തിരയുക

മോൺസിഞ്ഞോർ വിൻചെൻസൊ പാല്ല്യ മോൺസിഞ്ഞോർ വിൻചെൻസൊ പാല്ല്യ  

സ്ത്രീകളോടുള്ള ബഹുമാനം സ്നേഹത്തിലധിഷ്ഠിതമാകണം: മോൺസിഞ്ഞോർ വിൻചെൻസൊ

സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾക്കെതിരായ അന്താരാഷ്‌ട്ര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നിഷേധിക്കപ്പെട്ട അവകാശം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡന്റ് മോൺസിഞ്ഞോർ വിൻചെൻസൊ പാല്ല്യ സംസാരിച്ചു

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സ്ത്രീകൾക്കു നേരെയുള്ള  അതിക്രമങ്ങൾക്കെതിരായ അന്താരാഷ്‌ട്ര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നിഷേധിക്കപ്പെട്ട അവകാശം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡന്റ് മോൺസിഞ്ഞോർ വിൻചെൻസൊ പാല്ല്യ സംസാരിച്ചു.

നവംബർ ഇരുപത്തിയഞ്ചാം തീയതിയാണ് സ്ത്രീകൾക്കു നേരെയുള്ള  അതിക്രമങ്ങൾക്കെതിരായ അന്താരാഷ്‌ട്ര ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്. വർധിച്ചുവരുന്ന ആക്രമണങ്ങൾക്ക് തടയിടുവാൻ വികാരങ്ങളെ നിയന്ത്രിച്ചുകൊണ്ട് പരസ്പര ബഹുമാനവും, ബന്ധങ്ങളുടെ പുനർനിർമാണവും ഏറെ ആവശ്യമാണെന്ന് മോൺസിഞ്ഞോർ എടുത്തുപറഞ്ഞു.

ഇന്നത്തെ ലോകത്തിൽ എല്ലാം സാങ്കല്പികമായി മാറുമ്പോൾ എല്ലാം മിഥ്യയെന്ന ചിന്ത ഉടലെടുക്കുമെന്നും തത്ഫലമായി ഏറെ അപകടങ്ങൾ വ്യക്തിബന്ധങ്ങളിൽ ഉണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു.അരാജകത്വത്തിന്റെയും ക്രമക്കേടിന്റെയും രോഷത്താൽ അന്ധരായ ഒരു സമൂഹം ഇത്തരത്തിലുള്ള അക്രമങ്ങൾക്ക് തടയിടുവാൻ ശ്രമിക്കുന്നില്ലായെന്നതും ഏറെ ആശങ്കാജനകമാണ്,അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങൾ തടയുവാൻ വിദ്യാഭ്യാസമേഖല വഹിക്കുന്ന പങ്കും മോൺസിഞ്ഞോർ എടുത്തു കാട്ടി.സ്നേഹിക്കുന്നതിലൂടെയും, സ്നേഹിക്കപ്പെടുന്നതിലൂടെയുമാണ് ബന്ധങ്ങൾ ഊഷ്മളമാകുന്നതെന്ന ചിന്തയും അദ്ദേഹം പങ്കുവച്ചു.

"മനുഷ്യബന്ധങ്ങളിലെ പരിമിതികളുടെ മൂല്യം അംഗീകരിക്കാൻ നാം സ്വയം പരിശീലിപ്പിക്കേണ്ടതുണ്ട്. അതുപോലെ സംഭാഷണം, ചർച്ചകൾ തുടങ്ങിയ മൂല്യാധിഷ്ഠിതമായ കാര്യങ്ങൾ പരിശീലിക്കുവാനും നാം സമയം കണ്ടെത്തണം. ഇപ്രകാരം മറ്റുള്ളവരുമായി ഒരു പാലം സൃഷ്ടിക്കുന്നതിനുള്ള വിലയേറിയ ഉപകരണമായി മാറുന്നതാണ് ജീവിതത്തിന്റെ ധന്യതയെന്നും മോൺസിഞ്ഞോർ വിൻചെൻസൊ എടുത്തു പറഞ്ഞു.

അടിച്ചമർത്തപ്പെടേണ്ടവളല്ല സ്ത്രീയെന്നും, മറിച്ച് അവളെ വളരാൻ സഹായിക്കുക, ഹൃദയത്തിന്റെയും മനസ്സിന്റെയും കൈകളുടെയും കാരുണ്യം തിരിച്ചറിയുകയെന്നത് പുരുഷന്റെ കടമയാണെന്നും മോൺസിഞ്ഞോർ അടിവരയിട്ടു. "ഭാര്യയെ കൂടുതൽ സ്ത്രീയാക്കുവാനുള്ള ചുമതല ഭർത്താവിനും ഭർത്താവിനെ കൂടുതൽ പുരുഷനാക്കുവാനുള്ള ചുമതല  ഭാര്യക്കും ഉണ്ടെന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2023, 13:38