തിരയുക

യജമാനനും ഭൃത്യരും കണക്കുപുസ്തകവും യജമാനനും ഭൃത്യരും കണക്കുപുസ്തകവും 

ദൈവമേകിയ കഴിവുകളും വിധിദിനത്തിനായുള്ള ഒരുക്കവും

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം മുപ്പത്തിമൂന്നാം വാരം ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്‌ഥാനമാക്കിയ വിചിന്തനം. സുവിശേഷഭാഗം - മത്തായി 25, 14-30
സുവിശേഷപരിചിന്തനം - മത്തായി 25, 14-30 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദൈവം നൽകുന്ന താലന്തുകൾ ഉത്തരവാദിത്വത്തോടെ വർദ്ധിപ്പിക്കാനുള്ള ഓരോ വിശ്വാസികളുടെയും കടമയെയും വിളിയെയും കുറിച്ചുള്ള ഒരു ഉപമയാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയഞ്ചാം അദ്ധ്യായത്തിന്റെ പതിനാല് മുതൽ മുപ്പത് വരെയുള്ള തിരുവചനങ്ങളിൽ നാം വായിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുൻപ് തന്റെ ഭൃത്യന്മാർക്ക് അവരവരുടെ കഴിവുകൾ പരിഗണിച്ച്‌ ഒരുവന് അഞ്ചും മറ്റൊരുവന് രണ്ടും ഇനിയും മൂന്നാമതൊരുവന് ഒന്നും താലന്തുകൾ വീതം നൽകുന്ന ഒരു യജമാനന്റെ ഉപമ. സ്വർഗ്ഗരാജ്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് യേശു ഈ ഉപമ തന്റെ ശിഷ്യരോട് പറയുന്നത്. ജീവന്റെ നാഥനായ ദൈവവുമായുള്ള കണ്ടുമുട്ടലിനായി എപ്രകാരം ഒരുങ്ങിയിരിക്കണമെന്ന  ചിന്ത പങ്കുവയ്ക്കുന്ന പത്തുകന്യകമാരുടെ ഉപമ, അവസാനവിധിനാളിൽ മനുഷ്യപുത്രൻ ദൂതന്മാരോടുകൂടെ മഹത്വത്തിൽ എഴുന്നള്ളുന്നതിനെക്കുറിച്ചും, വിധിയെക്കുറിച്ചുമുള്ള ഉദ്ബോധനവുമൊക്കെ നൽകുന്നതിനിടയിലാണ് താലന്തുകളുടെ ഉപമ യേശു പറയുന്നത് എന്നതിൽനിന്ന് എത്രമാത്രം പ്രധാനപ്പെട്ട ഉപദേശമാണ് ഈ സുവിശേഷഭാഗത്തിന് നമ്മോട് പറയാനുള്ളതെന്ന് മനസ്സിലാകും.

വിശുദ്ധ ലൂക്കാ സുവിശേഷകൻ തന്റെ പത്തൊൻപതാം അധ്യായത്തിന്റെ പന്ത്രണ്ടു മുതൽ ഇരുപത്തിയേഴുവരെയുള്ള തിരുവചനങ്ങളിലൂടെയും താലന്തുകളുടെ ഉപമ ചെറിയ വ്യത്യാസങ്ങളോടെ എഴുതിവയ്ക്കുന്നുണ്ട്. ഭൂമിയിലെ നമ്മുടെ ജീവിതത്തിൽ, ദൈവം നമുക്ക് നൽകിയിരിക്കുന്ന താലന്തുകളുടെ, കഴിവുകളുടെയും അനുഗ്രഹങ്ങളുടെയും അവസരങ്ങളുടെയും ശരിയായ ഉപയോഗവും, വിനിയോഗവും നമ്മുടെ നിത്യജീവിതത്തിന് എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന ഒരു ബോധ്യമാണ് ഈ ഉപമ നമ്മിൽ വളർത്തുന്നത്.

