തിരയുക

പ്രപഞ്ചം മുഴുവന്റെയും രാജാവായ ക്രിസ്തു പ്രപഞ്ചം മുഴുവന്റെയും രാജാവായ ക്രിസ്തു  (©Renáta Sedmáková - stock.adobe.com)

ദൈവപുത്രനും സർവ്വപ്രപഞ്ചത്തിന്റെയും രാജാവുമായ ക്രിസ്തു

സീറോ മലബാർ ആരാധനാക്രമപ്രകാരം മിശിഹായുടെ രാജത്വത്തിരുനാൾ ദിനത്തിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം.
സുവിശേഷപരിചിന്തനം മത്തായി 22, 41-46 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ദൈവപിതാവിന്റെ പുത്രനായ, മാനവരക്ഷകനും കർത്താവുമായ ഈശോമിശിഹായുടെ രാജത്വത്തിരുനാൾ ആഘോഷിക്കുന്ന ഈ ഞായറാഴ്ച, ക്രിസ്തു നമുക്ക് ആരാണെന്ന ഒരു ചോദ്യം ഉള്ളിലുയരേണ്ട ദിനമാണ്. പഴയ, പുതിയ നിയമങ്ങളിൽ വെളിവാകുന്ന ദൈവഹിതമനുസരിച്ച്, യേശുവിനെ രാജാവായി ക്രൈസ്തവസമൂഹം സഭയുടെ ആദ്യനൂറ്റാണ്ടുകളിൽത്തന്നെ അംഗീകരിച്ചുവെങ്കിലും, 1925 ഡിസംബർ 11-ആം തീയതി, ക്വാം പ്രിമാസ് എന്ന അപ്പസ്തോലിക ലേഖനം വഴി പതിനൊന്നാം പിയൂസ് പാപ്പായാണ് കത്തോലിക്കാസഭയിൽ ഔദ്യോഗികമായി ക്രിസ്തുവിന്റെ രാജത്വം സംബന്ധിച്ച് എഴുതുന്നതും, ഇപ്രകാരം ഒരു തിരുനാൾ സ്ഥാപിക്കുന്നതും. ദൈവഹിതത്തിനു തങ്ങളെത്തന്നെ പൂർണ്ണമായും വിട്ടുകൊടുക്കുവാനായി മനുഷ്യമനസ്സുകളിലും, ദൈവികനിയമങ്ങൾ പാലിക്കുവാനായി മനുഷ്യന്റെ ഇശ്ചാശക്തിയിലും, മറ്റെല്ലാത്തിനേയുംകാൾ ദൈവത്തെ സ്നേഹിക്കുവാനായി മനുഷ്യഹൃദയങ്ങളിലും അവൻ രാജാവായി വാഴട്ടെയെന്നാണ് പരിശുദ്ധ പിതാവ് തന്റെ ലേഖനത്തിൽ എഴുതിയത്. തന്റെ പ്രജകളുടെമേൽ അധികാരം ഉപയോഗിച്ച് ഭരണം നടത്തുന്ന, അവരെ തന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് ഉപയോഗിക്കുന്ന, രാജ്യവും, അതിലെ സകലതും തന്റേതും തനിക്ക് വേണ്ടപ്പെട്ടവർക്കുമെന്ന് കരുതുന്ന രാജാക്കന്മാർ വാണിരുന്ന, ഇന്നും വാഴുന്ന ഒരു ലോകത്ത്, കരുതലിന്റെയും കാരുണ്യത്തിന്റെയും മുഖമുള്ള, സേവനത്തിന്റെയും സംരക്ഷണത്തിന്റെയും മാർഗ്ഗം ഉപയോഗിച്ച് സ്നേഹത്തിന്റെ മാർഗ്ഗത്തിലൂടെ ഹൃദയങ്ങളിൽ വാഴുന്ന യഥാർത്ഥ രാജാവിനെക്കുറിച്ചുള്ള ചിന്തകൾ മുന്നോട്ട് വയ്ക്കുന്ന ക്രിസ്തുവിന്റെ ഈ രാജത്വത്തിരുനാൾദിനത്തിന്റെ അനുഗ്രഹാശംസകൾ ഏവർക്കും നേരുന്നു.

