർപ്പിച്ചതിനെത്തുടർന്നാണ് സഭ ഇതുമായി ബന്ധപ്പെട്ട് പ്രസ്‌താവന നടത്തിയത്. ഫോൺ, ഇന്റർനെറ്റ് എന്നീ മാർഗ്ഗങ്ങളുപയോഗിച്ച് 8000 ആളുകളുമായി നടത്തിയ ചോദ്യോത്തരങ്ങളുടെ അവസാനം അവരിൽ 1.13 ആളുകൾ, തങ്ങൾ കുട്ടികളായിരുന്നപ്പോൾ വൈദികരുടെയോ സഭയിലെ അൽമായ നേതാക്കളുടെയോ ഭാഗത്തുനിന്ന് ലൈംഗികഅതിക്രമങ്ങൾ നേരിട്ടതായി പറഞ്ഞിരുന്നു. എന്നാൽ ഈ റിപ്പോർട്ട് സ്പെയിനിലെ മുഴുവൻ ജനസംഖ്യയുടെയും കണക്കിന് ആനുപാതികമായി പെരുപ്പിച്ച് കാട്ടി ചില മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിച്ചിരുന്നു.

സഭയുടെ ഭാഗത്തുനിന്നുണ്ടായ ദുരുപയോഗങ്ങളും ചൂഷണങ്ങളും അവ മറച്ചുവയ്ക്കാൻ മുൻപുണ്ടായിരുന്ന ശ്രമങ്ങളും പരിഹരിക്കാൻ സ്പെയിനിലെ സഭാനേതൃത്വം നടപടികൾ സ്വീകരിച്ചതിനെ അംഗീകരിക്കുമ്പോൾത്തന്നെ, നിലവിലെ ശ്രമങ്ങൾ ആവശ്യത്തിന് ആകുന്നില്ല എന്ന് ഓംബുഡ്‌സ്മാൻ കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസത്തെ സിനഡിൽ സംബന്ധിച്ച 88 മെത്രാന്മാരും, സഭയിലെ അംഗങ്ങൾ മൂലമുണ്ടായ അതിക്രമങ്ങളിൽ വേദന രേഖപ്പെടുത്തിയെന്നും, ഇരകളോട് ക്ഷമായാചനം അവർത്തിച്ചുവെന്നും, ഒക്ടോബർ 30-ന് മാഡ്രിഡിൽ വച്ചുനടത്തിയ പത്രസമ്മേളനത്തിൽ, സ്പെയിനിലെ മെത്രാൻസമിതിയുടെ പ്രെസിഡന്റ് കർദ്ദിനാൾ ഹുവാൻ ഹൊസെ ഒമേയ്യ, സെക്രെട്ടറി ജെനെറൽ ബിഷപ് ഫ്രാൻസിസ്‌കോ സേസാർ ഗർസിയ മഗാൻ എന്നിവർ അറിയിച്ചു.

ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും, അവർക്ക് പിന്തുണ നൽകുന്നതിനും സംരക്ഷണം ഉറപ്പാക്കുന്നതിനും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ തീരുമാനവും സഭാനേതൃത്വം അറിയിച്ചു. ഇതുപോലെയുള്ള ദുരുപയോഗങ്ങൾ ഇനിയും അവർത്തിക്കപ്പെടാതിരിക്കാനുള്ള നടപടികൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

സഭയുടെയും അതിലെ അംഗങ്ങളുടെയും സേവനത്തിനായി മാതൃകാപരമായി സേവനം ചെയ്യുന്ന വൈദികരെയും സമർപ്പിതരെയും, തെറ്റ് ചെയ്ത കുറച്ചുപേരുടെ പേരിൽ മോശക്കാരായി മുദ്രകുത്താൻ ശ്രമിക്കുന്നതിനെ സഭാനേതൃത്വം അപലപിച്ചു.

സഭയിലെ തെറ്റുകളെ ചൂണ്ടിക്കാട്ടിയ ഓംബുഡ്‌സ്മാൻ, എന്നാൽ ലൈംഗിക ചൂഷണം ഒരു സാമൂഹികപ്രശ്നം കൂടിയാണെന്നും ചൂണ്ടിക്കാട്ടി. ഇത് സഭയിൽ മാത്രമുള്ള ഒരു പ്രശ്‌നമല്ലെന്നും, എല്ലാ പൊതുസ്ഥാപനങ്ങൾക്കും സ്വകാര്യകമ്പനികൾക്കും ഇക്കാര്യത്തിൽ തങ്ങളുടേതായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ആദ്യം തന്നെ, സഭയുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകളെക്കുറിച്ച് കണക്കുകളെടുക്കാനും, പുരോഹിതർക്കുവേണ്ടിയുള്ള നല്ല നടപ്പിനായുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കാനുമായി ഒരു നിയമസ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു. 2024-ന്റെ ആദ്യപകുതിയോടെ ഇതിന്റെ കണക്കുകൾ ലഭ്യമാകുമെന്നാണ് കണക്കാക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 November 2023, 14:06