താലന്തുകളുടെ വർദ്ധനവ്

തങ്ങൾക്ക് ലഭിച്ച താലന്തുകൾ മൂന്ന് ഭൃത്യന്മാരും എപ്രകാരം ഉപയോഗിച്ചു എന്നതിനെ ആശ്രയിച്ചാണ് യജമാനൻ അവർക്കുള്ള പ്രതിഫലം നൽകുന്നത്. ഒരു താലന്ത് എന്നത് വലിയൊരു അളവാണ്. തങ്ങൾക്ക് കിട്ടിയ അഞ്ചും രണ്ടും താലന്തുകൾ, അധ്വാനിച്ചും വ്യാപാരം ചെയ്‌തും ഇരട്ടിപ്പിച്ച രണ്ടു പേർ, വിജയത്തിലേക്ക് നടന്നടുക്കാനുള്ള ദൃഢനിശ്ചയത്തോടെ തീരുമാനമെടുത്ത് വിവേകപൂർവ്വം ജീവിക്കുന്നവരാണ്. തങ്ങളിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധ്യങ്ങളോടെ ജീവിക്കുന്ന രണ്ടു പേർ. തങ്ങൾക്ക് അവകാശപ്പെടാത്ത, തങ്ങളുടെസ്വന്തമല്ലാത്ത, യജമാനന്റെ താലന്തുകൾ, വേലക്ക് കൂലി തരുന്ന യജമാനനുവേണ്ടി വർദ്ധിപ്പിക്കുന്ന രണ്ടു പേർ. യജമാനന്റെ അഭിവൃദ്ധിയിൽ തങ്ങൾക്കും പങ്കുപറ്റാൻ സാധിക്കുമെന്ന ബോധ്യമുള്ളവർ. യജമാനന്റെ സന്തോഷത്തിൽ ആനന്ദിക്കുന്നവർ. എന്നാൽ ഒരു താലന്ത് ലഭിച്ചവനാകട്ടെ, മറ്റുള്ളവരുടെ അധ്വാനത്തിന്റെ മാതൃക മുന്നിലുണ്ടായിട്ടും, യജമാനന്റെ കാർക്കശ്യം ഒരു മറയാക്കി, ജീവിതത്തിൽ അധ്വാനിക്കാതെ അർത്ഥശൂന്യമായി ജീവിതം മുന്നോട്ട് കൊണ്ടുപോയ വിവേകമില്ലാത്ത ഒരു മനുഷ്യനാണെന്ന് നമുക്കറിയാം. ദൈവം ജീവിതത്തിൽ നൽകുന്ന അനേകം നന്മകളും അനുഗ്രഹങ്ങളും എപ്രകാരമാണ് നാം ഉപയോഗിച്ചിട്ടുള്ളത്, എന്തുമാത്രം അവയെ വളർത്തിയെടുക്കാൻ സാധിക്കുന്നുണ്ട്, ദൈവത്തിന് മുൻപിൽ ഒരിക്കൽ നാം നമ്മുടെ ജീവിതത്തെക്കുറിച്ച് കണക്ക് ബോധിപ്പിക്കാനുള്ളവരെണെന്ന ബോധ്യത്തിലാണോ നാം ജീവിക്കുന്നത് എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഈ സുവിശേഷം നമ്മുക്ക് മുന്നിൽ ഉയർത്തുന്നുണ്ട്.