ചോദ്യം ചെയ്യപ്പെടുന്ന യേശു

വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിരണ്ടാം അധ്യായത്തിൽ ഫരിസേയരും സദുക്കായരുമൊക്കെ യേശുവിന്റെ വ്യക്തിത്വത്തെ അംഗീകരിക്കാൻ സാധിക്കാതെ, അവനെ എങ്ങനെ വാക്കിൽ കുടുക്കാം, തോൽപ്പിച്ചോടിക്കാം എന്ന ചിന്തയോടെ അവന്റെ അടുത്തുകൂടി പലതരം ചോദ്യങ്ങൾ ചോദിക്കുന്നതാണ് നാം കാണുന്നത്. സീസറിന് നികുതി കൊടുക്കുന്നതിനെപ്പറ്റിയും, പുനരുത്ഥാനത്തെപ്പറ്റിയും, പ്രധാന കൽപ്പനയെപ്പറ്റിയുമൊക്കെ അവർ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. അവയ്‌ക്കെല്ലാം ഉത്തരം നൽകിയ യേശു അവരോട് തിരികെ ഒരു ചോദ്യം ചോദിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗത്ത്, വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിരണ്ടാം അദ്ധ്യായം നാൽപത്തിയൊന്ന് മുതൽ നാൽപ്പത്തിയാറുവരെയുള്ള തിരുവചനങ്ങളിൽ നാം കാണുന്നത്.

ദാവീദിന്റെ പുത്രനായ ക്രിസ്‌തു

വിശുദ്ധ മർക്കോസിന്റെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായത്തിലും (മർക്കോസ് 12, 35-37), വിശുദ്ധ ലൂക്കായുടെ സുവിശേഷം ഇരുപതാം അദ്ധ്യായത്തിലും (ലൂക്കാ 20, 41-44) രേഖപ്പെടുത്തപ്പെടുന്ന ഒരു സംഭവമാണ് നാം വിചിന്തനം ചെയ്യുന്ന ഇന്നത്തെ സുവിശേഷഭാഗം. തന്നെ ഏതെങ്കിലും വിധത്തിൽ കുരുക്കിൽപ്പെടുത്താൻ പരിശ്രമിക്കുന്ന മനുഷ്യരോട്, മിശിഹായെക്കുറിച്ചുള്ള അവരുടെ അറിവ് എന്തുമാത്രമുണ്ട് എന്നതിനെക്കുറിച്ചും, അതുവഴി, തന്നെ എന്തുമാത്രം അവർ തിരിച്ചറിയുന്നുണ്ട് എന്നതിനെക്കുറിച്ചും യേശു ചോദിക്കുന്നതാണ് ഇവിടെ നാം കാണുക. തന്നെക്കുറിച്ച് ജനങ്ങളും തന്റെ ശിഷ്യന്മാരും എന്താണ് മനസ്സിലാക്കിയിട്ടുള്ളത് എന്നറിയാൻ യേശു ശ്രമിക്കുന്നത് മത്തായിയുടെ തന്നെ സുവിശേഷത്തിൽ പതിനാറാം അദ്ധ്യായത്തിൽ (മത്തായി 16, 13-17) നാം കാണുന്നുണ്ട്. "മനുഷ്യപുത്രൻ ആരാണെന്നാണ് ജനങ്ങൾ പറയുന്നത്? ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്? എന്നീ രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന യേശുവിന് മുൻപിൽ പത്രോസ് തന്റെ വിശ്വാസപ്രഖ്യാപനം നടത്തുന്നുണ്ട്: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്" (മത്തായി 16, 16; മർക്കോസ് 8, 29; ലൂക്കാ 9, 20). ഇന്നത്തെ സുവിശേഷഭാഗത്താകട്ടെ, ക്രിസ്‌തു ആരാണെന്നതിനെക്കുറിച്ച് ഫരിസേയർ എന്താണ് മനസ്സിലാക്കിയിരിക്കുന്നത് എന്ന ഒരു ചോദ്യമാണ് യേശു മുന്നോട്ട് വയ്ക്കുന്നത്: "നിങ്ങൾ ക്രിസ്തുവിനെപ്പറ്റി എന്ത് വിചാരിക്കുന്നു? അവൻ ആരുടെ പുത്രനാണ്?" (മത്തായി 22, 42). ഈയൊരു ചോദ്യത്തിന് ഉത്തരം നൽകാൻ ഫരിസേയർക്ക് യാതൊരു ബുദ്ധിമുട്ടുമില്ല, കാരണം ഏശയ്യായുടെ പുസ്തകം പതിനൊന്നാം അദ്ധ്യായത്തിലും (ഏശയ്യാ 11, 19), ജെറെമിയായുടെ പുസ്തകം ഇരുപത്തിമൂന്നാം അദ്ധ്യായത്തിലും (ജെറമിയ 23, 5) ഒക്കെ വിവരിക്കപ്പെടുന്ന, ‘ദാവീദിന്റെ വംശാവലിയിൽ മുളക്കാനിരിക്കുന്ന നീതിയുടെ ശാഖ’യെക്കുറിച്ചുള്ള പരാമർശം അവർക്കറിയാം. ദൈവികവാഗ്‌ദാനത്തിന്റെ പൂർത്തീകരണമായി ദാവീദിന്റെ വംശത്തിൽ പിറക്കാനിരിക്കുന്ന ക്രിസ്തുവിനെക്കുറിച്ചാണ് അവർക്ക് അറിയാവുന്നത്. എന്നാൽ ദാവീദ് പോലും "എന്റെ കർത്താവ്" (മത്തായി 22, 43-44, സങ്കീ. 110, 1) എന്ന് വിളിക്കുന്ന ദൈവപുത്രനെക്കുറിച്ച് അവർക്ക് ഒന്നുമറിയില്ല എന്ന് യേശു തെളിയിക്കുന്നു. ഇസ്രയേലിന്റെ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ രക്ഷകനും രാജാവും നാഥനുമായി കടന്നുവന്ന ക്രിസ്‌തുവിനെ അവർ യേശുവിൽ തിരിച്ചറിയുന്നില്ല. രക്ഷയെക്കുറിച്ച് അവർക്കുള്ള ചിന്തകൂടി ഈയൊരു ഉത്തരത്തിൽ വ്യക്തമാകുന്നുണ്ട്.

