തിരയുക

ജറുസലേമിൽ യേശുവിന്റെ തിരുക്കല്ലറയുടെ പേരിലുള്ള ബസലിക്ക ജറുസലേമിൽ യേശുവിന്റെ തിരുക്കല്ലറയുടെ പേരിലുള്ള ബസലിക്ക 

ക്രിസ്തുവിന്റെ തിരുക്കല്ലറയെക്കുറിച്ചുള്ള വ്യാജവീഡിയോ തള്ളിക്കളഞ്ഞ് സഭ

ക്രിസ്തുവിന്റെ തിരുശരീരത്തിൽ സുഗന്ധദ്രവ്യങ്ങൾ ലേപനം ചെയ്യപ്പെട്ടയിടത്ത് എണ്ണയും രക്തവും പുറപ്പെടുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയത് തെറ്റായ വീഡിയോയെന്ന് ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിശുദ്ധനാട്ടിലെ പ്രധാനപ്പെട്ട ഇടങ്ങളുടെ ചുമതലയുള്ള സംഘം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

തിരുക്കല്ലറയുടെ ബസലിക്കയിൽ, യേശുവിന്റെ ശരീരം അഭിഷേകം ചെയ്യപ്പെട്ടയിടത്തുനിന്ന് രക്തവും എണ്ണയും പുറപ്പെടുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം വ്യാപിച്ച വീഡിയോ തെറ്റെന്നും, അത്തരമൊരു അമാനുഷികപ്രതിഭാസം നിലവിൽ ഇവിടെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും വിശുദ്ധനാട്ടിലെ കത്തോലിക്കാവിശ്വാസവുമായി ബന്ധപ്പെട്ട ഇടങ്ങളുടെ സംരക്ഷണച്ചുമതലയ്ക്ക് മേൽനോട്ടം വഹിക്കുന്ന സംഘം. നവംബർ എട്ടിനാണ് ഇതുസംബന്ധിച്ച് വിശുദ്ധനാടുകളുടെ ചുമതല വഹിക്കുന്നവർ (കസ്റ്റോഡിയൻ) എന്ന പേരിൽ നിയമിക്കപ്പെട്ടിരിക്കുന്ന ഫ്രാൻസിസ്കൻ വൈദികസമൂഹം പത്രക്കുറിപ്പിറക്കിയത്.

ഇത്തരമൊരു വാർത്ത സംബന്ധിച്ച് തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് വിശുദ്ധനാട്ടിൽ ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രമുഖ ഇടങ്ങളുടെ ചുമതലയുള്ള ഈ സമൂഹം വിശദീകരിച്ചു.

കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ച ക്രിസ്തുവിന്റെ ശരീരം യഹൂദപാരമ്പര്യമനുസരിച്ച് സുഗന്ധദ്രവ്യങ്ങൾ ഉപയോഗിച്ച് ലേപനം ചെയ്യപ്പെട്ട ഇടത്തുനിന്ന് എണ്ണയും രക്തവും പുറപ്പെടുന്നുവെന്ന രീതിയിൽ ഇന്റർനെറ്റിലൂടെ വ്യാപകമായ വീഡിയോ സംബന്ധിച്ച വാർത്തയെക്കുറിച്ച് പ്രതികരിക്കവെയാണ് ഇതിൽ തങ്ങൾ ഉത്തരവാദികളല്ലെന്ന് വിശുദ്ധ നാടിൻറെ ചുമതല വഹിക്കുന്നവർ അറിയിച്ചത്.

യേശുവിന്റെ തിരുശരീരം കിടത്തിയ ഇവിടെയുള്ള ശിലാഫലകം എല്ലാ ദിവസവും സുഗന്ധദ്രവ്യങ്ങളാൽ ലേപനം ചെയ്യപ്പെടുന്നുണ്ട് എന്നും, വിശ്വാസികൾ തൂവാലകളോ മറ്റു വസ്ത്രങ്ങളോ ഉപയോഗിച്ച് ഇത് ശേഖരിക്കാറുണ്ട് എന്നും, ക്രിസ്തുവിന്റെ മരണത്തിന്റെ സ്‌മരണയിലാണ് ഇത് ചെയ്യപ്പെടുന്നതെന്നും സഭാവൃത്തങ്ങൾ വ്യക്തമാക്കി.

നിലവിൽ വീഡിയോയിൽ പറയുന്നതുപോലെയുള്ള അമാനുഷികമായ പ്രതിഭാസങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കി. സംഭവത്തിൽ വിശുദ്ധ നാടിൻറെ ചുമതല വഹിക്കുന്നവരിൽപ്പെട്ട ഒരു ഫ്രാൻസിസ്കൻ വൈദികനും ഉൾപ്പെട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സാധാരണ വിശ്വാസികളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്ന ഇത്തരം കപടവാർത്തകൾ പലയിടങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 November 2023, 18:27