ചെറിയ കാര്യങ്ങളിലെ വിശ്വസ്തത

തന്റെ ഭൃത്യരുടെ അധ്വാനത്തെ വിലയിരുത്തുന്ന യജമാനൻ, താലന്തുകൾ വർദ്ധിപ്പിച്ചതിനെ ചെറിയ കാര്യങ്ങളിലെ വിശ്വസ്തത എന്നാണ് വിശേഷിപ്പിക്കുന്നത്. യേശു ഈ ഉപമ പറയുന്ന കാലത്ത് ഒരു താലന്ത് എന്നത് വലിയൊരു അളവാണ്. അതുകൊണ്ടുതന്നെ മൂന്നാമത്തെ ഭൃത്യൻ ഭയന്ന് തന്നെ ഏൽപ്പിച്ച താലന്ത് മണ്ണിൽ മറച്ചുവച്ചു എന്ന് പറയുന്നതിനെ നമുക്ക് കുറച്ചൊക്കെ മനസ്സിലാക്കാനാകും. ഇന്നത്തെ ലോകത്ത് കള്ളന്മാരെ ഭയന്ന്, വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങളും, പ്രധാനപ്പെട്ട രേഖകളുമൊക്കെ നാം ഉറപ്പുള്ള സേഫിൽ സൂക്ഷിച്ചുവയ്ക്കുന്നതുപോലെ തന്നെയാണ് ആ മനുഷ്യനും ചെയ്‌തത്‌. എന്നാൽ അവൻ ചെയ്ത തെറ്റ്, തന്റെ യജമാനന് തന്നിലുള്ള വിശ്വാസത്തെ അവൻ മനസ്സിലാക്കിയില്ല എന്നതാണ്. തനിക്ക്, തന്റെ കഴിവ് വളർത്തിയെടുക്കാൻ, തന്റെ ഉത്തരവാദിത്വബോധം കാണിക്കാൻ, തന്റെ യജമാനനോടുള്ള കടമയനുസരിച്ച് പ്രവർത്തിക്കാൻ അവനു കഴിയുന്നില്ല. തന്റെ മടിക്കും, കഴിവില്ലായ്‌മയ്ക്കും, കുബുദ്ധിക്കും മറയിടാൻ അവൻ ചെയ്യുന്നത് യജമാനനെക്കുറിച്ച് കുറ്റം പറയുകയാണ്. "നീ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുകയും, വിതറാത്തിടത്തുനിന്ന് ശേഖരിക്കുകയും ചെയ്യുന്ന കഠിനഹൃദയനാണ്" (മത്തായി 25, 24). ഒരുവന്റെ ഭൃത്യനായിരിക്കെ, അവനെ തന്റെ യജമാനനായി ബഹുമാനിക്കാനും, അവനുവേണ്ടി അധ്വാനിക്കാനും മനസ്സുകാണിക്കാത്ത ഈ സേവകൻ, ദൈവം തങ്ങൾക്ക് നൽകിയ അനേകം അനുഗ്രഹങ്ങളെക്കുറിച്ച്, കഴിവുകളെക്കുറിച്ച്, ഉത്തരവാദിത്വങ്ങളെക്കുറിച്ച് തിരിച്ചറിവില്ലാതെ ജീവിക്കുന്ന ഓരോ മനുഷ്യരുടെയും പ്രതീകമാണ്. ദൈവം എന്റെയും നിങ്ങളുടെയും ജീവിതത്തിൽ ചൊരിഞ്ഞിട്ടുള്ള അനേകം അനുഗ്രഹങ്ങളോട് നാം എപ്രകാരമാണ് പ്രതികരിച്ചിട്ടുള്ളത്?