മനുഷ്യപുത്രനും ദൈവപുത്രനും

ദാവീദ് ക്രിസ്തുവിനെക്കുറിച്ച് “എന്റെ കർത്താവ്” എന്ന് പരാമർശിക്കുന്നത് സംബന്ധിച്ച ചോദ്യത്തിൽ യേശു, താൻ ദാവീദിന്റെ വംശത്തിൽ പിറന്നവനല്ല എന്നല്ല പറയുക, മറിച്ച്, താൻ ദാവീദിന്റെ പുത്രനാണെങ്കിലും, ദാവീദിനെക്കാളും വലിയവനാണെന്ന് ജനത്തെ ബോധ്യപ്പെടുത്തുകയാണ്. മനുഷ്യപുത്രൻ ദൈവപുത്രൻകൂടിയാണ്. ക്രിസ്തു, മിശിഹാ ആരാണെന്ന ശരിയായ ഒരു തിരിച്ചറിവിലേക്ക് വളരുന്നവർക്ക് മാത്രമേ, അവൻ പഴയനിയമത്തിൽ പറയുന്ന ദാവീദിന്റെ പുത്രൻ മാത്രമല്ല, ദാവീദിന്റെ കർത്താവുകൂടിയാണെന്ന് തിരിച്ചറിയാനാകൂ. പൗലോസ് ശ്ലീഹാ റോമക്കാർക്കെഴുതിയ ലേഖനം ഒന്നാം അദ്ധ്യായം നാലാം വാക്യത്തിലും യേശു ദാവീദിന്റെ സന്തതിയിൽനിന്ന് ജനിച്ചവനും എന്നാൽ അതേസമയം ദൈവപുത്രനുമാണെന്ന് വളരെ വ്യക്തമായി എഴുതുന്നുണ്ട് (റോമാ 1, 4). ഒരേ സമയം മനുഷ്യനും ദൈവവുമായ രക്ഷകനാണ് യേശുക്രിസ്‌തുവെന്ന തിരിച്ചറിവിലേക്കാണ് ഈ തിരുവചനങ്ങൾ നമ്മെ വളർത്തുന്നത്. ക്രിസ്‌തുവിൽ ദാവീദിന്റെ പുത്രനെ മാത്രം തിരിച്ചറിയുന്നവർ, യഹൂദജനത്തിനിടയിൽ പിറന്ന ഒരു വിപ്ലവകാരിയായോ, പ്രവാചകരിൽ ഒരുവനായോ മാത്രം അവനെ അംഗീകരിക്കുന്നവർ തിരിച്ചറിയാതെ പോകുന്നത്, അവനിലെ ദൈവപുത്രനെയാണ്, പിതാവായ ദൈവമേകിയ രക്ഷകനെയാണ്. എന്നാൽ യഥാർത്ഥത്തിൽ, പിതാവായ ദൈവത്തെ ഒരുവൻ അറിയുന്നുണ്ടെങ്കിൽ, തിരുവചനങ്ങൾ ഒരുവൻ മനസ്സിലാക്കുന്നുണ്ടെങ്കിൽ, പരിശുദ്ധ കന്യകാമറിയത്തിൽനിന്ന് പിറന്ന മനുഷ്യപുത്രനായ യേശു, ക്രിസ്തുവാണെന്ന്, രക്ഷകനായ മിശിഹായാണെന്ന് തിരിച്ചറിയാതിരിക്കാനാകില്ല.

