തിരയുക

വീഡിയോ കോൺഫറൻസിലൂടെ കർദിനാൾ പിറ്റ്സബാല്ല സംസാരിക്കുന്നു വീഡിയോ കോൺഫറൻസിലൂടെ കർദിനാൾ പിറ്റ്സബാല്ല സംസാരിക്കുന്നു   (Cristian Gennari)

യുദ്ധത്തിന്റെ മൂർദ്ധന്യതയിലും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കപ്പെടുന്നു: കർദിനാൾ പിറ്റ്സബാല്ല

ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അസാധാരണ സമ്മേളനത്തിന്റെ അവസരത്തിൽ ജറുസലേമിലെ ലത്തീൻ പാത്രിയാർകീസ് കർദിനാൾ പിയർബാത്തിസ്ത്ത പിറ്റ്സബാല്ല ഇറ്റലിയിലെ മെത്രാൻമാരുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

വിശുദ്ധ നാട്ടിലും, പ്രത്യേകമായി ഗാസയിലും തുടരുന്ന സങ്കടകരമായ അവസ്ഥകൾ പങ്കുവച്ചുകൊണ്ട് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ അസാധാരണ സമ്മേളനത്തിന്റെ അവസരത്തിൽ ജറുസലേമിലെ ലത്തീൻ പാത്രിയാർകീസ് കർദിനാൾ പിയർബാത്തിസ്ത്ത പിറ്റ്സബാല്ല ഇറ്റലിയിലെ മെത്രാൻമാരുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. വിശുദ്ധ ഫ്രാൻസിസിന്റെ നാടായ അസീസിയിൽ വച്ചാണ് മെത്രാൻ സമിതിയുടെ അസാധാരണ സമ്മേളനം ചേരുന്നത്.ഏകദേശം 20 മിനിറ്റോളം കർദിനാൾ ആശയവിനിമയം നടത്തി.

ഇസ്രയേലിലും,പലസ്തീനിലും തുടരുന്ന സാഹചര്യത്തെ, നാടകീയമായ അവസ്ഥയെന്നാണ് കർദിനാൾ വിശേഷിപ്പിച്ചത്.ഗാസയിൽ മാത്രം കൊല്ലപ്പെട്ട പതിനൊന്നായിരത്തോളം ആളുകളിൽ ഏകദേശം നാലായിരത്തോളം ആളുകൾ പ്രായപൂർത്തിയാകാത്ത കുട്ടികളാണെന്നുള്ളത് ഏറെ സങ്കടമുണർത്തുന്നതാണെന്ന് പാത്രിയാർകീസ് പറഞ്ഞു.

ഓർത്തഡോക്സ്‌ സഭയുടെയും, കത്തോലിക്കാ സഭയുടെയും ഇടവക  ദേവാലയങ്ങളിൽ  അഭയം പ്രാപിച്ച നിരവധി സാധാരണക്കാരിൽ ഏകദേശം മൂവായിരത്തോളം മുസ്ളീം സഹോദരങ്ങളുണ്ടെന്നതും കർദിനാൾ പറഞ്ഞു. ബെത്ലെഹെമിൽ വസിക്കുന്ന ക്രിസ്ത്യാനികളായ സഹോദരങ്ങളെ പറ്റിയുള്ള ആശങ്കയും കർദിനാൾ അടിവരയിട്ടു.

ദുരിതപൂർണ്ണമായ ഈ അവസ്ഥയിൽ ഇറ്റലിയിലെ കത്തോലിക്കാ സഭ നൽകുന്ന ആത്‌മീയവും,ഭൗതീകവുമായ എല്ലാ സഹായങ്ങൾക്കും കർദിനാൾ നന്ദി പറഞ്ഞു.എല്ലാവർക്കും സമാധാനവും സുരക്ഷിതത്വവും ഉറപ്പുനൽകുന്ന ഒരു പരിഹാരം എത്രയും വേഗം നിലവിൽ വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

"നിരപരാധികളായ എല്ലാ ഇരകൾക്കും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു . ദൈവമുമ്പാകെ നിരപരാധികളുടെ കഷ്ടപ്പാടുകൾക്ക് വിലയേറിയതും വീണ്ടെടുപ്പുള്ളതുമായ ഒരു മൂല്യമുണ്ട്, കാരണം അത് ക്രിസ്തുവിന്റെ സഹനത്തോട് ഐക്യപ്പെട്ടിരിക്കുന്നു. അവരുടെ കഷ്ടപ്പാടുകൾ സമാധാനം കൂടുതൽ അടുപ്പിക്കട്ടെ, കൂടുതൽ വിദ്വേഷം ജനിപ്പിക്കാതിരിക്കട്ടെ,  അദ്ദേഹം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 November 2023, 13:23