നന്മയ്ക്കും വിശ്വസ്തതയ്ക്കും പ്രതിഫലമേകുന്ന ദൈവം

താലന്തുകളുടെ ഉപമയിലൂടെ യേശു നമുക്ക് നൽകുന്ന പ്രധാനപ്പെട്ട ചില സന്ദേശങ്ങളുണ്ട്. കണക്കുകൾ സൂക്ഷിക്കുന്ന ഒരു ദൈവമാണ് നമുക്കുള്ളത്. നന്മതിന്മകളുടെയും, ജീവിതത്തിലെ ഓരോ പ്രവൃത്തികളുടെയും കണക്കുകൾ സൂക്ഷിച്ച്, നന്മയ്ക്ക് പ്രതിഫലവും, തിന്മയ്ക്ക് ശിക്ഷയും നൽകുന്ന ഒരു ദൈവം. അധ്വാനിച്ച്, യജമാനന്റെ ഇഷ്ടപ്രകാരം താലന്തുകൾ വർദ്ധിപ്പിച്ച ഭൃത്യരെപ്പോലെ ജീവിതത്തിൽ ദൈവമേകുന്ന കല്പനകൾ പാലിച്ച്, ദൈവഹിതമനുസരിച്ച് അദ്ധ്വാനിച്ച് ജീവിക്കുവാൻ തയ്യാറായാൽ സ്വർഗ്ഗത്തിന്റെ ആനന്ദം സ്വന്തമാക്കാൻ നമുക്ക് സാധിക്കുമെന്ന ഒരു ബോധ്യം ഈ സുവിശേഷഭാഗം നമുക്ക് നൽകുന്നുണ്ട്. എന്നാൽ അതേസമയം നിഷ്ക്രിയത്വത്തിനും, ഉത്തരവാദിത്വമില്ലായ്മയ്ക്കും ജീവിതത്തിൽ വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഈ ഉപമയിലൂടെ യേശു നമ്മെ പഠിപ്പിക്കുന്നുണ്ട്. ദൈവാനുഗ്രഹങ്ങളെ വിലമതിക്കാതെ, ദൈവം ദാനമായി നൽകിയ ജീവിതത്തെ അമൂല്യനിധിയായി കണ്ട് അതിനെ ശരിയായ രീതിയിൽ വിനിയോഗിക്കാതെ, നമ്മുടെ ഹൃദയത്തിൽ ദൈവം നിക്ഷേപിച്ച വിശ്വാസമെന്ന വലിയ മൂല്യത്തെ വളർത്തിക്കൊണ്ടുവരാതെ ജീവിച്ചാൽ നമ്മളും ദൈവത്തിന് മുൻപിൽ പ്രീതി കണ്ടെത്താനാകാതെ പോകേണ്ടിവരുമെന്ന ഒരു ബോധ്യം നമ്മിലുണ്ടാകട്ടെ.

ദൈവത്തിനായി കാത്തിരിക്കേണ്ട ജീവിതങ്ങൾ

വിശുദ്ധ പൗലോസ് തെസ്സലോനിക്കക്കാർക്കെഴുതിയ ഒന്നാം ലേഖനം അഞ്ചാം അദ്ധ്യായത്തിന്റെ ആദ്യഭാഗത്ത് ഓർമ്മിപ്പിക്കുന്നതുപോലെ, എപ്പോഴും ഒരുങ്ങിയിരിക്കാൻ വിളിക്കപ്പെട്ടവരാണ് നമ്മൾ (1തെസ. 5, 1-6). രാത്രിയിൽ കള്ളൻ എന്നപോലെ കർത്താവിന്റെ ദിനം വരുമെന്ന് പൗലോസ് തെസ്സലോനിക്കയിലെ സഭയ്ക്ക് എഴുതുന്നുണ്ട്.. എന്നാൽ അതേസമയം, നാം അന്ധകാരത്തിലല്ല ജീവിക്കുന്നത് എന്നും അപ്പസ്തോലൻ നമ്മെ ഓർമ്മിപ്പിക്കുന്നത് നമുക്ക് മറക്കാതിരിക്കാം. പഴയ, പുതിയ നിയമങ്ങളിലൂടെ, പ്രവാചകരിലൂടെയും, ക്രിസ്തുവിലൂടെയും അവന്റെ ശിഷ്യരിലൂടെയും, വിവിധ നാളുകളിൽ, ദൈവം നമ്മുടെ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അമൂല്യതയെക്കുറിച്ചും, ലക്ഷ്യത്തെക്കുറിച്ചും നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. ജീവിതത്തിൽ പ്രത്യാശയോടെ ജീവിക്കാം. സ്വർഗ്ഗരാജ്യം നേടുവാനായി, വിശ്വസ്തസേവകരായി അദ്ധ്വാനിക്കാം. ദൈവം നൽകിയ താലന്തുകളെ വളർത്തിയെടുക്കുകയും, നമ്മുടെ ജീവിതത്തിന്റെ നാഥനായ ദൈവത്തിന് മുൻപിൽ സ്വീകാര്യരായ മനുഷ്യരായി ജീവിക്കുകയും ചെയ്യാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 November 2023, 12:55