യേശുവിനെ നാഥനും രക്ഷകനുമായി അംഗീകരിക്കുക

എന്തുകൊണ്ട് ദാവീദ് ക്രിസ്‌തുവിനെ കർത്താവേ എന്ന് വിളിക്കുന്നു എന്ന യേശുവിന്റെ ചോദ്യത്തിന് ഫരിസേയർ ഉത്തരം നൽകിയില്ലെന്ന് മാത്രമല്ല, "അന്നുമുതൽ അവനോട് എന്തെങ്കിലും ചോദിക്കാൻ ആരും ധൈര്യപ്പെട്ടതുമില്ല" (മത്തായി 22, 46) എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ആദ്യനൂറ്റാണ്ടിൽ മാത്രമല്ല, ഇന്നത്തെ ലോകത്തിനും, നമ്മുടെ ജീവിതങ്ങൾക്കും ഏറെ പ്രധാനപ്പെട്ട ഒരു ചിന്തയാണ് ഈ സുവിശേഷഭാഗം നൽകുന്നത്. യേശുവിൽ ആരെയാണ് നിങ്ങളും ഞാനും കാണുന്നത് എന്ന ഒരു ചോദ്യം ഇന്ന് തിരുവചനം നമ്മോടും ചോദിക്കുന്നുണ്ട്. ചരിത്രത്തിന്റെ ഇന്നലെകളിൽ കടന്നുപോയ, നാം വായിച്ചറിഞ്ഞ ഒരു പ്രവാചകനോ, രാജാവോ, കുരിശിലേറ്റപ്പെട്ട ഒരു വിപ്ലവകാരിയോ മാത്രമായി ക്രിസ്‌തു നമ്മുടെ മുന്നിൽ ചെറുതായിപ്പോയിട്ടുണ്ടോ എന്ന ഒരു ചോദ്യം നമുക്ക് സ്വയം ചോദിക്കേണ്ടതുണ്ട്. അതോ അവൻ, പിതാവായ ദൈവത്തിന്റെ പുത്രനായ, പൂർണ്ണമായും മനുഷ്യനും ദൈവവുമായ, നമ്മുടെയും ലോകം മുഴുവന്റെയും രക്ഷകനും നാഥനുമായ ദൈവപുത്രനാണോ? വിശുദ്ധ പൗലോസ് ഹെബ്രായർക്കുള്ള ലേഖനം ഒൻപതാം അദ്ധ്യായത്തിന്റെ അവസാനഭാഗത്ത് എഴുതുന്നതുപോലെ, പഴയനിയമബലിയുടെ ആവർത്തനമായി, ശുദ്ധീകരണത്തിനും, പാപമോചനത്തിനുമായി അർപ്പിക്കപ്പെട്ട ബലിമൃഗമാണോ യേശു അതോ അവൻ ലോകപാപങ്ങൾക്ക് പരിഹാരമായി ഒരിക്കൽ മാത്രം അർപ്പിക്കപ്പെട്ട, സ്വർഗ്ഗസ്ഥനായ, രക്ഷകനായ രാജാവാണോ? ക്രിസ്‌തുവിനെ മിശിഹായും രക്ഷകനുമായി അംഗീകരിക്കാൻ സാധിക്കുന്നില്ലെങ്കിൽ, നമുക്ക് നമ്മുടെ പാപങ്ങളുടെ, രക്ഷയെ തിരസ്കരിക്കലിന്റെ, അഹംഭാവത്തിന്റെ, അജ്ഞതയുടെ, നിശബ്‍ദതയിൽ തുടരാം. എന്നാൽ അവനെ രോഗികളെ സുഖപ്പെടുത്തുന്ന, പാപികളെയും ബലഹീനരെയും തന്നോട് ചേർത്തുപിടിക്കുന്ന,  തള്ളിപ്പറഞ്ഞവരെപ്പോലും സ്നേഹിക്കുന്ന, ആത്മാവിലും ശരീരത്തിലും മരണത്തിന്റെ പിടിയിലകപ്പെട്ട മനുഷ്യരെ തിരികെ ജീവനിലേക്ക് കൊണ്ടുവരുന്ന, നിത്യജീവനും രക്ഷയും ഏകുന്ന, ദാവീദിന്റെ വംശത്തിൽ, പരിശുദ്ധ കന്യകാമറിയത്തിൽനിന്ന് പിറന്ന ഏക വിമോചകനും, രക്ഷകനും നാഥനുമായ ദൈവപുത്രനായി തിരിച്ചറിയാനും, ലോകത്തിന് മുൻപിൽ വാക്കുകൾ കൊണ്ട് മാത്രമല്ല, ജീവിതം കൊണ്ടും പ്രഘോഷിക്കാനും സാക്ഷ്യപ്പെടുത്താനും സാധിക്കുമെങ്കിൽ, ക്രിസ്തുവിന്റെ രാജത്വത്തിരുനാൾ നമുക്ക് അർത്ഥപൂർവ്വം, അനുഗ്രഹപ്രദമായി കൊണ്ടാടാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 November 2023, 20:57